Saturday, July 25, 2009

ഫ്രീഡം പരേഡിനും ഡി.വൈ.എഫ്‌.ഐ മാര്‍ച്ചിനും കണ്ണൂരില്‍ നിരോധനം


സ്വന്തം പ്രതിനിധി


കണ്ണൂര്‍: ആഗസ്‌ത്‌ 15നു കണ്ണൂരില്‍ നടത്താന്‍ നിശ്ചയിച്ച പോപുലര്‍ ഫ്രണ്ടിന്റെയും ഡി.വൈ.എഫ്‌.ഐയുടെയും മാര്‍ച്ചുകള്‍ക്കു പോലിസ്‌ നിരോധനം ഏര്‍പ്പെടുത്തി. ഇതുസംബന്ധിച്ച ഉത്തരവ്‌ ഇന്നു നല്‍കുമെന്ന്‌ ഉത്തരമേഖലാ ഐ.ജി ടോമിന്‍ ജെ തച്ചങ്കരി പറഞ്ഞു. സ്വാതന്ത്ര്യദിനത്തില്‍ ഇരുസംഘടനകളും ഒരേസമയം പരിപാടി നടത്തുന്നതു ക്രമസമാധാനപ്രശ്‌നങ്ങളുണ്ടാക്കുമെന്ന ഇന്റലിജന്‍സ്‌ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു നിരോധനം. ഇരുസംഘടനകള്‍ക്കും നിശ്ചിത പരിധിക്കുള്ളില്‍ പൊതുസമ്മേളനം നടത്തുന്നതിനു വിലക്കേര്‍പ്പെടുത്തില്ലെന്നും ഐ.ജി അറിയിച്ചു.
അതേസമയം, മുന്‍ നിശ്ചയപ്രകാരം തന്നെ പരിപാടികളുമായി മുന്നോട്ടുപോവുമെന്നു പോപുലര്‍ ഫ്രണ്ട്‌, ഡി.വൈ.എഫ്‌.ഐ ജില്ലാ കമ്മിറ്റികള്‍ അറിയിച്ചു. `സ്വാതന്ത്ര്യത്തിന്റെ കാവലാളാവുക' എന്ന മുദ്രാവാക്യമുയര്‍ത്തിയാണു പോപുലര്‍ ഫ്രണ്ട്‌ ആഗസ്‌ത്‌ 15നു കണ്ണൂരിനു പുറമെ ഇടുക്കി, തഞ്ചാവൂര്‍, മൈസൂര്‍ എന്നിവിടങ്ങളില്‍ ഫ്രീഡം പരേഡ്‌ സംഘടിപ്പിക്കുന്നത്‌. കണ്ണൂരില്‍ ഉച്ചയ്‌ക്ക്‌ രണ്ടരയ്‌ക്കു മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നിന്ന്‌ ആരംഭിക്കുന്ന പരേഡ്‌ കാല്‍ടെക്‌സ്‌ ജങ്‌ഷന്‍, താവക്കര, പുതിയ ബസ്‌ സ്റ്റാന്റ്‌, ബാങ്ക്‌ റോഡ്‌, അണ്ടര്‍ ബ്രിഡ്‌ജ്‌, പഴയ ബസ്‌ സ്റ്റാന്റ്‌ പരിസരം വഴി സ്റ്റേഡിയത്തില്‍ സമാപിക്കാനാണു നിശ്ചയിച്ചിരുന്നത്‌. 3.45ന്‌ പൊതുസമ്മേളനം മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കും. സ്റ്റേഡിയത്തില്‍ പരിപാടി നടത്താന്‍ നഗരസഭാ കൗണ്‍സില്‍ യോഗം അനുമതി നല്‍കിയിരുന്നു. കഴിഞ്ഞ ആറുവര്‍ഷമായി പോപുലര്‍ ഫ്രണ്ട്‌ ഫ്രീഡം പരേഡ്‌ സംഘടിപ്പിക്കുന്നുണ്ട്‌.
സാമ്രാജ്യത്വ-വലതുപക്ഷനയങ്ങളെ ചെറുക്കുക? എന്ന പ്രമേയത്തിലാണു ഡി.വൈ.എഫ്‌.ഐ 15നു പ്രതിരോധസംഗമം നടത്തുന്നത്‌. താണ, എ.കെ.ജി ജങ്‌ഷന്‍ എന്നിവിടങ്ങളില്‍ നിന്നായി വൈകീട്ട്‌ നാലിനു തുടങ്ങുന്ന പ്രകടനങ്ങള്‍ കാല്‍ടെക്‌സില്‍ സംഗമിച്ച്‌ അഞ്ചിനു കലക്‌ടറേറ്റ്‌ മൈതാനിയില്‍ പൊതുസമ്മേളനത്തോടെ സമാപിക്കുന്ന വിധത്തിലാണു ഡി.വൈ.എഫ്‌.ഐ പ്രതിരോധസംഗമം ആസൂത്രണം ചെയ്‌തിട്ടുള്ളത്‌.
വാര്‍ത്താ സ്രോതസ്സ്‌: 25 ജൂലൈ ജൂലൈ 2009 ശനി

0 comments:

Post a Comment