Saturday, July 25, 2009

മൈസൂരില്‍ സാന്ത്വന സ്‌പര്‍ശവുമായി പോപുലര്‍ ഫ്രണ്ട്‌ നേതാക്കള്‍


ബാംഗ്ലൂര്‍: മൈസൂരിലെ സംഘര്‍ഷബാധിത പ്രദേശങ്ങള്‍ പോപുലര്‍ ഫ്രണ്ട്‌ നേതാക്കള്‍ സന്ദര്‍ശിച്ചു. കഴിഞ്ഞ രണ്ടിനു മൈസൂരിലെ ഹലീമ സാദിയ പള്ളിയില്‍ പന്നിയുടെ ജഡം കൊണ്ടിട്ടതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ വധിക്കപ്പെട്ട മുബാറക്കിന്റെയും പോലിസ്‌ വെടിവയ്‌പില്‍ കൊല്ലപ്പെട്ട ജുനൈദിന്റെയും ബന്ധുക്കളെ നേതാക്കള്‍ ആശ്വസിപ്പിച്ചു.
പോപുലര്‍ ഫ്രണ്ട്‌ ഓഫ്‌ ഇന്ത്യ ചെയര്‍മാന്‍ ഇ എം അബ്ദുര്‍റഹ്‌മാന്‍, ജനറല്‍ സെക്രട്ടറി കെ എം ശരീഫ്‌, മുന്‍ ചെയര്‍മാന്‍ ഇ അബൂബക്കര്‍, എന്‍.സി.എച്ച്‌.ആര്‍.ഒ സെക്രട്ടറി ജനറല്‍ അഡ്വ. കെ പി മുഹമ്മദ്‌ ശരീഫ്‌, പോപുലര്‍ ഫ്രണ്ട്‌ കര്‍ണാടക സംസ്ഥാന ആക്‌റ്റിങ്‌ പ്രസിഡന്റ്‌ റിയാസ്‌ പാഷ, തമിഴ്‌നാട്‌ സംസ്ഥാന പ്രസിഡന്റ്‌ മുഹമ്മദാലി ജിന്ന എന്നിവരാണു സംഘത്തിലുണ്ടായിരുന്നത്‌. ജുനൈദിനെ പോലിസ്‌ വെടിവച്ചുകൊന്നതിനു തങ്ങള്‍ ദൃക്‌സാക്ഷികളാണെന്നു ബന്ധുക്കള്‍ പറഞ്ഞു. ജുനൈദ്‌ പോലിസ്‌ വെടിവയ്‌പിലല്ല, കുത്തേറ്റാണു മരിച്ചതെന്നാണ്‌ പോലിസ്‌ വാദം. വേണ്ടത്ര തെളിവുകളുണ്ടായിട്ടും രണ്ടു കൊലപാതകക്കേസിലും പോലിസ്‌ ആരെയും അറസ്‌റ്റ്‌ ചെയ്‌തിട്ടില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു.
കഴിഞ്ഞ രണ്ടിന്‌ ആരംഭിച്ച സംഭവങ്ങളില്‍ പോപുലര്‍ ഫ്രണ്ടിന്റെ ഇടപെടലുകളാണ്‌ ആദ്യഘട്ടത്തില്‍ സംഘര്‍ഷങ്ങള്‍ വ്യാപിക്കാതിരിക്കാന്‍ കാരണമായത്‌. പന്നിയുടെ ജഡം കൊണ്ടിട്ടതുകൊണ്ടു പ്രകോപിതരായ നാട്ടുകാരെ ശാന്തരാക്കിയത്‌ ജില്ലാ പ്രസിഡന്റ്‌ സയ്യിദ്‌ കലീമിന്റെ നേതൃത്വത്തിലുള്ളവരായിരുന്നു. ഇതിനെ പോലിസ്‌ കമ്മീഷണര്‍ തന്നെ പ്രശംസിച്ചിരുന്നു. എന്നാല്‍, സംസ്ഥാന ആഭ്യന്തരമന്ത്രി വി എസ്‌ ആചാര്യയുടെ നിര്‍ദേശപ്രകാരം പിന്നീട്‌ പോലിസ്‌ കലീമടക്കം നിരവധിപേരെ അറസ്റ്റ്‌ ചെയ്‌തു.
വിവേചനപരമായ പോലിസ്‌ നടപടിക്കെതിരേ സമാധാനപരമായി പോപുലര്‍ ഫ്രണ്ട്‌ നടത്തിയ ജയില്‍നിറയ്‌ക്കല്‍ സമരത്തിനു നേരെ പ്രകോപനമൊന്നുമില്ലാതെയാണ്‌ പോലിസ്‌ ലാത്തിചാര്‍ജ്‌ നടത്തിയത്‌. സ്‌ത്രീകളടക്കമുള്ളവരെ തല്ലിച്ചതച്ച പോലിസ്‌ നാനൂറിലധികമാളുകളെ ജയിലിലടച്ചു. പോപുലര്‍ ഫ്രണ്ട്‌ സംസ്ഥാന പ്രസിഡന്റടക്കമുള്ള സംസ്ഥാന-ജില്ലാ നേതാക്കള്‍ ഇതില്‍ ഉള്‍പ്പെടുന്നു. പോലിസ്‌ മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റവരെയും ജയിലില്‍ കഴിയുന്ന യുവാക്കളുടെ കുടുംബാംഗങ്ങളെയും നേതാക്കള്‍ സന്ദര്‍ശിച്ചു.
ഇന്നലെ വൈകീട്ട്‌ മൈസൂരിലെ മുസ്‌്‌ലിം സംഘടനകളുടെ ഏകോപനസമിതിയായ സെന്‍ട്രല്‍ മൈസൂര്‍ വര്‍ക്കിങ്‌ കമ്മിറ്റി നേതാക്കളുടെയും പോപുലര്‍ ഫ്രണ്ട്‌ നേതാക്കളുടെയും സംയുക്ത യോഗം നടന്നു. മൈസൂരിലെ സ്ഥിതിഗതികള്‍ നേരിടാന്‍ പോപുലര്‍ ഫ്രണ്ടിന്റെയും വര്‍ക്കിങ്‌ കമ്മിറ്റിയുടെയും പ്രതിനിധികള്‍ ഉള്‍പ്പെടുന്ന കോര്‍കമ്മിറ്റിക്ക്‌ യോഗം രൂപം നല്‍കി.
സംഭവങ്ങളുമായി ബന്ധപ്പെട്ടു ജയിലിലുള്ളവര്‍ക്കും കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും ബന്ധുക്കള്‍ക്കും നിയമസഹായം ലഭ്യമാക്കുക, ദുരിതബാധിതര്‍ക്കു സഹായം എത്തിക്കുക, സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി നീതി ലഭ്യമാക്കുക, ഹിന്ദുത്വ ആക്രമണങ്ങളെക്കുറിച്ചും പോലിസ്‌ വിവേചനത്തെ കുറിച്ചും പ്രചാരണം എന്നിവ നടത്താനും യോഗം തീരുമാനിച്ചു.

വാര്‍ത്താ സ്രോതസ്സ്‌: 26 ജൂലൈ 2009 ഞായര്‍

0 comments:

Post a Comment