ബാംഗ്ലൂര്‍: സ്വതന്ത്ര കമ്പോളവ്യവസ്ഥയ്‌ക്കുള്ള അംഗീകാരമാണു തിരഞ്ഞെടുപ്പുവിജയമെന്ന മുതലാളിത്ത ഏജന്റുമാരുടെ കള്ളപ്രചാരണങ്ങളില്‍ വീണുപോവാതെ ജനോപകാരപ്രദമായ നയപരിപാടികളുമായി മുന്നോട്ടുപോവാന്‍ യു.പി.എ സര്‍ക്കാര്‍ തയ്യാറാവണമെന്നു പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ആവശ്യപ്പെട്ടു.
പാവങ്ങളുടെ സാമ്പത്തികാഭിവൃദ്ധിയും മതേതരത്വ സംരക്ഷണവും ഉയര്‍ത്തിപ്പിടിക്കുന്ന സര്‍ക്കാരിനെ തിരഞ്ഞെടുക്കാനും ഹിന്ദുത്വ വലതുപക്ഷ ശക്തികളെ പരാജയപ്പെടുത്താനും രാജ്യത്തെ വോട്ടര്‍മാര്‍ കാണിച്ച വിവേകത്തെയും പ്രായോഗികബുദ്ധിയെയും കൗണ്‍സില്‍ അഭിനന്ദിച്ചു. ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി, കാര്‍ഷികകടം എഴുത്തിത്തള്ളല്‍ പോലുള്ള മികച്ച പ്രവര്‍ത്തനങ്ങളാണു കോണ്‍ഗ്രസ് മുന്നണിയെ അധികാരത്തില്‍ തിരികെയെത്തിച്ചത്.
നവഉദാരീകരണ നയങ്ങളെയും ആഗോള സാമ്പത്തികവ്യവസ്ഥയ്‌ക്കനുസരിച്ച് ഇന്ത്യന്‍ സമ്പദ്‌രംഗത്തെ മാറ്റിയെടുക്കാനുള്ള കോര്‍പറേറ്റ് ശക്തികളുടെ ശ്രമങ്ങളെയും ജനങ്ങള്‍ ധീരമായി ചെറുത്തുനിന്ന കാര്യം മറക്കാറായിട്ടില്ല. കോണ്‍ഗ്രസ്സിനെത്തന്നെ പിന്തുണയ്‌ക്കുന്നതിലൂടെ മുസ്‌ലിംകള്‍ അവരുടെ നിര്‍ണായക പ്രാധാന്യവും അതേസമയം തങ്ങളുടെ നിസ്സഹായാവസ്ഥയും ഒരിക്കല്‍ക്കൂടി വ്യക്തമാക്കിയിരിക്കുകയാണ്. മുഖ്യ ശത്രുവിനെ തോല്‍പ്പിക്കാന്‍ `തന്ത്രപരമായ വോട്ടിങ്' എന്ന പതിവുശൈലി അവര്‍ എന്നന്നേക്കുമായി അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പുതിയ ലോക്‌സഭയിലെ മുസ്‌ലിം പ്രാതിനിധ്യക്കുറവ് ഇതിലേക്കാണു വിരല്‍ചൂണ്ടുന്നത്.
ജനവിരുദ്ധവും നവഉദാരവല്‍ക്കരണത്തിലൂന്നിയതുമായ സാമ്പത്തികനയങ്ങള്‍ ഉപേക്ഷിച്ച് സാര്‍വത്രിക വിദ്യാഭ്യാസം, ഭക്ഷ്യസുരക്ഷ, ആരോഗ്യപരിപാലനം തുടങ്ങിയ മേഖലകള്‍ക്ക് ബജറ്റില്‍ കൂടുതല്‍ തുക വകയിരുത്തണമെന്നും ദേശീയ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ആവശ്യപ്പെട്ടു. മുസ്‌ലിംകളുടെ സാമൂഹിക-സാമ്പത്തിക പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനുപകരം അധരസേവയില്‍ കാര്യങ്ങള്‍ ഒതുക്കുകയായിരുന്നു കഴിഞ്ഞ യു.പി.എ സര്‍ക്കാര്‍. സച്ചാര്‍ കമ്മിറ്റി റിപോര്‍ട്ട് ഇപ്പോഴും പൊടിപിടിച്ചുകിടക്കുന്നു. മുസ്‌ലിംകള്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്തണമെന്ന രംഗനാഥ് മിശ്രയുടെ ശുപാര്‍ശ നടപ്പാക്കാന്‍ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. സമുദായത്തിലെ ദാരിദ്ര്യവും നിരക്ഷരതയും തുടച്ചുനീക്കുന്നതിനു കൂടുതല്‍ ഫണ്ട് അനുവദിച്ച്, മുസ്‌ലിം പുരോഗതിക്കായുള്ള പ്രധാനമന്ത്രിയുടെ പതിമൂന്നിന പരിപാടി നവീകരിക്കണമെന്നും കൗണ്‍സില്‍ ആവശ്യപ്പെട്ടു.
വോട്ടര്‍മാര്‍ ബി.ജെ.പിയുടെ നട്ടെല്ലൊടിച്ചുവെന്നുള്ളതു ശ്ലാഘനീയമായ കാര്യമാണ്. നരേന്ദ്രമോഡിയെപ്പോലുള്ള ഹിന്ദുത്വ നേതാക്കള്‍ക്ക് ജനപിന്തുണയില്ലെന്നും ഈ തിരഞ്ഞെടുപ്പ് തെളിയിച്ചു. രാജ്യത്തെ രാഷ്ട്രീയ യാഥാര്‍ഥ്യങ്ങള്‍ നേരാംവണ്ണം ഉള്‍ക്കൊള്ളുന്നതില്‍ ഇടതുപാര്‍ട്ടികള്‍ക്കുണ്ടായ പരാജയവും നവഉദാരവല്‍ക്കരണത്തെ പരോക്ഷമായി അനുകൂലിക്കുന്ന അവരുടെ സാമ്പത്തികനയങ്ങള്‍ക്കേറ്റ തിരിച്ചടിയുമാണു തിരഞ്ഞെടുപ്പ് വിരല്‍ചൂണ്ടുന്ന മറ്റു പ്രധാന സംഗതികള്‍.
അമേരിക്കയുമായും അവരുടെ പറ്റുകാരായ ഇസ്രായേലുമായുമുള്ള പ്രത്യക്ഷവും പരോക്ഷവുമായ മുഴുവന്‍ സുരക്ഷാബന്ധങ്ങളില്‍ നിന്നു സര്‍ക്കാര്‍ പിന്തിരിയണമെന്നും യോഗം അഭ്യര്‍ഥിച്ചു.
ചെയര്‍മാന്‍ ഇ എം അബ്ദുര്‍റഹ്‌മാന്‍ അധ്യക്ഷത വഹിച്ചു. എ സഈദ്, കെ എം ശരീഫ്, ഒ എം എ സലാം, ദഹ്‌ലാന്‍ ബാഖവി, ഉസ്‌മാന്‍ ബേഗ്, മുഹമ്മദ് അലി ജിന്ന, എം കെ ഫൈസി, പ്രഫ. പി കോയ, കെ അബ്ദുല്‍ ലത്തീഫ് സംബന്ധിച്ചു.
Tuesday, May 26, 2009
Subscribe to:
Post Comments (Atom)
0 comments:
Post a Comment