-റഫീക്ക് വടക്കാഞ്ചേരി-
ഞാന്‍ അഹമ്മദ്.നിങ്ങള്‍ എല്ലാവരും എന്നെ അറിയും .ത്രിശ്ശൂര്‍ ജില്ലയിലെ വടക്കാ..അല്ലെങ്കില്‍ വേണ്ട. അതിനേക്കാള്‍ പെട്ടന്ന് പറഞ്ഞാല്‍ അറിയുക ഷാര്‍ജയിലെ റോളയില്‍ ആമിനാ ഗ്രോസറി നടത്തിയിരുന്ന അഹമ്മദിനെയാണ്. ഗ്രോസറിയുടെ താക്കോല്‍ തരുമ്പോള്‍ അര്‍ബാബ് പറഞ്ഞത് "അഹമ്മദ് -ഇത് നിന്റെ മകളാണ്.പൊന്നുപോലെ ഇവളെനോക്കിയാല്‍ നിനക്ക് ഐശ്വര്യം ഇവളിലൂടെ അള്ളാഹു തരും . ഇവളുടെ പേരുപോലെ കച്ചവടത്തില്‍ നീയും വിശ്വവസ്തനായിരിക്കണം ". മുങ്ങിത്താഴാന്‍ വിധിക്കപ്പെട്ടവന്‍ എന്ന് കരുതിയിരിക്കുന്ന കാലത്താണ്,ഈ ഷോപ്പ് കയ്യില്‍ വരുന്നത്. പൊന്നുപോലെ നോക്കി.ഒരു ദിര്ഹത്തിനു പോലും വഞ്ചനകാണിച്ചില്ല.കച്ചവടം വിജയമായി.അങ്ങനെ കുറേവര്ഷങ്ങള് ..
വണ്ടിയൊന്നു കുലുങ്ങി.ഏതോ ഗട്ടറില്‍ വീണതാണ്. കേരളത്തിലെ റോഡുകളല്ലേ ഗട്ടറിനു ഒരുക്ഷാമവുമില്ല. ഏറെ നാളത്തെ ഗള്‍ ഫ് ജീവിതത്തിനു ശേഷം ഈ മണ്ണില്‍ യാത്രചെയ്തപ്പോഴൊന്നും ഇവിടുത്തെ റോഡുകളേയും അറബിനാട്ടിലെ റോഡുകളേയും ഞാന്‍ താരതമ്യം ചെയ്തിട്ടില്ല.ഒറ്റകുതിപ്പിലൂടെ പുരോഗതിയിലെത്തിയ അറബ് രാജ്യങ്ങളും പടി പടിയായി പുരോഗതിയിലെത്തുന്ന എന്റെ ഇന്ത്യാരാജ്യവും എനിക്ക് അഭിമാനം തന്നെയാണ്. എന്നിട്ടും ഇപ്പോഴെന്തേ ഗട്ടറില്‍ വീണപ്പോള്‍ ഇവിടുത്തെ റോഡുകളെകുറിച്ച് ആലോചിച്ചത്..? കാരണം ലളിതമാണ് വണ്ടിയില്‍ സീറ്റിലല്ല ഞാനിരിക്കുന്നത്,സീറ്റുകളെ ഉറപ്പിച്ചു നിര്ത്തിയ ഇരുമ്പ് ബോഡിയിലാണ്. ചുവന്നകള്ളികളുള്ള വെള്ളത്തുണികൊണ്ട് തലവഴി മൂടിയിരിക്കുന്നതിനാല്‍ സ്ഥലം ഏതാണെന്ന് മനസ്സിലാവുന്നില്ല.അല്ലെങ്കില്‍ തന്നെ ഈയിടെയായി ഒന്നും മനസ്സിലാവുന്നില്ല.ഈ ഇരിക്കുന്നവണ്ടി പോലും ജീവിതത്തില്‍ ആദ്യമായാണ്,ഇത്രക്കടുത്ത് കാണുന്നത്. പണ്ടു സിനിമ കാണുന്ന ശീലമുണ്ടായിരുന്നപ്പോള്‍ കണ്ടിട്ടുണ്ട് ചില്ലുജനാലകള്‍ ക്ക് ചുറ്റിലും ഇരുമ്പ് ഗ്രില്ലുകള്‍ കൊണ്ട് കവചം തീര്ത്ത നീല നിറമുള്ളവണ്ടിയെ.അന്ന് പറഞ്ഞു കേട്ടിട്ടുണ്ട് ഇടിവണ്ടി എന്നത്രേ ഇതിന്റെ പേര്. എനിക്കു ചുറ്റിലുമായി പത്തോളം പോലീസുകാരുണ്ട്.എല്ലാവരുടെ കയ്യിലും തോക്കുണ്ട്.അവരില്‍ ചിലരൊക്കെ കാലുകൊണ്ട് ഒരു തട്ടു തട്ടിയാണ്,അവരുടെ സീറ്റുകളില്‍ പോയിരുന്നത്.ബൂട്സ് കൊണ്ട് ഒരാള്‍ തട്ടിയത് വാരിയെല്ലിനും പേരു പറഞ്ഞുതരാന്‍ അറിയാത്ത വേറൊരു എല്ലിനും ഇടക്കാണ്, സൂചി തുളച്ചു കയറുന്നതിന്റെ വേദന തലച്ചോറിലേക്ക് കുതിച്ചുകയറി.കൈകളില്‍ വിലങ്ങുള്ളതുകൊന്ട് ഒന്നു തൊട്ടുഴിയാന്‍ പറ്റിയില്ല.നേരിയ മോങ്ങലോടെ ഒന്നു പിടഞ്ഞു. അള്ളാഹ്..
ഹയ്യാല സ്വലാത്ത്..ഹയ്യല ഫലാഹ്.. വണ്ടി കടന്നുപോകുന്നതിനിടയില്‍ വഴിയരികിലെ പള്ളിയില്‍ നിന്നും ബാങ്കിന്റെ ശബ്ദം ."നമസ്കാരത്തിലേക്ക് വരിക..വിജയത്തിലേക്ക് വരിക..." ഇതു പോലെ ബാങ്ക് വിളി കേള്ക്കുമ്പോഴൊക്കെ ഷാര്‍ജയിലെ ഷോപ്പില്‍ ഒരു പാക്കിസ്ഥാനി വരാറുണ്ടായിരുന്നു.ഫക്രുദ്ദീന്‍ അലി ജീലാനി. ഞങ്ങളൊന്നിച്ചാണ് റോളാ പാര്ക്കിനു സമീപത്തുള്ള പള്ളിയില്‍ പോയിരുന്നത്. ഗോലിപോലെ പച്ചനിറത്തില്‍ വായില്‍ സൂക്ഷിക്കുന്ന നസ് വാറിന്റെ മടുപ്പിക്കുന്ന മണമില്ലാത്ത ,നല്ലരീതിയില്‍ പെരുമാറുന്ന ഫക്രുദ്ദീന്‍ വളരെ പെട്ടന്ന് തന്നെ എന്റെ കൂട്ടുകാരനായി.പാക്കിസ്ഥാനെ കുറിച്ചും ,പെഷവാറിലെ ബാല്യത്തെ കുറിച്ചും, വിദ്യാഭ്യാസകാലത്തെ കുറിച്ചുമെല്ലാം ഏറെ സംസാരിക്കുമായിരുന്നു ഫക്രുദ്ദീന്‍.
ഷോപ്പില്‍ ഞാന്‍ സൂക്ഷിച്ച ഖുര്‍ ആന്‍ പൊടി തട്ടിയെടുത്ത് ഇതു വല്ലപ്പോഴും വായിച്ചു നോക്കണം എന്ന് ചിരിച്ചു കൊണ്ട് പറഞ്ഞ് മലയാളം പരിഭാഷയുള്ള ഖുര്‍ ആന്‍ എനിക്കു വേണ്ടി സം ഘടിപ്പിച്ചു തന്നതും ആ പാക്കിസ്ഥാനിയാണ്. ഒരു വേദപുസ്തകം എന്ന രീതിയില്‍ മാത്രം ഭയപ്പാടോടെ കണ്ടിരുന്ന ഖുര്‍ ആന്‍ അതുല്യമായ സാഹിത്യം ഉള്ക്കൊള്ളുന്ന ഒന്നാണെന്നും ഞാന്‍ തിരിച്ചറിഞ്ഞു.
പൂക്കളെ ജിജ്ഞാസയോടെ നോക്കി നിന്നിരുന്ന 7 വയസ്സുകാരനെപ്പോലെയായ ആ നിമിഷം ..
തിരമാല കുതിച്ചു വന്നപ്പോള്‍ പിന്തിരിഞ്ഞോടി വാപ്പയുടെ കൈകളില്‍ അഭയം തേടി കിതച്ചു നിന്ന ബാല്യം ..
ഉദയാസ്ഥമനങ്ങളുടെ നാഥനെ തിരിച്ചറിയുകയായിരുന്നു.
"നിങ്ങളൊന്നിച്ച് അള്ളാഹുവിന്റെ കയറില്‍ മുറുകെപിടിക്കുക. അവന്‍ നിങ്ങളുടെ മനസ്സുകള്‍ തമ്മില്‍ കൂട്ടിയിണക്കി.അവന്റെ അനുഗ്രഹത്താല്‍ നിങ്ങള്‍ സഹോദരങ്ങളായിത്തീര്‍ ന്നു." മൂന്നാം അദ്ധ്യായത്തിലെ ഈ വാക്യങ്ങള്‍ ചൂണ്ടുവിരല്‍ കൊണ്ട് തൊട്ടുകാണിച്ചു ഫക്രുദ്ദീന്‍ പറഞ്ഞത് ഇന്നും ഓര്‍ മ്മയുണ്ട്. അഹമ്മദ് ഈ വാക്യത്തിന്റെ അര്‍ത്ഥം എന്നേക്കാള്‍ കൂടുതല്‍ നിനക്ക് അറിയാന്‍ പറ്റും .നീ പറഞ്ഞിട്ടുണ്ടല്ലോ നാട്ടില്‍ നിന്റെ അയല്‍ക്കാരെ കുറിച്ച് -രാമേട്ടന്‍ ,ഫ്രാന്‍ സിസ് അങ്ങനെ എത്രപേര്‍ ,സഹോദരനാവാന്‍ ഒരു ഉമ്മയുടെ വയറ്റില്‍ ജനിക്കേണ്ട കാര്യമൊന്നുമില്ല. മനസ്സുകളെ ഒന്നിപ്പിച്ച സര്വ്വശക്തന്റെ മതത്തിന്റെ ഭാഗമാണ് സാഹോദര്യം .ദൈവത്തിന്റെ കയറില്‍ പിടിച്ചാല്‍ മതി.ഒരു അഗ്നികുണ്ഠത്തിലേക്കും നീയും ഞാനും വീഴില്ല. ഫക്രുദ്ദീന്‍ നീ പറഞ്ഞത് എത്ര ശരിയാണ്. മനസ്സിലെ ചുവന്ന ആശയങ്ങളുടെ അതേനിറപ്പകര്‍ ച്ചയാണ്,വേലിക്കരികില്‍ നിന്നിരുന്ന ചെമ്പരത്തിപ്പൂവുകള്‍ക്ക് -എന്നിട്ടും വീടിന്റെ അടുത്തുള്ള അമ്പലത്തിലേക്ക് പൂജാപുഷ്പമായി അതേപൂക്കള്‍ പോയിരുന്നു എന്നോര്‍ ത്തപ്പോള്‍ അഭിമാനം തോന്നി. മാലകെട്ടാനുള്ള പൂവിറുക്കാന്‍ നമ്പീശന്‍ കുട്ടി വരും എന്നുപറഞ്ഞു കൊണ്ട് പാത്രം കഴുകിയവെള്ളം പോലും ഒഴുക്കി ചെമ്പരത്തിത്തടം മലിനമാക്കാതെ സൂക്ഷിച്ച ഉമ്മാനെ ഓര്ത്ത് മനസ്സു നിറഞ്ഞു.
ഒരു ബ്രേക്കിടുന്ന ശബ്ദം .
ചിന്തകളില്‍ നിന്നും ഞാന്‍ ഉണര്‍ന്നു. ചുറ്റുമുള്ള പോലീസുകാര്‍ ജാഗരൂകരായ പോലെ,തോക്കിന്റെ പാത്തികള്‍ നിലത്തു തട്ടുന്ന ശബ്ദം ബൂട്സ് ഉരയുന്ന ശബ്ദം.
ഇടിവണ്ടിയുടെ ഡ്രൈവറോട് എന്റെ തൊട്ടടുത്തുള്ള പോലീസുകാരന്‍ വിളിച്ചു ചോദിക്കുന്നത് കേട്ടു."എന്തു പറ്റിയെടേ..?"
"എസ്കോര്‍ ട്ട് വണ്ടികള്‍ എത്തിയില്ല".ഡ്രൈവര്‍
ഒരു ബ്രേക്കിടുന്ന ശബ്ദം .
ചിന്തകളില്‍ നിന്നും ഞാന്‍ ഉണര്‍ന്നു. ചുറ്റുമുള്ള പോലീസുകാര്‍ ജാഗരൂകരായ പോലെ,തോക്കിന്റെ പാത്തികള്‍ നിലത്തു തട്ടുന്ന ശബ്ദം ബൂട്സ് ഉരയുന്ന ശബ്ദം.
ഇടിവണ്ടിയുടെ ഡ്രൈവറോട് എന്റെ തൊട്ടടുത്തുള്ള പോലീസുകാരന്‍ വിളിച്ചു ചോദിക്കുന്നത് കേട്ടു."എന്തു പറ്റിയെടേ..?"
"എസ്കോര്‍ ട്ട് വണ്ടികള്‍ എത്തിയില്ല".ഡ്രൈവര്‍ മറുപടി പറഞ്ഞു.
എസ്കോര്‍ ട്ട് വണ്ടികള്‍..??
ഞാനും അതിപ്പോഴാണ് ഓര്‍ക്കുന്നത്.എന്നെ ഒരാഴ്ചയായി സൂക്ഷിച്ചിരുന്ന സ്ഥലത്തുനിന്നും കോടതിയിലേക്ക് കൊണ്ടുപോകാനായി ഈ വണ്ടിയില്‍ കയറ്റുമ്പോള്‍ അവിടെ വമ്പന്‍ തിരക്കായിരുന്നു. നിരവധി ഫ്ലാഷുകള്‍ എന്റെ മൂടിയ മുഖത്തിനു നേരെ മിന്നുന്നുണ്ടായിരുന്നു.ചാനലുകള്‍ തത്സമയ വാര്‍ ത്തകൊടുക്കുന്നുണ്ടായിരുന്നു. അതിലൊരാള്‍ ആവേശപൂര്‍വ്വം വാര്‍ത്ത റിപ്പോര്‍ ട്ട് ചെയ്യുന്നത് കേള്‍ക്കാന്‍ പറ്റി." അഹമ്മദ് എന്ന ഏകദേശം 40 വയസ്സു പ്രായം തോന്നിക്കുന്ന ഒരാളെയാണ്,പൊലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത് ഇയാളെ ഇന്നു തന്നെ കോടതിയില്‍ ഹാജരാക്കും .കനത്തപൊലീസ് ബന്തവസ്സാണ്, ഏര്‍ പ്പെടുത്തിയിരിക്കുന്നത്. കവചിത വാഹനത്തിനു മുന്നിലും പിന്നിലുമായി ഏതാണ്ട് നൂറിലധികം ..ക്ഷമിക്കണം ഏതാണ്ട് ഇരുനൂറിലധികം പോലീസ് കാരെയാണ് വിന്യസിച്ചിരിക്കുന്നത്." എനിക്കു ചിരിവരുന്നു. ഇരുനൂറു പോലീസുകാര്‍ എനിക്കു കാവല്‍ .അശ്വനിആശുപത്രിയിലെ കാര്‍ഡിയോളജി ഡോക്ടര്‍ ഇക്ബാല്‍ പറഞ്ഞത് "അഹമ്മദ് ഇനി പഴയപോലെ അധികം ഓടിച്ചാടി നടന്ന് ശരീരത്തിനെ മറക്കരുത്. ആദ്യത്തെ അറ്റാക്കു തന്നെയാണ് ഇത്. ശ്രദ്ധിക്കണം " എന്നെ ചോദ്യം ചെയ്ത എല്ലാസാറന്‍ മാരോടും ഞാന്‍ കരഞ്ഞു പറഞ്ഞു,ഡോക്ടര്‍ പറഞ്ഞ കാര്യം .ക്രൈം ബ്രാന്‍ച്,റോ,സ്പെഷ്യല്‍ സ്ക്വാഡ്,ആന്റി ടെററിസ്റ്റ് അങ്ങനെ എത്ര യെത്ര ഉദ്യോഗസ്ഥര്‍ .അവര്‍ക്കാര്‍ക്കും ഒന്നു കേള്‍ക്കാന്‍ മനസ്സുണ്ടായില്ല. ഓരോചോദ്യം ചെയ്യല്‍ തീരുമ്പോഴും ഓരോ അവയവം പണിമുടക്കുന്നു.ഇന്നു രാവിലെ മൂത്രം ഒഴിക്കാന്‍ പെട്ടപാട്..അള്ളാഹ് ..അറിയാതെ വിളിച്ചു പോയി.
വേദന.. വേദന.. ഫക്രുദ്ദീന്‍ നീ അറിയുന്നുണ്ടോ ഞാനനുഭവിക്കുന്ന വേദന. ഷാര്‍ ജയില്‍ നിന്നും കച്ചവടം അവസാനിപ്പിച്ച് നാട്ടില്‍ പോരാന്‍ നേരത്താണ്,സ്നേഹത്തോടെ ഫക്രുദ്ദീന്‍ എന്നെ പെഷവാറിലേക്ക് ക്ഷണിച്ചത്. അതും ജഹന്നാരയുടെ കല്യാണത്തിന്,മുറ്റത്തു ബോഗന്‍ വില്ലപൂത്തുനിന്നിരുന്നഫക്രുദ്ദീന്റെ ഷാര്‍ ജയിലെ വില്ലയില്‍ ഞാനെത്തുമ്പോഴെല്ലാം ജെല്ലി മിഠായിക്കു വേണ്ടി ഓടിയെത്തിരുന്ന ആ കൊച്ചുസുന്ദരി മണവാട്ടിക്കുട്ടിയായി എന്നു കേട്ടപ്പോള്‍ പോകാതിരിക്കാന്‍ കഴിഞ്ഞില്ല. 3 ദിവസം പെഷവാറില്‍ ,രണ്ടു രാജ്യക്കാരെന്നോ രണ്ടു സംസ്കാരമെന്നോ വേര്‍ തിരിവില്ലാതെ ഖവാലി സംഗീതത്തിനൊപ്പം തലയാട്ടി ആസ്വദിച്ച രാപ്പകലുകള്‍ ..
പിന്നീട് എത്രയോ വര്‍ഷങ്ങള്‍ കഴിഞ്ഞാണ്, ഫക്രുദ്ദീന്റെ ഒരു എഴുത്ത് എന്നെ തേടി വന്നത്.കിഡ്നിക്ക് തകരാറു സംഭവിച്ച അവന്റെ മകന്റെ ചികിത്സക്കു സഹായം ചോദിക്കുന്ന ആ വരികളില്‍ ഫക്രുദ്ദീന്റെ കണ്ണീരുപ്പ് ഞാനറിഞ്ഞു. മറ്റൊന്നും ആലോചിച്ചില്ല.ഒന്നു രണ്ടു ബാങ്കുകളില്‍ ചെന്ന് പാക്കിസ്ഥാനിലേക്ക് കുറച്ചുപണം അയക്കാന്‍ എന്താണ് വഴിയെന്ന് അന്വേഷിച്ചു. സം ശയത്തിന്റെ പുരികക്കൊടികള്‍ ഉയര്‍ന്നു ചോദ്യചിഹ്നങ്ങളായി മാറിയത് അപ്പോള്‍ തിരിച്ചറിയാന്‍ പറ്റിയില്ല.വണ്ടി കോടതിയില്‍ എത്തിയിരിക്കുന്നു.നേരത്തേതിനെക്കള്‍ വലിയ തിരക്കാണ് ഇപ്പോള്‍.പോലീസുകാര്‍ ജനങ്ങളെ ഓടിക്കുന്നു.മാധ്യമ പ്രവര്‍ത്തകര്‍ തിക്കും തിരക്കും കൂട്ടി പടമെടുക്കുന്നു.ഇവിടെ നിന്നും തത്സമയ വാര്‍ ത്ത ചാനലുകള്‍ കൊടുക്കുന്നത് കേള്‍ ക്കാം ."ഭീകരന്‍ അഹമ്മദിനെ ദാ..ഇപ്പോള്‍ കോടതിയില്‍ ഹാജരാക്കും .അഹമ്മദിന്റെ കൂട്ടുപ്രതികളെ കുറിച്ചു വിവരമൊന്നും കിട്ടിയിട്ടില്ല എന്നു പോലീസ് അറിയിച്ചു.തീവ്രവാദ പ്രവര്‍ത്തനവുമായി ഇയാള്‍ക്കു വളരെ ശക്തിയായ ബന്ധമുണ്ട്. ഇയാള്‍ 3 ദിവസം പാക്കിസ്ഥാനില്‍ പരിശീലനം നടത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്.
--
തേജസ് ഒരു വായന മാത്രമല്ല, ദൗത്യവുമാണ്.
M.T.P Rafeek, Sub Editor, Thejas Daily
www.thejasnews.com
0 comments:
Post a Comment