Friday, August 14, 2009

ഫ്രീഡം പരേഡ്‌ : ഇടുക്കിയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി


ഇടുക്കി : സ്വാതന്ത്രദിനത്തില്‍ പോപ്പുലര്‍ ഫ്രണ്ട്‌ ഓഫ്‌ ഇന്‍ഡ്യ ഇടുക്കിയില്‍ സംഘടിപ്പിക്കുന്ന ഫ്രീഡം പരേഡിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 15 ന്‌ വൈകിട്ട്‌ മൂന്നിന്‌ നെടുങ്കണ്ടം ബസ്‌ സ്റ്റാന്‍ഡ്‌ പരിസരത്തുനിന്നും ആരംഭിക്കുന്ന പരേഡ്‌ അയ്യങ്കാളി നഗറില്‍ സമാപിക്കും. പോപുലര്‍ ഫ്രണ്ട്‌ ഓഫ്‌ ഇന്‍ഡ്യ സംസ്ഥാന പ്രസിഡന്റ്‌ നാസറുദ്ദീന്‍ എളമരം ഗാര്‍ഡ്‌ ഓഫ്‌ ഓണര്‍ സ്വീകരിക്കും. സോഷ്യല്‍ ഡെമോക്രാറ്റിക്‌ പാര്‍ട്ടി ഓഫ്‌ ഇന്‍ഡ്യയുടെ ദേശീയ ജനറല്‍ സെക്രട്ടറി എ സഈദ്‌ സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്യും. ഡോ.എം.എസ്‌ ജയപ്രകാശ്‌ (പ്രസിഡന്റ്‌ എന്‍.സി.എച്ച്‌.ആര്‍.ഒ കേരള ചാപ്‌റ്റര്‍ ) , ഇടുക്കി രൂപതാ അധ്യക്ഷന്‍ മാര്‍ മാത്യു ആനിക്കുഴികാട്ടില്‍ , നെടുങ്കണ്ടം മസ്‌ജിദുന്നൂര്‍ ഇമാം മുഹമ്മദ്‌ അഷറഫ്‌ മൗലവി അല്‍ കൗസരി , ഹാജി വി എം മുഹമ്മദ്‌ സ്വാലിഹ്‌ സംബന്ധിക്കും.
മലയോര -പിന്നാക്ക ജില്ലയായ ഇടുക്കിയില്‍ ആദ്യമായാണ്‌ ഇത്തരത്തില്‍ ഒരു പരിപാടി സംഘടിപ്പിക്കുന്നത്‌. അതിനാല്‍ വിപുലമായ ഒരുക്കങ്ങളാണ്‌ നടത്തിയിട്ടുള്ളത്‌. ത്യശൂര്‍ മുതല്‍ തിരുവന്തപുരം വരെ ഏഴു ജില്ലകളില്‍ നിന്നുള്ള 24 ബാച്ചുകളിലായി 34 പേരടങ്ങുന്ന സംഘമാണ്‌ പരേഡില്‍ അണിനിരക്കുക. ഇടുക്കി ജില്ലയില്‍ നിന്നും 5000 പേരെ പങ്കെടുപ്പിച്ചുകൊണ്ട്‌ നടത്തുന്ന പ്രകടനവും പരേഡിനോടനുബന്ധിച്ച്‌ നടക്കും. വിവിധ ജില്ലകളില്‍ നിന്നും എത്തുന്നവര്‍ക്ക്‌ സമാപനസമ്മേളനവും പരേഡും വീക്ഷിക്കുന്നതിന്‌ ഗ്രൗണ്ട്‌ സൗകര്യപ്രദമായ രീതിയില്‍ തയാറാക്കിയിട്ടുണ്ട്‌. സ്വാതന്ത്രത്തിന്റെ കാവലാളാവുക എന്ന സന്ദേശമുയര്‍ത്തി നടത്തുന്ന ഫ്രീഡം പരേഡ്‌ മലയോര ജില്ലയിലെ ജനങ്ങളില്‍ സ്വാതന്ത്ര ബോധവും ആത്മവിശ്വാസവും വളര്‍ത്താന്‍ ഏറെ സഹായകമാകുമെന്നും സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.പ്രോഗ്രാം കണ്‍വീനറും പോപ്പുലര്‍ ഫ്രണ്ട്‌ സംസ്ഥാന സമതിയംഗവുമായ എം കെ അഷറഫ്‌ , ഇടുക്കി ജില്ലാ പ്രസിഡന്റ്‌ സി കെ സലിം മൗലവി , കോട്ടയം ജില്ലാ സെക്രട്ടറി സി എച്ച്‌ നിസാര്‍ മൗലവി , ഇടുക്കി ജില്ലാ സെക്രട്ടറി പി എ മുഹമ്മദ്‌ ഷറഫുദ്ദീന്‍ , കോട്ടയം ജില്ലാ പി .ആര്‍.ഒ കെ കെ അനൂപ്‌ പങ്കെടുത്തു.

0 comments:

Post a Comment