കൃഷിഭൂമി ഏറ്റെടുക്കലിനെതിരായ നന്തിഗ്രാം നിവാസികളുടെ പ്രക്ഷോഭത്തിനു നായകത്വം വഹിച്ചയാളാണ്, പശ്ചിമബംഗാളിലെ ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് നേതാവുകൂടിയായ സിദ്ദീഖുല്ലാ ചൗധരി. അദ്ദേഹം പുതുതായി രൂപം നല്‍കിയ പീപ്പിള്‍സ് ഡമോക്രാറ്റിക് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (പി.ഡി. സി.ഐ) ഈ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളില്‍ പന്ത്രണ്ടിടത്തു മല്‍സരിക്കുന്നുണ്ട്. സംസ്ഥാന രാഷ്ട്രീയത്തെക്കുറിച്ചും ഇടതുസര്‍ക്കാരിന്റെ ന്യൂനപക്ഷ വിരുദ്ധ സമീപനങ്ങളെക്കുറിച്ചും ഡംഡം വിമാനത്താവളത്തിനു സമീപത്തെ വസതിയില്‍ വച്ചു തേജസ് പ്രതിനിധി സി പി കരീമുമായി അദ്ദേഹം സംസാരിക്കുന്നു.
ഇവിടെ എല്ലാവരും സംസാരിക്കുന്നതു മാറ്റത്തെക്കുറിച്ചാണ്. ശരിക്കും അതു സംഭവിക്കുമോ?
മാറ്റത്തിന് ഏറ്റവും അനുയോജ്യമായ സമയമാണിത്. മുസ്‌്‌ലിംകളടക്കമുള്ള പിന്നാക്ക വിഭാഗങ്ങള്‍ അങ്ങേയറ്റം അസംതൃപ്‌തരാണ്. സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും അവര്‍ താഴെത്തട്ടിലാണ്. വ്യവസായവല്‍ക്കരണത്തിന്റെ പേരില്‍ സര്‍ക്കാര്‍ തട്ടിപ്പറിക്കുന്ന ഭൂമിയിലേറെയും മുസ്‌ലിംകളുടേതാണ്.
32 വര്‍ഷം തുടര്‍ച്ചയായി സംസ്ഥാനം ഭരിച്ചിട്ടും ജനങ്ങള്‍ക്കു കുടിവെള്ളമോ വൈദ്യുതിയോ ജോലിയോ ലഭ്യമാക്കാന്‍ ഇടതുസര്‍ക്കാരിനു സാധിച്ചിട്ടില്ല. ജനങ്ങളുടെ പ്രതിഷേധം ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കാതിരിക്കില്ല.
32 വര്‍ഷമായി നടക്കാത്ത മാറ്റം ഇത്തവണ സംഭവിക്കുമെന്നു കരുതാന്‍ എന്താണു കാരണം?
അതിനു കാരണമുണ്ട്. മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ നന്തിഗ്രാമില്‍ ഇന്തോനീസ്യന്‍ കമ്പനിയായ സലീംഗ്രൂപ്പിനു വേണ്ടി ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍നീക്കത്തിനെതിരേ നടന്ന പ്രക്ഷോഭമാണ് ഇതിലെ പ്രധാന ഘടകം. സര്‍ക്കാരിന്റെ വിവേചനപരവും ജനവിരുദ്ധവുമായ നയങ്ങള്‍ക്കു വര്‍ഷങ്ങളായി ഇരയായിക്കൊണ്ടിരിക്കുന്നവര്‍ അവയെക്കുറിച്ചു ബോധവാന്മാരായതു നന്തിഗ്രാം സംഭവത്തോടെയായിരുന്നു. അതിനുശേഷം പഞ്ചായത്തിലേക്കടക്കം നടന്ന തിരഞ്ഞെടുപ്പുകളില്‍ ഇടതുകക്ഷികള്‍ക്കു ശക്തമായ തിരിച്ചടിയുണ്ടായി. ഈ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഇത് ആവര്‍ത്തിക്കുമെന്നാണ് എന്റെ വിശ്വാസം.
സി.പി.എം നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ മുസ്‌ലിം വിരുദ്ധമാണെന്നു നിങ്ങള്‍ പറയുന്നത് എന്തുകൊണ്ടാണ്?
നിങ്ങള്‍ക്കറിയുമോ സി.പി.എമ്മിനു ലഭിക്കുന്ന 65 ശതമാനം വോട്ടുകളും മുസ്‌ലിംകളുടേതാണ്. 30 ശതമാനം പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളുടേതും. അഞ്ചു ശതമാനം മാത്രമാണ് അവര്‍ക്കു ലഭിക്കുന്ന ബ്രാഹ്‌മണവോട്ടുകള്‍. എന്നിട്ടും അവര്‍ മുസ്‌ലിംകളോടു വിവേചനപരമായി പെരുമാറുകയാണ്.
തൊഴില്‍-വിദ്യാഭ്യാസ മേഖലകളില്‍ അവരുടെ അവസ്ഥയെന്താണെന്നു സച്ചാര്‍ കമ്മിറ്റി റിപോര്‍ട്ട് പുറത്തുകൊണ്ടുവന്നതാണ്. മല്‍സരപ്പരീക്ഷകളിലൂടെ 1.7 ശതമാനം ജോലികള്‍ മുസ്‌ലിംകള്‍ക്കു ലഭിക്കുമ്പോള്‍, മന്ത്രിതലത്തിലും മറ്റും നടക്കുന്ന നേരിട്ടുള്ള റിക്രൂട്ട്‌മെന്റ് വഴി 1.5 ശതമാനം ജോലിയില്‍ മാത്രമാണ് അവര്‍ തിരഞ്ഞെടുക്കപ്പെടുന്നത്. അതേസമയം ജയിലുകളിലാവട്ടെ, 50 ശതമാനത്തിലധികമാണു മുസ്‌ലിംകളുടെ പ്രാതിനിധ്യം.
എന്നാല്‍, മുസ്‌ലിംകള്‍ക്കു വര്‍ഗീയകലാപങ്ങളില്‍ നിന്നും മറ്റും സി.പി.എം സുരക്ഷ നല്‍കുന്നുവെന്നാണല്ലോ അവരുടെ വാദം.
പശ്ചിമബംഗാളില്‍ വര്‍ഗീയകലാപങ്ങളുണ്ടാവാത്തതില്‍ ഇവിടത്തെ സംസ്‌കാരത്തിനു സുപ്രധാനമായ പങ്കുണ്ട്. സുരക്ഷയുടെ കാര്യം പറയാതിരിക്കലാണു ഭേദം. കഴിഞ്ഞ 32 വര്‍ഷത്തിനിടയില്‍ 50,000ത്തോളം രാഷ്ട്രീയ കൊലപാതകങ്ങളാണു സംസ്ഥാനത്തൊട്ടാകെ നടന്നത്. അതില്‍ 75 ശതമാനത്തിലേറെയും കൊല്ലപ്പെട്ടതു മുസ്‌ലിംകളാണ്. അവയുടെ പേരില്‍ ജയിലില്‍ കിടക്കുന്നവരിലും മുസ്‌ലിംകള്‍ തന്നെ കൂടുതല്‍. അതേസമയം, ഒരു ബ്രാഹ്‌മണന്‍ പോലും ഇക്കാലയളവില്‍ രാഷ്ട്രീയ കൊലപാതകങ്ങളില്‍ മരിക്കുകയുണ്ടായില്ല എന്നോര്‍ക്കണം. ഇവിടെ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളെയും നിയന്ത്രിക്കുന്നതു ബ്രാഹ്‌മണരാണ്. മുസ്‌ലിംകളുടെ സംരക്ഷകരെന്നവകാശപ്പെടുന്നവര്‍ 2005 വരെയുള്ള കാലയളവില്‍ കോടിക്കണക്കിനു രൂപയുടെ വഖ്‌ഫ് സ്വത്താണ് അന്യാധീനപ്പെടുത്തിയത്.
ഞങ്ങള്‍ നേതൃത്വം നല്‍കുന്ന ജംഇയ്യത്തുല്‍ ഉലമായുടെ നിരന്തരമായ സമ്മര്‍ദ്ദം മൂലം വഖ്‌ഫ് കൈയേറ്റത്തെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്‌റ്റിസ് ഭട്ടാചാര്യ കമ്മീഷന്‍ 2005 ജൂലൈ ഒന്നിനു റിപോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതില്‍ സി.പി.എം നടത്തിയ വഖ്‌ഫ് കൈയേറ്റങ്ങളെക്കുറിച്ചു വിശദമായി പറയുന്നുണ്ട്.
ഒന്നുരണ്ട് ഉദാഹരണങ്ങള്‍ പറയാമോ?
കൊല്‍ക്കത്തയിലെ ഷിയാല്‍ പ്രദേശത്തെ വഖ്‌ഫ് കൈയേറ്റം ഉദാഹരണമായെടുക്കാം. 77 ലക്ഷം കമ്പോളവിലയുള്ള ഇവിടത്തെ 11 വഖ്‌ഫ് ഭൂമി സി.പി.എം നേതാവായ കെ ജി ബോസിന് 1991ല്‍ വഖ്‌ഫ് ബോര്‍ഡ് നല്‍കിയതു വെറും ആറുലക്ഷം രൂപയ്‌ക്കായിരുന്നു.
പാര്‍ക് സര്‍ക്കിളിനടുത്ത തിക്‌ജാല റോഡില്‍ ഒരു ബിഗ വരുന്ന വഖ്‌ഫ് ഭൂമി മുന്‍ സി.പി.എം എം.എല്‍.എ ശിശ് മുഹമ്മദിനു 51 വര്‍ഷത്തേക്കു ലീസിന് നല്‍കിയതു വെറും 525 രൂപയ്‌ക്കായിരുന്നു. 1986 സപ്‌തംബര്‍ പത്തിനായിരുന്നു ഇത്.
വഖ്‌ഫ് ഭൂമി കൈമാറ്റത്തിനു വഖ്‌ഫ് ആക്‌റ്റ് പ്രകാരം ചില നിയമങ്ങളൊക്കെയുണ്ടല്ലോ?
എന്തു നിയമം? ഇവിെട സി.പി.എം പറയുന്നതാണ് നിയമം. കോടതികളെക്കാള്‍ പാര്‍ട്ടിയാണു വലുതെന്നാണ് അവര്‍ കരുതുന്നത്. പല കേസുകളിലും ഹൈക്കോടതി വിധികള്‍ കാറ്റില്‍പ്പറത്തിയാണ് വഖ്‌ഫ് ഭൂമി തിരിമറി നടത്താന്‍ സി.പി.എം നേതാക്കള്‍ നിയന്ത്രിക്കുന്ന ബോര്‍ഡ് തയ്യാറായത്.
ഇതേകുറിച്ചുള്ള അന്വേഷണ കമ്മിറ്റിയുടെ റിപോര്‍ട്ടിനു മേല്‍ എന്തെങ്കിലും നടപടിയുണ്ടായോ?
നാലു വര്‍ഷമായിട്ടും ഒരു നടപടിയും ഇതേവരെയുണ്ടായിട്ടില്ല. ശരീഅത്ത് നിയമങ്ങളോടൊക്കെ ഇവര്‍ക്കു പുച്ഛമാണ്. ഇസ്‌ലാമിക നിയമപ്രകാരം ത്വലാഖ് നല്‍കിയ കേസില്‍ ഇരുവരെയും നിര്‍ബന്ധപൂര്‍വം ഒന്നിച്ചു താമസിപ്പിച്ച സംഭവം ഇവിടെയുണ്ടായിട്ടുണ്ട്. സി.പി.എമ്മുകാര്‍ക്കു പോലിസിന്റെ സഹായവും ഇതിനു ലഭിച്ചു. പണ്ഡിതര്‍ക്കും ശരീഅത്തിനുമെതിരേ പ്രവര്‍ത്തിക്കാന്‍ ഗ്രാമങ്ങള്‍ തോറും മുസ്‌ലിംകള്‍ക്കിടയില്‍ തന്നെയുള്ള കേഡര്‍മാരെ സി.പി.എം നിയോഗിക്കാറുണ്ടിവിടെ.
ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് എത്ര സീറ്റ് ലഭിക്കും?
അതു കൃത്യമായി പ്രവചിക്കാന്‍ ഞാന്‍ ആളല്ല. ഏതായാലും തിരിച്ചടിയുണ്ടാവുമെന്ന കാര്യം തീര്‍ച്ചയാണ്.
താങ്കളുടെ പി.ഡി.സി.ഐ 12 സീറ്റുകളില്‍ മല്‍സരിക്കുന്നുണ്ടല്ലോ എന്താണു സ്ഥിതി?
നാലോ അഞ്ചോ മണ്ഡലങ്ങളിലെങ്കിലും ശക്തമായ മല്‍സരം കാഴ്‌ചവയ്‌ക്കാന്‍ ഞങ്ങളുടെ സ്ഥാനാര്‍ഥികള്‍ക്കു സാധിച്ചിട്ടുണ്ട്. മുസ്‌ലിംകളുടെ മാത്രമല്ല, പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളിലും ശക്തമായ സ്വാധീനം ചെലുത്താന്‍ ഞങ്ങള്‍ക്കായി.
താങ്കളുടെ സംഘടനാ സംവിധാനം ദുര്‍ബലമാണെന്നു കേള്‍ക്കുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ താങ്കളുടെ കീഴില്‍ മല്‍സരിച്ചുജയിച്ച 350 ലേറെ പഞ്ചായത്ത് മെമ്പര്‍മാര്‍ തൃണമൂലിലേക്കു കൂറുമാറിയിരുന്നല്ലോ?
അതു ശരിയാണ്. എന്നാല്‍, കഴിഞ്ഞ വര്‍ഷത്തേക്കാള്‍ സംഘടനാ കെട്ടുറപ്പ് ഇപ്പോള്‍ ഞങ്ങള്‍ക്കുണ്ട്. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 80 സീറ്റിലെങ്കിലും സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ ഞങ്ങള്‍ക്കാവും.
മമതാ ബാനര്‍ജിയോടൊപ്പം നില്‍ക്കുന്നതിനു പകരം സ്വന്തം പാര്‍ട്ടിയുണ്ടാക്കി മല്‍സരിക്കുന്നത് ഇടത്‌വിരുദ്ധ വോട്ടില്‍ വിള്ളലുണ്ടാക്കില്ലേ?
മമതാ ബാനര്‍ജിയുടെ നിലപാട് അംഗീകരിക്കാന്‍ ഞങ്ങള്‍ക്കാവില്ല. ഇവിടെ കോണ്‍ഗ്രസ്സിനോടൊപ്പം ചേര്‍ന്നു സി.പി.എമ്മിനെ എതിര്‍ക്കുകയും കേന്ദ്രത്തില്‍ അവരെ കൂടെക്കൂട്ടുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണ്.
ഐ.എന്‍.എല്‍, സി.പി.ഐ (എം എല്‍), റിപബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ, എ.യു.ഡി.എഫ് തുടങ്ങിയ പാര്‍ട്ടികളുടെ പിന്തുണ പി.ഡി.സി.ഐക്കുണ്ട്. ജമാഅത്തെ ഇസ്‌ലാമിയെ ക്ഷണിച്ചെങ്കിലും അവര്‍ പിന്തുണ നല്‍കാന്‍ തയ്യാറായില്ല. ഞാന്‍ മല്‍സരിക്കുന്ന ബഷീര്‍ഹട്ടില്‍ മമതയുടെ സ്ഥാനാര്‍ഥിക്കാണ് അവരുടെ പിന്തുണ.
ലാല്‍ഗറിലെ ആദിവാസി പ്രക്ഷോഭത്തെക്കുറിച്ച്
ഞങ്ങള്‍ അവിടത്തെ സമരക്കാര്‍ക്കൊപ്പമാണ്. സര്‍ക്കാരിന്റെ അവഗണനയും പോലിസിന്റെ ക്രൂരതകളുമാണ് അവരെ പ്രക്ഷോഭമാര്‍ഗത്തിലേക്കു തള്ളിവിട്ടത്. ഞങ്ങളുടെ എല്ലാ പിന്തുണയും അവര്‍ക്കുണ്ടാവും.
വാര്‍ത്താ സ്രോതസ്സ്: തേജസ് 4 മെയ് 2009 തിങ്കള്‍
Tuesday, May 5, 2009
Subscribe to:
Post Comments (Atom)
0 comments:
Post a Comment