Wednesday, October 28, 2009

ചരിത്ര നഗരത്തിന്റെ ഗതി മാറ്റാന്‍ അബ്ദുല്‍ മജീദ് ഫൈസി

കണ്ണൂര്‍: വിപ്ലവത്തെ എന്നും നെഞ്ചോടു ചേര്‍ത്ത ജില്ലയാണു കണ്ണൂര്‍. മാറ്റങ്ങള്‍ക്ക് എന്നും കാതും ഖല്‍ബും കൊടുത്ത മണ്ണും. ഫ്യൂഡല്‍ മാടമ്പി വര്‍ഗത്തെയും രാഷ്ട്രീയ ഫാഷിസ്റ്റുകളെയും നിലയ്ക്കുനിര്‍ത്തിയ നാടിപ്പോള്‍ പുതിയ വിപ്ലവ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്കു വെള്ളവും വളവും നല്‍കുകയാണ്; എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി അബ്ദുല്‍ മജീദ് ഫൈസിയുടെ തിരഞ്ഞെടുപ്പു പര്യടനത്തിനു നല്‍കുന്ന ഊഷ്മള സ്വീകരണത്തിലൂടെ. അറക്കലിന്റെയും ചിറക്കലിന്റെയും ചരിത്രനഗരമായ കണ്ണൂരില്‍ പുതുചരിത്രം സൃഷ്ടിക്കാനുള്ള തയ്യാറെടുപ്പിലാണ് എസ്.ഡി.പി.ഐ.കണ്ടുമടുത്ത കൊടികളും കേട്ടുമടുത്ത മുദ്രാവാക്യങ്ങളും കൊണ്ട് പൊറുതിമുട്ടിയ ജനം പുതിയ യാത്രാസംഘത്തെ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുന്നു. ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുവെന്നു തിരഞ്ഞെടുപ്പു ഗോദയിലെ ചിത്രം വ്യക്തമാക്കുന്നു. അതിനവര്‍ സംശുദ്ധരായ വ്യക്തികളെയും ആദര്‍ശ ശുദ്ധിയുള്ള പാര്‍ട്ടികളെയും തേടിക്കൊണ്ടിരിക്കുകയാണ്. ആ തേരോട്ടത്തിന് ഉത്തരമായാണ് എസ്.ഡി.പി.ഐയും അതിന്റെ സാരഥിയായ അബ്ദുല്‍ മജീദ് ഫൈസിയും കണ്ണൂരില്‍ മല്‍സര രംഗത്തിറങ്ങിയിരിക്കുന്നത്. അതുകൊണ്ടു തന്നെ ജനം ആവേശത്തിലാണ്; സ്ഥാനാര്‍ഥി ആത്മവിശ്വാസത്തിലും. പഞ്ചായത്തുതല തിരഞ്ഞെടുപ്പു പര്യടനം നടത്തിക്കൊണ്ടിരിക്കുന്ന മജീദ് ഫൈസി ഇന്നലെ എളയാവൂര്‍ പഞ്ചായത്തിലെ ജനങ്ങളെ നേരില്‍ക്കണ്ട് വോട്ടു തേടി. രാവിലെ 9.30ന് കണ്ണോത്തുംചാല്‍ ബസ് സ്‌റ്റോപ്പിലായിരുന്നു ഉദ്ഘാടനം. പഞ്ചായത്തിലൂടനീളം ചെറുതും വലുതുമായ സ്വീകരണങ്ങളായിരുന്നു സ്ഥാനാര്‍ഥിക്ക്. അതില്‍ വലുപ്പച്ചെറുപ്പമോ ജാതിമത വ്യത്യാസമോ ഇല്ല. കന്യാസ്ത്രീകളും മല്‍സ്യത്തൊഴിലാളികളും പള്ളി മുക്രിമാരും ഓട്ടോത്തൊഴിലാളികളും അവരിലുണ്ട്. സ്‌കൂള്‍ വിദ്യാര്‍ഥികളും നാളത്തെ കണ്ണൂരിന്റെ ജനപ്രതിനിധിയെ കാണാനും കുശലം ചോദിക്കാനും അരികിലെത്തുന്നു. സൗമ്യമായി, നിറപുഞ്ചിരിയോടെ സ്ഥാനാര്‍ഥി എല്ലാവരോടുമായി മാറ്റത്തിന് വോട്ടു തേടി അടുത്ത സ്വീകരണ കേന്ദ്രങ്ങളിലേക്കു നീങ്ങുന്നു.സാമ്രാജ്യത്വത്തിന് എതിരെന്നു പറയുകയും ഇസ്രായേലിന്റെ ധനസഹായം മടിയില്ലാതെ സ്വീകരിക്കുകയും ചെയ്യുന്ന ഇടതുപക്ഷത്തിന്റെ കാപട്യങ്ങള്‍ നിരത്തിയാണ് എളയാവൂരില്‍ പ്രചാരണത്തിനു തുടക്കമിട്ടത്. 'ഞങ്ങള്‍ കൊയ്യും വയലെല്ലാം തങ്ങളുടേതാകും പൈങ്കിളിയേ' എന്നു പറഞ്ഞു കര്‍ഷകരെയും കര്‍ഷകത്തൊഴിലാളികളെയും സംഘടിപ്പിച്ച സി.പി.എം വന്‍കിട കുത്തകകളായ സലീം ഗ്രൂപ്പിനും ടാറ്റയ്ക്കും വേണ്ടി കൃഷിഭൂമി പിടിച്ചെടുത്തതും സ്ഥാനാര്‍ഥിക്കു മുന്നേ സംസാരിച്ച അബ്ദുര്‍റഹീം മാസ്റ്റര്‍ വോട്ടര്‍മാര്‍ക്ക് മുന്നില്‍ വിവരിച്ചു. അതുകൊണ്ടു നിങ്ങളുടെ വോട്ട് കാപട്യവും വഞ്ചനയും കൈമുതലാക്കിയ ഇടതുവലതു മുന്നണികള്‍ക്കു നല്‍കാതെ മജീദ് ഫൈസിക്കും അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് അടയാളമായ സീലിങ്ഫാനിനും നല്‍കണമെന്നും റഹീം മാസ്റ്റര്‍ അഭ്യര്‍ഥിച്ചു. സൂര്യന്‍ കത്തിനില്‍ക്കുന്ന സമയത്താണു സ്ഥാനാര്‍ഥി വാരത്ത് എത്തിയത്. പുതിയ പാര്‍ട്ടിയെയും സ്ഥാനാര്‍ഥിയെയും കാണാനും കേള്‍ക്കാനും വാരത്ത് നിരവധി പേര്‍ ചൂട് വകവയ്ക്കാതെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. ഇടതുകേന്ദ്രങ്ങളായി അറിയപ്പെടുന്ന എളയാവൂര്‍ സൗത്തിലും യുവശക്തിയിലും തെഴുക്കില്‍ പീടികയിലും അവേശോജ്ജ്വല സ്വീകരണമാണു മജീദ് ഫൈസിക്ക് ലഭിച്ചത്. മഞ്ചേരി സ്വദേശിയായ മജീദ് ഫൈസി വിജയിച്ചാല്‍ കണ്ണൂര്‍ മണ്ഡലത്തിലെ വികസനത്തിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നു രാഷ്ട്രീയ എതിരാളികള്‍ പ്രചരിപ്പിക്കുന്നുണ്ട്. കണ്ണൂരില്‍ നിന്നും മഞ്ചേരിയിലെത്തിയാണ് ഇ അഹമ്മദ് എം.പിയായതും കേന്ദ്രമന്ത്രിയായി ജനങ്ങളെ സേവിക്കുന്നതും. ആലപ്പുഴക്കാരനായ അച്യുതാനന്ദന്‍ പാലക്കാട്ടെ മലമ്പുഴയില്‍ നിന്നു ജയിച്ചാണു മുഖ്യമന്ത്രിയായി പ്രവര്‍ത്തിക്കുന്നത്. ചേര്‍ത്തലക്കാരനായ ആന്റണി മലപ്പുറം തിരൂരങ്ങാടിയില്‍ നിന്നാണ് എം.എല്‍.എയും മുഖ്യമന്ത്രിയുമായത്. അതുകൊണ്ടു മഞ്ചേരിക്കാരനായ എന്നെ വിജയിപ്പിക്കാന്‍ നിങ്ങള്‍ക്കു മടികൂടാതെ വോട്ടു ചെയ്യാം. ഞാന്‍  എന്നും നിങ്ങളോടൊപ്പം തന്നെയുണ്ടാവും- മജീദ് ഫൈസി വ്യക്തമാക്കി.നമസ്‌കാരത്തിനും ഉച്ചഭക്ഷണത്തിനുമായി അല്‍പം ഇടവേള. എങ്കിലും രാഷ്ട്രീയ ചര്‍ച്ചകള്‍ക്കു വിശ്രമമില്ല. തുടക്കത്തില്‍ പാര്‍ട്ടിയുടെ ശക്തി തെളിയിക്കുക എന്നതായിരുന്നു എസ്.ഡി.പി.ഐയുടെ ലക്ഷ്യം. എന്നാല്‍ ഇപ്പോഴതു മാറി. വിജയിക്കുക തന്നെയാണു ലക്ഷ്യം. ജനങ്ങള്‍ നല്‍കുന്ന പ്രതികരണം അത്രത്തോളം ആത്മവിശ്വാസം നല്‍കുന്നു- സ്ഥാനാര്‍ഥി മനസ്സു തുറന്നു. മജീദ് ഫൈസി അടുത്ത സ്വീകരണകേന്ദ്രത്തിലേക്കു നീങ്ങുകയായി.


--
തേജസ്‌ ഒരു വായന മാത്രമല്ല, ദൗത്യവുമാണ്‌.
M.T.P Rafeek, Sub Editor, Thejas Daily
www.thejasnews.com

0 comments:

Post a Comment