Sunday, May 17, 2009

ബീമാപ്പള്ളി വെടിവയ്‌പ്‌ ന്യായീകരണമില്ലാത്തത്‌

തിരുവനന്തപുരം: ബീമാപ്പള്ളിയിലെ ചെറിയതുറയില്‍ നാലുപേരുടെ മരണത്തിനും നാല്‍പ്പതിലധികം പേര്‍ക്കു പരിക്കേല്‍ക്കാനിടയുമാക്കിയ പോലിസ്‌ വെടിവയ്‌പ്‌ നടന്നതു മേലധികാരികളുടെ അനുമതിയില്ലാതെയും ചട്ടങ്ങള്‍ പാലിക്കാതെയുമാണെന്നു നാട്ടുകാര്‍ ആരോപിക്കുന്നു.

ഇരുവിഭാഗം തമ്മിലുള്ള സംഘര്‍ഷം ഒഴിവാക്കാന്‍ മറ്റു മാര്‍ഗമില്ലാതെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണു പോലിസ്‌ ഭാഷ്യം. എന്നാല്‍, പോലിസിന്റെ ഏകപക്ഷീയമായ ആക്രമണത്തെ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമായി ചിത്രീകരിക്കാനാണു ശ്രമിക്കുന്നതെന്നു ബീമാപ്പള്ളി ജമാഅത്ത്‌ ഭാരവാഹികള്‍ പറയുന്നു.

നിയമപ്രകാരം നല്‍കേണ്ട മുന്നറിയിപ്പുകള്‍ നല്‍കാതെ പോലിസ്‌ ജനക്കൂട്ടത്തിനു നേരെ വെടിയുതിര്‍ത്തതാണു ഭീകരാന്തരീക്ഷത്തിനിടയാക്കിയത്‌. വെടിവയ്‌പു പോലുള്ള അറ്റകൈ പ്രയോഗിക്കുന്നതിനു മുമ്പു കണ്ണീര്‍വാതകമോ, ഗ്രനേഡോ പ്രയോഗികുന്നതു പോലുള്ള നടപടികളും റിപോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടില്ല. ആകാശത്തേക്കു വെടിവയ്‌ക്കാനോ, റബര്‍ ബുള്ളറ്റുകള്‍ ഉപയോഗിച്ചു ജനത്തെ പിരിച്ചുവിടാനോ ശ്രമിക്കാതെയാണു തുടര്‍ച്ചയായി 30 റൗണ്ട്‌ വെടിയുതിര്‍ക്കാന്‍ പോലിസ്‌ തയ്യാറായത്‌.

കൊല്ലപ്പെട്ടവരുടെ പിന്‍ഭാഗങ്ങളിലാണു വെടികൊണ്ട പാടുകള്‍ കാണപ്പെട്ടത്‌. ഇതു പിന്തിരിഞ്ഞോടിയിട്ടും വെടിവയ്‌പ്‌ തുടര്‍ന്നുവെന്ന സൂചനകളാണു നല്‍കുന്നത്‌.

അഞ്ചുമണിയോടെയാണു ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചത്‌. ഇതിനിടെ വെടിയേറ്റവരെ ആശുപത്രിയില്‍ കൊണ്ടുപോവാന്‍ പോലിസ്‌ തയ്യാറായില്ല. മരിച്ച രണ്ടുപേരെ നാട്ടുകാര്‍ തന്നെയാണു വീടുകളിലേക്കു കൊണ്ടുവന്നത്‌.

വെടിയേറ്റ പലരും കടല്‍പ്പണിക്കു പോയ നിരപരാധികളായിരുന്നു. അരയ്‌ക്കു മുകളിലാണു കൂടുതല്‍ പേര്‍ക്കും വെടിയേറ്റിരിക്കുന്നത്‌. ശക്തമായ ഒരു ജമാഅത്ത്‌ സംവിധാനമുള്ള ബീമാപ്പള്ളിയില്‍ പോലിസ്‌ നടപടി സ്വീകരിക്കുന്നതിനു മുമ്പു യാതൊരാലോചനയും നടത്തിയില്ലെന്ന ആക്ഷേപവും പ്രദേശത്തു ശക്തമാണ്‌.

വാര്‍ത്താ സ്രോതസ്സ്‌: തേജസ്‌ 18 മെയ്‌ 2009 തിങ്കള്‍

1 comments:

Anonymous said...

i think kerala state will become as a northindian state in the ruling of L.D.F GOVERNMENT

Post a Comment