Wednesday, May 13, 2009

എക്‌സിറ്റ്‌പോള്‍: യു.പി.എ മുന്നില്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ്‌ നേതൃത്വത്തിലുള്ള യു.പി.എ ഏറ്റവും കൂടുതല്‍ സീറ്റ്‌ നേടുമെന്ന്‌ അഞ്ചാംഘട്ട തിരഞ്ഞെടുപ്പ്‌ പൂര്‍ത്തിയായ ഉടനെ വന്ന എക്‌സിറ്റ്‌ പോള്‍ ഫലങ്ങള്‍.
വിവിധ വാര്‍ത്താ ചാനലുകള്‍ നടത്തിയ എക്‌സിറ്റ്‌ പോള്‍ ഫലങ്ങളാണ്‌ യു.പി.എയെ മുന്നില്‍ നിര്‍ത്തുന്നത്‌. 545 അംഗ ലോക്‌സഭയില്‍ യു.പി.എ 195നും 201നും ഇടയ്‌ക്ക്‌ സീറ്റ്‌ നേടുമെന്ന്‌ ഇന്ത്യാ ടി.വി പുറത്തുവിട്ട എക്‌സിറ്റ്‌ പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നു. രാഷ്ട്രീയ ജനതാദള്‍, സമാജ്‌വാദി പാര്‍ട്ടി തുടങ്ങിയ കക്ഷികളെ കൂടെ നിര്‍ത്തിയാല്‍ ഇത്‌ 227 മുതല്‍ 237 സീറ്റ്‌ വരെ പോവാമെന്നും ഇന്ത്യാ ടി.വി എക്‌സിറ്റ്‌ പോള്‍ ഫലം പറയുന്നു.
ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സഖ്യം 189നും 195നുമിടയില്‍ സീറ്റ്‌ നേടും. മൂന്നാംമുന്നണി?ക്ക്‌ 113നും 121നുമിടയില്‍ സീറ്റ്‌ ലഭിക്കും. യു.പി.എ 199 സീറ്റ്‌ നേടുമെന്ന്‌ സ്റ്റാര്‍ ന്യൂസ്‌ ടെലിവിഷന്റെ എക്‌സിറ്റ്‌ പോള്‍ ഫലം പറയുന്നു. എന്‍.ഡി.എ 191 സീറ്റ്‌ നേടും. യു.പി.എക്ക്‌ 191 സീറ്റ്‌ നേടാനാവുമെന്നാണ്‌ ഹെഡ്‌ലൈന്‍സ്‌ ടുഡേയുടെ എക്‌സിറ്റ്‌പോള്‍ ഫലം പ്രവചിക്കുന്നത്‌. എന്‍.ഡി.എ 180 സീറ്റിലൊതുങ്ങും.
ഇതോടൊപ്പം ബി.ജെ.പിയും അവരുടെ എക്‌സിറ്റ്‌ പോള്‍ ഫലം പുറത്തുവിട്ടു. 166 സീറ്റ്‌ നേടി ബി.ജെ.പി ഏറ്റവും വലിയ ഒറ്റക്കക്ഷിയാവുമെന്നും കോണ്‍ഗ്രസ്‌ 139 സീറ്റിലൊതുങ്ങുമെന്നുമാണ്‌ ബി.ജെ.പി എക്‌സിറ്റ്‌ പോള്‍ ഫലം വിലയിരുത്തുന്നത്‌. എന്‍.ഡി.എ ഘടകകക്ഷികള്‍ 51 സീറ്റും യു.പി.എ ഘടകകക്ഷികള്‍ 35 സീറ്റും നേടുമെന്ന്‌ ബി.ജെ.പി എക്‌സിറ്റ്‌ പോള്‍ ഫലം പറയുന്നു.
ചില സംസ്ഥാനങ്ങള്‍ യു.പി.എക്കും എന്‍.ഡി.എക്കും ഒരുപോലെ ഷോക്ക്‌ നല്‍കുമെന്നു ടൈംസ്‌ നൗ പ്രവചിക്കുന്നു. ആന്ധ്രപ്രദേശില്‍ കോണ്‍ഗ്രസ്‌ 2004ലെ 29ല്‍ നിന്ന്‌ 15ലേക്ക്‌ താഴും. ഇവിടെ ടി.ഡി.പി-ടി.ആര്‍.എസ്‌ സഖ്യം 20 സീറ്റ്‌ വീതം നേടും. ചിരഞ്‌ജീവിയുടെ പ്രജാരാജ്യത്തിന്‌ അഞ്ചു സീറ്റാണ്‌ പ്രവചിക്കപ്പെടുന്നത്‌. അതേസമയം, രാജസ്ഥാനില്‍ കോണ്‍ഗ്രസ്‌ നാലില്‍ നിന്ന്‌ 13ലേക്കു കുതിക്കും.
കാര്യമായ വ്യതിയാനം പ്രതീക്ഷിക്കപ്പെടുന്നത്‌ ബിഹാറിലാണ്‌. നിതീഷ്‌ കുമാറിന്റെ ജെ.ഡി.യു ഉള്‍പ്പെടുന്ന എന്‍.ഡി.എ സഖ്യം 29 സീറ്റ്‌ (ജെ.ഡി.യു-19, ബി.ജെ.പി-10) തൂത്തുവാരും. ആര്‍.ജെ.ഡി-എല്‍.ജെ.പി സഖ്യം 26ല്‍ നിന്ന്‌ ആറിലേക്ക്‌ കൂപ്പുകുത്തുമെന്നും സര്‍വേ പറയുന്നു.
80 സീറ്റുള്ള സുപ്രധാന സംസ്ഥാനങ്ങളിലൊന്നായ യു.പിയില്‍ കോണ്‍ഗ്രസ്‌ തിരിച്ചുവരവിന്റെ പാതയിലാണെന്നാണു സൂചനകള്‍. കോണ്‍ഗ്രസ്സും ബി.ജെ.പിയും ഇവിടെ 14 സീറ്റ്‌ നേടും. ബി.എസ്‌.പി പ്രതീക്ഷിച്ചതുപോലെ 28 സീറ്റുമായി മുന്നിലെത്തും.
എസ്‌.പിക്ക്‌ 23 സീറ്റാണ്‌ പ്രതീക്ഷിക്കപ്പെടുന്നത്‌. കര്‍ണാടകയില്‍ ഇത്തവണയും ബി.ജെ.പി തരംഗം തുടരും. പാര്‍ട്ടിക്ക്‌ ഇവിടെ 16 സീറ്റും കോണ്‍ഗ്രസ്സിന്‌ ഒമ്പതും ജനതാദള്‍ സെക്യുലറിന്‌ രണ്ടും സീറ്റ്‌ കിട്ടും.
തമിഴ്‌നാട്ടില്‍ ജയലളിത സഖ്യം 24 സീറ്റുമായി ശക്തമായ തിരിച്ചുവരവ്‌ നടത്തും. ഡി.എം.കെ നാലു സീറ്റുമായി തകര്‍ന്നടിയും. കോണ്‍ഗ്രസ്സിന്‌ നാലു സീറ്റാണ്‌ പ്രതീക്ഷിക്കപ്പെടുന്നത്‌.
സി.എന്‍.എന്‍/ഐ.ബി.എന്‍ പ്രവചനപ്രകാരം കോണ്‍ഗ്രസ്‌ 145-160 സീറ്റുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയാവും. കോണ്‍ഗ്രസ്‌ സഖ്യത്തിന്‌ 185-205 സീറ്റ്‌ കിട്ടും. എന്‍.ഡി.എ 165-185 സീറ്റ്‌ നേടും. ബി.ജെ.പിക്ക്‌ മാത്രമായി 135-150 സീറ്റാണ്‌ കണക്കുകൂട്ടുന്നത്‌. മൂന്നാംമുന്നണി 110-130, നാലാംമുന്നണി 25-35, മറ്റുള്ളവര്‍ 20-30 സീറ്റും നേടുമെന്ന്‌ സി.എന്‍.എന്‍/ഐ.ബി.എന്‍ എക്‌സിറ്റ്‌ പോള്‍ പറയുന്നു.  

1 comments:

Anonymous said...

the truth will come in time

Post a Comment