Friday, July 10, 2009

മൈസൂരില്‍ നിരപരാധികളുടെ മോചനമാവശ്യപ്പെട്ട്‌ റാലി നടത്തിയവരെ പോലിസ്‌ ജയിലിലടച്ചു

മൈസൂര്‍: കൈതാമരനഹള്ളിയിലെ സംഘര്‍ഷത്തിന്റെ മറവില്‍ പോലിസ്‌ അറസ്‌റ്റ്‌ ചെയ്‌ത നിരപരാധികളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട്‌ പ്രതിഷേധറാലി നടത്തിയവരില്‍ 200ഓളം പോപുലര്‍ ഫ്രണ്ട്‌ പ്രവര്‍ത്തകരെ ജയിലിലടച്ചു. വ്യാഴാഴ്‌ചയാണു പോലിസ്‌ ഇവരെ അറസ്‌റ്റ്‌ ചെയ്‌തത്‌. ബല്‍ഗാം ജയിലിലടച്ചവരില്‍ 40 നേതാക്കള്‍ക്കെതിരേ വധശ്രമത്തിന്‌ കേസെടുത്തിരിക്കുകയാണ്‌. 160 പേര്‍ക്കെതിരേ കരുതല്‍ തടങ്കല്‍ നിയമമനുസരിച്ചാണു നടപടി. മൂന്നുപേര്‍ മരിച്ച സംഘര്‍ഷത്തിന്റെ പേരില്‍ പോലിസ്‌ പിടികൂടിയ 275 നിരപരാധികളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പോപുലര്‍ ഫ്രണ്ടിന്റെ ആഭിമുഖ്യത്തില്‍ പ്രതിഷേധ മാര്‍ച്ചും ജയില്‍നിറയ്‌ക്കല്‍ സമരവും.
റോഡില്‍ സമാധാനപരമായി കുത്തിയിരുന്നു പ്രതിഷേധിച്ച 4000ത്തോളം വരുന്ന സമരക്കാരെ പിരിച്ചുവിടാന്‍ പോലിസ്‌ അകാരണമായി ലാത്തിച്ചാര്‍ജും തുടര്‍ന്ന്‌ ആകാശത്തേക്കു വെടിവയ്‌ക്കുകയുമായിരുന്നു. സംഭവസ്ഥലത്തു നിന്നും പോപുലര്‍ ഫ്രണ്ട്‌ സംസ്ഥാന പ്രസിഡന്റ്‌ കെ അബ്‌ദുല്‍ ലത്തീഫ്‌, ജനറല്‍ സെക്രട്ടറി അഫ്‌സര്‍ പാഷ, കേന്ദ്ര കമ്മിറ്റിയംഗം ഡോ. ആവാദ്‌ ശരീഫ്‌, സംസ്ഥാന സമിതിയംഗം നൂറുദ്ദീന്‍ എന്നിവരുള്‍പ്പെടെ 200 പേരെ പോലിസ്‌ രാത്രിതന്നെ അറസ്‌റ്റ്‌ ചെയ്‌തിരുന്നു. ഇവരെയാണ്‌ ഇന്നലെ വൈകീട്ട്‌ കോടതിയില്‍ ഹാജരാക്കി റിമാന്റ്‌ ചെയ്‌തത്‌.
ഇവരില്‍ 160 പേര്‍ക്കെതിരേ പ്രയോഗിച്ച കരുതല്‍ തടങ്കല്‍ നിയമമനുസരിച്ചു തഹ്‌സില്‍ദാര്‍ മുമ്പാകെ ഹാജരാക്കി രണ്ടുപേര്‍ ബോണ്ട്‌ നല്‍കിയാല്‍ ജാമ്യത്തിന്‌ അര്‍ഹതയുണ്ട്‌. എന്നാല്‍ ഈ ആനുകൂല്യം പോലിസ്‌ നിഷേധിക്കുകയായിരുന്നു. മജിസ്‌ട്രേറ്റ്‌ കോടതി 3 ആണ്‌ നേതാക്കളെ റിമാന്റ്‌ ചെയ്‌തത്‌.
അറസ്‌റ്റിലായ പോപുലര്‍ ഫ്രണ്ട്‌ പ്രവര്‍ത്തകരോട്‌ പോലിസ്‌ കടുത്ത മനുഷ്യാവകാശലംഘനം നടത്തിയതായി പരാതി ഉയര്‍ന്നിട്ടുണ്ട്‌. ബന്ധുക്കളെയോ അഭിഭാഷകരെയോ ഇവരെ കാണാന്‍ അനുവദിച്ചിട്ടില്ല. പോലിസുകാരെ ആക്രമിച്ചത്‌ സംഘപരിവാരമാണെന്നു ബോധ്യമായിട്ടും ആ കുറ്റം പോപുലര്‍ ഫ്രണ്ടിനു മേല്‍ ചാരാനാണു ബി.ജെ.പി ഭരണകൂടം മുന്നോട്ടുവന്നിരിക്കുന്നത്‌.
ഇന്നലെ സംഘര്‍ഷമറിഞ്ഞ്‌ സ്ഥലത്തെത്തിയ കോണ്‍ഗ്രസ്‌ നേതാവും മൈസൂര്‍ എം.പിയുമായ പി വിശ്വനാഥ്‌ പോലിസിന്റെ പക്ഷപാതപരമായ പ്രവര്‍ത്തനങ്ങളില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. ഇന്ന്‌ മൈസൂരില്‍ എല്ലാ ജനവിഭാഗങ്ങളെയും വിളിച്ചുകൂട്ടി സമാധാന സമ്മേളനം നടത്താന്‍ അദ്ദേഹം പോലിസിന്‌ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. സംഭവം സംബന്ധിച്ച്‌ പോപുലര്‍ ഫ്രണ്ട്‌ ഉന്നത പ്രതിനിധിസംഘം വിശ്വനാഥുമായി ഇന്ന്‌ സംസാരിക്കും. ഇന്നലെയും ഈ മാസം രണ്ടിനും ഉണ്ടായ സംഭവങ്ങളില്‍ യഥാര്‍ഥ പ്രതികള്‍ സംഘപരിവാരമാണെന്ന്‌ വിശ്വനാഥ്‌ വാര്‍ത്താ മാധ്യമങ്ങളോട്‌ വ്യക്തമാക്കിയിട്ടുണ്ട്‌.
മൈസൂരിലെയും കൈതാമരനഹള്ളിയിലെയും കടകമ്പോളങ്ങള്‍ സംഘര്‍ഷത്തെ തുടര്‍ന്ന്‌ അടഞ്ഞുകിടക്കുകയാണ്‌. ഏതു സാഹചര്യങ്ങളെയും നേരിടാന്‍ കേന്ദ്രസേനയെയും ദ്രുതകര്‍മസേനയെയും രംഗത്തിറക്കിയിട്ടുണ്ട്‌. രണ്ടു ദിവസത്തേക്ക്‌ നഗരത്തില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്‌. പുതിയ അനിഷ്ടസംഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. പി.യു.സി.എല്‍ കര്‍ണാടക ഭാരവാഹികള്‍ ഇന്നു നഗരത്തിലെത്തി സംഭവം സംബന്ധിച്ച്‌ വസ്‌തുതാന്വേഷണം നടത്തും.
മൈസൂരിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട്‌ ഇന്നലെ കര്‍ണാടക നിയമസഭയില്‍ കോണ്‍ഗ്രസ്‌, ബി.ജെ.പി അംഗങ്ങള്‍ തമ്മില്‍ രൂക്ഷമായ വാഗ്വാദമുണ്ടായി. ബഹളം കാരണം രണ്ടുതവണ സ്‌പീക്കര്‍ക്ക്‌ സഭ നിര്‍ത്തിവയ്‌ക്കേണ്ടിവന്നു. മൈസൂരിലെയും കൈതാമരനഹള്ളിയിലെയും സംഘര്‍ഷങ്ങള്‍ക്കു കാരണം ബി.ജെ.പിയും ആര്‍.എസ്‌.എസ്‌ സ്വാധീനമുള്ള പോലിസുമാണെന്നുപറഞ്ഞാണ്‌ കോണ്‍ഗ്രസ്‌ അംഗങ്ങള്‍ ഭരണപക്ഷത്തെ നേരിട്ടത്‌.
അതിനിടെ, ബാംഗ്ലൂരില്‍ ഇന്നലെ യോഗം ചേര്‍ന്ന 14 മുസ്‌്‌ലിം സംഘടനകളുടെ പ്രതിനിധികള്‍, മൈസൂരിലേത്‌ പോപുലര്‍ ഫ്രണ്ടിന്റെ മാത്രം പ്രശ്‌നമല്ലെന്നു വിലയിരുത്തി. സമുദായത്തെ മൊത്തം ബാധിക്കുന്ന വിഷയത്തില്‍ യോജിച്ച സമരപരിപാടികള്‍ ആസൂത്രണം ചെയ്യാനും യോഗം തീരുമാനിച്ചു.

0 comments:

Post a Comment