Sunday, May 17, 2009

സി.പി.എം: തിരിച്ചടിയുടെ കാരണങ്ങള്‍

കെ എച്ച്‌ നാസര്‍

കേരളത്തില്‍ മുസ്‌ലിം വോട്ടുകളുടെ ഏകീകരണം മുമ്പെന്നത്തേക്കാളും
ശക്തമായിരുന്നുവെന്നും ആ വോട്ടുകളാണ്‌ വിധി നിര്‍ണയിക്കുകയെന്നുമാണ്‌
വോട്ടെടുപ്പ്‌ കഴിഞ്ഞ ഉടനെ സി.പി.എം സെക്രട്ടേറിയറ്റ്‌ വിലയിരുത്തിയത്‌.
അതുതന്നെയാണു സംഭവിച്ചതും. മുസ്‌ലിംകള്‍ നിര്‍ണായകമായ മേഖലകളിലെല്ലാം
അവരുടെ വോട്ടുകള്‍ ഇടതുമുന്നണിക്കെതിരായി സമാഹരിക്കുന്നതില്‍
പോപുലര്‍ ഫ്രണ്ട്‌ നിര്‍ണായക പങ്കാണു വഹിച്ചത്‌.


20 വര്‍ഷത്തിനുശേഷമാണ്‌ കേരളത്തില്‍ ഇതുപോലൊരു തകര്‍പ്പന്‍ വിജയം യു.ഡി.എഫിനെ തേടിയെത്തുന്നത്‌. യു.ഡി.എഫ്‌ കേന്ദ്രങ്ങളില്‍ വിജയാരവങ്ങള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല. സി.പി.എമ്മാവട്ടെ, തോല്‍വിയുടെ നടുക്കത്തില്‍ നിന്ന്‌ ഇപ്പോഴും പൂര്‍ണമായി മോചിതരായിട്ടുമില്ല. തിരഞ്ഞെടുപ്പു ഫലത്തെക്കുറിച്ചുള്ള വിശകലനങ്ങള്‍ക്കും വിരാമമായിട്ടില്ല. ജയിച്ച യുദ്ധത്തോടൊപ്പമാണ്‌ ജനങ്ങളെന്നു പറയാറുണ്ട്‌. അതുകൊണ്ടുതന്നെ വിജയത്തിന്റെ അവകാശികളായി പലരും രംഗത്തെത്തുമെന്നതു സ്വാഭാവികം. അത്തരം അവകാശവാദങ്ങളില്‍ ഭാഗികമായോ അപൂര്‍വം ചിലപ്പോള്‍ മുഴുവനായോ ശരിയുണ്ടാവുകയും ചെയ്യും. പക്ഷേ, കേരളത്തിലെ തിരഞ്ഞെടുപ്പുഫലം പുറത്തുവന്നുകൊണ്ടിരുന്നപ്പോഴും അതിനുശേഷവും പ്രഫഷനല്‍ വിശകലനവിദഗ്‌ധരും ചാനലുകളിലെ ആങ്കര്‍മാരും ബോധപൂര്‍വമെന്നോണം ഒഴിവാക്കിയ ചില സംഗതികളുണ്ട്‌. തിരഞ്ഞെടുപ്പുഫലത്തെ അവയാണു കൂടുതല്‍ സ്വാധീനിച്ചത്‌.
എല്‍.ഡി.എഫ്‌, വിശേഷിച്ച്‌ സി.പി.എം, അര്‍ഹിക്കുന്നതുതന്നെയാണ്‌ ഈ പരാജയമെന്നതില്‍ പക്ഷാന്തരമില്ല. ഒരു സ്വാഭാവിക തോല്‍വിയായി ഇതിനെ വിലയിരുത്തുന്നതിലും ഒരു പരിധിവരെ തെറ്റില്ല. പക്ഷേ, വിപുലമായ ജനകീയാടിത്തറയും സുസജ്ജമായ കാഡര്‍ സംവിധാനവുമുള്ള സി.പി.എമ്മിനെപ്പോലൊരു പാര്‍ട്ടിയുടെ പരാജയം ഇത്തരം ലളിതമായ വിശകലനയുക്തികളില്‍ തളച്ചിടേണ്ട ഒന്നല്ല. മറ്റൊരര്‍ഥത്തില്‍, സി.പി.എം വിലകൊടുത്തു വാങ്ങിയ തോല്‍വിയാണിത്‌ എന്നുകൂടി പറയേണ്ടിവരും.
പല ഘടകങ്ങളും ഇടതുമുന്നണിയുടെ പരാജയത്തിനു കാരണമായി ഭവിച്ചിട്ടുണ്ട്‌. ഭരണവിരുദ്ധവികാരം അക്കാര്യങ്ങളിലൊന്നാണ്‌. ഇടതുപാര്‍ട്ടികളുടെ പരമ്പരാഗത വോട്ട്‌ബാങ്കായ ദലിത്‌ വിഭാഗങ്ങളില്‍ മുക്കാല്‍ പങ്കും സി.പി.എം വിമതവോട്ടുകളും സി.പി.എമ്മിന്റെ തിരഞ്ഞെടുപ്പുനയങ്ങളോടുള്ള നിഷേധവോട്ടുകളുമെല്ലാം അതിന്റേതായ പങ്കുവഹിച്ചിട്ടുണ്ടാവാം. പലപ്പോഴും ഇടതുമുന്നണിയെ പിന്തുണച്ചുപോന്ന മുസ്‌ലിംകള്‍ മുഴുവനായും ഇത്തവണ എല്‍.ഡി.എഫിനെ കൈയൊഴിഞ്ഞു. ബാബരി മസ്‌ജിദ്‌ തകര്‍ച്ചയ്‌ക്കുശേഷം മുസ്‌ലിംകളില്‍ ഉടലെടുത്ത കോണ്‍ഗ്രസ്‌ വിരോധം കോണ്‍ഗ്രസ്‌ സര്‍ക്കാരിന്റെ അമേരിക്കന്‍-ഇസ്രായേല്‍ വിധേയത്വം കൂടിയായപ്പോള്‍ അതിശക്തമായി. മുസ്‌ലിം ജനവിഭാഗങ്ങളുടെ ഈ പ്രതിഷേധരാഷ്ട്രീയം ചിലപ്പോഴൊക്കെ കോണ്‍ഗ്രസ്സിന്‌ വിനയായും ഇടതുമുന്നണിക്കു തുണയായും വര്‍ത്തിച്ചിട്ടുണ്ട്‌. സദ്ദാം ഹുസയ്‌ന്റെ നല്ല ഫ്‌ളക്‌സ്‌ ബോര്‍ഡുകള്‍ സ്ഥാപിച്ചു സാമ്രാജ്യത്വവിരോധമെന്ന മുസ്‌ലിം പൊതുവികാരത്തെ ചൂഷണം ചെയ്‌തു നേട്ടമുണ്ടാക്കാനും ഇടതുമുന്നണിക്കു സാധിച്ചിട്ടുണ്ട്‌. ഇടതുമുന്നണിക്കു വോട്ട്‌ ചെയ്യുന്നതില്‍ കുഴപ്പമില്ലെന്നു കരുതിയ മുസ്‌ലിംകള്‍ പ്രതീക്ഷയോടെ അവരെ ഉറ്റുനോക്കാനും പിന്തുണയ്‌ക്കാനും തുടങ്ങി. മുസ്‌ലിം രാഷ്ട്രീയശക്തിക്ക്‌ ഇടക്കാലത്തുണ്ടായ അപചയം മുസ്‌ലിംകളെ ഇടതുപക്ഷത്തേക്കു കൂടുതല്‍ അടുപ്പിച്ചു. അങ്ങനെ മുസ്‌ലിം സമുദായത്തില്‍ മെല്ലെമെല്ലെ തങ്ങളുടെ രാഷ്ട്രീയാടിത്തറ വിപുലപ്പെടുത്താനുള്ള അടവുകളും തന്ത്രങ്ങളും സി.പി.എം പുറത്തെടുത്തുതുടങ്ങി.
സാമ്രാജ്വത്വവിരോധമെന്ന `പെതഡിന്‍' കൊടുത്തു സമുദായത്തെ മയക്കിയും സര്‍ക്കാര്‍ കമ്മിറ്റികളിലും വിദഗ്‌ധസമിതികളിലും ചില മുസ്‌ലിം സംഘടനകളുടെ പ്രതിനിധികള്‍ക്കു കസേര കൊടുത്തും മുസ്‌ലിം ജനവിഭാഗങ്ങളെ പാട്ടിലാക്കാന്‍ കഴിയുമെന്നു സി.പി.എം വ്യാമോഹിച്ചു. ഈ വ്യാമോഹം അതിരുകടന്നപ്പോഴാണ്‌ മലപ്പുറം ചുവപ്പിക്കാനും മുസ്‌ലിംകളുടെ സംഘടിത രാഷ്ട്രീയശക്തിയെ തന്നെ തകര്‍ത്തു മുസ്‌ലിം മേഖലകളില്‍ ആധിപത്യമുറപ്പിക്കാനും പാര്‍ട്ടി പദ്ധതികളൊരുക്കിയത്‌. ചില സമുദായസംഘടനകളുടെ സോപാധികവും നിരുപാധികവുമായ പിന്തുണയുടെ ബലത്തില്‍ ഇതു സാധ്യമാക്കാമെന്നാണു സി.പി.എം കണക്കുകൂട്ടിയത്‌. പക്ഷേ, അപ്പോഴും സി.പി.എമ്മിന്റെ അപകടകരമായ ഈ നീക്കം മുന്‍കൂട്ടി മനസ്സിലാക്കിയ ചിലരെങ്കിലും സമുദായത്തിലുണ്ടായിരുന്നു. ബംഗാളിലെ മൂന്നുപതിറ്റാണ്ടു കാലത്തെ സി.പി.എം ഭരണത്തിന്റെ തിക്താനുഭവങ്ങളും കേരളത്തില്‍ തന്നെ മുസ്‌ലിംകളുടെ സാമൂഹികപരിഷ്‌കരണങ്ങള്‍ക്കും ശാക്തീകരണത്തിനും വിലങ്ങുതടിയായി നില്‍ക്കുന്ന സി.പി.എമ്മിന്റെ കപട നിലപാടുകളും തിരിച്ചറിഞ്ഞ പോപുലര്‍ ഫ്രണ്ടാണ്‌ അക്കൂട്ടത്തില്‍ പ്രമുഖം. തങ്ങളുടെ രാഷ്ട്രീയമോഹങ്ങള്‍ക്ക്‌ ഏറ്റവും വലിയ തടസ്സമാവുക പോപുലര്‍ ഫ്രണ്ടാണെന്ന്‌ കൃത്യമായും സി.പി.എമ്മിന്‌ അറിയാമായിരുന്നു. അതുകൊണ്ടാണ്‌ മുന്‍കൂട്ടി തീരുമാനിച്ചുറപ്പിച്ച പദ്ധതികളുടെ അടിസ്ഥാനത്തില്‍ സി.പി.എമ്മിനെപ്പോലെ ഒരു വലിയ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയും പരിവാരവും താരതമ്യേന ഒരു കൊച്ചുസംഘം മാത്രമായ പോപുലര്‍ ഫ്രണ്ടിനെതിരേ സര്‍വായുധങ്ങളും സമാഹരിച്ചു പോരിനിറങ്ങിയത്‌.
മുന്‍കാല തിരഞ്ഞെടുപ്പുകളില്‍ ഹിന്ദുത്വ വര്‍ഗീയശക്തികള്‍ നിയമനിര്‍മാണസഭകളിലെത്താനുള്ള സാധ്യതകള്‍ തടയാന്‍ വേണ്ടിയാണു പ്രധാനമായും തിരഞ്ഞെടുപ്പുകളില്‍ പോപുലര്‍ ഫ്രണ്ടും പൂര്‍വരൂപമായ എന്‍.ഡി.എഫും ഇടപെട്ടിരുന്നതെങ്കില്‍ ഇത്തവണ കുറേക്കൂടി ഫലപ്രദമായും പ്രത്യക്ഷമായും സംഘടന രംഗത്തുവരുകയുണ്ടായി. നടേ വിവരിച്ച കാരണങ്ങളാല്‍ സി.പി.എമ്മിന്റെ പരാജയം ഉറപ്പുവരുത്താന്‍ യു.ഡി.എഫിനെ പിന്തുണയ്‌ക്കണമെന്ന തീരുമാനം പ്രഖ്യാപിച്ചത്‌ അങ്ങനെയാണ്‌.
കേരളത്തില്‍ മുസ്‌ലിം വോട്ടുകളുടെ ഏകീകരണം മുമ്പെന്നത്തേക്കാളും ശക്തമായിരുന്നുവെന്നും ആ വോട്ടുകളാണ്‌ വിധി നിര്‍ണയിക്കുകയെന്നുമാണ്‌ വോട്ടെടുപ്പ്‌ കഴിഞ്ഞ ഉടനെ സി.പി.എം സെക്രട്ടേറിയറ്റ്‌ വിലയിരുത്തിയത്‌. അതുതന്നെയാണു സംഭവിച്ചതും. മുസ്‌ലിംകള്‍ നിര്‍ണായകമായ മേഖലകളിലെല്ലാം അവരുടെ വോട്ടുകള്‍ ഇടതുമുന്നണിക്കെതിരായി സമാഹരിക്കുന്നതില്‍ പോപുലര്‍ ഫ്രണ്ട്‌ നിര്‍ണായക പങ്കാണു വഹിച്ചത്‌. ആരെല്ലാം സമ്മതിച്ചാലും ഇല്ലെങ്കിലും മുസ്‌ലിംകള്‍ക്ക്‌ അതു ബോധ്യമുണ്ട്‌. യു.ഡി.എഫ്‌ വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചിടങ്ങളിലും എല്‍.ഡി.എഫ്‌ വിജയിച്ച മണ്ഡലങ്ങളില്‍പ്പോലും വോട്ടിങ്‌ പാറ്റേണ്‍ പരിശോധിച്ചാല്‍ ഇതു മനസ്സിലാവും. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, ചാലക്കുടി, തൃശൂര്‍, കോഴിക്കോട്‌, വയനാട്‌ മണ്ഡലങ്ങളില്‍ യു.ഡി.എഫ്‌ സ്ഥാനാര്‍ഥികളുടെ വിജയത്തിനും വടകര, കണ്ണൂര്‍ എന്നീ ഇടതു കോട്ടകള്‍ തകര്‍ന്നതിനും കാരണമായ മുസ്‌ലിം വോട്ടുകളുടെ ഏകീകരണത്തിനു സംഘടനയുടെ സാന്നിധ്യമാണു സഹായകമായത്‌. പൊന്നാനിയിലും മലപ്പുറത്തും നടത്തിയ ചിട്ടയായ പ്രവര്‍ത്തനങ്ങളുടെ ഫലസിദ്ധിയാണ്‌ രണ്ടിടങ്ങളിലെയും വമ്പിച്ച ഭൂരിപക്ഷം. ഇടതുസ്ഥാനാര്‍ഥി നേരിയ ഭൂരിപക്ഷത്തിനു വിജയിച്ച പാലക്കാട്ടും മുസ്‌ലിം ഫാക്‌ടറാണ്‌ പ്രവര്‍ത്തിച്ചതെന്നു കാണാം. അവിടെ യു.ഡി.എഫ്‌ സ്ഥാനാര്‍ഥി പരാജയപ്പെട്ടത്‌ കോണ്‍ഗ്രസ്സിനുള്ളിലെ `പാരകള്‍' കാരണമാണെന്നാണ്‌ ആരോപണം. മുരളി ഇഫക്ട്‌ ഉണ്ടായിട്ടുപോലും ഷൊര്‍ണൂര്‍ നിയമസഭാ മണ്ഡലത്തില്‍ എല്‍.ഡി.എഫിന്‌ ഭൂരിപക്ഷം ലഭിച്ചതും യു.ഡി.എഫ്‌ മണ്ഡലമായ പട്ടാമ്പിയില്‍ എല്‍.ഡി.എഫിന്‌ നേരിയ മുന്‍തൂക്കം ലഭിച്ചതും ഈ ആരോപണത്തിന്‌ അടിവരയിടുന്നു.
പ്രബല യു.ഡി.എഫ്‌ മണ്ഡലമായിരുന്ന എറണാകുളം കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളിലും ഇടത്തോട്ടു ചാഞ്ഞത്‌ മുസ്‌ലിം വോട്ടുകളുടെ പിന്‍ബലം കൊണ്ടുതന്നെയായിരുന്നു. യു.ഡി.എഫ്‌ വന്‍ കുതിപ്പു നടത്തിയ തിരഞ്ഞെടുപ്പായിട്ടും ഇത്തവണ എറണാകുളത്ത്‌ പതിനായിരത്തിനു മേല്‍ വോട്ടിന്റെ മാത്രം ഭൂരിപക്ഷത്തിലാണ്‌ കെ വി തോമസിന്‌ വിജയിക്കാനായത്‌. സ്വതന്ത്രന്മാരെ മാത്രം നിര്‍ത്തി പരീക്ഷിച്ചുപോന്ന അവിടെ ഇത്തവണ സ്വന്തം ചിഹ്നത്തില്‍ ഏറ്റവും മോശം സ്ഥാനാര്‍ഥിയെ രംഗത്തിറക്കിയിട്ടും ഒരു മല്‍സരം നടക്കാനുള്ള കാരണം മുസ്‌ലിം മേഖലകളിലെ വോട്ടുകളുടെ ഏകീകരണമാണെന്നു തിരഞ്ഞെടുപ്പുഫലം തെളിയിക്കുന്നു.
കാന്തപുരം വിഭാഗത്തിന്റെയും ജമാഅത്തെ ഇസ്‌ലാമിയുടെയും പി.ഡി.പിയുടെയും ഐ.എന്‍.എല്ലിന്റെയും പിന്തുണയുണ്ടായിരുന്നിട്ടും മുസ്‌ലിം വോട്ടുകള്‍ നേടുന്നതില്‍ സി.പി.എം പരാജയപ്പെട്ടു. കണ്ണൂരില്‍ പോപുലര്‍ ഫ്രണ്ടിന്റെ ഇടപെടല്‍ സി.പി.എമ്മിനു തലവേദനയായി. മഅ്‌ദനി ഫാക്ടര്‍ വച്ചു നേട്ടം കൊയ്യാമെന്ന പിണറായി തന്ത്രം പാളി. പോപുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയ നിലപാടും ഇടപെടലും കേരളത്തില്‍ ഇടതുമുന്നണിയുടെ വന്‍ തകര്‍ച്ചയ്‌ക്കു വഴിവച്ച പ്രധാന ഘടകങ്ങളിലൊന്നാവുന്നത്‌ ഇക്കാരണങ്ങളാലാണ്‌.

വാര്‍ത്താ സ്രോതസ്സ്‌: തേജസ്‌ 18 മെയ്‌ 2009 തിങ്കള്‍

6 comments:

Anonymous said...

യു ഡി എഫ്‌ ജയിച്ചത്‌ ഇസ്ലാമിക ഭീകരവാദി കളുടെ വോട്ട് കൊണ്ടാണെന്ന് എല്ലാവര്ക്കും അറിയാം.

kololambu said...

keralathil islamika beekara vadhikal undangil,
Randathani alle jayikendathu

Unknown said...

ഭീകരരുമായി ബന്ധമുണ്ടെന്ന് ആരോപിയ്ക്കപ്പെടുന്ന മദനി ഏതു വിഭാഗത്തിൽ പെടുന്നു എന്നുകൂടി വ്യക്തമാക്കിയാൽ കൊള്ളാം. ആടോ, അതോ ആട്ടിൻതോലണിഞ്ഞ..........

വേലൂക്കാരൻ said...

സത്യവാൻചേട്ടാ,, ഇസ്ലാമിക ഭീകരവാദികളുമായും കാശ്മീർ തീവ്രവാദികളുമായി ബന്ധമുള്ളവരുമായും ആരൊക്കെ വേദിപങ്കിട്ടെന്നും പരസ്യമായി വോട്ടുചോദിച്ചെന്നും വിവരമുള്ളവർക്ക്‌ അറിയാം.

Anonymous said...

popular front deserves a part of the victory of udf and the defeat of ldf.and also pfi could concentrate the votes of muslims and dalits . i specially congratulate your mature and convincing policy in this election

രജന said...

സത്യം പറയുന്നവരെ ഭീകരനാക്കുകയും വെടിവച്ചു കൊല്ലുകയും ചെയ്യുന്നവരുടെ നാടാണിത്‌. മഹാത്മാ ഗാന്ധി തന്നെയാണ്‌ ഒന്നാമത്തെ ഉദാഹരണം. ഗോഡ്‌സെയുടെ പിന്മുറക്കാര്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്നതിന്റെ തെളിവാണ്‌ സത്യവാന്റെ പ്രതികരണം. കമന്റിട്ടതിന്‌ നന്ദി

Post a Comment