മൈസൂര്‍: കൈതാമരനഹള്ളിയിലെ അലീമ പള്ളിയില്‍ ആര്‍.എസ്.എസുകാര്‍ പന്നിയുടെ ജഡം കൊണ്ടുവന്നിട്ടതിനോട് അനുബന്ധിച്ചുണ്ടായ കലാപത്തെത്തുടര്‍ന്ന് പോലിസ് അറസ്റ്റ് ചെയ്‌ത 275 നിരപരാധികളെ വിട്ടയക്കണമെന്നാവശ്യപ്പെട്ടു പോപുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തില്‍ നടന്ന `ജയില്‍ ബറോ' പ്രക്ഷോഭത്തില്‍ പങ്കെടുത്ത നൂറുകണക്കിനാളുകളെ പോലിസ് അറസ്റ്റ് ചെയ്‌തു. ഇന്നലെ വൈകീട്ടു മൂന്നോടെയാണു മൈസൂര്‍ പൈലറ്റ് സര്‍ക്കിളില്‍ നിന്നു നാലായിരത്തോളം പേര്‍ പങ്കെടുത്ത പ്രതിഷേധ റാലി ആരംഭിച്ചത്. പരിപാടി നടക്കുന്നത് തടയാന്‍ ആര്‍.എസ്.എസുകാര്‍ രാവിലെ മുതല്‍ അക്രമം അഴിച്ചുവിട്ടിരുന്നു.
കലാപവുമായി യാതൊരുബന്ധവുമില്ലാത്ത മുസ്‌ലിംകളെയും ഹിന്ദുക്കളെയും പോലിസ് അറസ്റ്റ് ചെയ്‌തിരുന്നു. ഇവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ടാണ് ഇന്നലെ പോപുലര്‍ ഫ്രണ്ട്, കോമു സൗഹാര്‍ദവേദി, ജനപരവേദി, എന്‍.സി.എച്ച്.ആര്‍.ഒ എന്നീ സംഘടനകള്‍ പ്രതിഷേധ റാലി സംഘടിപ്പിച്ചത്. റാലി തടയാന്‍ ബി.ജെ.പി ഭരണകൂടവും മുന്നോട്ടുവന്നിരുന്നു.
പൈലറ്റ് സര്‍ക്കിളില്‍ റാലി തടയാനെത്തിയ പോലിസ് സംഘം പോപുലര്‍ ഫ്രണ്ട് കര്‍ണാടക സ്റ്റേറ്റ് പ്രസിഡന്റ് എ അബ്‌ദുല്‍ ലത്തീഫ്, ജനറല്‍ സെക്രട്ടറി അഫ്‌സര്‍ പാഷ, ദേശീയ സമിതിയംഗം ഡോ. ആവാദ് ശരീഫ്, സംസ്ഥാന സമിതിയംഗം നൂറുദ്ദീന്‍ എന്നിവരുള്‍പ്പെടെയുള്ളവരെയാണ് അറസ്റ്റ് ചെയ്‌തിരിക്കുന്നത്. മൈസൂര്‍ പോലിസ് കമ്മീഷണര്‍ സുനില്‍ അഗര്‍വാള്‍, ഡപ്യൂട്ടി പോലിസ് കമ്മീഷണര്‍ മണിവര്‍ണന്‍ എന്നിവരെല്ലാം സ്ഥലത്തെത്തിയിട്ടുണ്ട്. പോപുലര്‍ ഫ്രണ്ട് നേതാക്കള്‍ ഉന്നത പോലിസുദ്യോഗസ്ഥന്‍മാരുമായി ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. പ്രവര്‍ത്തകര്‍ നേതാക്കളെ വിട്ടയക്കാതെ പിരിഞ്ഞുപോവില്ലെന്നുപറഞ്ഞ് ഉദയഗിരി പോലിസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരിപ്പു സത്യഗ്രഹം തുടരുകയാണ്.
നേരത്തേ ആര്‍.എസ്.എസുകാര്‍ ഹലീമ പള്ളിയില്‍ പന്നിയുടെ ജഡം കൊണ്ടുവന്നതാണു മൈസൂരില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെടാന്‍ കാരണം. തുടര്‍ന്ന് ഒരാളെ മുസ്‌ലിമാണെന്ന ധാരണയില്‍ ആര്‍.എസ്.എസുകാര്‍ വെട്ടിക്കൊന്നു. ഒരു മുസ്‌ലിം കച്ചവടക്കാരനെയും അവര്‍ കൊലപ്പെടുത്തി. 16 വയസ്സുകാരനായ മുസ്‌ലിം വിദ്യാര്‍ഥിയെ പോലിസ് വെടിവച്ചുകൊല്ലുകയും ചെയ്‌തിരുന്നു. സംഭവത്തെത്തുടര്‍ന്ന് പള്ളിയില്‍ തടിച്ചുകൂടിയ ജനക്കൂട്ടത്തെ സമാധാനപരമായി പിരിച്ചുവിട്ടതു പോപുലര്‍ ഫ്രണ്ട് നേതാക്കളായിരുന്നു.
ഡപ്യൂട്ടി പോലിസ് കമ്മീഷണര്‍ മണിവര്‍ണന്റെ അഭ്യര്‍ഥന മാനിച്ചു പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് കലീം മുന്‍കൈയെടുത്താണ് മുസ്‌ലിംകളെ ശാന്തരാക്കി മടക്കിയയച്ചത്. വന്‍ വര്‍ഗീയ കലാപം ഒഴിവാക്കുന്നതില്‍ ഇദ്ദേഹത്തിന്റെ പങ്ക് പോലിസ് അംഗീകരിച്ചതുമാണ്. ബി.ജെ.പി ഭരണകൂടം പോലിസിനെ ഉപയോഗിച്ചു കള്ളക്കേസുകള്‍ പടച്ചതാണു സംഘര്‍ഷം മൂര്‍ച്ഛിക്കാന്‍ കാരണം. ആര്‍.എസ്.എസുകാരന്‍ കൂടിയായ കര്‍ണാടക ആഭ്യന്തരമന്ത്രി വി എസ് ആചാര്യ സംഭവങ്ങള്‍ക്കു ശേഷം നാലാംദിവസം മൈസൂരിലെത്തുന്നതോടെയാണു ഗൂഢാലോചന ശക്തിപ്പെട്ടത്.
സംഭവത്തിലെ യഥാര്‍ഥ പ്രതികളെ കണ്ടെത്തി ശിക്ഷിക്കണമെന്നാവശ്യപ്പെട്ടു മൈസൂര്‍ പ്രസ്‌ക്ലബ്ബില്‍ വാര്‍ത്താസമ്മേളനം നടത്താനെത്തിയ പ്രസിഡന്റ് കലീം ഉള്‍പ്പെടെയുള്ള 17 നേതാക്കളെ മഫ്‌തിയിലെത്തിയ പോലിസ് സംഘം പ്രസ്‌ക്ലബ്ബിന് മുന്നില്‍ നിന്ന് അറസ്റ്റ് ചെയ്‌തു. ഇവരെ രണ്ടുദിവസത്തിനു ശേഷം കോടതിയില്‍ ഹാജരാക്കി 11 പേരെ ജയിലാക്കുകയും ആറുപേരെ ചോദ്യംചെയ്യാന്‍ പോലിസ് കസ്റ്റഡിയില്‍ വാങ്ങുകയും ചെയ്‌തു. ഇതുകൂടാതെ 260 പേരെയും പോലിസ് അറസ്റ്റ് ചെയ്‌തിരുന്നു. ഇവര്‍ക്ക് അനിഷ്ടസംഭവവുമായി ഒരു ബന്ധവുമില്ലെന്നു പ്രാദേശിക പോലിസ് ആണയിടുന്നുണ്ട്.
മൈസൂര്‍ കൈതാമരനഹള്ളിയിലെ കുഴപ്പങ്ങള്‍ക്ക് കാരണം പോപുലര്‍ ഫ്രണ്ടാണെന്നാണ് ആഭ്യന്തരമന്ത്രി വി എസ് ആചാര്യ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് സദാനന്ദഗൗഡ സംഘടനയെ നിരോധിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. പോപുലര്‍ ഫ്രണ്ടിനെതിരേ നടപടിയെടുക്കുമെന്ന് ആഭ്യന്തരമന്ത്രി പ്രഖ്യാപിക്കുകയും ചെയ്‌തു. സംസ്ഥാനത്ത് അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന പോപുലര്‍ ഫ്രണ്ടിനെ ഒതുക്കാനുള്ള ബി.ജെ.പി ഭരണകൂടത്തിന്റെ ഗൂഢാലോചനയാണു മൈസൂര്‍ സംഭവം എന്ന സംശയവും വ്യാപകമാണ്. മൈസൂര്‍ എം.എല്‍.എയായ കോണ്‍ഗ്രസ് നേതാവ് തന്‍ഹീര്‍ സേട്ട് ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
Friday, July 10, 2009
Subscribe to:
Post Comments (Atom)
0 comments:
Post a Comment