Tuesday, July 7, 2009

ബീമാപ്പള്ളി വെടിവയ്‌പ്‌ - വസ്‌തുതാന്വേഷണ റിപോര്‍ട്ട്‌


2009 മെയ്‌് 17നു ബീമാപ്പള്ളിയില്‍ 6 പേരുടെ മരണത്തിനിടയാക്കിയ പോലിസ്‌ വെടിവയ്‌്‌പ്‌്‌ സംബന്ധിച്ചു ദേശീയ മനുഷ്യാവകാശ ഏകോപന സമിതി(എന്‍.സി.എച്ച്‌.ആര്‍.ഒ) കേരള ചാപ്‌റ്റര്‍ 2009 മെയ്‌ 21 വ്യാഴാഴ്‌ച നടത്തിയ വസ്‌തുതാന്വേഷണ റിപോര്‍ട്ട്‌.

വസ്‌തുതാന്വേഷണ സംഘത്തിലെ അംഗങ്ങള്‍
ഡോ. എം എസ്‌ ജയപ്രകാശ്‌ :
പ്രസിഡന്റ്‌ (എന്‍.സി.എച്ച്‌.ആര്‍.ഒ കേരള ചാപ്‌റ്റര്‍)
പ്രഫ. എ മാര്‍ക്‌സ്‌ :
വൈസ്‌പ്രസിഡന്റ്‌ (കമ്മിറ്റി ഫോര്‍ റിലീസ്‌ ഓഫ്‌ പൊളിറ്റിക്കല്‍ പ്രിസനേര്‍സ്‌, ചെന്നൈ)
ജി സുകുമാരന്‍ :
സെക്രട്ടറി (ഫെഡറേഷന്‍ ഫോര്‍ പീപ്പിള്‍സ്‌ റൈറ്റ്‌സ്‌, പുതുച്ചേരി)
എ വാസു :
മുന്‍ ചെയര്‍മാന്‍ (സി.എച്ച്‌.ആര്‍.ഒ )
മാഗ്ലിന്‍ പീറ്റര്‍ :
സ്റ്റേറ്റ്‌ കമ്മിറ്റി മെമ്പര്‍ (തീരദേശ മഹിളാവേദി )
റെനി ഐലിന്‍ :
വൈസ്‌പ്രസിഡന്റ്‌ (എന്‍.സി.എച്ച്‌.ആര്‍.ഒ കേരള ചാപ്‌റ്റര്‍)
പി അഹ്‌്‌മദ്‌ ശരീഫ്‌ :
(റസിഡന്റ്‌ എഡിറ്റര്‍, തേജസ്‌)
എ ഇബ്രാഹിം കുട്ടി :
ട്രഷറര്‍ (എന്‍.സി.എച്ച്‌.ആര്‍.ഒ കേരള ചാപ്‌റ്റര്‍)

സന്ദര്‍ശിച്ച സ്ഥലങ്ങള്‍

  • ചെറിയതുറ അസംപ്‌ഷന്‍ ചര്‍ച്ച്‌
  • ബീമാപ്പള്ളി ജമാഅത്ത്‌ കമ്മിറ്റി ഓഫിസ്‌
  • കൊല്ലപ്പെട്ടവരുടെ വീടുകള്‍
  • വെടിവയ്‌പു നടന്ന സ്ഥലങ്ങള്‍
  • മെഡിക്കല്‍ കോളേജ്‌ ആശുപത്രി 
  • വലിയതുറ പോലിസ്‌ സ്‌റ്റേഷന്‍ 
  • പൂന്തുറ പോലിസ്‌ സ്‌റ്റേഷന്‍

സന്ദര്‍ശിച്ച വ്യക്തികള്‍

  • ഫാ. ഫ്രഡ്ഡി സോളമന്‍
  • (ചെറിയതുറ അസംപ്‌ഷന്‍ ചര്‍ച്ച്‌ )
  • ഡ്യൂട്ടി പോലിസ്‌ ഉദ്യോഗസ്ഥര്‍
  • വലിയതുറ എസ്‌.ഐ
  • പൂന്തുറ എസ്‌.ഐ
  • എം വി അസീസ്‌, ബീമാപ്പള്ളി ജമാഅത്ത്‌ പ്രസിഡന്റ്‌
  • ബീമാപ്പള്ളി റഷീദ്‌ കൗണ്‍സിലര്‍
  • അബ്ദുല്‍ കലാം സെക്രട്ടറി ബീമാപ്പള്ളി റസിഡന്റ്‌സ്‌ അസോസിയേഷന്‍
  • തദ്ദേശവാസികള്‍
  • കൊല്ലപ്പെട്ടവരുടെ മാതാപിതാക്കള്‍
  • പരിക്കേറ്റ്‌ ആശുപത്രിയിലുള്ളവര്‍.

ബീമാപ്പള്ളിയില്‍ സംഭവിച്ചതെന്ത്‌?
2009 മെയ്‌ 17 ന്‌ തിരുവനന്തപുരം വിമാനത്താവള പരിസരത്തായി സ്ഥിതി ചെയ്യുന്ന ബീമാപ്പള്ളി തീരപ്രദേശത്തുണ്ടായ പോലിസ്‌ വെടിവയ്‌പില്‍ ആറു മനുഷ്യജീവനുകള്‍ പൊലിഞ്ഞ സംഭവം കേരള മനസ്സാക്ഷിയെ ഞെട്ടിക്കുകയുണ്ടായി. പ്രത്യേകിച്ച്‌ അസ്വാരസ്യങ്ങളോ സാമുദായിക ചേരിതിരിവുകളോ നിലവിലില്ലാതിരുന്ന ബീമാപ്പള്ളി പ്രദേശത്ത്‌ ലോക്‌സഭാ തിരഞ്ഞെടുപ്പു ഫലം പുറത്തുവന്ന വേളയിലുണ്ടായ ആകസ്‌മിക വെടിവയ്‌പ്‌ നിരവധി ചോദ്യങ്ങളാണുയര്‍ത്തിയത്‌.

പോലിസിന്റെ ഭാഗത്തുനിന്നും തികച്ചും അന്യായവും ക്രിമിനല്‍വല്‍കൃത ആക്രമണ ശൈലിയുമാണുണ്ടായതെന്നു പ്രാഥമിക അന്വേഷണത്തില്‍ തന്നെ വ്യക്തമായിരുന്നു. മാത്രമല്ല, കൊല്ലപ്പെട്ടവരും പരിക്കേറ്റവരും ഒരു പ്രത്യേക പ്രദേശത്തെ, പ്രത്യേക മതവിഭാഗത്തില്‍പ്പെട്ടവര്‍ മാത്രമായിരുന്നുതാനും.

നാലു പോലിസുദ്യോഗസ്ഥരെ സസ്‌പെന്റു ചെയ്യുകയും മൊത്തം പോലിസില്‍ അഴിച്ചു പണിനടത്തുകയും 10 ലക്ഷം രൂപയും അനന്തരാവകാശികള്‍ക്ക്‌്‌ ജോലിയും ഉറപ്പു വരുത്തുകയും ചെയ്‌തതുകൊണ്ടുമാത്രം പോലിസിന്റെ കുറ്റകൃത്യത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്നു സംസ്ഥാന സര്‍ക്കാരിന്‌ തലയൂരാനാവില്ല. ബീമാപ്പള്ളി വെടിവയ്‌പില്‍ ആറ്‌ മനുഷ്യജീവനുകള്‍ പൊലിഞ്ഞു പോവുകയും പരിക്കേറ്റ 48ല്‍ 27 പേര്‍ വെടിയേറ്റ പരിക്കുമായി ആശുപത്രിയില്‍ കഴിയുകയും ചെയ്യുമ്പോള്‍ പോലിസ്‌ തന്നെ പറയും പ്രകാരം ഉണ്ടകള്‍ തീര്‍ന്നു പോയപ്പോഴാണ്‌ പോലിസ്‌ വെടിനിര്‍ത്തിയത്‌. ഗുരുതരമായ പരിക്കില്ലാത്ത 21 പേര്‍ ഇതിനകം ആശുപത്രി വിടുകയുണ്ടായി. നേരത്തെ പറഞ്ഞത്‌ 20 റൗണ്ട്‌ വെടിവച്ചുവെന്നാണ്‌. എന്നാല്‍ 70 റൗണ്ട്‌ വെടിവച്ചുവെന്നു പോലിസ്‌ തന്നെ പിന്നീട്‌ സമ്മതിച്ചു.

ബീമാപ്പള്ളി കൂട്ടക്കൊലക്കു പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരേണ്ടതുണ്ട്‌. അതറിയാന്‍ ജനങ്ങള്‍ക്കവകാശമുണ്ട്‌. പരിക്കേറ്റ 48 ല്‍ 27 പേര്‍ക്കും വെടിയേറ്റാണ്‌ പരിക്കേറ്റതെന്ന വസ്‌തുത വിരല്‍ ചൂണ്ടുന്നത്‌ ബീമാപ്പള്ളിയില്‍ കൂട്ടക്കൊല ആസൂത്രണം ചെയ്യപ്പെട്ടുവെന്നതിലേക്കാണ്‌. നാലു പേര്‍ മാത്രമാണ്‌ വെടിയേറ്റു മരിച്ചതെന്ന്‌ പോലിസ്‌ പറയുമ്പോള്‍ കൊല്ലപ്പെട്ട അഞ്ചു പേരുടെയും വസ്‌ത്രങ്ങളില്‍ വെടിയുണ്ട തുളഞ്ഞ അടയാളങ്ങള്‍ അവശേഷിക്കുന്നു. തലക്കു വെടിയേറ്റതിനാല്‍ ബാദുഷയുടെ വസ്‌ത്രത്തില്‍ ബുള്ളറ്റു തുളച്ചു കയറിയ അടയാളം ഇല്ലെന്നു മാത്രം.
കൊല്ലപ്പെട്ട സെയ്‌താലി ( 24 ) യുടെ നെഞ്ചിലേറ്റ ബുള്ളറ്റ്‌ മുതുകിലൂടെ പുറത്തേക്കു പോയായിരുന്നു മരണം. അഹ്‌്‌മദലി (45)ക്ക്‌ പിന്നില്‍ തുടയ്‌ക്കാണ്‌ വെടിയേറ്റത്‌. അബ്ദുല്‍ ഹമീദിന്റെ (27) മുതുകിലാണ്‌ വെടിയുണ്ട തറച്ചത്‌. ബാദുഷ(34) യുടെ കീഴ്‌ത്താടിയിലേറ്റ ബുളളറ്റ്‌ തലച്ചോറുള്‍പ്പെടെ പുറത്തേക്കു വരികയായിരുന്നു. അബ്ദുല്‍ കനി (55) ഫിറോസ്‌ (16) എന്നിവരുടെ മരണം വെടിയേറ്റല്ലെന്ന നുണയാണ്‌ പോലിസ്‌ അവതരിപ്പിക്കുന്നത്‌. 55 കാരനായ കനിയുടെ കണ്ണിനാണ്‌ വെടിയേറ്റിരുന്നത്‌. (ഇദ്ദേഹത്തിന്റെ മകന്‍ മാഹിന്‍കണ്ണ്‌ വെടിയേറ്റ്‌ ആശുപത്രിയിലുണ്ട്‌.) ഫുട്‌ബാള്‍ കളിക്കുകയായിരുന്ന 16 കാരനായ ഫിറോസിനെ വെടിയേറ്റ ശേഷം കടപ്പുറത്തുകൂടി വലിച്ചിഴച്ചു കൊണ്ടു പോവുകയും തോക്കിന്‍ പാത്തികൊണ്ടു അടിക്കുകയും കടലില്‍ മുക്കുകയും ചെയ്യുകയായിരുന്നു. എന്നാല്‍ പോലിസ്‌ പറയുന്നതോ അടിയേറ്റും ചോരവാര്‍ന്നുമാണ്‌ ഇദ്ദേഹം മരിച്ചതെന്നും. പരിക്കേറ്റു തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്ന 39 പേരില്‍ ജോയ്‌ എന്നയാള്‍ക്കു മാത്രമാണ്‌ വെട്ടേറ്റ നിസ്സാര പരിക്കുള്ളത്‌. മറ്റൊരാള്‍ക്കു കല്ലേറിലാണ്‌ പരിക്ക്‌. ബാക്കി 37 പേരില്‍ 10 പേര്‍ക്കു നിസ്സാര പരിക്കുകളായിരുന്നു. എന്നാല്‍ ഇപ്പോഴും ആശുപത്രിയിലുള്ള 27 പേര്‍ക്കും വെടിയേറ്റാണ്‌ പരിക്ക്‌.

വെടിയേറ്റു മരിച്ചവരുടെ ബന്ധുക്കളും പരിക്കേറ്റവരില്‍ മിക്കവരും ഒരു പോലെ വ്യക്തമാക്കുന്നത്‌, ബഹളം കേട്ട്‌ എന്താണന്നറിയാന്‍ ഓടിച്ചെന്നതായിരുന്നുവെന്നാണ്‌. അധികപേര്‍ക്കും ഫുട്‌ബോള്‍ കളിക്കുമ്പോള്‍ വെടിയേല്‍ക്കുകയായിരുന്നു. ചിലര്‍ കടലില്‍ പോകാനൊരുങ്ങുമ്പോഴാണ്‌ വെടിയേറ്റത്‌. ഓടിച്ചെന്നവരെയെല്ലാം വെടിവച്ചിട്ടു എന്നാണിതു വ്യക്തമാക്കുന്നത്‌. അതും ചെറിയതുറ ചര്‍ച്ചിന്റെ ഭാഗത്തുവച്ചായിരുന്നില്ല സംഭവങ്ങളുണ്ടായത്‌. മറിച്ച്‌ ബീമാപ്പള്ളി പരിസരത്തു വച്ചായിരുന്നു. ദേവാലയം ആക്രമിക്കാന്‍ ചെന്നവരെ തുരത്താനായിരുന്നു വെടിവച്ചതെങ്കില്‍ ചെറിയതുറ ചര്‍ച്ച്‌്‌ പരിസരത്തു വച്ചായിരുന്നു വെടിവയ്‌പ്‌ നടക്കേണ്ടിയിരുന്നത്‌. ആശുപത്രിയിലുള്ള ഷെഫീഖിന്‌ വെടിയേറ്റുവീണ മറ്റൊരാളെയെടുത്ത്‌ ഓട്ടോറിക്ഷയില്‍ കയറ്റുമ്പോഴാണ്‌ പിന്‍ഭാഗത്തു നിന്നു വെടിയേറ്റത്‌.

ഇതില്‍ നിന്നു വ്യക്തമാകുന്നത്‌ ഇത്രയും പേരെ കൊല്ലാന്‍ ഉദ്ദേശിച്ചു തന്നെ വെടിയുതിര്‍ത്തുവെന്നാണ്‌. രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ക്കും വെടിയേറ്റു. മാത്രമല്ല, വെടിയുണ്ടകള്‍ തീര്‍ന്നുപോയതു കൊണ്ടാണ്‌ പോലിസ്‌ നരനായാട്ട്‌ നിര്‍ത്തിയത്‌. കൂടുതല്‍ വെടിയുണ്ടകള്‍ ആവശ്യപ്പെട്ടപ്പോള്‍ തക്കസമയത്ത്‌ എത്തിച്ചേരാത്തതിനാലാണ്‌ കൂടുതല്‍ പേര്‍ മരിക്കാതിരുന്നത്‌. ഇല്ലെങ്കില്‍ മരണസംഖ്യ ഇതിലുമെത്രയോ വര്‍ധിക്കുമായിരുന്നു.

അക്രമാസക്തരായ ജനക്കൂട്ടത്തെ പിരിച്ചുവിടാനായിരുന്നു വെടിവച്ചതെങ്കില്‍ ബുള്ളറ്റുകള്‍ തീരുന്നതു വരെ വെടിവയ്‌ക്കേണ്ടതില്ല. പിന്തിരിഞ്ഞോടുന്നവരേയും വെടിവെയ്‌ക്കേണ്ടതില്ലായിരുന്നു.

ബീമാപ്പളളി നിവാസികളെല്ലാം വെടിവയ്‌പു നടന്നത്‌ 2.45 തൊട്ടു മൂന്നു മണിവരെയെന്നാണ്‌ പറയുന്നത്‌. എന്നാല്‍ പോലിസ്‌ ഭാഷ്യം 3.30 എന്നാണ്‌. ടിയര്‍ഗ്യാസ്‌, ആകാശത്തേക്കു വെടി, പിരിഞ്ഞു പോകാനുള്ള ആഹ്വാനം, ബാനര്‍ ഉയര്‍ത്തിപ്പിടിക്കല്‍ തുടങ്ങിയവ നടത്തിയത്‌ വെടിവയ്‌പിനു ശേഷമായിരുന്നു. അതിന്റെ ഒരു വീഡിയോ ക്ലിപ്പിംഗ്‌ പോലിസ്‌ ചാനലുകള്‍ക്കെത്തിക്കുകയുമുണ്ടായി.

30 ബോംബുകള്‍ ലഭിച്ചെന്നു പോലിസ്‌ പറയുന്നു. ഇവയില്‍ ചിലത്‌ മാരക ബോംബുകളാണത്രെ. ഇത്‌ ശരിയെങ്കില്‍ ഏതുവഴി വന്നുവെന്ന്‌ കൃത്യമായി അന്വേഷിക്കേണ്ടതുണ്ട്‌.

ചെറിയതുറ അസംപ്‌ഷന്‍ ഇടവക വികാരി ഫാദര്‍ ഫ്രെഡ്ഡി സോളമനും മറ്റും 16നു രാത്രി പള്ളിക്കു നേരെ ബോംബാക്രമണമുണ്ടായെന്ന്‌ പറയുകയുണ്ടായി. എന്നാല്‍ പള്ളിയുടെ ഇടതു ഭാഗത്തുള്ള ചവിട്ടു പടികളില്‍ ഏറ്റവും താഴത്തെ പടിയുടെ ചുവട്ടിലായി കരിങ്കല്‍പടവിന്റെ തുളകളാണ്‌ ഫാദര്‍ വസ്‌തുതാന്വേഷണ സംഘത്തെ കാണിച്ചത്‌. ഇതു കാലപ്പഴക്കം കൊണ്ടുണ്ടായതായേ തോന്നുകയുള്ളൂ. മാരക ബോംബുകള്‍ കണ്ടെത്തിയെന്നു പോലിസ്‌ ഇപ്പോള്‍ പറയുന്നുണ്ടെങ്കിലും കടപ്പുറത്ത്‌ തോട്ടകളാണെറിഞ്ഞതെന്ന്‌ ഫാദര്‍ ആദ്യം പറഞ്ഞിരുന്നു.

ഫാദര്‍ പറഞ്ഞതില്‍ വേറെയും വൈരുധ്യങ്ങളുണ്ട്‌. ബീമാപ്പള്ളിക്കാര്‍ എന്നെ ഒന്നും ചെയ്യില്ലെന്നു പറഞ്ഞു സംഭവസ്ഥലത്തേക്കു വന്ന ജോയ്‌ക്കാണ്‌ വെട്ടേറ്റത്‌. കൊല്ലപ്പെട്ട ഫിറോസ്‌ വെട്ടിയെന്നാണ്‌ ഫാദര്‍ ആദ്യം പറഞ്ഞത്‌. എന്നാല്‍ പിന്നീട്‌ ഫാദര്‍ തന്നെ പറഞ്ഞു വെട്ടിയതാരാണെന്നു ജോയ്‌ക്കറിയില്ല; അവര്‍ ബീമാപ്പള്ളിക്കാരായിരുന്നില്ല. ഇതിനര്‍ത്ഥം ബീമാപ്പള്ളിക്കാരല്ലാത്ത ഒരക്രമി സംഘം കടപ്പുറത്തു വന്നു ഇരുഭാഗത്തും തീവയ്‌പും നാശനഷ്ടങ്ങളുമുണ്ടാക്കി എന്നാണ്‌.

ബീമാപ്പള്ളി - ചെറിയതുറ പ്രദേശത്തു 16നു രാത്രി വലിയൊരു സംഘം അക്രമികളെത്തിയെന്നും 17നു ഉച്ചക്കു ആളുകളില്ലാത്ത നേരത്ത്‌ 200 ഓളം വരുന്ന ജനക്കൂട്ടം അക്രമിക്കാനെത്തിയെന്നും ഫാ.ഫ്രഡ്ഡി വസ്‌തുതാന്വേഷണ സംഘത്തോട്‌ പറയുകയുണ്ടായി. എന്നാല്‍ അസംപ്‌ഷന്‍ ചര്‍ച്ച്‌ ആഭ്യന്തരവകുപ്പ്‌ മന്ത്രിക്കു നല്‍കിയ നിവേദനത്തില്‍ `ഞായറാഴ്‌ച ഉച്ചകഴിഞ്ഞു 3 മണിയോടെ കടപ്പുറം ഭാഗത്തുകൂടി ഏകദേശം ആയിരത്തില്‍ പരം ചെറുപ്പക്കാര്‍ ബീമാപ്പള്ളി ഭാഗത്തുനിന്നും ചെറിയതുറയില്‍ അതിക്രമിച്ചു കയറി ബോംബുകളും മാരകായുധങ്ങളുമായി വന്നു വീടുകള്‍ അഗ്‌്‌നിക്കിരയാക്കുകയും മറ്റും ചെയ്‌തുവെന്നാണ്‌ പരാതിപ്പെട്ടിരിക്കുന്നത്‌. നേരത്തെ 200 പേരെന്നു പറഞ്ഞ ഫാദര്‍ എഴുതിക്കൊടുത്ത പരാതിയില്‍ 1000 പേരെന്ന വൈരുധ്യമുണ്ട്‌. 2.45നായിരുന്നു വെടിവയ്‌പ്‌. ഇടവക അധികാരികള്‍ മൂന്നുമണിക്കു ശേഷം സായുധരായ ജനക്കൂട്ടം ആക്രമിച്ചുവെന്ന്‌ പറയുന്നു. അപ്പോള്‍ ആക്രമണമുണ്ടായതിനാലല്ല വെടിവയ്‌പു നടത്തിയത്‌.

എന്നാല്‍ അക്രമ സംഭവം ബീമാപ്പള്ളി ജമാഅത്തു ഭാരവാഹികളും ജനങ്ങളും പൂര്‍ണമായും നിഷേധിക്കുന്നു. അത്തരമൊരു സംഭവം തന്നെയുണ്ടായില്ലെന്നാണ്‌ അവര്‍ പറയുന്നത്‌. 400 ഓളം വരുന്ന പോലിസ്‌ സൈന്യത്തെ 17നു കാലത്തു തന്നെ സംഭവസ്ഥലത്തു വിന്യസിച്ചിരുന്നുവെന്നാണ്‌ ഡി.ഐ.ജി സര്‍ക്കാരിന്‌ നല്‍കിയ റിപോര്‍ട്ടില്‍ പറയുന്നത്‌. ഇത്രയും വലിയ പോലിസ്‌ സംഘത്തെ വെട്ടിച്ചു കടന്നു ചര്‍ച്ചും ചെറിയ തുറയും എങ്ങനെ ആക്രമിക്കുമെന്നാണ്‌ ബീമാപ്പള്ളി ജമാഅത്ത്‌ ഭാരവാഹികള്‍ ചോദിക്കുന്നത്‌. ഇതും പ്രത്യക്ഷത്തില്‍ ശരിയാണ്‌. 200 പേര്‍ അക്രമാസക്തരായി വന്നാല്‍ 400 അംഗ പോലിസുകാര്‍ അവരെ വെടിവച്ചു കൊന്നു പിരിച്ചുവിടണമെന്നാണോ കേരളാപോലിസ്‌ മാന്വലില്‍ എഴുതിവച്ച ചട്ടം. ഒരു പോലീസ്‌ ഉദ്യോഗസ്‌ഥനും സംഭവത്തില്‍ പരിക്കേറ്റില്ലെന്ന വസ്‌തുതയും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്‌.

ഇതിനാല്‍ തന്നെ ഗൂഢാലോചന നടന്നുവെന്നു സംശയിക്കാന്‍ ന്യായങ്ങളുണ്ട്‌. തലേന്നു ഇടവക അധികൃതരും ജമാഅത്തു ഭാരവാഹികളും ഒരു പോലെ ആരോപിക്കുന്ന കൊമ്പന്‍ ഷിബു എന്ന `നൊട്ടോറിയസ്‌ ക്രിമിനല്‍` (ബോണ്‍ ക്രിമിനല്‍ എന്നാണ്‌ ഫാദ. ഫ്രഡ്ഡി വിശേഷിപ്പിച്ചത്‌) സൃഷ്ടിച്ച പ്രശ്‌നങ്ങള്‍ മൂലം ബീമാപ്പള്ളി ഭാഗത്തു നിന്നു പ്രത്യാക്രമണമുണ്ടാകുമെന്നു ഭയന്ന ഇടവക അധികൃതര്‍ പോലിസ്‌ പ്രൊട്ടക്‌ഷന്‍ ചോദിക്കുകയുണ്ടായി. അതനുവദിക്കുകയും ചെയ്‌തു. അതേ സമയം ഇരുവിഭാഗത്തിനുമിടയിലുണ്ടായിരുന്ന പോലിസ്‌ പിക്കറ്റ്‌ നിലനിര്‍ത്തണമെന്ന ജമാഅത്തിന്റെ അഭ്യര്‍ത്ഥന നിരാകരിച്ചു. എസ്‌.ഐ ജയ്‌സണ്‍ ഡി.സി.പി എ.വി ജോര്‍ജ്ജിന്റെ നിര്‍ദ്ദേശ പ്രകാരമാണ്‌ പോലിസ്‌ പിക്കറ്റ്‌ നീക്കം ചെയ്‌തത്‌്‌.

എന്നാല്‍ തലേ രാത്രി ബോംബേറുണ്ടായെന്നു പറയുന്ന ഫാദര്‍ പോലിസ്‌ ഇല്ലായിരുന്നുവെങ്കില്‍ ഒരൊറ്റ വീടും അവശേഷിക്കില്ലായിരുന്നുവെന്നു പറയുന്നു. ഇത്തരമൊരു ഭീതി അലട്ടിയ ഫാ.ഫ്രഡ്ഡി ജനക്കൂട്ടം തീര്‍ച്ചയായും അക്രമിക്കുമെന്ന്‌ പോലിസിനെ അറിയിച്ചത്‌ മൂലം എ വി ജോര്‍ജ്ജിന്റെ നിയന്ത്രണത്തിലുള്ളതും വലിയതുറ എസ്‌.ഐ ജെയ്‌സണ്‍, സി.ഐ പ്രദീപ്‌ കുമാര്‍, എ.സി.സി. ഡി സുരേഷ്‌കുമാര്‍, ഡി.സി.ആര്‍ ബി.എ.സി ഷറഫുദ്ദീന്‍ തുടങ്ങിയവരും ഇതു വിശ്വസിച്ച്‌ ബീമാപ്പള്ളിക്കാര്‍ ആക്രമിക്കാന്‍ വരുമെന്ന ധാരണയില്‍ അവര്‍ക്കു നേരെ വെടിയുതിര്‍ത്തിരിക്കാനാണ്‌ സാധ്യത. മാത്രമല്ല, ബീമാപ്പള്ളിയിലെ മല്‍സ്യതൊഴിലാളികളെക്കുറിച്ച്‌ ഈ ഭാഗത്തേക്കു നിയമിതരാവുന്ന മുഴുവന്‍ പോലിസുകാര്‍ക്കുമുള്ള ധാരണ `നിയന്ത്രിക്കാന്‍ കഴിയാത്ത പ്രത്യേകതരം ജനങ്ങള്‍` എന്നുള്ളതാണ്‌. ഇക്കാര്യം പൂന്തുറ എസ്‌.ഐ രാജേഷ്‌ കുമാര്‍ തുറന്നു പ്രകടിപ്പിക്കുകയുമുണ്ടായി. ബീമാപ്പള്ളിക്കാരെ കുറിച്ചുള്ള പോലിസിന്റെ ഈ `അസാധാരണ ഭീതി` പ്രതികാരത്തിന്റെ കനലായി അവരുടെ മനസ്സില്‍ എരിഞ്ഞു കൊണ്ടിരിക്കുകയായിരുന്നുവെന്ന്‌ ധരിക്കാനും കാരണങ്ങളുണ്ട്‌. ബീമാപ്പള്ളിയുടെ ഉള്‍പ്രദേശങ്ങളിലേക്കു ഇന്നുവരെ പോലിസിനു കടന്നു ചെല്ലാന്‍ കഴിഞ്ഞിട്ടില്ലെന്നാണു അവരുടെ വാക്കുകളില്‍ നിന്നു മനസ്സിലാവുന്നത്‌. കുറ്റവാളികളെ തേടി വന്നാല്‍ ജമാഅത്ത്‌ അവരെ പിടിച്ചു പോലിസിനു കൊടുക്കുന്ന പതിവാണുണ്ടായിരുന്നത്‌. ഇതു സ്വന്തം കഴിവുകേടാണെന്ന തോന്നല്‍ പോലിസിന്റെ ഉള്ളിലുണ്ടാക്കിയിരുന്നിരിക്കണം.

22 വര്‍ഷം മുമ്പ്‌ 1987 ല്‍ പൂന്തുറ കലാപമുണ്ടായതൊഴിച്ചാല്‍ ബീമാപ്പള്ളിക്കാര്‍ സമാധാനപ്രിയരാണെന്നു ഫാദറും സമ്മതിക്കുന്നു. യാതൊരു വര്‍ഗീയ പ്രശ്‌നങ്ങളും മുമ്പോ പിമ്പോ ഉണ്ടായിരുന്നില്ലെന്നു ഇരുകൂട്ടരും തറപ്പിച്ചു പറയുന്നു.

ഇരുപക്ഷത്തുമുള്ള `ഷിബു'മാരെ ഒറ്റപ്പെടുത്തുകയാണ്‌ പ്രശ്‌നപരിഹാരമെന്നു ഫാ.ഫ്രഡ്ഡി ചൂണ്ടിക്കാട്ടുന്നു.

മെയ്‌ 16നു കൊമ്പന്‍ ഷിബു എന്ന ക്രിമിനല്‍ ബീമാപ്പള്ളിയില്‍ കടയില്‍ സാധാനങ്ങള്‍ വാങ്ങാനെത്തിയ നിസാമുദ്ദീന്‍ എന്ന ഗള്‍ഫുകാരന്റെ കാര്‍ പാര്‍ക്കു ചെയ്‌തതിനു പണം ചോദിച്ചതിനെ തുടര്‍ന്നാണു തര്‍ക്കം തുടങ്ങിയതെന്നു ബീമാപ്പള്ളി ജമാഅത്തു പ്രസിഡന്റ്‌ എം വി അസീസ്‌ പറഞ്ഞു. ഈ പ്രശ്‌നത്തെ തുടര്‍ന്നു പോലിസെത്തി. സംഭവ സ്ഥലത്തെത്തിയ കലക്ടറും സബ്‌കലക്ടറും ഇയാളെ അറസ്റ്റു ചെയ്യാമെന്ന്‌ വാക്കു നല്‍കി. പക്ഷേ, അതു പാലിച്ചില്ല. 15നു തന്നെ ഷിബുവിനെതിരേ രേഖാമൂലം ജമാഅത്ത്‌ കമ്മറ്റി അധികൃതര്‍ക്കു പരാതി നല്‍കിയിരുന്നു. ഫലമുണ്ടായില്ല. എയ്‌ഡ്‌സ്‌ രോഗിയെന്നു സ്വയം വിളിച്ചു പറഞ്ഞു നടക്കുകയും പ്രശ്‌നങ്ങളുണ്ടാവുമ്പോഴേക്കും കൈവെട്ടി ചോരതെറിപ്പിച്ചു ആളുകളെ ഭയപ്പെടുത്തുകയും ചെയ്യുന്ന കൊമ്പന്‍ഷിബു 16നോ 17നു കാലത്തോ അറസ്റ്റു ചെയ്യപ്പെട്ടില്ല. 17നു കാലത്ത്‌ ബീമാപ്പള്ളിയിലേക്കു വരുന്നതും മടങ്ങിപ്പോകുന്നതുമായ വാഹനങ്ങള്‍ ഷിബുവും സംഘവും തടഞ്ഞു നിര്‍ത്തുന്നതാണ്‌ ജനങ്ങള്‍ കണ്ടത്‌.

എന്നാലിത്‌ പോലിസിന്റെ ശ്രദ്ധയില്‍പെടുത്തിയെങ്കിലും (ഷറഫുദ്ദീന്‍, സുരേഷ്‌കുമാര്‍ എന്നിവരോടാണ്‌ പരാതി പറഞ്ഞത്‌.) അവര്‍ കാഴ്‌ചക്കാരായി നിന്നു. ഒന്നും ചെയ്‌തില്ല. ആളുകള്‍ വരാത്തതിനാല്‍ ബീമാപ്പള്ളിയില്‍ തുറന്ന കടകള്‍ അടച്ചു. കൊമ്പന്‍ ഷിബുവിനെ തളയ്‌ക്കാന്‍ പോലിസ്‌ തയ്യാറായില്ല.

ഇതില്‍ നിന്നു തന്നെ ഗൂഢാലോചന വ്യക്തമാണ്‌. പോലിസ്‌ ക്രിമിനല്‍ ബന്ധവും സ്‌പഷ്ടം. എയ്‌ഡ്‌സ്‌ രോഗിയെ തൊടാനുള്ള അറപ്പായിരുന്നു പോലിസിന്‌ എന്നൊരു വാദമുണ്ട്‌. എന്നാല്‍ ഇതേ പോലിസ്‌ 18ന്‌ ഷിബുവിനെ അറസ്റ്റു ചെയ്‌തതു പിന്നെങ്ങനെയാണ്‌. ഷിബു ചെറിയതുറയില്‍ ഈ സമയമത്രയും വിലസി നടക്കുകയായിരുന്നു.

ഒരു കൊടും കുറ്റവാളിയെ കൊണ്ടു പ്രകോപനം സൃഷ്ടിച്ച ശേഷം പോലിസ്‌ നിര്‍ദ്ദയം നാട്ടുകാരെ വെടിവച്ചു കൊന്ന കാട്ടുനീതിയാണ്‌ തലസ്ഥാന നഗരിയില്‍ നടമാടിയത്‌. 16നു തന്നെ പാര്‍ക്കിങ്‌ പിരിവ്‌ ചോദിച്ചതിന്റെ പേരില്‍ തിരിച്ചോടിച്ചതിനു പ്രതികാരം വീട്ടാന്‍ ഷിബു വലിയൊരു സംഘവുമായി മടങ്ങിവന്നു തിരിച്ചടിക്കുകയുണ്ടായി.

കഞ്ചാവു ബിസിനസുകാരുടെ പരസ്‌പര കലഹങ്ങളിലേക്കും ഫാദര്‍ വിരല്‍ ചൂണ്ടുന്നുണ്ട്‌. പോലിസ്‌ പ്രാണരക്ഷാര്‍ത്ഥം വെടിവച്ചുവെന്ന്‌ ഏറ്റവും ശക്തമായി വാദിക്കുന്നതും സമര്‍ത്ഥിക്കുന്നതും ഫാ. ഫ്രഡ്ഡിയാണ്‌. ചര്‍ച്ചിനു പിന്നിലെ പുറമ്പോക്കിലാണ്‌ ഷിബു താമസം. എന്നാല്‍ ചെറിയതുറയിലും ഷിബുവിനു കൂട്ടുകാരുണ്ട്‌.

`അവസരോചിതമായി ശംഖുമുഖം എ.സി ഇടപെട്ടില്ലായിരുന്നുവെങ്കില്‍ ചെറിയതുറ പൂര്‍ണ്ണമായും കത്തിച്ചു നശിപ്പിക്കപ്പെടും.` എന്നും ഫാ.ഫ്രഡ്ഡിയും മറ്റും രേഖാമൂലം എഴുതിക്കൊടുത്ത പരാതിയിലുണ്ട്‌. അരയ്‌ക്കുചുറ്റും ബോംബുകള്‍വച്ചുകെട്ടി വന്നവരാണ്‌ അക്രമം കാട്ടിയതെന്നും അവരെയാണ്‌ പോലിസ്‌ വെടിവച്ചതെന്നും ഫാദര്‍ പറയുകയുണ്ടായി.

വെടിവയ്‌പു സംഭവത്തില്‍ താന്‍ നിസ്സഹായനായിരുന്നുവെന്ന്‌്‌ നേരത്തെ ജമാഅത്ത്‌ ഭാരവാഹികളോട്‌ പറഞ്ഞ എ സി ഷറഫുദ്ദീന്‍ ഇപ്പോള്‍ കളം മാറ്റിച്ചവിട്ടുന്നു. ഇരു ഭാഗത്തും വീടുകള്‍ കത്തിച്ചതും വള്ളങ്ങള്‍ അഗ്നിക്കിരയാക്കിയതും വെടിവയ്‌്‌്‌പിനു ശേഷം പോലിസായിരുന്നുവെന്നു തദ്ദേശവാസികളില്‍ പലരും പറയുന്നു.

ബീമാപ്പള്ളി ചെറിയതുറ പ്രദേശത്തു യാതൊരു സാമൂദായിക പ്രശ്‌നങ്ങളും തര്‍ക്കങ്ങളുമില്ലെന്നു ഫാദര്‍ ഫ്രഡ്ഡിയും ജമാഅത്ത്‌ പ്രസിഡന്റ്‌ അസീസും തറപ്പിച്ചു പറയുന്നുണ്ടെന്നിരിക്കെ ഇതേ ജനങ്ങള്‍ ചര്‍ച്ചും ഇടവകയും ആക്രമിക്കാനെത്തിയെന്ന ഭാഷ്യം വിശ്വാസയോഗ്യമാകുന്നില്ല. ` ചെറിയതുറക്കാരായ ക്രൈസ്‌തവരെ ബീമാപ്പള്ളിയിലെ മുസ്‌്‌ലിം സഹോദരങ്ങള്‍ക്ക്‌ നല്ലപോലെ അറിയാം. അതുപോലെ മറിച്ചും. ഞങ്ങള്‍ തമ്മില്‍ വൈരമോ സംഘര്‍ഷമോ ഇല്ല. ആക്രമണത്തിനായുള്ള ഒരു കാരണവും നിലനില്‍ക്കുന്നില്ല.` ഫാദര്‍ പറയുന്നു. സംഘടിത ആക്രമണത്തിനു മുസ്‌്‌ലിംകളെ പ്രേരിപ്പിക്കുന്ന യാതൊന്നും നടന്നിട്ടില്ല. കൊമ്പന്‍ ഷിബുവിന്റെ ഗുണ്ടാവിളയാട്ടം പുതിയ കാര്യമല്ല. അതിന്റെ പേരില്‍ മുസ്‌്‌ലിംകള്‍ പ്രകോപിതരാവേണ്ട കാര്യമില്ല.

പോലിസിനു പരിക്കേറ്റിട്ടില്ലെന്നതും വെടിവയ്‌പിനു ഉത്തരവാദപ്പെട്ടവര്‍ ഉത്തരവ്‌ നല്‍കിയിട്ടില്ലെന്നതും ആരാണുത്തരവ്‌ നല്‍കിയതെന്ന യാഥാര്‍ഥ്യം മൂടിവയ്‌ക്കുന്നു എന്നതും ഏറെ ദുരൂഹതകള്‍ ഉയര്‍ത്തുന്നു.

കൊല്ലപ്പെട്ട ഫിറോസിനു പുറമെ ഹൈദറിനും ബാദുഷയ്‌ക്കും കടപ്പുറത്തു ഫുട്‌ബോള്‍ കളിക്കുമ്പോഴാണ്‌ വെടിയേറ്റത്‌. കൊല്ലപ്പെട്ട അഹ്‌്‌്‌മദ്‌ കനിയുടെ മകന്‍ മാഹിന്‍ കണ്ണ്‌, ഷഫീഖ്‌, റസാഖ്‌, സെമീര്‍ എന്നിവരെല്ലാം ശബ്ദം കേട്ട്‌ ഓടിച്ചെന്നപ്പോഴാണ്‌ വെടിയേറ്റതെന്നു സാക്ഷ്യപ്പെടുത്തുന്നു. കൊല്ലപ്പെട്ടവരെല്ലാം ബഹളം കേട്ട്‌ ഓടിച്ചെന്നതായിരുന്നുവെന്നു ബന്ധുക്കള്‍ പറയുന്നു.

പൂന്തുറ എസ്‌.ഐ രാജേഷ്‌കുമാര്‍ വസ്‌തുതാന്വേഷണ സംഘത്തോട്‌ പറഞ്ഞത്‌ ഒരു വീടു കത്തിച്ച കേസ്‌ മാത്രമേ പൂന്തുറ സ്റ്റേഷനില്‍ ഉള്ളുവെന്നാണ്‌. വളഞ്ഞു തിരിഞ്ഞു പോയതിനാല്‍ സംഭവാനന്തരം മാത്രമാണ്‌ ഇദ്ദേഹത്തിനു അവിടെയെത്താനായത്‌. വലിയതുറ എസ്‌.ഐ ടി സതി കുമാര്‍ കുറെക്കൂടി മനസ്സു തുറക്കാന്‍ തയ്യാറായി. ഇവിടെ രജിസ്‌റ്റര്‍ ചെയ്‌ത 30കേസുകളില്‍ കലാപം, തീവയ്‌പ്‌ എന്നിവ ഉള്‍പ്പെടും. കൊമ്പന്‍ ഷിബുവിനെതിരായ കേസ്‌ പോലിസ്‌ സ്വയം രജിസ്റ്റര്‍ ചെയ്‌തതാണ്‌. വെടിവയ്‌്‌പു വേളയില്‍ സതികുമാറും സ്ഥലത്തില്ലായിരുന്നു. എയര്‍പോര്‍ട്ടില്‍ മുഖ്യമന്ത്രി വരുന്ന ഡ്യൂട്ടിയിലായിരുന്നു.

ബീമാപ്പള്ളി ഉള്‍പ്പെടുന്ന വലിയതുറ പോലിസ്‌ സ്റ്റേഷന്‍ തിരുവനന്തപുരം എയര്‍പോര്‍ട്ടിനകത്താണ്‌. എപ്പോഴും വി.ഐ.പികളെത്തുന്ന എയര്‍പോര്‍ട്ടു കൂടി കൈകാര്യം ചെയ്യേണ്ട വലിയ ഉത്തരവാദിത്തമുള്ള ഇതേ സ്‌റ്റേഷനിലുള്ളവര്‍ ബീമാപ്പള്ളിയും ചെറിയതുറയും കൂടാതെ ക്രിമിനലുകളും കഞ്ചാവ്‌ കച്ചവടക്കാരും അധിവസിക്കുന്ന പുറമ്പോക്കു ഭൂമിയുമടക്കം വലിയൊരു പ്രദേശം കൈകാര്യം ചെയ്യേണ്ടവരാണ്‌. ഡി.സി.ആര്‍.ബി. എ.സി ഷറഫുദ്ദീന്‍, ശംഖുമുഖം എസ്‌.ഐ കെ ജെ ജോണ്‍സണ്‍, സുരേഷ്‌ കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ബീമാപ്പള്ളി ഓപ്പറേഷന്‍. അഞ്ചു ഫയര്‍ഫോഴ്‌സ്‌ വാഹനങ്ങളും സ്ഥലത്തെത്തി. 11 പോലിസുകാര്‍ക്കു പരിക്കേറ്റതായി ഇപ്പോള്‍ ഇവര്‍ പറയുന്നു. എന്നാല്‍ ഇവര്‍ പതിനേഴിനു രാത്രി സംഭവാനന്തരം ഒമ്പതു മണിക്കൂര്‍ കഴിഞ്ഞാണ്‌ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തുന്നത്‌. ഇവര്‍ക്കു യാതൊരു പരിക്കും ഇല്ലായിരുന്നു. പതിനാറിനു രാത്രി 9 മണിക്കു മുസ്‌്‌ലിംഭാഗത്തുനിന്നുണ്ടായ ആക്രമണത്തിന്റെ പേരില്‍ പതിനേഴിനു കാലത്തു ഒമ്പതു കേസുകളെടുത്തു എന്നും എസ്‌.ഐ പറഞ്ഞു. എന്നാല്‍ ആളെക്കിട്ടാത്തതിനാല്‍ ആരെയും അറസ്റ്റുചെയ്‌തിട്ടില്ല.

പതിനേഴിനു കാലത്തു ബീമാപ്പള്ളിയില്‍ നിന്നു മടങ്ങിപ്പോവുകയായിരുന്ന ബസ്സ്‌ ഷിബുവും കൂട്ടരും പിന്നോട്ടു തിരിച്ചുവിട്ടു എന്നും ഇക്കാര്യം ഡ്യൂട്ടിയിലുള്ള പോലീസ്‌ ഉദ്യോഗസ്ഥരെ നേരിട്ടു ബോധ്യപ്പെടുത്തിയെന്നും ഫലം കാണാഞ്ഞ്‌ ആര്‍.ഡി.ഒ യെ വിവരം അറിയിച്ചുവെന്നും ബീമാപ്പള്ളി പ്രസിഡന്റ്‌ എം വി അസീസ്‌, കോണ്‍ഗ്രസ്‌ പ്രതിനിധി ടി ബഷീര്‍, കൗണ്‍സിലര്‍ ബീമാപ്പള്ളി റഷീദ്‌ എന്നിവര്‍ പറഞ്ഞു. തന്റെ മൂന്നു പെണ്‍കുട്ടികളെയും ഭര്‍ത്താവിനെയും ബീമാപ്പള്ളിയിലേക്കുവരാന്‍ അനുവദിക്കാതെ ഷിബുവും കൂട്ടരും തടഞ്ഞു വച്ചതായി ഒരു സ്‌ത്രീ ഞങ്ങള്‍ പോലിസിനോടു സംസാരിച്ചു കൊണ്ടിരിക്കേതന്നെ അവിടെയെത്തി പരാതിപ്പെട്ടു. എന്നിട്ടും പോലിസ്‌ ഒന്നും ചെയ്‌തില്ലെന്നു ജമാഅത്ത്‌ പ്രസിഡന്റ്‌ പറഞ്ഞു. ഷിബുവിന്റെയും സംഘത്തിന്റെയും കൈവശം ബോംബുള്‍പ്പടെ മാരകായുധങ്ങളുമുണ്ടായിരുന്നു. എന്നാല്‍ ഇതെല്ലാം കേട്ടു നിസ്സംഗരായി ഇരുന്നതല്ലാതെ പോലിസ്‌ അനങ്ങിയില്ല. പതിനേഴിനു വെടിവച്ചു കഴിഞ്ഞ ശേഷം ബീമാപ്പള്ളി പരിസരത്തെ രണ്ടുവീടുകള്‍ പെട്ടെന്ന്‌ കത്തിയതായി നാട്ടുകാര്‍ പറയുന്നു. പോലിസ്‌ ചെയ്‌തതാണിതെന്നാണ്‌ അവരുടെ സംശയം.

പതിനഞ്ചിനു വൈകുന്നേരം ഷിബുവിനെതിരേ പൂന്തുറ സി.ഐക്കു രേഖാമൂലം പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. ബീമാപ്പള്ളി റസിഡന്റ്‌സ്‌ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി അബ്ദുല്‍ കലാം ഷിബുവുമായുണ്ടായ വാഹന പാര്‍ക്കിങ്‌ തര്‍ക്കമാണ്‌ പ്രശ്‌നമായതെന്നു പറയുന്നു. എന്നാല്‍ ഷിബുവിനെ അടിച്ചിട്ടില്ല. പറഞ്ഞുവിടുക മാത്രമാണുണ്ടായത്‌. ജമാഅത്തുകാര്‍ ഷിബുവിന്റെ ശല്യത്തെക്കുറിച്ച്‌ നേരത്തേ പരാതിപ്പെട്ടപ്പോള്‍ പാരിഷ്‌ കമ്മിറ്റിയും ഇടവക വികാരിയും നിസ്സഹായത അറിയിച്ചതായും ജമാഅത്ത്‌ കമ്മിറ്റിക്കാര്‍ പറയുന്നു. ഗള്‍ഫില്‍ നിന്നും അവധിക്കു വന്നയാളാണ്‌ നിസാമുദ്ദീന്‍ എന്നും ഇയാള്‍ ക്രിമിനലോ ക്രിമിനല്‍ ബാക്ക്‌ ഗ്രൗണ്ട്‌ ഉള്ള വ്യക്തിയോ അല്ലെന്നും കടയില്‍ സാധാനം വാങ്ങാനെത്തിയ ഇയാളുടെ കാര്‍ പാര്‍ക്ക്‌ ചെയ്‌തതിനു ഷിബു ഗുണ്ടാപിരിവു ചോദിച്ചതാണ്‌ സംഭവത്തിനു തുടക്കമെന്നും പറഞ്ഞു.

ഷിബു എയ്‌ഡ്‌സ്‌ രോഗിയാണ്‌. ഇങ്ങനെയൊരാളെ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്നിടത്തേയ്‌ക്കു സൈ്വര വിഹാരത്തിനു അധികൃതര്‍ അനുവദിക്കുന്നതെങ്ങനെയെന്നും കലാം ചോദിച്ചു. 16നും 17നും ചര്‍ച്ച്‌ ആക്രമിക്കപ്പെട്ടുവെങ്കില്‍ അതിന്‌ പിന്നിലാര്‌, എന്തു സംഭവിച്ചു എന്നെല്ലാം ജുഡീഷ്യല്‍ അന്വേഷണത്തിലൂടെ കണ്ടെത്തണമെന്നും ജമാഅത്ത്‌ പറയുന്നു. 2 പോലിസുകാര്‍ വീടു കത്തിക്കുന്നുവെന്നു ചെറിയതുറക്കാര്‍ വിളിച്ചുപറയുന്നതു കേട്ടതായി പല ബീമാപ്പള്ളിക്കാരും സാക്ഷ്യപ്പെടുത്തുന്നു. ഇരുഭാഗത്തും വള്ളങ്ങള്‍ കത്തിച്ചതു ഷിബുവും കൂട്ടരുമാണെന്നു എ.ജി.എം ഫാറൂഖ്‌ പറഞ്ഞു. ഷിബുവിന്റെ പണം പറ്റുന്നവരാണ്‌ പോലിസെന്നും ഇവര്‍ ആരോപിച്ചു. ആകാശത്തേക്കു വെടിവയ്‌പോ റബ്ബര്‍ ബുള്ളറ്റുപ്രയോഗമോ ലാത്തിച്ചാര്‍ജ്ജോ ടിയര്‍ഗ്യാസ്‌ പ്രയോഗമോ ഉണ്ടായില്ലെന്നും ഇവര്‍ തറപ്പിച്ചു പറയുന്നു. പോലിസ്‌ വെടിവച്ച ചില ബുള്ളറ്റുകള്‍ കാണിച്ചപ്പോള്‍ ഐ.ജി അതിശയിച്ചതായും നാട്ടുകാര്‍ പറഞ്ഞു. ഇത്തരം മാരകമായ ബുള്ളറ്റ്‌ എങ്ങനെ പോലിസിനു ലഭിച്ചു എന്നായിരുന്നുവത്രെ ഐ.ജിയുടെ ചോദ്യം.

16 കാരനായ ഫിറോസ്‌ കടപ്പുറത്തു കളിക്കുമ്പോള്‍ വെടിയേറ്റു വീണു. എടുത്തു മാററാനുള്ള കൂട്ടുകാരുടെ ശ്രമം തടഞ്ഞ പോലിസ്‌ ഇയാളെ വലിച്ചിഴച്ചു കൊണ്ടു പോകുന്നതിന്റെ ചിത്രം ഒരാള്‍ മൊബൈലില്‍ പകര്‍ത്തിയിട്ടുണ്ട്‌. ഫിറോസിനെ തോക്കിന്റെ പാത്തി കൊണ്ട്‌ അടിക്കുകയും കടലില്‍ മുക്കുകയും ചെയ്‌തതായി ദൃക്‌സാക്ഷികള്‍ പറയുന്നു.

ബീമാപ്പള്ളി ഭാഗത്തു ഇപ്പോഴും ചെറിയതുറക്കാരുടെ വള്ളങ്ങള്‍ സുരക്ഷിതമായി നില്‍ക്കുന്നതു ജനങ്ങള്‍ കാണിച്ചു തന്നു. വര്‍ഗീയപ്രശ്‌നമോ തങ്ങള്‍ക്കു ഭീതിയോ ഉണ്ടെന്നു 18നു നടന്ന സര്‍വകക്ഷി യോഗത്തില്‍ പങ്കെടുത്ത പളളി വികാരി ജനറല്‍ മോണ്‍സിഞ്ഞോര്‍ യൂജിന്‍ പെരേര പറഞ്ഞിട്ടില്ല. പിന്നീടാണ്‌ ഇത്തരമൊരു നിലപാട്‌ മാറ്റം ഇടവക അധികൃതരുടെ ഭാഗത്തുനിന്നുണ്ടായത്‌. ഇതു പോലിസ്‌ പ്രേരണ മൂലമാണെന്ന്‌ വ്യക്തമാണ്‌. ബീമാപ്പള്ളി ഭാഗത്ത്‌ അബൂബക്കര്‍, ഷിഹാബുദ്ദീന്‍ എന്നിവരുടെ 8 ലക്ഷം രൂപ വിലവരുന്ന വലിയ വള്ളങ്ങളും അഗ്‌്‌നിക്കിരയാക്കപ്പെട്ടിട്ടുണ്ട്‌.

ഞങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ ചെറിയ തുറയില്‍ ക്യാംപ്‌ ചെയ്യുന്ന എസ്‌.പി രാമചന്ദ്രന്‍ സംഭവസമയത്തു സ്ഥലത്തില്ലായിരുന്നു.

കൊല്ലപ്പെട്ട സെയ്‌താലിയുടെ ആപിള്‍ഗ്രീന്‍ ടീ ഷര്‍ട്ടില്‍ നെഞ്ചിലും പുറകുവശത്തും ബുള്ളറ്റേറ്റ ദ്വാരമുണ്ട്‌. ഊണുകഴിച്ചു കടയിലേക്കു പോകാനിറങ്ങിയപ്പോള്‍ വെടിയേറ്റ ഇയാളുടെ മൃതദേഹമാണ്‌ പിന്നീട്‌ വീട്ടുമുറ്റത്തു കൊണ്ടു വന്നു കിടത്തിയത്‌. വീടുപോലുമില്ലാത്ത അഹ്‌്‌മദ്‌ അലി (45) വാടക വീട്ടിലാണു താമസം.
ഒരു ഗുണ്ടയുടെ അഴിഞ്ഞാട്ടവും സാമൂഹിക വിരുദ്ധപ്രവര്‍ത്തനവും ആറുപേരുടെ വിലപ്പെട്ട ജീവന്‍ അപഹരിക്കുന്ന പോലിസ്‌ വെടിവയ്‌പിനു കാരണമായതിന്‌ യഥാര്‍ഥത്തില്‍ ഉത്തരവാദി പോലിസ്‌ തന്നെയാണന്ന നിഗമനത്തിലാണ്‌ വസ്‌തുതകള്‍ നിഷ്‌പക്ഷമായി വിലയിരുത്തുമ്പോള്‍ എത്തിച്ചേരാന്‍ കഴിയുന്നത്‌.

വസ്‌തുതകളും നിഗമനങ്ങളും


  • വെടിവെയ്‌പു നടന്നത്‌ ഉച്ചകഴിഞ്ഞ്‌ 2.45 മുതല്‍; എന്നാല്‍ പോലിസ്‌ ഭാഷ്യം 3.30 എന്നാണ്‌.
  • കൊല്ലപ്പെട്ട 6 പേരില്‍ 5 പേരുടേയും വസ്‌ത്രങ്ങളില്‍ വെടിയുണ്ട തുളഞ്ഞുകയറിയ അടയാളമുണ്ട്‌.
  • വെടിയുണ്ടകള്‍ തീര്‍ന്നുപോയതു കൊണ്ടാണ്‌ പോലിസ്‌ നരനായാട്ട്‌ നിര്‍ത്തിയത്‌. കൂടുതല്‍ വെടിയുണ്ടകള്‍ ആവശ്യപ്പെട്ടിട്ടും എത്തിച്ചേര്‍ന്നില്ലെന്നു പോലിസ്‌ തന്നെ പറയുകയുണ്ടായി.
  • മരിച്ചവരില്‍ എല്ലാവര്‍ക്കും അരയ്‌ക്കുമുകളിലാണ്‌ വെടിയേറ്റിട്ടുള്ളത്‌.
  • പോലിസുകാര്‍ക്കാര്‍ക്കും പരിക്കില്ല.
  • രണ്ടു സമുദായങ്ങള്‍ തമ്മില്‍ വര്‍ഗീയ വൈരമില്ലെന്നു ഇരുഭാഗത്തേയും ആളുകള്‍.
  • കൂടുതല്‍ അപകടകരമായ ബുള്ളറ്റ്‌ പോലിസിന്റെ കൈവശമുണ്ടായിരുന്നു.
  • ബീമാപ്പള്ളിയില്‍ ഇപ്പോള്‍ നടന്നതിനേക്കാള്‍ ഭീകരമായ ഒരു കൂട്ടക്കൊലയാണ്‌ ആസൂത്രണം ചെയ്യപ്പെട്ടതെന്നതിലേക്കാണ്‌ സംഭവങ്ങള്‍ വിരല്‍ ചൂണ്ടുന്നത്‌.
  • കൊല്ലാന്‍ ഉദ്ദേശിച്ചുതന്നെ വെടിവയ്‌പ്‌ നടത്തിയതിനു തെളിവാണ്‌ എല്ലാവര്‍ക്കും അരയ്‌ക്കുമേല്‍ വെടിയേറ്റുവെന്നുള്ളത്‌.
  • പോലിസ്‌ പിക്കറ്റ്‌ നീക്കം ചെയ്‌തത്‌ ആക്രമണകാരികള്‍ക്ക്‌ സൗകര്യമേര്‍പ്പെടുത്താനായിരുന്നു.
  • പോലിസിനു പരിക്കേറ്റിട്ടില്ലെന്നതും വെടിവയ്‌പിനു ഉത്തരവാദപ്പെട്ടവര്‍ ഉത്തരവ്‌ നല്‍കിയിട്ടില്ലെന്നതും ആരാണുത്തരവ്‌ നല്‍കിയതെന്ന യാഥാര്‍ത്ഥ്യം മൂടിവെക്കുന്നു എന്നതും ഗൂഢാലോചനയുടെ വ്യാപ്‌തിയാണ്‌ കാണിക്കുന്നത്‌.

ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ ശരിയായ അന്വേഷണത്തത്തിലൂടെ കണ്ടെത്തുമ്പോള്‍ മാത്രമേ ഇതിനു പിന്നിലെ ഗൂഢാലോചന വ്യക്തമാവുകയുള്ളൂ.


  • കൊമ്പന്‍ ഷിബുവിനെ മുന്‍നിറുത്തി അക്രമം ഉണ്ടാക്കിയതിനു പിന്നില്‍ ആര്‌?
  • പോലിസ്‌ സാന്നിധ്യത്തില്‍ ഷിബുവിനും കൂട്ടര്‍ക്കും അഴിഞ്ഞാടാന്‍ കഴിഞ്ഞതില്‍ പോലിസിന്റെ പങ്കെന്ത്‌?ഷിബുവിനൊപ്പം കൂടിയ ബാഹ്യശക്തികള്‍ ആര്‌? എവിടെനിന്ന്‌?
  • പിന്തിരിഞ്ഞോടിയവരെ പിന്നില്‍ നിന്നു വെടിവയ്‌ക്കാന്‍ പോലിസ്‌ തയ്യാറായത്‌ എന്തുകൊണ്ട്‌?
  • ആരുടെ ആജ്ഞയനുസരിച്ചാണ്‌ വെടിവയ്‌പ്‌ നടന്നത്‌?
  • വെടിയേറ്റുവീണവരെ വലിച്ചിഴക്കുകയും കടലില്‍ മുക്കുകയും ചെയ്‌ത പോലിസ്‌ നടപടിയ്‌ക്കു പിന്നിലെ താല്‍പര്യമെന്ത്‌?
  • വര്‍ഗീയ സംഘട്ടനമുണ്ടായെന്നുവരുത്താന്‍ ശ്രമിച്ച പോലിസുകാരില്‍ തന്നെ വര്‍ഗീയവാദികളുണ്ടായിരുന്നോ? ഏകപക്ഷീയമായ വെടിവയ്‌പിനു അതാണോ കാരണം?
  • വെടിവയ്‌പിനു മുമ്പ്‌ ചെയ്യേണ്ടിയിരുന്ന ജലപീരങ്കിപ്രയോഗം, ആകാശത്തേയ്‌ക്ക്‌ വെടി, റബര്‍ ബുള്ളറ്റ്‌ ഉപയോഗിക്കല്‍ തുടങ്ങിയവ വേണ്ടെന്നുവച്ചത്‌ എന്തുകൊണ്ട്‌?
  • മെയ്‌ 16 ലെ പോലിസ്‌ സാന്നിധ്യം വേണ്ടന്നുവച്ചതെന്തുകൊണ്ട്‌? ഇന്റലിജന്‍സ്‌ റിപോര്‍ട്ട്‌ മാനിക്കാതെപോയതിന്റെ പൊരുളെന്ത്‌? പിന്നില്‍ ആര്‌?
  • സംഭവം നടന്നയുടനെ ക്രൈസ്‌തവ, മുസ്‌്‌ലിം കേന്ദ്രങ്ങള്‍ക്കുണ്ടായിരുന്ന അഭിപ്രായഐക്യം പിന്നീടുള്ള ദിവസങ്ങളില്‍ മാറുകയും പോലിസ്‌ ഭാഷ്യത്തോട്‌ സമാനമായ അഭിപ്രായം ചര്‍ച്ചിന്റെ ഭാഗത്തു നിന്ന്‌ ഉണ്ടാവുകയും ചെയ്‌തു. ഇതിന്റെ കാരണമെന്ത്‌?
  • പോലിസ്‌ ഭാഷ്യത്തിനു പിന്നില്‍ ഭരണകൂട രാഷ്ട്രീയ ഇടപെടലുണ്ടോ?
  • സ്ഥലത്തെ ഗുണ്ട- പോലിസ്‌ ബന്ധത്തിന്റെ വ്യാപ്‌തി എത്രമാത്രം?
  • ഗുജറാത്ത്‌- ഗോധ്രമാതൃകയില്‍ കേരളപോലിസ്‌ വര്‍ഗീയവല്‍ക്കരിക്കപ്പെട്ടിട്ടുണ്ടോ?
  • സംഭവത്തില്‍ റവന്യൂ അധികാരികളുടെയും പോലിസിന്റെയും നിലപാടുകളിലെ വൈരുധ്യം എന്തുകൊണ്ട്‌?
  • സംഭവത്തിനു പിന്നില്‍ വര്‍ഗീയതയില്ലെന്ന്‌ മുഖ്യമന്ത്രിയും ഇരു സമുദായങ്ങളും പറയുമ്പോള്‍ പോലിസ്‌മാത്രം എന്തുകൊണ്ട്‌ വര്‍ഗീയത ആരോപിക്കുന്നു?

നിര്‍ദേശങ്ങള്‍

1. വെടിവയ്‌പിനു ഉത്തരവാദികളായ പോലിസ്‌ ഉദ്യോഗസ്ഥരുടെ പേരില്‍ കൊലക്കുറ്റത്തിനു കേസെടുത്ത്‌ അറസ്റ്റു ചെയ്യണം.
2. അഭിഭാഷകര്‍, മാധ്യമപ്രവര്‍ത്തകര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, വിദഗ്‌ധരായ അന്വേഷണോദ്യോഗസ്ഥര്‍ എന്നിവരടങ്ങിയ സ്വതന്ത്ര പാനലിനെക്കൊണ്ട്‌ സംഭവം അന്വേഷിപ്പിക്കണം.
3. പോലിസിന്റെ വര്‍ഗീയത, അമിതാധികാര പ്രയോഗം, മാഫിയാബന്ധം എന്നിവ നിരീക്ഷിക്കുന്നതിനും തടയുന്നതിനുമായി സ്ഥിര മോണിറ്ററിങ്‌ സമ്പ്രദായം ആവിഷ്‌ക്കരിക്കണം.
4. ഭരണകൂട ഭീകരതക്കെതിരേ മതനിരപേക്ഷ ജനകീയ കൂട്ടായ്‌മകള്‍ രൂപപ്പെടുത്തണം.


തിരുവനന്തപുരം
ജൂണ്‍ 1 - 2009

0 comments:

Post a Comment