Thursday, July 30, 2009

പിന്നാക്ക രാഷ്ട്രീയത്തിന്‌ പുതിയ ഉണര്‍വ്‌ നല്‍കി സോഷ്യല്‍ ഡമോക്രാറ്റിക്‌ പാര്‍ട്ടി

ന്യൂഡല്‍ഹി: പോപുലര്‍ ഫ്രണ്ട്‌ ഓഫ്‌ ഇന്ത്യയുടെ ശ്രമഫലമായി സോഷ്യല്‍ ഡമോക്രാറ്റിക്‌ പാര്‍ട്ടി ഓഫ്‌ ഇന്ത്യ എന്ന പേരില്‍ പുതിയ രാഷ്ട്രീയപ്പാര്‍ട്ടി നിലവില്‍വന്നതോടെ ന്യൂനപക്ഷ, പിന്നാക്ക രാഷ്ട്രീയ ശാക്തീകരണത്തിനായി ദക്ഷിണേന്ത്യയില്‍ നിന്നു രൂപംകൊണ്ടത്‌ അത്യപൂര്‍വമായ മുന്നേറ്റം. പോപുലര്‍ ഫ്രണ്ട്‌ ഓഫ്‌ ഇന്ത്യ നേതാക്കള്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ സമൂഹത്തിലെ വിവിധ തുറകളിലുള്ള നേതാക്കളുമായും ജനങ്ങളുമായും നടത്തിയ നിരന്തര ആശയവിനിമയത്തിന്റെയും പഠനത്തിന്റെയും അടിസ്ഥാനത്തിലാണു പുതിയ രാഷ്ട്രീയപ്പാര്‍ട്ടി രൂപംകൊള്ളുന്നത്‌. ജനകീയാടിത്തറയില്ലാതെ തിരഞ്ഞെടുപ്പ്‌ മാത്രം ലക്ഷ്യമിട്ട്‌ ഉത്തരേന്ത്യയില്‍ രൂപംകൊള്ളുകയും തിരഞ്ഞെടുപ്പിനു ശേഷം കാണാതാവുകയും ചെയ്യുന്ന പതിവു മുസ്‌ലിം രാഷ്ട്രീയപ്പാര്‍ട്ടികളില്‍ നിന്നു വ്യത്യസ്‌തമായി പോപുലര്‍ ഫ്രണ്ടിന്‌ ഉത്തരേന്ത്യയിലും മറ്റുമുള്ള ജനകീയാടിത്തറയുടെ അടിസ്ഥാനത്തിലാണു പുതിയ രാഷ്ട്രീയപ്പാര്‍ട്ടി രൂപംകൊണ്ടിരിക്കുന്നത്‌. എല്ലാ ജാതിമത വിഭാഗക്കാരെയും ഉള്‍ക്കൊള്ളാവുന്നവിധം പാര്‍ട്ടിയുടെ വാതിലുകള്‍ തുറന്നിട്ടതായി പാര്‍ട്ടി ഭാരവാഹികള്‍ പറഞ്ഞു.
ഇന്ത്യയിലാകമാനം 80,000 കാഡറുകള്‍ തങ്ങള്‍ക്കുള്ളതായി ഭാരവാഹികള്‍ അറിയിച്ചു. ഒക്‌ടോബര്‍ 18നു ഡല്‍ഹിയില്‍ നടത്തുന്ന ദേശീയ പ്രതിനിധിസമ്മേളനത്തിനു മുമ്പ്‌ ഇതു രണ്ടുലക്ഷമാക്കാനാണു നേതാക്കള്‍ ലക്ഷ്യമിടുന്നത്‌. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ വിവിധ സംസ്ഥാനങ്ങളില്‍ നടക്കുന്നുണ്ട്‌. ഇതു ലക്ഷ്യംകണ്ടാല്‍ എല്ലാ സംസ്ഥാനങ്ങളിലും വേരുകളുള്ള, മുസ്‌ലിം നേതൃത്വത്തിലുള്ള ആദ്യ ദേശീയ പാര്‍ട്ടിയാവും സോഷ്യല്‍ ഡമോക്രാറ്റിക്‌ പാര്‍ട്ടി. നിലവിലുള്ള രാഷ്ട്രീയപ്പാര്‍ട്ടികളില്‍ നിന്നു വ്യത്യസ്‌തമായി മുതലാളിത്തത്തെ സഹായിക്കുന്ന മൂലധനകേന്ദ്രീകൃതമായ വികസന സങ്കല്‍പ്പങ്ങളെ ചോദ്യംചെയ്യുന്ന നിലപാടുകളാണു സോഷ്യല്‍ ഡമോക്രാറ്റിക്‌ പാര്‍ട്ടിക്കുള്ളതെന്നു പാര്‍ട്ടി വക്താവ്‌ പ്രഫ. പി കോയ പറഞ്ഞു. ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങളെ അവഗണിക്കുന്ന വികസന കാഴ്‌ചപ്പാടുകളല്ല തങ്ങള്‍ക്കുള്ളതെന്നു നേതാക്കള്‍ വ്യക്തമാക്കുന്നു.
സംസ്ഥാനങ്ങളില്‍ കാഡര്‍ ബില്‍ഡിങിന്‌ ഊന്നല്‍ കൊടുത്തുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണു തങ്ങള്‍ നടത്തുന്നതെന്നു പാര്‍ട്ടി അധ്യക്ഷന്‍ ഇ അബൂബക്കര്‍ പറയുന്നു. പൊതുരംഗത്തും മാധ്യമങ്ങളിലും തിളങ്ങിനില്‍ക്കുന്ന പല നേതാക്കളും പാര്‍ട്ടിയുമായി സഹകരിക്കാന്‍ തയ്യാറായിരുന്നുവെങ്കിലും സാധാരണക്കാര്‍ക്ക്‌ അവസരം നല്‍കുന്ന സമീപനമാണു പാര്‍ട്ടി രൂപീകരണത്തില്‍ കൈക്കൊണ്ടിരിക്കുന്നത്‌. നേതാക്കളെയല്ല, അണികളെയാണു തങ്ങള്‍ വാര്‍ത്തെടുക്കുന്നതെന്നും ദീര്‍ഘകാല ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള നയങ്ങളായിരിക്കും പിന്തുടരുകയെന്നും നേതാക്കള്‍ പറഞ്ഞു. പാര്‍ട്ടി രൂപീകരണത്തിന്റെ ഓരോ ഘട്ടത്തിലും ഈ ലക്ഷ്യത്തിലേക്കുള്ള നയങ്ങളാണു രൂപപ്പെടുത്തിയെടുത്തിരിക്കുന്നത്‌. തിരഞ്ഞെടുപ്പുകളില്‍ മല്‍സരിക്കുമെങ്കിലും അക്കാര്യത്തില്‍ ധൃതികാണിക്കില്ല. കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ മുന്നണികള്‍ക്കോ പാര്‍ട്ടികള്‍ക്കോ പിന്തുണ നല്‍കുന്ന കാര്യത്തിലും ധൃതിപിടിച്ച നിലപാടില്ല. മാധ്യമങ്ങളിലല്ല, ജനങ്ങള്‍ക്കിടയിലാണു പാര്‍ട്ടി നിറഞ്ഞുനില്‍ക്കുകയെന്നു നേതാക്കള്‍ വ്യക്തമാക്കി.
ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും സോഷ്യല്‍ ഡമോക്രാറ്റിക്‌ പാര്‍ട്ടിക്കുള്ള വേരുകള്‍ അതിന്റെ ദേശീയ ഭാരവാഹികളുടെ നിരയില്‍ത്തന്നെ പ്രകടമാണ്‌. കേരളത്തില്‍ നിന്നുള്ള ഇ അബൂബക്കറാണു പ്രസിഡന്റ്‌. വൈസ്‌ പ്രസിഡന്റ്‌ അഡ്വ. സാജിദ്‌ സിദ്ദീഖി മധ്യപ്രദേശ്‌ സ്വദേശിയാണ്‌. കേരളത്തില്‍ നിന്നുള്ള എ സഈദ്‌, മൊയ്‌തീന്‍കുട്ടി ഫൈസി എന്നിവരും ദേശീയ സമിതിയിലുള്ളപ്പോള്‍ മുഹമ്മദ്‌ ഉമര്‍ഖാന്‍ (പശ്ചിമബംഗാള്‍), സി ആര്‍ ഇംതിഹാസ്‌ (കര്‍ണാടക), ഫൗസിയ കബീര്‍ (തമിഴ്‌നാട്‌), ഇസ്‌ലാമുദ്ദീന്‍ ഖുറേശി (ഹരിയാന) എന്നിവരാണു മറ്റു ഭാരവാഹികള്‍. വലിയൊരു വിഭാഗം ജനങ്ങള്‍ ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടികളോട്‌ ആഭിമുഖ്യം പുലര്‍ത്തുന്ന കേരളം, ബംഗാള്‍ പോലുള്ള സംസ്ഥാനങ്ങളില്‍ പുതിയ പാര്‍ട്ടിയുടെ രംഗപ്രവേശം നിലവിലെ പാര്‍ട്ടികളെ ഏതു രീതിയില്‍ സ്വാധീനിക്കുമെന്നാണു രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്‌. കേരളത്തിലും ബംഗാളിലും മുസ്‌ലിം വോട്ട്‌ ബാങ്കിന്റെ നല്ലൊരു ശതമാനം കൈവശംവയ്‌ക്കുന്ന സി.പി.എം പോലുള്ള പാര്‍ട്ടികളെ സോഷ്യല്‍ ഡമോക്രാറ്റിക്‌ പാര്‍ട്ടിയുടെ പിറവി ബാധിക്കുമെന്നാണ്‌ വിലയിരുത്തല്‍.
ഉത്തര്‍പ്രദേശ്‌, മധ്യപ്രദേശ്‌, മഹരാഷ്ട്ര, തുടങ്ങിയ സംസ്ഥാനങ്ങളിലെ കാര്യമായി രാഷ്ട്രീയബോധമില്ലാത്ത എന്നാല്‍, തരംഗങ്ങള്‍ക്കു പിന്നാലെപ്പോവുന്ന പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങളെ ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ തങ്ങളുടെ പാര്‍ട്ടിയിലേക്കാകര്‍ഷിക്കാന്‍ കഴിയുമെന്നാണു നേതൃത്വം കണക്കുകൂട്ടുന്നത്‌.
ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന തുല്യ നീതി, തുല്യ അവസരം, തുല്യ സ്വാതന്ത്ര്യം തുടങ്ങിയ ലക്ഷ്യങ്ങള്‍ക്കു വേണ്ടി നിലകൊള്ളുക, പൗരാവകാശം ഉറപ്പുവരുത്തുന്നതിനുള്ള ജനാധിപത്യ പോരാട്ടത്തിനു ജനങ്ങളെ അണിനിരത്തുക, ഭയത്തില്‍ നിന്നും പട്ടിണിയില്‍ നിന്നും മോചനം, പരിസ്ഥിതി സൗഹൃദപരമായ വികസനം, പാര്‍ശ്വവല്‍കൃതവിഭാഗങ്ങള്‍ക്ക്‌ മാന്യതയും സുരക്ഷയും, ദേശത്തിന്റെ ഏകത്വവും മതസൗഹാര്‍ദവും ഊട്ടിയുറപ്പിക്കുക, പാര്‍ട്ടികളെയും സമൂഹത്തെയും ജനാധിപത്യവല്‍ക്കരിക്കുക, മനുഷ്യാവകാശവും നിയമപരിപാലനവും ഉറപ്പുവരുത്തുക, സമൂഹത്തിലെ ദുര്‍ബലവിഭാഗങ്ങള്‍ക്ക്‌ ക്ഷേമവും പുരോഗതിയും കൈവരുത്തുക, പിന്നാക്കവിഭാഗങ്ങള്‍, ദലിതുകള്‍, ന്യൂനപക്ഷങ്ങള്‍, ആദിവാസികള്‍ എന്നിവരുടെ സാംസ്‌കാരിക സ്വത്വം സംരക്ഷിക്കുക, ന്യൂനപക്ഷങ്ങളുടെയും മറ്റു പിന്നാക്കവിഭാഗങ്ങളുടെയും ശാക്തീകരണം, ക്ലേശമനുഭവിക്കുന്നവരോടു സാഹോദര്യം തുടങ്ങിയവയാണു മുദ്രാവാക്യങ്ങള്‍.
വാര്‍ത്താ സ്രോതസ്സ്‌: തേജസ്‌ 31 ജൂലൈ 2009 വെള്ളി

0 comments:

Post a Comment