Saturday, July 25, 2009

പോലിസ്‌ നടപടി പ്രതിഷേധാര്‍ഹം: പോപുലര്‍ ഫ്രണ്ട്‌


കണ്ണൂര്‍: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി പോപുലര്‍ ഫ്രണ്ട്‌ സംഘടിപ്പിച്ച ഫ്രീഡം പരേഡ്‌ നിരോധിച്ച പോലിസ്‌ നടപടി പ്രതിഷേധാര്‍ഹമാണെന്ന്‌ പ്രോഗ്രാം കണ്‍വീനര്‍ ഹാരിസ്‌ വടകര അറിയിച്ചു.
സ്വാതന്ത്ര്യദിനാഘോഷം ഏതൊരു പൗരന്റെയും മൗലികാവകാശമാണ്‌. അത്‌ അനുവദിക്കേണ്ടതുണ്ട്‌. മാസങ്ങള്‍ക്ക്‌ മുമ്പ്‌ കലക്ടറേറ്റ്‌ ഗ്രൗണ്ടിന്‌ അപേക്ഷ നല്‍കിയതു മുതല്‍ ഫ്രീഡം പരേഡ്‌ മുടക്കാനുള്ള രാഷ്ട്രീയ ഇടപെടലുകളുണ്ടായിട്ടുണ്ട്‌. ഒരു മാസം മുമ്പു മാത്രമെ അപേക്ഷകള്‍ സ്വീകരിക്കൂ എന്നു രേഖാമൂലം മറുപടി നല്‍കിയ കലക്ടര്‍ പിന്നീട്‌ 45 ദിവസത്തിനു മുമ്പ്‌ അപേക്ഷ കൊടുത്തപ്പോള്‍ തലേന്നു ഡി.വൈ.എഫ്‌.ഐ നല്‍കിയ അപേക്ഷ സ്വീകരിച്ചുവെന്നാണു പറഞ്ഞത്‌. ഫ്രീഡം പരേഡ്‌ തടയുന്നതിനു ഭരണ നേതൃത്വവും രാഷ്ട്രീയ നേതൃത്വവും തമ്മില്‍ ഗൂഢാലോചന നടന്നുവെന്നത്‌ ഇതില്‍ നിന്നു വ്യക്തമാണ്‌.
ഇതുവരെ ഫ്രീഡം പരേഡ്‌ നടത്തിയ ഒരിടത്തും സംഘര്‍ഷമുണ്ടായിട്ടില്ല. മുമ്പു പല സ്ഥലങ്ങളിലും ഒരേ സമയത്തു പരിപാടികള്‍ നടന്നിട്ടുണ്ട്‌. കൊല്ലത്ത്‌ പോപുലര്‍ ഫ്രണ്ട്‌, എന്‍.എസ്‌.എസ്‌, ഡി.വൈ.എഫ്‌.ഐ പരിപാടികളും കോഴിക്കോട്ടും തിരുവനന്തപുരത്തും ഡി.വൈ.എഫ്‌.ഐ, പോപുലര്‍ ഫ്രണ്ട്‌ പരിപാടികളും സ്വാതന്ത്ര്യ ദിനത്തില്‍ ഒരേസമയം നടന്നിട്ടുണ്ട്‌. അപ്പോഴൊന്നുമില്ലാത്ത പ്രത്യേക സാഹചര്യം ഇപ്പോള്‍ ആരു സൃഷ്ടിച്ചതാണെന്നു പോലിസ്‌ വ്യക്തമാക്കണം. പോപുലര്‍ ഫ്രണ്ട്‌ മൂന്നു സംസ്ഥാനങ്ങളിലാണു പരേഡ്‌ സംഘടിപ്പിച്ചിട്ടുള്ളത്‌. കണ്ണൂര്‍ ജില്ലയിലെ നിരോധന ഉത്തരവ്‌ ഇതുവരെ ലഭിച്ചിട്ടില്ല. ഉത്തരവ്‌ കിട്ടിയ ശേഷം ദേശീയ നേതൃത്വത്തിന്റെ തീരുമാനം അനുസരിച്ചു തുടര്‍ നടപടികള്‍ സ്വീകരിക്കും.
നിലവില്‍ പരേഡ്‌ നടത്തുന്നതിനാവശ്യമായ പ്രചാരണ പരിപാടികളുമായി മുന്നോട്ടുപോവുമെന്നു പ്രോഗ്രാം കണ്‍വീനര്‍ ഹാരിസ്‌ വടകര അറിയിച്ചു.

വാര്‍ത്താ സ്രോതസ്സ്‌: 25 ജൂലൈ 2009 ശനി

0 comments:

Post a Comment