Friday, May 8, 2009

മുസ്‌ലിം വോട്ടുകള്‍ 128 മണ്ഡലങ്ങളില്‍ നിര്‍ണായകം

ന്യൂഡല്‍ഹി: ഇന്ത്യയിലെ 16 കോടി വരുന്ന മുസ്‌ലിംകള്‍ക്ക്‌ 128 ലോക്‌സഭാ മണ്ഡലങ്ങളില്‍ നിര്‍ണായക സ്വാധീനമുണ്ടെന്നു കണക്ക്‌. 13ാം തിയ്യതി അവസാനഘട്ട വോട്ടെടുപ്പുകൂടി കഴിയുന്നതോടെ മാറിയ സാഹചര്യത്തില്‍ രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷമായ മുസ്‌ലിംകള്‍ ഏതു കോണിലാണു നിലനില്‍ക്കുന്നതെന്ന്‌ അറിയാനാവും.
ഏറ്റവും കൂടുതല്‍ മുസ്‌ലിം ഭൂരിപക്ഷ മണ്ഡലങ്ങള്‍ ലക്ഷദ്വീപ്‌ (95), കശ്‌മീരിലെ ബാരാമുല്ല (97), അനന്ത്‌നഗര്‍ (95.5), ശ്രീനഗര്‍ (90) എന്നിവയാണ്‌. പകുതിയിലധികം മുസ്‌ലിംകളുള്ള മണ്ഡലങ്ങള്‍ എട്ടെണ്ണമുണ്ട്‌: പൊന്നാനി (66), മലപ്പുറം (56), അസമിലെ ദുബ്‌രി (56), ബിഹാറിലെ കിഷന്‍ഖഞ്ച്‌ (67), വെസ്റ്റ്‌ ബംഗാളിലെ ജംഗിപൂര്‍ (60), മുര്‍ശിദാബാദ്‌ (59), റായ്‌ഖഞ്ച്‌ (56), യു.പിയിലെ രാംപൂര്‍ (50).
40 ശതമാനത്തിനു മേലെ മുസ്‌ലിം ജനസംഖ്യയുള്ള മണ്ഡലങ്ങള്‍ യു.പിയിലെ മുറാദാബാദ്‌ (41), വെസ്റ്റ്‌ ബംഗാളിലെ ബെര്‍ഹാംപൂര്‍ (44), ബസീര്‍ഹട്ട്‌ (44), മാല്‍ഡാ (41), മഹാരാഷ്ട്രയിലെ ഭീവണ്ടി (40), അസമിലെ കരീംഖഞ്ച്‌ (45), കശ്‌മീരിലെ ലഡാക്ക്‌ (46), വയനാട്‌  എന്നിവയാണ്‌. 

യു.പിയിലെ ശഹറാന്‍പൂര്‍ (39), അംറോഹ്‌ (38), ബിജ്‌നോര്‍ (39), മീററ്റ്‌ ഹാപ്പര്‍ (31), കയ്‌രാന (30), വെസ്റ്റ്‌ ബംഗാളിലെ കൃഷണനഗര്‍ (33), ഡയമണ്ട്‌ ഹാര്‍ബര്‍ (33), ജോയ്‌നഗര്‍ (30), ബിഹാറിലെ കാഥിഹാര്‍ (38), പൂര്‍ണിയ (30), മഹാരാഷ്ട്രയിലെ മലേഗാവ്‌ (30), അസമിലെ ബാര്‍പെട്ട (39), നാഗോണ്‍ (33), സില്‍ച്ചാര്‍ (30), കലൈബാര്‍(എസ്‌.സി) (30), കോഴിക്കോട്‌ (35), വടകര (30), ഹൈദരാബാദ്‌ (32), കശ്‌മീരിലെ ഉധംപൂര്‍ (31), ഹരിയാനയിലെ ഗുര്‍ഗോവ്‌ (38) എന്നിങ്ങനെയാണു തൊട്ടടുത്ത മുസ്‌ലിം പ്രാതിനിധ്യമുള്ള മണ്ഡലങ്ങള്‍.
കണ്ണൂര്‍ (26), കാസര്‍കോഡ്‌ (28), ഗുജറാത്തിലെ കച്ച്‌ (20), ന്യൂഡല്‍ഹി (21.6), ജാര്‍ഖണ്ഡിലെ ഗോഡ (25), രാജ്‌മഹല്‍ (25), ജംഷഡ്‌പൂര്‍(20), കര്‍ണാടകയിലെ ഗുല്‍ബര്‍ഗ (20), ജമ്മു (28), ഗുവാഹത്തി (25), മംഗള്‍ഡോ (24), മുംബൈ (20), ഔറംഗബാദ്‌ (20), ബിഹാറിലെ അറാരിയ (29), മധപാനി (24), ദര്‍ബംഗ (22), സിതാമര്‍ഹി (21), വെസ്റ്റ്‌ ചംബാരന്‍ (21), ഈസ്റ്റ്‌ ചംബാരന്‍ (20), വെസ്റ്റ്‌ ബംഗാളിലെ ബോല്‍പൂര്‍ (25), കൂച്ച്‌ ബിഹാര്‍ (23), അല്‍ബേരിയ (22), ഖത്‌വാ (21), മധുരാപൂര്‍ (21), ജാധവ്‌ പൂര്‍ (20), ബുര്‍ദുവാന്‍ (20), യു.പിയിലെ ബറേലി (29), ബല്‍രാംപൂര്‍ (29), മുസഫര്‍നഗര്‍ (28), സംഫാല്‍ (28), പദ്‌റോന (28), ദൊമറിയാഖഞ്ച്‌ (27), ബഹ്‌റൈച്ച്‌ (23), കൈസര്‍ ഖഞ്ച്‌ (23), ലഖ്‌നോ (23), ഷാജഹാന്‍പൂര്‍ (21), ഖലിലാബാദ്‌ (21), ഖുര്‍ജാ(എസ്‌.സി) (21), ബാരബങ്കി(എസ്‌.സി) (21) എന്നിങ്ങനെയാണു വിധിനിര്‍ണായകമാവുന്ന മറ്റു മണ്ഡലങ്ങള്‍.
നഗരങ്ങള്‍ കേന്ദ്രീകരിച്ചും അജ്‌മീര്‍ പോലെയുള്ള ദര്‍ഗകള്‍ കേന്ദ്രീകരിച്ചും തിങ്ങിപ്പാര്‍ക്കുന്ന മുസ്‌ലിംകള്‍ രാജ്യത്തെ 37 മണ്ഡലങ്ങളില്‍ കൂടി വിധിനിര്‍ണായകമാവുമെന്നാണു വിലയിരുത്തല്‍. ഉത്തരേന്ത്യയിലെ 80 സീറ്റുകളില്‍ ആരു ജയിക്കണമെന്നു തീരുമാനിക്കാനുള്ള ശക്തി മുസ്‌ലിംകള്‍ക്കുണ്ട്‌. 16 സംസ്ഥാനങ്ങളിലായാണ്‌ 97 ശതമാനം മുസ്‌ലിംകളും താമസിക്കുന്നത്‌.
ജനസംഖ്യയില്‍ 14 ശതമാനം മുസ്‌ലിംകളാണെന്ന്‌ ഔദ്യോഗിക കണക്കുകള്‍ പറയുമ്പോഴും യഥാര്‍ഥത്തില്‍ 20 ശതമാനത്തോളം മുസ്‌ലിംകള്‍ ഇന്ത്യയിലുണ്ടെന്നാണു വിദഗ്‌ധരുടെ വിലയിരുത്തല്‍. ഇരുസഭകളിലെയും തങ്ങളുടെ പ്രാതിനിധ്യക്കുറവ്‌ സംബന്ധിച്ച്‌ കാലങ്ങളായി മുസ്‌ലിംകള്‍ പരാതി ഉയര്‍ത്തിവരുന്നതാണ്‌. മുസ്‌ലിം രാഷ്ട്രീയ ശാക്തീകരണത്തിന്‌ ഏത്‌ രാഷ്ട്രീയപ്പാര്‍ട്ടിയാണ്‌ കൂടുതല്‍ ആത്മാര്‍ഥത കാണിക്കുന്നതെന്നതിന്റെ വിലയിരുത്തല്‍ കൂടിയാവും ഈ തിരഞ്ഞെടുപ്പു ഫലം.
1980ലാണ്‌ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ മുസ്‌ലിംകള്‍ക്കു ലഭിച്ചത്‌- 46. പിന്നീട്‌ നടന്ന ഓരോ തിരഞ്ഞെടുപ്പിലും മുസ്‌ലിം പ്രാതിനിധ്യം കുറഞ്ഞുകൊണ്ടിരുന്നു. സമുദായത്തിലെ അനൈക്യം, പ്രധാന പാര്‍ട്ടികളുടെ അവഗണന, മുസ്‌ലിം ശക്തി വിഭജിച്ചെടുക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടികളുടെ തന്ത്രങ്ങള്‍ എന്നിവയായിരുന്നു കാരണം.
 ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗ്‌ (കേരളം), മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ (ഹൈദരാബാദ്‌), പുതിയ സംഘടനകളായ എ.യു.ഡി.എഫ്‌ (അസം), ഉലമാ കൗണ്‍സില്‍ (യു.പി) എന്നിവയാണ്‌ മല്‍സര രംഗത്തുള്ള പ്രധാന മുസ്‌ലിം സംഘടനകള്‍. ഉത്തരേന്ത്യയില്‍ മാത്രം 22 ചെറിയ മുസ്‌ലിം സംഘടനകളും പേരിനു മല്‍സര രംഗത്തുണ്ട്‌. യു.പിയിലെ പീസ്‌ പാര്‍ട്ടി, തമിഴ്‌നാട്ടിലെ മുസ്‌ലിം മുന്നേറ്റ കഴകം എന്നിവയും രംഗത്തുണ്ട്‌.
പോപുലര്‍ ഫ്രണ്ട്‌ ഓഫ്‌ ഇന്ത്യ, ഓള്‍ ഇന്ത്യ മുസ്‌ലിം മജ്‌ലിസെ മുശാവറ, ജമാഅത്തെ ഇസ്‌ലാമി, ജംഇയ്യതുല്‍ ഉലമായെ ഹിന്ദ്‌ തുടങ്ങിയ സംഘടനകള്‍ മുസ്‌്‌ലിം സ്ഥാനാര്‍ഥികളെയും മതേതര സ്ഥാനാര്‍ഥികളെയും വിജയിപ്പിക്കാന്‍ ആഹ്വാനം ചെയ്യുന്നു.

വാര്‍ത്താ സ്രോതസ്സ്‌: തേജസ്‌ 9 മെയ്‌ 2009 ശനി

0 comments:

Post a Comment