Friday, July 10, 2009

മൈസൂര്‍ സംഭവത്തിനു പിന്നില്‍ കര്‍ണാടക സര്‍ക്കാരിന്റെ ഫാഷിസ്റ്റ്‌ അജണ്ട

മൈസൂര്‍: മൈസൂരിലെ ഹലീമ സാദിയ പള്ളിയില്‍ സംഘപരിവാര പ്രവര്‍ത്തകര്‍ പന്നികളുടെ ജഡം കൊണ്ടിട്ടതുമായി ബന്ധപ്പെട്ടു മൈസൂരിലുണ്ടായ സംഘര്‍ഷം കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാരിന്റെ ഫാഷിസ്റ്റ്‌ അജണ്ടയുടെ ഭാഗമാണെന്നു വ്യക്തമാവുന്നു.
യെദ്യൂരപ്പ സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം മംഗലാപുരത്ത്‌ ക്രിസ്‌ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരേയും ദക്ഷിണ കന്നട ജില്ലകളില്‍ മുസ്‌ലിംകള്‍ക്കെതിരേയും നടന്ന അതിക്രമങ്ങളുടെ തുടര്‍ച്ചയാണു കഴിഞ്ഞ ദിവസങ്ങളില്‍ മൈസൂരില്‍ അരങ്ങേറിയത്‌.
ആരാധനാലയം അശുദ്ധമാക്കിയ വാര്‍ത്തയറിഞ്ഞ്‌ പ്രകോപിതരായ നാട്ടുകാരെ ശാന്തരാക്കി തിരിച്ചയച്ചത്‌ പ്രദേശത്തെ പോപുലര്‍ ഫ്രണ്ട്‌ നേതാക്കളും പ്രവര്‍ത്തകരുമാണ്‌. വിറളിപൂണ്ട സംഘപരിവാര പ്രവര്‍ത്തകര്‍ മുസ്‌ലിം യുവാക്കളെ ഏകപക്ഷീയമായി ആക്രമിക്കുന്ന കാഴ്‌ചയായിരുന്നു പിന്നീട്‌.
ആന്ധ്രപ്രദേശുകാരനായ തിരുപ്പതിയെ കൊന്നത്‌ സംഘപരിവാര അക്രമികളായിരുന്നു. ഹിന്ദി സംസാരിക്കുന്ന ഇദ്ദേഹം മുസ്‌ലിമാണെന്നു തെറ്റിദ്ധരിച്ചായിരുന്നു കൊലപാതകം.
എന്നാല്‍, സംഘര്‍ഷവേളയിലുടനീളം ജില്ലാ അധികൃതരുടെയും പോലിസിന്റെയും ഒപ്പംനിന്നു സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമത്തിലായിരുന്നു പോപുലര്‍ ഫ്രണ്ട്‌ നേതാക്കള്‍. സമാധാനം പുനസ്ഥാപിക്കാന്‍ പോപുലര്‍ ഫ്രണ്ട്‌ നടത്തിയ ശ്രമങ്ങളെ ജില്ലാ പോലിസ്‌ കമ്മീഷണര്‍ തന്നെ പ്രശംസിക്കുകയുണ്ടായി.
എന്നാല്‍, ഹിന്ദുത്വ പക്ഷപാതിത്വത്തിനു പേരുകേട്ട സംസ്ഥാന ആഭ്യന്തരമന്ത്രി വി എസ്‌ ആചാര്യ മൈസൂരിലെത്തിയതോടെ എല്ലാം കീഴ്‌മേല്‍ മറിയുകയായിരുന്നു. പോപുലര്‍ ഫ്രണ്ട്‌ പ്രവര്‍ത്തകരുടെ വീടുകള്‍ റെയ്‌ഡ്‌ ചെയ്‌ത പോലിസ്‌ പലരേയും അറസ്‌റ്റ്‌ ചെയ്‌തു. ആഭ്യന്തരമന്ത്രിയില്‍ നിന്നുള്ള സമ്മര്‍ദ്ദം ശക്തമാണെന്നും അറസ്‌റ്റ്‌ വരിക്കണമെന്നും ജില്ലാ പോലിസ്‌ കമ്മീഷണര്‍ നേരിട്ടു വിളിച്ച്‌ പോപുലര്‍ ഫ്രണ്ട്‌ ജില്ലാ പ്രസിഡന്റിനോട്‌ ആവശ്യപ്പെടുന്ന സാഹചര്യമുണ്ടായി.
പള്ളി മലിനപ്പെടുത്തി സംഘര്‍ഷത്തിനു തുടക്കം കുറിച്ചവരെ പിടികൂടുന്നതിനു പകരം നിരപരാധികളെ അറസ്റ്റ്‌ ചെയ്‌തതില്‍ പ്രതിഷേധിച്ചായിരുന്നു പോപുലര്‍ ഫ്രണ്ട്‌ മൈസൂരില്‍ ജയില്‍ നിറയ്‌ക്കല്‍സമരം നടത്തിയത്‌. ഫൗണ്ടന്‍ സര്‍ക്കിളില്‍ പ്രകോപനമൊന്നുമില്ലാതെ സ്‌ത്രീകളടക്കമുള്ള പ്രതിഷേധക്കാര്‍ക്കു നേരെ പോലിസ്‌ ക്രൂരമായ അക്രമമഴിച്ചുവിടുകയായിരുന്നു. 



വാര്‍ത്താ സ്രോതസ്സ്‌: തേജസ്‌ 11 ജൂലൈ 2009 ശനി

0 comments:

Post a Comment