Tuesday, October 27, 2009

ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ കണ്ണൂരില്‍ എസ്.ഡി.പി.ഐ ചുവടുറപ്പിക്കുന്നു

കണ്ണൂര്‍: തിരഞ്ഞെടുപ്പ് ഗോദയിലെ ആദ്യ ഉദ്യമത്തിനിറങ്ങിയ എസ്.ഡി.പി.ഐയ്ക്ക് കണ്ണൂരിലെ ജനങ്ങളില്‍ നിന്നു ലഭിക്കുന്നത് ആവേശോജ്വല വരവേല്‍പ്പ്. അല്‍പ്പം വൈകിയാണു പ്രചാരണത്തിനിറങ്ങിയതെങ്കിലും മണ്ഡലത്തിന്റെ എല്ലാ മുക്കുമൂലകളിലും എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി പി അബ്ദുല്‍ മജീദ് ഫൈസിയും അദ്ദേഹത്തിന്റെ ചിഹ്നമായ സീലിങ് ഫാനും സുപരിചിതമായിക്കഴിഞ്ഞു. പരമ്പരാഗത രാഷ്ട്രീയപ്പാര്‍ട്ടികളെപ്പോലും വെല്ലുന്ന രീതിയിലുള്ള ചിട്ടയായ പ്രവര്‍ത്തനങ്ങളാണ് ഈ നവാഗത സംഘടനയുടെ പ്രവര്‍ത്തകര്‍ കാഴ്ചവയ്ക്കുന്നത്.
നിലവിലെ ഇടതു-വലതു സമവാക്യങ്ങളില്‍ നിന്നൊരു മാറ്റം ആഗ്രഹിക്കുന്ന കണ്ണൂരിലെ വോട്ടര്‍മാര്‍  രാഷ്ട്രീയ ബദല്‍ എന്ന നിലയില്‍ എസ്.ഡി.പി.ഐ മുന്നോട്ടുവയ്ക്കുന്ന ആശയങ്ങളെയും വാദമുഖങ്ങളെയും വളരെ താല്‍പ്പര്യത്തോടെയാണു നോക്കിക്കാണുന്നതെന്ന് സ്ഥാനാര്‍ഥിപര്യടനവേളകളിലെ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നു.
തുടക്കത്തിലെ അപരിചിതത്വത്തിനു ശേഷം കഴിഞ്ഞ ഒരാഴ്ചയായി നടന്നുവരുന്ന  പ്രചാരണം എസ്.ഡി.പി.ഐയുമായി ജനങ്ങളെ കൂടുതല്‍ അടുപ്പിച്ചെന്നു തെളിയിക്കുന്നവയാണ് സമൂഹത്തിന്റെ നാനാതുറകളിലും  നിന്നുള്ള പ്രതികരണങ്ങള്‍. പാര്‍ട്ടിയുടെ നയപരിപാടികള്‍ കൂടുതല്‍ പേരിലെത്തിക്കാന്‍ പര്യടനപരിപാടികളില്‍ കൂടി കഴിെഞ്ഞന്ന് തിരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ സി എ ഹാരിസ് പറഞ്ഞു.
ഭരണകേന്ദ്രങ്ങളില്‍ നിന്ന് ബഹിഷ്‌കൃതരായിക്കഴിയുന്ന ദലിത്-മുസ്‌ലിം പിന്നാക്കവിഭാഗങ്ങളുടെ ശാക്തീകരണത്തിന് എസ്.ഡി.പി.ഐയെ പോലൊരു പാര്‍ട്ടി വേണ്ടതുണ്ടെന്ന തിരിച്ചറിവിന്റെ തെളിവാണ് വിവിധ ദലിത് നേതാക്കളുടെ പിന്തുണ.
തുടക്കത്തില്‍ എസ്.ഡി.പി.ഐ കാഡര്‍മാര്‍ മാത്രമാണു പ്രചാരണങ്ങളില്‍ സജീവമായി ഉണ്ടായിരുന്നതെങ്കിലും പിന്നീട് ചിത്രം മാറിയെന്നു കണ്‍വീനര്‍ പറഞ്ഞു. നേരത്തേ വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ചവരും രാഷ്ട്രീയത്തിലെ മൂല്യച്യുതികള്‍ കണ്ടു മാറിനിന്നവരും എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്കൊപ്പം ചേര്‍ന്നു പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. 
    സംസ്ഥാന ഭരണം മാറിമാറി നടത്തിയിട്ടും ഇടതു-വലതു മുന്നണികള്‍ക്ക് അടിസ്ഥാന ജനവിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായിട്ടില്ലെന്നു മണ്ഡലത്തിലെ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കാര്യമായി ബുദ്ധിമുട്ടേണ്ടിവരുന്നില്ലെന്ന് എസ്.ഡി.പി.ഐ സ്ഥാനാര്‍ഥിയും പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ മജീദ് ഫൈസി തേജസിനോടു പറഞ്ഞു. മണ്ഡലപരിധിയിലെ വിവിധ കോളനികളിലെ അവസ്ഥ അവിടത്തുകാര്‍ക്ക് നല്ലപോലെ അറിയാം.
കുടിക്കാന്‍ വെള്ളമില്ല, വെളിച്ചവുമില്ല. നാലു തൂണില്‍ ഉയര്‍ത്തി താര്‍പ്പായ കൊണ്ട് മറച്ച വീടുകള്‍. കക്കാട് അംബേദ്കര്‍ കോളനിയിലെ ചെറുചിത്രമാണിത്. രോഗങ്ങളോട് മല്ലടിക്കുന്ന ഇവര്‍ക്ക് യഥാവിധി ചികില്‍സ നല്‍കാന്‍പോലും ഇതുവരെ കണ്ണൂരിനെ പ്രതിനിധീകരിച്ച എം.എല്‍.എമാര്‍ക്കും കേരളം ഭരിച്ചവര്‍ക്കും കഴിഞ്ഞിട്ടില്ല. ഇതുപോലെ ദയനീയമായ ജീവിതസാഹചര്യങ്ങളുള്ള കോളനികള്‍ മണ്ഡലത്തിലുണ്ട്. ഇവിടങ്ങളില്‍ നിന്നൊക്കെ പ്രതീക്ഷാവഹമായ പ്രതികരണമാണ് എസ്.ഡി.പി.ഐ സ്ഥാനാര്‍ഥിക്കും പ്രവര്‍ത്തകര്‍ക്കും ലഭിക്കുന്നത്.
മറ്റു പഞ്ചായത്തുകളെ അപേക്ഷിച്ച് എസ്.ഡി.പി.ഐക്ക് സംഘടനാസംവിധാനം താരതമ്യേന കുറവുള്ള എളയാവൂരില്‍ പോലും സ്‌ക്വാഡ് പ്രവര്‍ത്തനം സജീവമാണ്. വീടുകളും കടകളും കയറിയുള്ള വോട്ടഭ്യര്‍ഥന, എസ്.ഡി.പി.ഐയുടെ നയനിലപാടുകള്‍ വിശദീകരിക്കുന്ന ലഘുലേഖാ വിതരണം, കവലപ്രസംഗങ്ങള്‍, പ്രകടനങ്ങള്‍ തുടങ്ങി പ്രചാരണപ്രവര്‍ത്തനങ്ങളില്‍ ആരുടെയും പിന്നിലല്ല തങ്ങളെന്നു തെളിയിച്ചിരിക്കുകയാണ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ ഈ കന്നിയങ്കക്കാര്‍.

0 comments:

Post a Comment