Thursday, May 28, 2009

`ബീമാപ്പള്ളി: കോടതി ഉത്തരവ്‌ സ്വാഗതാര്‍ഹം'

കോഴിക്കോട്‌: ബീമാപ്പള്ളിയില്‍ ആറുപേരെ വെടിവച്ചു കൊന്ന സംഭവത്തില്‍ ഉത്തരവാദികളായ പോലിസുകാര്‍ക്കെതിരേ കൊലക്കുറ്റത്തിനു കേസെടുക്കാനുള്ള തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ്‌ ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ രണ്ട്‌ കോടതിയുടെ ഉത്തരവ്‌ സ്വാഗതാര്‍ഹമാണെന്നു പോപുലര്‍ ഫ്രണ്ട്‌ സംസ്ഥാന പ്രസിഡന്റ്‌ നാസറുദ്ദീന്‍ എളമരം പ്രസ്‌താവിച്ചു.
തുടക്കംമുതല്‍ പോപുലര്‍ ഫ്രണ്ട്‌ ഉയര്‍ത്തിയ ആവശ്യമാണു കോടതി അംഗീകരിച്ചിരിക്കുന്നത്‌. മുന്നറിയിപ്പില്ലാതെ നിരായുധരായ ജനക്കൂട്ടത്തിനു നേരെ പോലിസ്‌ നടത്തിയ വെടിവയ്‌പും കൂട്ടക്കൊലയും നീതികരിക്കാനാവാത്തതാണ്‌. പണം നല്‍കിയും ചില ഉദ്യോഗസ്ഥരെ മാത്രം സസ്‌പെന്റ്‌ ചെയ്‌തും ജുഡീഷ്യല്‍ അന്വേഷണത്തിനു വിട്ടും പ്രശ്‌നം ഒതുക്കിത്തീര്‍ക്കാമെന്ന സര്‍ക്കാരിന്റെ വ്യാമോഹത്തിനാണു കോടതിവിധിയിലൂടെ തിരിച്ചടിയേറ്റിരിക്കുന്നത്‌. സംഭവത്തിന്‌ ഉത്തരവാദികളായ ഉന്ന ത ഉദ്യോഗസ്ഥര്‍ക്കെതിരേയും നിയമനടപടിക്ക്‌ കോടതിയെ സമീപിക്കുമെന്നും നാസറുദ്ദീന്‍ പ്രസ്‌താവനയില്‍ പറഞ്ഞു. 



വാര്‍ത്താ സ്രോതസ്സ്‌: തേജസ്‌ 28 മെയ്‌ 2009 വ്യാഴം  

സര്‍ക്കാര്‍ മാറാട്ടുകാരോടുള്ള പക അവസാനിപ്പിക്കണം: പോപുലര്‍ ഫ്രണ്ട്‌

കോഴിക്കോട്‌: രണ്ടാം മാറാട്‌ കേസില്‍ കുറ്റക്കാരാണെന്നു കോടതി കണ്ടെത്തിയവരെ ശിക്ഷിച്ചിട്ടും മാറാട്ടുകാരോടുള്ള പക ഇടതുസര്‍ക്കാര്‍ തുടരുന്നതു ദുരൂഹമാണെന്ന്‌ പോപുലര്‍ ഫ്രണ്ട്‌ സംസ്ഥാന എക്‌സിക്യൂട്ടീവ്‌ കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. കോടതിവിധിക്കെതിരേ അപ്പീല്‍ പോവണമെന്നും കുറ്റക്കാരല്ലെന്നു കണ്ട്‌ വിട്ടയച്ചവരെ ശിക്ഷിക്കണമെന്നും ശിക്ഷിച്ചവര്‍ക്കു തന്നെ വധശിക്ഷ നല്‍കണമെന്നുമാണു സര്‍ക്കാര്‍ നിലപാട്‌.
ജാമ്യമില്ലാെത അഞ്ചുവര്‍ഷം ജയിലില്‍ നരകയാതന അനുഭവിച്ച ശേഷമാണ്‌ 76 പേരെ നിരപരാധികളാണെന്നു വിധിച്ച്‌ കോടതി വിട്ടയച്ചത്‌. ശിക്ഷിക്കപ്പെട്ടവരിലും വിട്ടയക്കപ്പെട്ടവരിലും ഗുരുതരമായ രോഗംബാധിച്ചവരും വൃദ്ധരും ഉണ്ടെന്ന മാനുഷിക പരിഗണന പോലും സര്‍ക്കാര്‍ കാട്ടുന്നില്ല. രണ്ടാം മാറാടിന്‌ നിമിത്തമായ ആദ്യമാറാട്‌ കേസിലെ പ്രതികള്‍ സൈ്വരവിഹാരം നടത്തുമ്പോഴായിരുന്നു അതിനുശേഷമുള്ള കേസിലെ പ്രതികളെ മുഴുവന്‍ സര്‍ക്കാര്‍ ജാമ്യം പോലും നല്‍കാതെ പീഡിപ്പിച്ചത്‌. അഞ്ചുവര്‍ഷം ജയില്‍പീഡനം അനുഭവിച്ച്‌ ഒടുവില്‍ വിട്ടയക്കപ്പെട്ട നിരപരാധികള്‍ക്കു നഷ്ടപരിഹാരം നല്‍കാന്‍ കൂട്ടാക്കാത്ത സര്‍ക്കാര്‍ അവരുടെ കുടുംബങ്ങളുടെ മനസ്സില്‍ കനല്‍കോരിയിട്ടു വീണ്ടും മാറാട്ടുകാരെ വേട്ടയാടുന്നതു ക്രൂരമാണ്‌. മാറാട്ടുകാരോടുള്ള പക സര്‍ക്കാര്‍ ഇനിയെങ്കിലും അവസാനിപ്പിക്കണമെന്നും യോഗം അഭ്യര്‍ഥിച്ചു.
സംസ്ഥാന പ്രസിഡന്റ്‌ നാസറുദ്ദീന്‍ എളമരം അധ്യക്ഷത വഹിച്ചു. പി അബ്ദുല്‍ മജീദ്‌ ഫൈസി, യഹ്‌യാ തങ്ങള്‍, എം കെ അശ്‌റഫ്‌, എം അബ്ദുസ്സമദ്‌, കെ മുഹമ്മദാലി പങ്കെടുത്തു. 



വാര്‍ത്താ സ്രോതസ്സ്‌: 28 മെയ്‌ 2009 വ്യാഴം 

Tuesday, May 26, 2009

കേന്ദ്രസര്‍ക്കാര്‍ ജനോപകാര നയങ്ങള്‍ നടപ്പാക്കാന്‍ തയ്യാറാവണം: പോപുലര്‍ ഫ്രണ്ട്‌

ബാംഗ്ലൂര്‍: സ്വതന്ത്ര കമ്പോളവ്യവസ്ഥയ്‌ക്കുള്ള അംഗീകാരമാണു തിരഞ്ഞെടുപ്പുവിജയമെന്ന മുതലാളിത്ത ഏജന്റുമാരുടെ കള്ളപ്രചാരണങ്ങളില്‍ വീണുപോവാതെ ജനോപകാരപ്രദമായ നയപരിപാടികളുമായി മുന്നോട്ടുപോവാന്‍ യു.പി.എ സര്‍ക്കാര്‍ തയ്യാറാവണമെന്നു പോപുലര്‍ ഫ്രണ്ട്‌ ഓഫ്‌ ഇന്ത്യ ദേശീയ എക്‌സിക്യൂട്ടീവ്‌ കൗണ്‍സില്‍ ആവശ്യപ്പെട്ടു.

പാവങ്ങളുടെ സാമ്പത്തികാഭിവൃദ്ധിയും മതേതരത്വ സംരക്ഷണവും ഉയര്‍ത്തിപ്പിടിക്കുന്ന സര്‍ക്കാരിനെ തിരഞ്ഞെടുക്കാനും ഹിന്ദുത്വ വലതുപക്ഷ ശക്തികളെ പരാജയപ്പെടുത്താനും രാജ്യത്തെ വോട്ടര്‍മാര്‍ കാണിച്ച വിവേകത്തെയും പ്രായോഗികബുദ്ധിയെയും കൗണ്‍സില്‍ അഭിനന്ദിച്ചു. ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി, കാര്‍ഷികകടം എഴുത്തിത്തള്ളല്‍ പോലുള്ള മികച്ച പ്രവര്‍ത്തനങ്ങളാണു കോണ്‍ഗ്രസ്‌ മുന്നണിയെ അധികാരത്തില്‍ തിരികെയെത്തിച്ചത്‌.

നവഉദാരീകരണ നയങ്ങളെയും ആഗോള സാമ്പത്തികവ്യവസ്ഥയ്‌ക്കനുസരിച്ച്‌ ഇന്ത്യന്‍ സമ്പദ്‌രംഗത്തെ മാറ്റിയെടുക്കാനുള്ള കോര്‍പറേറ്റ്‌ ശക്തികളുടെ ശ്രമങ്ങളെയും ജനങ്ങള്‍ ധീരമായി ചെറുത്തുനിന്ന കാര്യം മറക്കാറായിട്ടില്ല. കോണ്‍ഗ്രസ്സിനെത്തന്നെ പിന്തുണയ്‌ക്കുന്നതിലൂടെ മുസ്‌ലിംകള്‍ അവരുടെ നിര്‍ണായക പ്രാധാന്യവും അതേസമയം തങ്ങളുടെ നിസ്സഹായാവസ്ഥയും ഒരിക്കല്‍ക്കൂടി വ്യക്തമാക്കിയിരിക്കുകയാണ്‌. മുഖ്യ ശത്രുവിനെ തോല്‍പ്പിക്കാന്‍ `തന്ത്രപരമായ വോട്ടിങ്‌' എന്ന പതിവുശൈലി അവര്‍ എന്നന്നേക്കുമായി അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പുതിയ ലോക്‌സഭയിലെ മുസ്‌ലിം പ്രാതിനിധ്യക്കുറവ്‌ ഇതിലേക്കാണു വിരല്‍ചൂണ്ടുന്നത്‌.

ജനവിരുദ്ധവും നവഉദാരവല്‍ക്കരണത്തിലൂന്നിയതുമായ സാമ്പത്തികനയങ്ങള്‍ ഉപേക്ഷിച്ച്‌ സാര്‍വത്രിക വിദ്യാഭ്യാസം, ഭക്ഷ്യസുരക്ഷ, ആരോഗ്യപരിപാലനം തുടങ്ങിയ മേഖലകള്‍ക്ക്‌ ബജറ്റില്‍ കൂടുതല്‍ തുക വകയിരുത്തണമെന്നും ദേശീയ എക്‌സിക്യൂട്ടീവ്‌ കൗണ്‍സില്‍ ആവശ്യപ്പെട്ടു. മുസ്‌ലിംകളുടെ സാമൂഹിക-സാമ്പത്തിക പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനുപകരം അധരസേവയില്‍ കാര്യങ്ങള്‍ ഒതുക്കുകയായിരുന്നു കഴിഞ്ഞ യു.പി.എ സര്‍ക്കാര്‍. സച്ചാര്‍ കമ്മിറ്റി റിപോര്‍ട്ട്‌ ഇപ്പോഴും പൊടിപിടിച്ചുകിടക്കുന്നു. മുസ്‌ലിംകള്‍ക്ക്‌ 10 ശതമാനം സംവരണം ഏര്‍പ്പെടുത്തണമെന്ന രംഗനാഥ്‌ മിശ്രയുടെ ശുപാര്‍ശ നടപ്പാക്കാന്‍ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. സമുദായത്തിലെ ദാരിദ്ര്യവും നിരക്ഷരതയും തുടച്ചുനീക്കുന്നതിനു കൂടുതല്‍ ഫണ്ട്‌ അനുവദിച്ച്‌, മുസ്‌ലിം പുരോഗതിക്കായുള്ള പ്രധാനമന്ത്രിയുടെ പതിമൂന്നിന പരിപാടി നവീകരിക്കണമെന്നും കൗണ്‍സില്‍ ആവശ്യപ്പെട്ടു.

വോട്ടര്‍മാര്‍ ബി.ജെ.പിയുടെ നട്ടെല്ലൊടിച്ചുവെന്നുള്ളതു ശ്ലാഘനീയമായ കാര്യമാണ്‌. നരേന്ദ്രമോഡിയെപ്പോലുള്ള ഹിന്ദുത്വ നേതാക്കള്‍ക്ക്‌ ജനപിന്തുണയില്ലെന്നും ഈ തിരഞ്ഞെടുപ്പ്‌ തെളിയിച്ചു. രാജ്യത്തെ രാഷ്ട്രീയ യാഥാര്‍ഥ്യങ്ങള്‍ നേരാംവണ്ണം ഉള്‍ക്കൊള്ളുന്നതില്‍ ഇടതുപാര്‍ട്ടികള്‍ക്കുണ്ടായ പരാജയവും നവഉദാരവല്‍ക്കരണത്തെ പരോക്ഷമായി അനുകൂലിക്കുന്ന അവരുടെ സാമ്പത്തികനയങ്ങള്‍ക്കേറ്റ തിരിച്ചടിയുമാണു തിരഞ്ഞെടുപ്പ്‌ വിരല്‍ചൂണ്ടുന്ന മറ്റു പ്രധാന സംഗതികള്‍.

അമേരിക്കയുമായും അവരുടെ പറ്റുകാരായ ഇസ്രായേലുമായുമുള്ള പ്രത്യക്ഷവും പരോക്ഷവുമായ മുഴുവന്‍ സുരക്ഷാബന്ധങ്ങളില്‍ നിന്നു സര്‍ക്കാര്‍ പിന്തിരിയണമെന്നും യോഗം അഭ്യര്‍ഥിച്ചു.

ചെയര്‍മാന്‍ ഇ എം അബ്ദുര്‍റഹ്‌മാന്‍ അധ്യക്ഷത വഹിച്ചു. എ സഈദ്‌, കെ എം ശരീഫ്‌, ഒ എം എ സലാം, ദഹ്‌ലാന്‍ ബാഖവി, ഉസ്‌മാന്‍ ബേഗ്‌, മുഹമ്മദ്‌ അലി ജിന്ന, എം കെ ഫൈസി, പ്രഫ. പി കോയ, കെ അബ്ദുല്‍ ലത്തീഫ്‌ സംബന്ധിച്ചു.

Monday, May 18, 2009

ബീമാപ്പള്ളി വെടിവയ്‌പ്‌- വീഡിയോ

മാപ്പള്ളി വെടിവയ്‌പ്‌- പോപുലര്‍ ഫ്രണ്ടിന്റെയും മറ്റ്‌ സംഘടനകളുടെയും പ്രതിഷേധ മാര്‍ച്ച്‌ വീഡിയോ
www.zshare.net/video/60187104079473f1/

Sunday, May 17, 2009

ബീമാപ്പള്ളി പോലിസ്‌ വെടിവയ്‌പ്‌: നരഹത്യക്ക്‌ കേസെടുക്കണം- പോപുലര്‍ ഫ്രണ്ട്‌

കോഴിക്കോട്‌: തിരുവനന്തപുരത്ത്‌ ബീമാപ്പള്ളിയില്‍ നാലു പേരെ ഏകപക്ഷീയമായി വെടിവച്ചുകൊന്ന പോലിസുദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്തു നരഹത്യക്കു കേസെടുക്കണമെന്നു പോപുലര്‍ ഫ്രണ്ട്‌ ജനറല്‍ സെക്രട്ടറി പി അബ്ദുല്‍മജീദ്‌ ഫൈസി ആവശ്യപ്പെട്ടു.
തലേദിവസം രാത്രി ഏതാനും സാമൂഹികവിരുദ്ധരുണ്ടാക്കിയ കശപിശ വര്‍ഗീയസംഘര്‍ഷമായി വ്യാപിക്കുന്നതു തടയാന്‍ പോലിസ്‌ യാതൊരു നടപടിയുമെടുത്തില്ല. പോലിസ്‌ തക്കസമയത്ത്‌ നിഷ്‌പക്ഷമായി ഇടപെട്ടിരുന്നെങ്കില്‍ തുടര്‍ന്നുണ്ടായ അനിഷ്ടസംഭവങ്ങള്‍ മുഴുവന്‍ ഒഴിവാക്കാമായിരുന്നു.
ഇരുവിഭാഗം ജനങ്ങളെയും ഫലപ്രദമായി തടയുന്നതിനു പകരം പോലിസ്‌ തുടര്‍ച്ചയായി ഒരു വിഭാഗത്തിനു നേരെ നിരവധി തവണ നിറയൊഴിച്ചതിനു യാതൊരു ന്യായീകരണവുമില്ല. തോക്കുധാരികളായ പോലിസുകാര്‍ യഥേഷ്ടം വെടിവച്ച സംഭവം ഉത്തരേന്ത്യന്‍ കലാപഭൂമിയില്‍ നിന്നു മാത്രം ഇതിനു മുമ്പ്‌ കേട്ടിട്ടുള്ളതാണ്‌. ഇതു സംസ്ഥാന പോലിസ്‌ സേനയുടെ ചരിത്രത്തില്‍ ആദ്യത്തേതാണ്‌. സംഭവത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന്‌ ആഭ്യന്തരവകുപ്പിന്‌ ഒഴിഞ്ഞുമാറാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

സി.പി.എം: തിരിച്ചടിയുടെ കാരണങ്ങള്‍

കെ എച്ച്‌ നാസര്‍

കേരളത്തില്‍ മുസ്‌ലിം വോട്ടുകളുടെ ഏകീകരണം മുമ്പെന്നത്തേക്കാളും
ശക്തമായിരുന്നുവെന്നും ആ വോട്ടുകളാണ്‌ വിധി നിര്‍ണയിക്കുകയെന്നുമാണ്‌
വോട്ടെടുപ്പ്‌ കഴിഞ്ഞ ഉടനെ സി.പി.എം സെക്രട്ടേറിയറ്റ്‌ വിലയിരുത്തിയത്‌.
അതുതന്നെയാണു സംഭവിച്ചതും. മുസ്‌ലിംകള്‍ നിര്‍ണായകമായ മേഖലകളിലെല്ലാം
അവരുടെ വോട്ടുകള്‍ ഇടതുമുന്നണിക്കെതിരായി സമാഹരിക്കുന്നതില്‍
പോപുലര്‍ ഫ്രണ്ട്‌ നിര്‍ണായക പങ്കാണു വഹിച്ചത്‌.


20 വര്‍ഷത്തിനുശേഷമാണ്‌ കേരളത്തില്‍ ഇതുപോലൊരു തകര്‍പ്പന്‍ വിജയം യു.ഡി.എഫിനെ തേടിയെത്തുന്നത്‌. യു.ഡി.എഫ്‌ കേന്ദ്രങ്ങളില്‍ വിജയാരവങ്ങള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല. സി.പി.എമ്മാവട്ടെ, തോല്‍വിയുടെ നടുക്കത്തില്‍ നിന്ന്‌ ഇപ്പോഴും പൂര്‍ണമായി മോചിതരായിട്ടുമില്ല. തിരഞ്ഞെടുപ്പു ഫലത്തെക്കുറിച്ചുള്ള വിശകലനങ്ങള്‍ക്കും വിരാമമായിട്ടില്ല. ജയിച്ച യുദ്ധത്തോടൊപ്പമാണ്‌ ജനങ്ങളെന്നു പറയാറുണ്ട്‌. അതുകൊണ്ടുതന്നെ വിജയത്തിന്റെ അവകാശികളായി പലരും രംഗത്തെത്തുമെന്നതു സ്വാഭാവികം. അത്തരം അവകാശവാദങ്ങളില്‍ ഭാഗികമായോ അപൂര്‍വം ചിലപ്പോള്‍ മുഴുവനായോ ശരിയുണ്ടാവുകയും ചെയ്യും. പക്ഷേ, കേരളത്തിലെ തിരഞ്ഞെടുപ്പുഫലം പുറത്തുവന്നുകൊണ്ടിരുന്നപ്പോഴും അതിനുശേഷവും പ്രഫഷനല്‍ വിശകലനവിദഗ്‌ധരും ചാനലുകളിലെ ആങ്കര്‍മാരും ബോധപൂര്‍വമെന്നോണം ഒഴിവാക്കിയ ചില സംഗതികളുണ്ട്‌. തിരഞ്ഞെടുപ്പുഫലത്തെ അവയാണു കൂടുതല്‍ സ്വാധീനിച്ചത്‌.
എല്‍.ഡി.എഫ്‌, വിശേഷിച്ച്‌ സി.പി.എം, അര്‍ഹിക്കുന്നതുതന്നെയാണ്‌ ഈ പരാജയമെന്നതില്‍ പക്ഷാന്തരമില്ല. ഒരു സ്വാഭാവിക തോല്‍വിയായി ഇതിനെ വിലയിരുത്തുന്നതിലും ഒരു പരിധിവരെ തെറ്റില്ല. പക്ഷേ, വിപുലമായ ജനകീയാടിത്തറയും സുസജ്ജമായ കാഡര്‍ സംവിധാനവുമുള്ള സി.പി.എമ്മിനെപ്പോലൊരു പാര്‍ട്ടിയുടെ പരാജയം ഇത്തരം ലളിതമായ വിശകലനയുക്തികളില്‍ തളച്ചിടേണ്ട ഒന്നല്ല. മറ്റൊരര്‍ഥത്തില്‍, സി.പി.എം വിലകൊടുത്തു വാങ്ങിയ തോല്‍വിയാണിത്‌ എന്നുകൂടി പറയേണ്ടിവരും.
പല ഘടകങ്ങളും ഇടതുമുന്നണിയുടെ പരാജയത്തിനു കാരണമായി ഭവിച്ചിട്ടുണ്ട്‌. ഭരണവിരുദ്ധവികാരം അക്കാര്യങ്ങളിലൊന്നാണ്‌. ഇടതുപാര്‍ട്ടികളുടെ പരമ്പരാഗത വോട്ട്‌ബാങ്കായ ദലിത്‌ വിഭാഗങ്ങളില്‍ മുക്കാല്‍ പങ്കും സി.പി.എം വിമതവോട്ടുകളും സി.പി.എമ്മിന്റെ തിരഞ്ഞെടുപ്പുനയങ്ങളോടുള്ള നിഷേധവോട്ടുകളുമെല്ലാം അതിന്റേതായ പങ്കുവഹിച്ചിട്ടുണ്ടാവാം. പലപ്പോഴും ഇടതുമുന്നണിയെ പിന്തുണച്ചുപോന്ന മുസ്‌ലിംകള്‍ മുഴുവനായും ഇത്തവണ എല്‍.ഡി.എഫിനെ കൈയൊഴിഞ്ഞു. ബാബരി മസ്‌ജിദ്‌ തകര്‍ച്ചയ്‌ക്കുശേഷം മുസ്‌ലിംകളില്‍ ഉടലെടുത്ത കോണ്‍ഗ്രസ്‌ വിരോധം കോണ്‍ഗ്രസ്‌ സര്‍ക്കാരിന്റെ അമേരിക്കന്‍-ഇസ്രായേല്‍ വിധേയത്വം കൂടിയായപ്പോള്‍ അതിശക്തമായി. മുസ്‌ലിം ജനവിഭാഗങ്ങളുടെ ഈ പ്രതിഷേധരാഷ്ട്രീയം ചിലപ്പോഴൊക്കെ കോണ്‍ഗ്രസ്സിന്‌ വിനയായും ഇടതുമുന്നണിക്കു തുണയായും വര്‍ത്തിച്ചിട്ടുണ്ട്‌. സദ്ദാം ഹുസയ്‌ന്റെ നല്ല ഫ്‌ളക്‌സ്‌ ബോര്‍ഡുകള്‍ സ്ഥാപിച്ചു സാമ്രാജ്യത്വവിരോധമെന്ന മുസ്‌ലിം പൊതുവികാരത്തെ ചൂഷണം ചെയ്‌തു നേട്ടമുണ്ടാക്കാനും ഇടതുമുന്നണിക്കു സാധിച്ചിട്ടുണ്ട്‌. ഇടതുമുന്നണിക്കു വോട്ട്‌ ചെയ്യുന്നതില്‍ കുഴപ്പമില്ലെന്നു കരുതിയ മുസ്‌ലിംകള്‍ പ്രതീക്ഷയോടെ അവരെ ഉറ്റുനോക്കാനും പിന്തുണയ്‌ക്കാനും തുടങ്ങി. മുസ്‌ലിം രാഷ്ട്രീയശക്തിക്ക്‌ ഇടക്കാലത്തുണ്ടായ അപചയം മുസ്‌ലിംകളെ ഇടതുപക്ഷത്തേക്കു കൂടുതല്‍ അടുപ്പിച്ചു. അങ്ങനെ മുസ്‌ലിം സമുദായത്തില്‍ മെല്ലെമെല്ലെ തങ്ങളുടെ രാഷ്ട്രീയാടിത്തറ വിപുലപ്പെടുത്താനുള്ള അടവുകളും തന്ത്രങ്ങളും സി.പി.എം പുറത്തെടുത്തുതുടങ്ങി.
സാമ്രാജ്വത്വവിരോധമെന്ന `പെതഡിന്‍' കൊടുത്തു സമുദായത്തെ മയക്കിയും സര്‍ക്കാര്‍ കമ്മിറ്റികളിലും വിദഗ്‌ധസമിതികളിലും ചില മുസ്‌ലിം സംഘടനകളുടെ പ്രതിനിധികള്‍ക്കു കസേര കൊടുത്തും മുസ്‌ലിം ജനവിഭാഗങ്ങളെ പാട്ടിലാക്കാന്‍ കഴിയുമെന്നു സി.പി.എം വ്യാമോഹിച്ചു. ഈ വ്യാമോഹം അതിരുകടന്നപ്പോഴാണ്‌ മലപ്പുറം ചുവപ്പിക്കാനും മുസ്‌ലിംകളുടെ സംഘടിത രാഷ്ട്രീയശക്തിയെ തന്നെ തകര്‍ത്തു മുസ്‌ലിം മേഖലകളില്‍ ആധിപത്യമുറപ്പിക്കാനും പാര്‍ട്ടി പദ്ധതികളൊരുക്കിയത്‌. ചില സമുദായസംഘടനകളുടെ സോപാധികവും നിരുപാധികവുമായ പിന്തുണയുടെ ബലത്തില്‍ ഇതു സാധ്യമാക്കാമെന്നാണു സി.പി.എം കണക്കുകൂട്ടിയത്‌. പക്ഷേ, അപ്പോഴും സി.പി.എമ്മിന്റെ അപകടകരമായ ഈ നീക്കം മുന്‍കൂട്ടി മനസ്സിലാക്കിയ ചിലരെങ്കിലും സമുദായത്തിലുണ്ടായിരുന്നു. ബംഗാളിലെ മൂന്നുപതിറ്റാണ്ടു കാലത്തെ സി.പി.എം ഭരണത്തിന്റെ തിക്താനുഭവങ്ങളും കേരളത്തില്‍ തന്നെ മുസ്‌ലിംകളുടെ സാമൂഹികപരിഷ്‌കരണങ്ങള്‍ക്കും ശാക്തീകരണത്തിനും വിലങ്ങുതടിയായി നില്‍ക്കുന്ന സി.പി.എമ്മിന്റെ കപട നിലപാടുകളും തിരിച്ചറിഞ്ഞ പോപുലര്‍ ഫ്രണ്ടാണ്‌ അക്കൂട്ടത്തില്‍ പ്രമുഖം. തങ്ങളുടെ രാഷ്ട്രീയമോഹങ്ങള്‍ക്ക്‌ ഏറ്റവും വലിയ തടസ്സമാവുക പോപുലര്‍ ഫ്രണ്ടാണെന്ന്‌ കൃത്യമായും സി.പി.എമ്മിന്‌ അറിയാമായിരുന്നു. അതുകൊണ്ടാണ്‌ മുന്‍കൂട്ടി തീരുമാനിച്ചുറപ്പിച്ച പദ്ധതികളുടെ അടിസ്ഥാനത്തില്‍ സി.പി.എമ്മിനെപ്പോലെ ഒരു വലിയ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയും പരിവാരവും താരതമ്യേന ഒരു കൊച്ചുസംഘം മാത്രമായ പോപുലര്‍ ഫ്രണ്ടിനെതിരേ സര്‍വായുധങ്ങളും സമാഹരിച്ചു പോരിനിറങ്ങിയത്‌.
മുന്‍കാല തിരഞ്ഞെടുപ്പുകളില്‍ ഹിന്ദുത്വ വര്‍ഗീയശക്തികള്‍ നിയമനിര്‍മാണസഭകളിലെത്താനുള്ള സാധ്യതകള്‍ തടയാന്‍ വേണ്ടിയാണു പ്രധാനമായും തിരഞ്ഞെടുപ്പുകളില്‍ പോപുലര്‍ ഫ്രണ്ടും പൂര്‍വരൂപമായ എന്‍.ഡി.എഫും ഇടപെട്ടിരുന്നതെങ്കില്‍ ഇത്തവണ കുറേക്കൂടി ഫലപ്രദമായും പ്രത്യക്ഷമായും സംഘടന രംഗത്തുവരുകയുണ്ടായി. നടേ വിവരിച്ച കാരണങ്ങളാല്‍ സി.പി.എമ്മിന്റെ പരാജയം ഉറപ്പുവരുത്താന്‍ യു.ഡി.എഫിനെ പിന്തുണയ്‌ക്കണമെന്ന തീരുമാനം പ്രഖ്യാപിച്ചത്‌ അങ്ങനെയാണ്‌.
കേരളത്തില്‍ മുസ്‌ലിം വോട്ടുകളുടെ ഏകീകരണം മുമ്പെന്നത്തേക്കാളും ശക്തമായിരുന്നുവെന്നും ആ വോട്ടുകളാണ്‌ വിധി നിര്‍ണയിക്കുകയെന്നുമാണ്‌ വോട്ടെടുപ്പ്‌ കഴിഞ്ഞ ഉടനെ സി.പി.എം സെക്രട്ടേറിയറ്റ്‌ വിലയിരുത്തിയത്‌. അതുതന്നെയാണു സംഭവിച്ചതും. മുസ്‌ലിംകള്‍ നിര്‍ണായകമായ മേഖലകളിലെല്ലാം അവരുടെ വോട്ടുകള്‍ ഇടതുമുന്നണിക്കെതിരായി സമാഹരിക്കുന്നതില്‍ പോപുലര്‍ ഫ്രണ്ട്‌ നിര്‍ണായക പങ്കാണു വഹിച്ചത്‌. ആരെല്ലാം സമ്മതിച്ചാലും ഇല്ലെങ്കിലും മുസ്‌ലിംകള്‍ക്ക്‌ അതു ബോധ്യമുണ്ട്‌. യു.ഡി.എഫ്‌ വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചിടങ്ങളിലും എല്‍.ഡി.എഫ്‌ വിജയിച്ച മണ്ഡലങ്ങളില്‍പ്പോലും വോട്ടിങ്‌ പാറ്റേണ്‍ പരിശോധിച്ചാല്‍ ഇതു മനസ്സിലാവും. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, ചാലക്കുടി, തൃശൂര്‍, കോഴിക്കോട്‌, വയനാട്‌ മണ്ഡലങ്ങളില്‍ യു.ഡി.എഫ്‌ സ്ഥാനാര്‍ഥികളുടെ വിജയത്തിനും വടകര, കണ്ണൂര്‍ എന്നീ ഇടതു കോട്ടകള്‍ തകര്‍ന്നതിനും കാരണമായ മുസ്‌ലിം വോട്ടുകളുടെ ഏകീകരണത്തിനു സംഘടനയുടെ സാന്നിധ്യമാണു സഹായകമായത്‌. പൊന്നാനിയിലും മലപ്പുറത്തും നടത്തിയ ചിട്ടയായ പ്രവര്‍ത്തനങ്ങളുടെ ഫലസിദ്ധിയാണ്‌ രണ്ടിടങ്ങളിലെയും വമ്പിച്ച ഭൂരിപക്ഷം. ഇടതുസ്ഥാനാര്‍ഥി നേരിയ ഭൂരിപക്ഷത്തിനു വിജയിച്ച പാലക്കാട്ടും മുസ്‌ലിം ഫാക്‌ടറാണ്‌ പ്രവര്‍ത്തിച്ചതെന്നു കാണാം. അവിടെ യു.ഡി.എഫ്‌ സ്ഥാനാര്‍ഥി പരാജയപ്പെട്ടത്‌ കോണ്‍ഗ്രസ്സിനുള്ളിലെ `പാരകള്‍' കാരണമാണെന്നാണ്‌ ആരോപണം. മുരളി ഇഫക്ട്‌ ഉണ്ടായിട്ടുപോലും ഷൊര്‍ണൂര്‍ നിയമസഭാ മണ്ഡലത്തില്‍ എല്‍.ഡി.എഫിന്‌ ഭൂരിപക്ഷം ലഭിച്ചതും യു.ഡി.എഫ്‌ മണ്ഡലമായ പട്ടാമ്പിയില്‍ എല്‍.ഡി.എഫിന്‌ നേരിയ മുന്‍തൂക്കം ലഭിച്ചതും ഈ ആരോപണത്തിന്‌ അടിവരയിടുന്നു.
പ്രബല യു.ഡി.എഫ്‌ മണ്ഡലമായിരുന്ന എറണാകുളം കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളിലും ഇടത്തോട്ടു ചാഞ്ഞത്‌ മുസ്‌ലിം വോട്ടുകളുടെ പിന്‍ബലം കൊണ്ടുതന്നെയായിരുന്നു. യു.ഡി.എഫ്‌ വന്‍ കുതിപ്പു നടത്തിയ തിരഞ്ഞെടുപ്പായിട്ടും ഇത്തവണ എറണാകുളത്ത്‌ പതിനായിരത്തിനു മേല്‍ വോട്ടിന്റെ മാത്രം ഭൂരിപക്ഷത്തിലാണ്‌ കെ വി തോമസിന്‌ വിജയിക്കാനായത്‌. സ്വതന്ത്രന്മാരെ മാത്രം നിര്‍ത്തി പരീക്ഷിച്ചുപോന്ന അവിടെ ഇത്തവണ സ്വന്തം ചിഹ്നത്തില്‍ ഏറ്റവും മോശം സ്ഥാനാര്‍ഥിയെ രംഗത്തിറക്കിയിട്ടും ഒരു മല്‍സരം നടക്കാനുള്ള കാരണം മുസ്‌ലിം മേഖലകളിലെ വോട്ടുകളുടെ ഏകീകരണമാണെന്നു തിരഞ്ഞെടുപ്പുഫലം തെളിയിക്കുന്നു.
കാന്തപുരം വിഭാഗത്തിന്റെയും ജമാഅത്തെ ഇസ്‌ലാമിയുടെയും പി.ഡി.പിയുടെയും ഐ.എന്‍.എല്ലിന്റെയും പിന്തുണയുണ്ടായിരുന്നിട്ടും മുസ്‌ലിം വോട്ടുകള്‍ നേടുന്നതില്‍ സി.പി.എം പരാജയപ്പെട്ടു. കണ്ണൂരില്‍ പോപുലര്‍ ഫ്രണ്ടിന്റെ ഇടപെടല്‍ സി.പി.എമ്മിനു തലവേദനയായി. മഅ്‌ദനി ഫാക്ടര്‍ വച്ചു നേട്ടം കൊയ്യാമെന്ന പിണറായി തന്ത്രം പാളി. പോപുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയ നിലപാടും ഇടപെടലും കേരളത്തില്‍ ഇടതുമുന്നണിയുടെ വന്‍ തകര്‍ച്ചയ്‌ക്കു വഴിവച്ച പ്രധാന ഘടകങ്ങളിലൊന്നാവുന്നത്‌ ഇക്കാരണങ്ങളാലാണ്‌.

വാര്‍ത്താ സ്രോതസ്സ്‌: തേജസ്‌ 18 മെയ്‌ 2009 തിങ്കള്‍

ബീമാപ്പള്ളി വെടിവയ്‌പ്‌ ന്യായീകരണമില്ലാത്തത്‌

തിരുവനന്തപുരം: ബീമാപ്പള്ളിയിലെ ചെറിയതുറയില്‍ നാലുപേരുടെ മരണത്തിനും നാല്‍പ്പതിലധികം പേര്‍ക്കു പരിക്കേല്‍ക്കാനിടയുമാക്കിയ പോലിസ്‌ വെടിവയ്‌പ്‌ നടന്നതു മേലധികാരികളുടെ അനുമതിയില്ലാതെയും ചട്ടങ്ങള്‍ പാലിക്കാതെയുമാണെന്നു നാട്ടുകാര്‍ ആരോപിക്കുന്നു.

ഇരുവിഭാഗം തമ്മിലുള്ള സംഘര്‍ഷം ഒഴിവാക്കാന്‍ മറ്റു മാര്‍ഗമില്ലാതെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണു പോലിസ്‌ ഭാഷ്യം. എന്നാല്‍, പോലിസിന്റെ ഏകപക്ഷീയമായ ആക്രമണത്തെ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമായി ചിത്രീകരിക്കാനാണു ശ്രമിക്കുന്നതെന്നു ബീമാപ്പള്ളി ജമാഅത്ത്‌ ഭാരവാഹികള്‍ പറയുന്നു.

നിയമപ്രകാരം നല്‍കേണ്ട മുന്നറിയിപ്പുകള്‍ നല്‍കാതെ പോലിസ്‌ ജനക്കൂട്ടത്തിനു നേരെ വെടിയുതിര്‍ത്തതാണു ഭീകരാന്തരീക്ഷത്തിനിടയാക്കിയത്‌. വെടിവയ്‌പു പോലുള്ള അറ്റകൈ പ്രയോഗിക്കുന്നതിനു മുമ്പു കണ്ണീര്‍വാതകമോ, ഗ്രനേഡോ പ്രയോഗികുന്നതു പോലുള്ള നടപടികളും റിപോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടില്ല. ആകാശത്തേക്കു വെടിവയ്‌ക്കാനോ, റബര്‍ ബുള്ളറ്റുകള്‍ ഉപയോഗിച്ചു ജനത്തെ പിരിച്ചുവിടാനോ ശ്രമിക്കാതെയാണു തുടര്‍ച്ചയായി 30 റൗണ്ട്‌ വെടിയുതിര്‍ക്കാന്‍ പോലിസ്‌ തയ്യാറായത്‌.

കൊല്ലപ്പെട്ടവരുടെ പിന്‍ഭാഗങ്ങളിലാണു വെടികൊണ്ട പാടുകള്‍ കാണപ്പെട്ടത്‌. ഇതു പിന്തിരിഞ്ഞോടിയിട്ടും വെടിവയ്‌പ്‌ തുടര്‍ന്നുവെന്ന സൂചനകളാണു നല്‍കുന്നത്‌.

അഞ്ചുമണിയോടെയാണു ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചത്‌. ഇതിനിടെ വെടിയേറ്റവരെ ആശുപത്രിയില്‍ കൊണ്ടുപോവാന്‍ പോലിസ്‌ തയ്യാറായില്ല. മരിച്ച രണ്ടുപേരെ നാട്ടുകാര്‍ തന്നെയാണു വീടുകളിലേക്കു കൊണ്ടുവന്നത്‌.

വെടിയേറ്റ പലരും കടല്‍പ്പണിക്കു പോയ നിരപരാധികളായിരുന്നു. അരയ്‌ക്കു മുകളിലാണു കൂടുതല്‍ പേര്‍ക്കും വെടിയേറ്റിരിക്കുന്നത്‌. ശക്തമായ ഒരു ജമാഅത്ത്‌ സംവിധാനമുള്ള ബീമാപ്പള്ളിയില്‍ പോലിസ്‌ നടപടി സ്വീകരിക്കുന്നതിനു മുമ്പു യാതൊരാലോചനയും നടത്തിയില്ലെന്ന ആക്ഷേപവും പ്രദേശത്തു ശക്തമാണ്‌.

വാര്‍ത്താ സ്രോതസ്സ്‌: തേജസ്‌ 18 മെയ്‌ 2009 തിങ്കള്‍

Wednesday, May 13, 2009

എക്‌സിറ്റ്‌പോള്‍: യു.പി.എ മുന്നില്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ്‌ നേതൃത്വത്തിലുള്ള യു.പി.എ ഏറ്റവും കൂടുതല്‍ സീറ്റ്‌ നേടുമെന്ന്‌ അഞ്ചാംഘട്ട തിരഞ്ഞെടുപ്പ്‌ പൂര്‍ത്തിയായ ഉടനെ വന്ന എക്‌സിറ്റ്‌ പോള്‍ ഫലങ്ങള്‍.
വിവിധ വാര്‍ത്താ ചാനലുകള്‍ നടത്തിയ എക്‌സിറ്റ്‌ പോള്‍ ഫലങ്ങളാണ്‌ യു.പി.എയെ മുന്നില്‍ നിര്‍ത്തുന്നത്‌. 545 അംഗ ലോക്‌സഭയില്‍ യു.പി.എ 195നും 201നും ഇടയ്‌ക്ക്‌ സീറ്റ്‌ നേടുമെന്ന്‌ ഇന്ത്യാ ടി.വി പുറത്തുവിട്ട എക്‌സിറ്റ്‌ പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നു. രാഷ്ട്രീയ ജനതാദള്‍, സമാജ്‌വാദി പാര്‍ട്ടി തുടങ്ങിയ കക്ഷികളെ കൂടെ നിര്‍ത്തിയാല്‍ ഇത്‌ 227 മുതല്‍ 237 സീറ്റ്‌ വരെ പോവാമെന്നും ഇന്ത്യാ ടി.വി എക്‌സിറ്റ്‌ പോള്‍ ഫലം പറയുന്നു.
ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സഖ്യം 189നും 195നുമിടയില്‍ സീറ്റ്‌ നേടും. മൂന്നാംമുന്നണി?ക്ക്‌ 113നും 121നുമിടയില്‍ സീറ്റ്‌ ലഭിക്കും. യു.പി.എ 199 സീറ്റ്‌ നേടുമെന്ന്‌ സ്റ്റാര്‍ ന്യൂസ്‌ ടെലിവിഷന്റെ എക്‌സിറ്റ്‌ പോള്‍ ഫലം പറയുന്നു. എന്‍.ഡി.എ 191 സീറ്റ്‌ നേടും. യു.പി.എക്ക്‌ 191 സീറ്റ്‌ നേടാനാവുമെന്നാണ്‌ ഹെഡ്‌ലൈന്‍സ്‌ ടുഡേയുടെ എക്‌സിറ്റ്‌പോള്‍ ഫലം പ്രവചിക്കുന്നത്‌. എന്‍.ഡി.എ 180 സീറ്റിലൊതുങ്ങും.
ഇതോടൊപ്പം ബി.ജെ.പിയും അവരുടെ എക്‌സിറ്റ്‌ പോള്‍ ഫലം പുറത്തുവിട്ടു. 166 സീറ്റ്‌ നേടി ബി.ജെ.പി ഏറ്റവും വലിയ ഒറ്റക്കക്ഷിയാവുമെന്നും കോണ്‍ഗ്രസ്‌ 139 സീറ്റിലൊതുങ്ങുമെന്നുമാണ്‌ ബി.ജെ.പി എക്‌സിറ്റ്‌ പോള്‍ ഫലം വിലയിരുത്തുന്നത്‌. എന്‍.ഡി.എ ഘടകകക്ഷികള്‍ 51 സീറ്റും യു.പി.എ ഘടകകക്ഷികള്‍ 35 സീറ്റും നേടുമെന്ന്‌ ബി.ജെ.പി എക്‌സിറ്റ്‌ പോള്‍ ഫലം പറയുന്നു.
ചില സംസ്ഥാനങ്ങള്‍ യു.പി.എക്കും എന്‍.ഡി.എക്കും ഒരുപോലെ ഷോക്ക്‌ നല്‍കുമെന്നു ടൈംസ്‌ നൗ പ്രവചിക്കുന്നു. ആന്ധ്രപ്രദേശില്‍ കോണ്‍ഗ്രസ്‌ 2004ലെ 29ല്‍ നിന്ന്‌ 15ലേക്ക്‌ താഴും. ഇവിടെ ടി.ഡി.പി-ടി.ആര്‍.എസ്‌ സഖ്യം 20 സീറ്റ്‌ വീതം നേടും. ചിരഞ്‌ജീവിയുടെ പ്രജാരാജ്യത്തിന്‌ അഞ്ചു സീറ്റാണ്‌ പ്രവചിക്കപ്പെടുന്നത്‌. അതേസമയം, രാജസ്ഥാനില്‍ കോണ്‍ഗ്രസ്‌ നാലില്‍ നിന്ന്‌ 13ലേക്കു കുതിക്കും.
കാര്യമായ വ്യതിയാനം പ്രതീക്ഷിക്കപ്പെടുന്നത്‌ ബിഹാറിലാണ്‌. നിതീഷ്‌ കുമാറിന്റെ ജെ.ഡി.യു ഉള്‍പ്പെടുന്ന എന്‍.ഡി.എ സഖ്യം 29 സീറ്റ്‌ (ജെ.ഡി.യു-19, ബി.ജെ.പി-10) തൂത്തുവാരും. ആര്‍.ജെ.ഡി-എല്‍.ജെ.പി സഖ്യം 26ല്‍ നിന്ന്‌ ആറിലേക്ക്‌ കൂപ്പുകുത്തുമെന്നും സര്‍വേ പറയുന്നു.
80 സീറ്റുള്ള സുപ്രധാന സംസ്ഥാനങ്ങളിലൊന്നായ യു.പിയില്‍ കോണ്‍ഗ്രസ്‌ തിരിച്ചുവരവിന്റെ പാതയിലാണെന്നാണു സൂചനകള്‍. കോണ്‍ഗ്രസ്സും ബി.ജെ.പിയും ഇവിടെ 14 സീറ്റ്‌ നേടും. ബി.എസ്‌.പി പ്രതീക്ഷിച്ചതുപോലെ 28 സീറ്റുമായി മുന്നിലെത്തും.
എസ്‌.പിക്ക്‌ 23 സീറ്റാണ്‌ പ്രതീക്ഷിക്കപ്പെടുന്നത്‌. കര്‍ണാടകയില്‍ ഇത്തവണയും ബി.ജെ.പി തരംഗം തുടരും. പാര്‍ട്ടിക്ക്‌ ഇവിടെ 16 സീറ്റും കോണ്‍ഗ്രസ്സിന്‌ ഒമ്പതും ജനതാദള്‍ സെക്യുലറിന്‌ രണ്ടും സീറ്റ്‌ കിട്ടും.
തമിഴ്‌നാട്ടില്‍ ജയലളിത സഖ്യം 24 സീറ്റുമായി ശക്തമായ തിരിച്ചുവരവ്‌ നടത്തും. ഡി.എം.കെ നാലു സീറ്റുമായി തകര്‍ന്നടിയും. കോണ്‍ഗ്രസ്സിന്‌ നാലു സീറ്റാണ്‌ പ്രതീക്ഷിക്കപ്പെടുന്നത്‌.
സി.എന്‍.എന്‍/ഐ.ബി.എന്‍ പ്രവചനപ്രകാരം കോണ്‍ഗ്രസ്‌ 145-160 സീറ്റുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയാവും. കോണ്‍ഗ്രസ്‌ സഖ്യത്തിന്‌ 185-205 സീറ്റ്‌ കിട്ടും. എന്‍.ഡി.എ 165-185 സീറ്റ്‌ നേടും. ബി.ജെ.പിക്ക്‌ മാത്രമായി 135-150 സീറ്റാണ്‌ കണക്കുകൂട്ടുന്നത്‌. മൂന്നാംമുന്നണി 110-130, നാലാംമുന്നണി 25-35, മറ്റുള്ളവര്‍ 20-30 സീറ്റും നേടുമെന്ന്‌ സി.എന്‍.എന്‍/ഐ.ബി.എന്‍ എക്‌സിറ്റ്‌ പോള്‍ പറയുന്നു.  

Tuesday, May 12, 2009

പോപുലര്‍ ഫ്രണ്ട്‌ ഓഫ്‌ ഇന്ത്യ ദേശീയ രാഷ്ട്രീയ സമ്മേളനം (2009 ഫെബ്രുവരി 13-15 കോഴിക്കോട്‌) വീഡിയോ 
http://www.zshare.net/download/599036643e4d4125/


സിവില്‍ സര്‍വീസ് പരിശീലനം

ന്യൂദല്‍ഹി  സകാത്ത് ഫൌണ്ടേഷന്‍ ഓഫ് ഇന്ത്യ
 www.zakatindia.org
നടത്തുന്ന സൌജന്യ സിവില്‍ സര്‍വീസ് പരിശീലനത്തിന്   പ്രവേശന പരീക്ഷയും ഇന്റര്‍വ്യൂവും ഈമാസം 14ന്  തിരൂരങ്ങാടി പി.എസ്.എം.ഒ കോളജില്‍ നടത്തും.  മൂന്നാം വര്‍ഷ ഡിഗ്രി ഫലം കാത്തിരിക്കുന്നവര്‍ക്കും ബിരുദധാരികള്‍ക്കും അപേക്ഷിക്കാം. പ്രായം 29 വയസ്സ് കവിയരുത്. ഇംഗ്ലീഷ് മാധ്യമമായുള്ള പരീക്ഷയില്‍ 50 മാര്‍ക്കിനുള്ള പൊതുവിജ്ഞാനവും 25 മാര്‍ക്കിന് ഏതെങ്കിലും വിഷയത്തില്‍ ലേഖനവുമടങ്ങുന്നതായിരിക്കും പരീക്ഷ. വിഷയം പരീക്ഷാസമയത്ത് നല്‍കും. പാസ്പോര്‍ട്ട് സൈസ് ഫോട്ടോ  കൊണ്ടുവരണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447432045, 9847709676, 0494 2460635 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക
 Email info@zakatindia.org .

2010ലെ സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷആ പരിശീലനത്തിന് സംസ്ഥാന സിവില്‍ സര്‍വീസ് അക്കാദമി അപേക്ഷ ക്ഷണിച്ചു. ജൂണ്‍ ആറിന് നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും  പ്രവേശനം. അപേക്ഷാ ഫോറം www.ccek.org ല്‍ ലഭിക്കും.
അപേക്ഷയോടൊപ്പം ഡയറക്ടര്‍, സെന്റര്‍ ഫോര്‍ കണ്ടിന്യൂയിംഗ് എജുക്കേഷന്‍ കേരളയുടെ പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന ദേശസാല്‍കൃത ബാങ്കിലെ 100 രൂപയുടെ ഡി.ഡി യും വേണം. ഫോറം 100 രൂപയ്ക്ക് ഓഫീസില്‍ നിന്ന് നേരിട്ട് ലഭിക്കും. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂണ്‍ ആറ്. വിലാസം: ഡയറക്ടര്‍, സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമി, എസ്.എസ് കോവില്‍ റോഡ,് തമ്പാനൂര്‍,  തിരുവനന്തപുരം-1.
ഫോണ്‍: 0471-2333065, 2331654.

Saturday, May 9, 2009

പോപുലര്‍ ഫ്രണ്ട്‌ പൊന്നാനി മണ്ഡലം തിരഞ്ഞെടുപ്പ പ്രചാരണം- അഷ്‌റഫ്‌ മൗലവി മൂവാറ്റുപുഴ പ്രസംഗിക്കുന്നു

പോപുലര്‍ ഫ്രണ്ട്‌ പൊന്നാനി മണ്ഡലം തിരഞ്ഞെടുപ്പ പ്രചാരണം- ഇ അബൂബക്കര്‍ പ്രസംഗിക്കുന്നു

Friday, May 8, 2009

മുസ്‌ലിം വോട്ടുകള്‍ 128 മണ്ഡലങ്ങളില്‍ നിര്‍ണായകം

ന്യൂഡല്‍ഹി: ഇന്ത്യയിലെ 16 കോടി വരുന്ന മുസ്‌ലിംകള്‍ക്ക്‌ 128 ലോക്‌സഭാ മണ്ഡലങ്ങളില്‍ നിര്‍ണായക സ്വാധീനമുണ്ടെന്നു കണക്ക്‌. 13ാം തിയ്യതി അവസാനഘട്ട വോട്ടെടുപ്പുകൂടി കഴിയുന്നതോടെ മാറിയ സാഹചര്യത്തില്‍ രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷമായ മുസ്‌ലിംകള്‍ ഏതു കോണിലാണു നിലനില്‍ക്കുന്നതെന്ന്‌ അറിയാനാവും.
ഏറ്റവും കൂടുതല്‍ മുസ്‌ലിം ഭൂരിപക്ഷ മണ്ഡലങ്ങള്‍ ലക്ഷദ്വീപ്‌ (95), കശ്‌മീരിലെ ബാരാമുല്ല (97), അനന്ത്‌നഗര്‍ (95.5), ശ്രീനഗര്‍ (90) എന്നിവയാണ്‌. പകുതിയിലധികം മുസ്‌ലിംകളുള്ള മണ്ഡലങ്ങള്‍ എട്ടെണ്ണമുണ്ട്‌: പൊന്നാനി (66), മലപ്പുറം (56), അസമിലെ ദുബ്‌രി (56), ബിഹാറിലെ കിഷന്‍ഖഞ്ച്‌ (67), വെസ്റ്റ്‌ ബംഗാളിലെ ജംഗിപൂര്‍ (60), മുര്‍ശിദാബാദ്‌ (59), റായ്‌ഖഞ്ച്‌ (56), യു.പിയിലെ രാംപൂര്‍ (50).
40 ശതമാനത്തിനു മേലെ മുസ്‌ലിം ജനസംഖ്യയുള്ള മണ്ഡലങ്ങള്‍ യു.പിയിലെ മുറാദാബാദ്‌ (41), വെസ്റ്റ്‌ ബംഗാളിലെ ബെര്‍ഹാംപൂര്‍ (44), ബസീര്‍ഹട്ട്‌ (44), മാല്‍ഡാ (41), മഹാരാഷ്ട്രയിലെ ഭീവണ്ടി (40), അസമിലെ കരീംഖഞ്ച്‌ (45), കശ്‌മീരിലെ ലഡാക്ക്‌ (46), വയനാട്‌  എന്നിവയാണ്‌. 

യു.പിയിലെ ശഹറാന്‍പൂര്‍ (39), അംറോഹ്‌ (38), ബിജ്‌നോര്‍ (39), മീററ്റ്‌ ഹാപ്പര്‍ (31), കയ്‌രാന (30), വെസ്റ്റ്‌ ബംഗാളിലെ കൃഷണനഗര്‍ (33), ഡയമണ്ട്‌ ഹാര്‍ബര്‍ (33), ജോയ്‌നഗര്‍ (30), ബിഹാറിലെ കാഥിഹാര്‍ (38), പൂര്‍ണിയ (30), മഹാരാഷ്ട്രയിലെ മലേഗാവ്‌ (30), അസമിലെ ബാര്‍പെട്ട (39), നാഗോണ്‍ (33), സില്‍ച്ചാര്‍ (30), കലൈബാര്‍(എസ്‌.സി) (30), കോഴിക്കോട്‌ (35), വടകര (30), ഹൈദരാബാദ്‌ (32), കശ്‌മീരിലെ ഉധംപൂര്‍ (31), ഹരിയാനയിലെ ഗുര്‍ഗോവ്‌ (38) എന്നിങ്ങനെയാണു തൊട്ടടുത്ത മുസ്‌ലിം പ്രാതിനിധ്യമുള്ള മണ്ഡലങ്ങള്‍.
കണ്ണൂര്‍ (26), കാസര്‍കോഡ്‌ (28), ഗുജറാത്തിലെ കച്ച്‌ (20), ന്യൂഡല്‍ഹി (21.6), ജാര്‍ഖണ്ഡിലെ ഗോഡ (25), രാജ്‌മഹല്‍ (25), ജംഷഡ്‌പൂര്‍(20), കര്‍ണാടകയിലെ ഗുല്‍ബര്‍ഗ (20), ജമ്മു (28), ഗുവാഹത്തി (25), മംഗള്‍ഡോ (24), മുംബൈ (20), ഔറംഗബാദ്‌ (20), ബിഹാറിലെ അറാരിയ (29), മധപാനി (24), ദര്‍ബംഗ (22), സിതാമര്‍ഹി (21), വെസ്റ്റ്‌ ചംബാരന്‍ (21), ഈസ്റ്റ്‌ ചംബാരന്‍ (20), വെസ്റ്റ്‌ ബംഗാളിലെ ബോല്‍പൂര്‍ (25), കൂച്ച്‌ ബിഹാര്‍ (23), അല്‍ബേരിയ (22), ഖത്‌വാ (21), മധുരാപൂര്‍ (21), ജാധവ്‌ പൂര്‍ (20), ബുര്‍ദുവാന്‍ (20), യു.പിയിലെ ബറേലി (29), ബല്‍രാംപൂര്‍ (29), മുസഫര്‍നഗര്‍ (28), സംഫാല്‍ (28), പദ്‌റോന (28), ദൊമറിയാഖഞ്ച്‌ (27), ബഹ്‌റൈച്ച്‌ (23), കൈസര്‍ ഖഞ്ച്‌ (23), ലഖ്‌നോ (23), ഷാജഹാന്‍പൂര്‍ (21), ഖലിലാബാദ്‌ (21), ഖുര്‍ജാ(എസ്‌.സി) (21), ബാരബങ്കി(എസ്‌.സി) (21) എന്നിങ്ങനെയാണു വിധിനിര്‍ണായകമാവുന്ന മറ്റു മണ്ഡലങ്ങള്‍.
നഗരങ്ങള്‍ കേന്ദ്രീകരിച്ചും അജ്‌മീര്‍ പോലെയുള്ള ദര്‍ഗകള്‍ കേന്ദ്രീകരിച്ചും തിങ്ങിപ്പാര്‍ക്കുന്ന മുസ്‌ലിംകള്‍ രാജ്യത്തെ 37 മണ്ഡലങ്ങളില്‍ കൂടി വിധിനിര്‍ണായകമാവുമെന്നാണു വിലയിരുത്തല്‍. ഉത്തരേന്ത്യയിലെ 80 സീറ്റുകളില്‍ ആരു ജയിക്കണമെന്നു തീരുമാനിക്കാനുള്ള ശക്തി മുസ്‌ലിംകള്‍ക്കുണ്ട്‌. 16 സംസ്ഥാനങ്ങളിലായാണ്‌ 97 ശതമാനം മുസ്‌ലിംകളും താമസിക്കുന്നത്‌.
ജനസംഖ്യയില്‍ 14 ശതമാനം മുസ്‌ലിംകളാണെന്ന്‌ ഔദ്യോഗിക കണക്കുകള്‍ പറയുമ്പോഴും യഥാര്‍ഥത്തില്‍ 20 ശതമാനത്തോളം മുസ്‌ലിംകള്‍ ഇന്ത്യയിലുണ്ടെന്നാണു വിദഗ്‌ധരുടെ വിലയിരുത്തല്‍. ഇരുസഭകളിലെയും തങ്ങളുടെ പ്രാതിനിധ്യക്കുറവ്‌ സംബന്ധിച്ച്‌ കാലങ്ങളായി മുസ്‌ലിംകള്‍ പരാതി ഉയര്‍ത്തിവരുന്നതാണ്‌. മുസ്‌ലിം രാഷ്ട്രീയ ശാക്തീകരണത്തിന്‌ ഏത്‌ രാഷ്ട്രീയപ്പാര്‍ട്ടിയാണ്‌ കൂടുതല്‍ ആത്മാര്‍ഥത കാണിക്കുന്നതെന്നതിന്റെ വിലയിരുത്തല്‍ കൂടിയാവും ഈ തിരഞ്ഞെടുപ്പു ഫലം.
1980ലാണ്‌ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ മുസ്‌ലിംകള്‍ക്കു ലഭിച്ചത്‌- 46. പിന്നീട്‌ നടന്ന ഓരോ തിരഞ്ഞെടുപ്പിലും മുസ്‌ലിം പ്രാതിനിധ്യം കുറഞ്ഞുകൊണ്ടിരുന്നു. സമുദായത്തിലെ അനൈക്യം, പ്രധാന പാര്‍ട്ടികളുടെ അവഗണന, മുസ്‌ലിം ശക്തി വിഭജിച്ചെടുക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടികളുടെ തന്ത്രങ്ങള്‍ എന്നിവയായിരുന്നു കാരണം.
 ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗ്‌ (കേരളം), മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ (ഹൈദരാബാദ്‌), പുതിയ സംഘടനകളായ എ.യു.ഡി.എഫ്‌ (അസം), ഉലമാ കൗണ്‍സില്‍ (യു.പി) എന്നിവയാണ്‌ മല്‍സര രംഗത്തുള്ള പ്രധാന മുസ്‌ലിം സംഘടനകള്‍. ഉത്തരേന്ത്യയില്‍ മാത്രം 22 ചെറിയ മുസ്‌ലിം സംഘടനകളും പേരിനു മല്‍സര രംഗത്തുണ്ട്‌. യു.പിയിലെ പീസ്‌ പാര്‍ട്ടി, തമിഴ്‌നാട്ടിലെ മുസ്‌ലിം മുന്നേറ്റ കഴകം എന്നിവയും രംഗത്തുണ്ട്‌.
പോപുലര്‍ ഫ്രണ്ട്‌ ഓഫ്‌ ഇന്ത്യ, ഓള്‍ ഇന്ത്യ മുസ്‌ലിം മജ്‌ലിസെ മുശാവറ, ജമാഅത്തെ ഇസ്‌ലാമി, ജംഇയ്യതുല്‍ ഉലമായെ ഹിന്ദ്‌ തുടങ്ങിയ സംഘടനകള്‍ മുസ്‌്‌ലിം സ്ഥാനാര്‍ഥികളെയും മതേതര സ്ഥാനാര്‍ഥികളെയും വിജയിപ്പിക്കാന്‍ ആഹ്വാനം ചെയ്യുന്നു.

വാര്‍ത്താ സ്രോതസ്സ്‌: തേജസ്‌ 9 മെയ്‌ 2009 ശനി

Thursday, May 7, 2009

പോപുലര്‍ ഫ്രണ്ട്‌ ആന്ധ്ര സംസ്ഥാന ഓഫിസ്‌ ഉദ്‌്‌ഘാടനം ചെയ്‌തു

ഹൈദരാബാദ്‌: പോപുലര്‍ ഫ്രണ്ട്‌ ഓഫ്‌ ഇന്ത്യയുടെ ആന്ധ്രപ്രദേശ്‌ സംസ്ഥാന ഓഫിസ്‌ ചെയര്‍മാന്‍ ഇ എം അബ്ദുര്‍ഹ്‌മാന്‍ കര്‍ണൂലില്‍ ഉദ്‌ഘാടനം ചെയ്‌തു. പോപുലര്‍ ഫ്രണ്ട്‌ സംസ്ഥാന പ്രസിഡന്റ്‌ കലീമുല്ല സിദ്ദീഖി അധ്യക്ഷത വഹിച്ചു. സ്വയം മാറുന്നതിലൂടെ മാത്രമേ മുസ്‌ലിം സമുദായത്തിന്റെ ശാക്തീകരണം സാധ്യമാവൂവെന്ന്‌ ഉദ്‌ഘാടനച്ചടങ്ങില്‍ ഇ എം അബ്ദുര്‍ഹ്‌മാന്‍ അഭിപ്രായപ്പെട്ടു. സ്വാതന്ത്ര്യത്തിനു ശേഷം കഴിഞ്ഞ 60 വര്‍ഷക്കാലം മുസ്‌ലിംകളെ വഞ്ചിച്ചുകൊണ്ടിരിക്കുകയാണു മതേതര പാര്‍ട്ടികളെന്നു ജനറല്‍ സെക്രട്ടറി കെ എം ശരീഫ്‌ പറഞ്ഞു. കോണ്‍ഗ്രസ്സും ഇടതുപാര്‍ട്ടികളും പിന്നാക്കവിഭാഗക്കാരെ പ്രതിനിധീകരിക്കുന്ന പാര്‍ട്ടികള്‍ പോലും പരസ്‌പരം തമ്മിലടിച്ച്‌ ബി.ജെ.പിക്ക്‌ വഴിയൊരുക്കിക്കൊണ്ടിരിക്കുകയാണ്‌. ഈ പാര്‍ട്ടികളെ പിന്തുണയ്‌ക്കുന്നതു നിര്‍ത്തി മുസ്‌ലിംകള്‍ സ്വയം രാഷ്ട്രീയ ശക്തിയായി മാറേണ്ട സമയമായിരിക്കുന്നുവെന്ന്‌ അദ്ദേഹം പറഞ്ഞു. ദേശീയ എക്‌സിക്യൂട്ടീവ്‌ അംഗം മെഹ്‌ബൂബ്‌ ശരീഫ്‌ അവാദ്‌ സംസാരിച്ചു.
കേന്ദ്രകമ്മിറ്റി നേതാക്കള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പര്യടനം നടത്തുകയും സമുദായ നേതാക്കളുമായും രാഷ്ട്രീയ ആക്‌റ്റിവിസ്റ്റുകളുമായും കൂടിക്കാഴ്‌ച നടത്തുകയും ചെയ്‌തു. കര്‍ണൂല്‍ ജില്ലയിലെ നന്ദ്യാല്‍, യമ്മിഗ്‌്‌നൂര്‍ നഗരങ്ങളിലെ രാഷ്ട്രീയ ഒത്തുചേരലുകളിലും ആന്ധ്രയുടെ തീരപ്രദേശമായ നെല്ലൂരില്‍ നടന്ന പരിപാടിയിലും നേതാക്കള്‍ സംസാരിച്ചു.
തലസ്ഥാനമായ ഹൈദരാബാദില്‍ നടന്ന പരിപാടിയില്‍ പ്രമുഖ സമുദായ നേതാക്കള്‍, പത്രപ്രവര്‍ത്തകര്‍, ആക്‌റ്റിവിസ്റ്റുകള്‍ എന്നിവരുമായി മുസ്‌ലിംകളുടെയും മറ്റു പാര്‍ശ്വവല്‍കൃത വിഭാഗത്തിന്റെയും ശാക്തീകരണത്തിനു പ്രതിജ്ഞാബദ്ധമായ ഒരു ദേശീയ രാഷ്ട്രീയപ്പാര്‍ട്ടി രൂപീകരിക്കുന്നതിനുള്ള സാധ്യത സംബന്ധിച്ച്‌ ചര്‍ച്ച നടക്കുകയുമുണ്ടായി.

വാര്‍ത്താ സ്രോതസ്സ്‌: തേജസ്‌ 8 മെയ്‌ 2009 വെള്ളി

Tuesday, May 5, 2009

സ്ഥാനാര്‍ഥിപ്പട്ടിക: മുസ്‌ലിം പ്രാതിനിധ്യം പാലിച്ചത്‌ ബി.എസ്‌.പിയും എസ്‌.പിയും

ന്യൂഡല്‍ഹി: 15ാം ലോക്‌സഭാ സ്ഥാനാര്‍ഥികളില്‍ ന്യൂനപക്ഷപ്രാതിനിധ്യം പാലിച്ചത്‌ മായാവതിയുടെ ബി.എസ്‌.പിയും മുലായംസിങിന്റെ എസ്‌.പിയും മാത്രം. നാളിതുവരെ ന്യൂനപക്ഷങ്ങളുടെ പിന്തുണകൊണ്ടുമാത്രം കേന്ദ്രം ഭരിച്ചുകൊണ്ടിരുന്ന കോണ്‍ഗ്രസ്‌, 13 ശതമാനം വരുന്ന ന്യൂനപക്ഷസമുദായത്തിനു നീക്കിവച്ചതാവട്ടെ 5.5 ശതമാനം സീറ്റുകള്‍.
മുഴുവന്‍ ലോക്‌സഭാ സീറ്റുകളിലും സ്ഥാനാര്‍ഥികളെ നിര്‍ത്തിയ ബി.എസ്‌.പി എഴുപതോളം മണ്ഡലങ്ങളില്‍ ന്യൂനപക്ഷ സ്ഥാനാര്‍ഥികള്‍ക്ക്‌ ടിക്കറ്റ്‌ നല്‍കിയപ്പോള്‍ 180ഓളം മണ്ഡലങ്ങളില്‍ മല്‍സരിക്കുന്ന സമാജ്‌വാദിപാര്‍ട്ടി(എസ്‌.പി)യുടെ സ്ഥാനാര്‍ഥികളില്‍ മുപ്പത്തഞ്ചോളം ന്യൂനപക്ഷവിഭാഗത്തില്‍ നിന്നുള്ളവരാണ്‌. ആകെ സ്ഥാനാര്‍ഥികളുടെ 13 ശതമാനം ബി.എസ്‌.പി ന്യൂനപക്ഷങ്ങള്‍ക്കു നീക്കിവച്ചപ്പോള്‍ എസ്‌.പി 19.4 ശതമാനം സീറ്റുകള്‍ ന്യൂനപക്ഷങ്ങള്‍ക്കു നീക്കിവച്ചു. മുസ്‌ലിം സ്ഥാനാര്‍ഥികള്‍ക്കു കൂടുതല്‍ പ്രാതിനിധ്യം നല്‍കിയ മതേര-ദേശീയ രാഷ്ട്രീയപ്പാര്‍ട്ടിയും എസ്‌.പി തന്നെയാണ്‌.
നാനൂറില്‍ അധികം മണ്ഡലങ്ങളില്‍ മല്‍സരിക്കുന്ന കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥികളില്‍ 25നു താഴെ മാത്രമാണ്‌ മുസ്‌ലിം വിഭാഗത്തില്‍ നിന്നുള്ളവര്‍. തൊണ്ണൂറോളം സീറ്റുകളില്‍ മല്‍സരിക്കുന്ന സി.പി.എം പട്ടികയില്‍ ഒമ്പതുപേര്‍ മുസ്‌ലിം സമുദായത്തില്‍ നിന്നുള്ളവരാണ്‌. എസ്‌.പിയുടെയും ബി.എസ്‌.പിയുടെയും ശക്തികേന്ദ്രങ്ങളായ ഉത്തര്‍പ്രദേശില്‍ തന്നെയാണ്‌ ഇരു പാര്‍ട്ടികളും മുസ്‌ലിം സ്ഥാനാര്‍ഥികള്‍ക്കു കൂടുതല്‍ പ്രാതിനിധ്യം നല്‍കിയിരിക്കുന്നത്‌. രാജ്യത്തു കൂടുതല്‍ മണ്ഡലങ്ങളുള്ള ഈ സംസ്ഥാനത്ത്‌ ബി.എസ്‌.പി ടിക്കറ്റില്‍ 13 മുസ്‌ലിം സ്ഥാനാര്‍ഥികള്‍ ജനവിധി തേടുമ്പോള്‍ എസ്‌.പിയുടെ ലിസ്റ്റില്‍ 12 മുസ്‌ലിംകളുണ്ട്‌. (സംസ്ഥാനത്തെ 78 മണ്ഡലങ്ങളിലും ബി.എസ്‌.പി തനിച്ചു മല്‍സരിക്കുമ്പോള്‍ എസ്‌.പി 73 മണ്ഡലങ്ങളിലാണു മല്‍സരിക്കുന്നത്‌).
മഹാരാഷ്ട്രയിലെ 10 എസ്‌.പി സ്ഥാനാര്‍ഥികളില്‍ ആറും ഡല്‍ഹിയിലെ ഏഴില്‍ മൂന്നും പേര്‍ ന്യൂനപക്ഷവിഭാഗക്കാരാണ്‌. കേരളത്തിലെ 20 മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ നിര്‍ത്തിയ ബി.എസ്‌.പി ലിസ്റ്റില്‍ ആറുപേര്‍ മുസ്‌ലിം പ്രതിനിധികളാണ്‌.
മഹാരാഷ്ട്രയിലും ഡല്‍ഹിയിലും കോണ്‍ഗ്രസ്‌ മുസ്‌ലിംകള്‍ക്കു പ്രാതിനിധ്യം നല്‍കിയില്ലെന്നാരോപിച്ച്‌ ഉലമാ കൗണ്‍സിലടക്കമുള്ള വിവിധ മുസ്‌ലിം സംഘടനകള്‍ നേരത്തേ ബി.എസ്‌.പിക്കു പിന്തുണ പ്രഖ്യാപിച്ചിരുന്നു.
മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്‌ ബാനറില്‍ ഇരുപത്തഞ്ചോളം സ്ഥാനാര്‍ഥികള്‍ മല്‍സരിക്കുമ്പോള്‍ റായ്‌ഗഡില്‍ നിന്നു മാറ്റുരയ്‌ക്കുന്ന കേന്ദ്രമന്ത്രി എ ആര്‍ ആന്തുലെ മാത്രമാണ്‌ മുസ്‌ലിം പ്രതിനിധി. അതേസമയം, തലസ്ഥാനത്ത്‌ ഒരാള്‍പോലുമില്ല.
ഡല്‍ഹിയിലെ നോര്‍ത്ത്‌ ഈസ്‌റ്റ്‌ മണ്ഡലത്തില്‍ 22 ശതമാനവും ചാന്ദ്‌നിചൗക്കില്‍ 17 ശതമാനവുമാണ്‌ മുസ്‌ലിം ജനസംഖ്യ. എന്നാല്‍, 1951 മുതല്‍ നോര്‍ത്ത്‌ ഈസ്‌റ്റ്‌ മണ്ഡലത്തില്‍ ഒരു മുസ്‌ലിം സ്ഥാനാര്‍ഥിയും കോണ്‍ഗ്രസ്‌ ലിസ്റ്റില്‍ സ്ഥാനംപിടിച്ചിട്ടില്ലെന്നതാണു യാഥാര്‍ഥ്യം. ബി.ജെ.പി പോലും രണ്ടുതവണ ഈ മണ്ഡലത്തില്‍ മുസ്‌ലിം പ്രതിനിധിയെ മല്‍സരിപ്പിച്ചിട്ടുണ്ട്‌.
വാര്‍ത്താ സ്രോതസ്സ്‌: തേജസ്‌ 6 മെയ്‌ 2009 ബുധന്‍ 

പശ്ചിമബംഗാളില്‍ രാഷ്ട്രീയമാറ്റമുണ്ടാവും: സിദ്ദീഖുല്ലാ ചൗധരി

കൃഷിഭൂമി ഏറ്റെടുക്കലിനെതിരായ നന്തിഗ്രാം നിവാസികളുടെ പ്രക്ഷോഭത്തിനു നായകത്വം വഹിച്ചയാളാണ്‌, പശ്ചിമബംഗാളിലെ ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ്‌ നേതാവുകൂടിയായ സിദ്ദീഖുല്ലാ ചൗധരി. അദ്ദേഹം പുതുതായി രൂപം നല്‍കിയ പീപ്പിള്‍സ്‌ ഡമോക്രാറ്റിക്‌ കോണ്‍ഫറന്‍സ്‌ ഓഫ്‌ ഇന്ത്യ (പി.ഡി. സി.ഐ) ഈ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളില്‍ പന്ത്രണ്ടിടത്തു മല്‍സരിക്കുന്നുണ്ട്‌. സംസ്ഥാന രാഷ്ട്രീയത്തെക്കുറിച്ചും ഇടതുസര്‍ക്കാരിന്റെ ന്യൂനപക്ഷ വിരുദ്ധ സമീപനങ്ങളെക്കുറിച്ചും ഡംഡം വിമാനത്താവളത്തിനു സമീപത്തെ വസതിയില്‍ വച്ചു തേജസ്‌ പ്രതിനിധി സി പി കരീമുമായി അദ്ദേഹം സംസാരിക്കുന്നു.

ഇവിടെ എല്ലാവരും സംസാരിക്കുന്നതു മാറ്റത്തെക്കുറിച്ചാണ്‌. ശരിക്കും അതു സംഭവിക്കുമോ?
മാറ്റത്തിന്‌ ഏറ്റവും അനുയോജ്യമായ സമയമാണിത്‌. മുസ്‌്‌ലിംകളടക്കമുള്ള പിന്നാക്ക വിഭാഗങ്ങള്‍ അങ്ങേയറ്റം അസംതൃപ്‌തരാണ്‌. സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും അവര്‍ താഴെത്തട്ടിലാണ്‌. വ്യവസായവല്‍ക്കരണത്തിന്റെ പേരില്‍ സര്‍ക്കാര്‍ തട്ടിപ്പറിക്കുന്ന ഭൂമിയിലേറെയും മുസ്‌ലിംകളുടേതാണ്‌.
32 വര്‍ഷം തുടര്‍ച്ചയായി സംസ്ഥാനം ഭരിച്ചിട്ടും ജനങ്ങള്‍ക്കു കുടിവെള്ളമോ വൈദ്യുതിയോ ജോലിയോ ലഭ്യമാക്കാന്‍ ഇടതുസര്‍ക്കാരിനു സാധിച്ചിട്ടില്ല. ജനങ്ങളുടെ പ്രതിഷേധം ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കാതിരിക്കില്ല.
32 വര്‍ഷമായി നടക്കാത്ത മാറ്റം ഇത്തവണ സംഭവിക്കുമെന്നു കരുതാന്‍ എന്താണു കാരണം?
അതിനു കാരണമുണ്ട്‌. മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ നന്തിഗ്രാമില്‍ ഇന്തോനീസ്യന്‍ കമ്പനിയായ സലീംഗ്രൂപ്പിനു വേണ്ടി ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍നീക്കത്തിനെതിരേ നടന്ന പ്രക്ഷോഭമാണ്‌ ഇതിലെ പ്രധാന ഘടകം. സര്‍ക്കാരിന്റെ വിവേചനപരവും ജനവിരുദ്ധവുമായ നയങ്ങള്‍ക്കു വര്‍ഷങ്ങളായി ഇരയായിക്കൊണ്ടിരിക്കുന്നവര്‍ അവയെക്കുറിച്ചു ബോധവാന്മാരായതു നന്തിഗ്രാം സംഭവത്തോടെയായിരുന്നു. അതിനുശേഷം പഞ്ചായത്തിലേക്കടക്കം നടന്ന തിരഞ്ഞെടുപ്പുകളില്‍ ഇടതുകക്ഷികള്‍ക്കു ശക്തമായ തിരിച്ചടിയുണ്ടായി. ഈ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഇത്‌ ആവര്‍ത്തിക്കുമെന്നാണ്‌ എന്റെ വിശ്വാസം.
സി.പി.എം നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ മുസ്‌ലിം വിരുദ്ധമാണെന്നു നിങ്ങള്‍ പറയുന്നത്‌ എന്തുകൊണ്ടാണ്‌?
നിങ്ങള്‍ക്കറിയുമോ സി.പി.എമ്മിനു ലഭിക്കുന്ന 65 ശതമാനം വോട്ടുകളും മുസ്‌ലിംകളുടേതാണ്‌. 30 ശതമാനം പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളുടേതും. അഞ്ചു ശതമാനം മാത്രമാണ്‌ അവര്‍ക്കു ലഭിക്കുന്ന ബ്രാഹ്‌മണവോട്ടുകള്‍. എന്നിട്ടും അവര്‍ മുസ്‌ലിംകളോടു വിവേചനപരമായി പെരുമാറുകയാണ്‌.
തൊഴില്‍-വിദ്യാഭ്യാസ മേഖലകളില്‍ അവരുടെ അവസ്ഥയെന്താണെന്നു സച്ചാര്‍ കമ്മിറ്റി റിപോര്‍ട്ട്‌ പുറത്തുകൊണ്ടുവന്നതാണ്‌. മല്‍സരപ്പരീക്ഷകളിലൂടെ 1.7 ശതമാനം ജോലികള്‍ മുസ്‌ലിംകള്‍ക്കു ലഭിക്കുമ്പോള്‍, മന്ത്രിതലത്തിലും മറ്റും നടക്കുന്ന നേരിട്ടുള്ള റിക്രൂട്ട്‌മെന്റ്‌ വഴി 1.5 ശതമാനം ജോലിയില്‍ മാത്രമാണ്‌ അവര്‍ തിരഞ്ഞെടുക്കപ്പെടുന്നത്‌. അതേസമയം ജയിലുകളിലാവട്ടെ, 50 ശതമാനത്തിലധികമാണു മുസ്‌ലിംകളുടെ പ്രാതിനിധ്യം.
എന്നാല്‍, മുസ്‌ലിംകള്‍ക്കു വര്‍ഗീയകലാപങ്ങളില്‍ നിന്നും മറ്റും സി.പി.എം സുരക്ഷ നല്‍കുന്നുവെന്നാണല്ലോ അവരുടെ വാദം.
പശ്ചിമബംഗാളില്‍ വര്‍ഗീയകലാപങ്ങളുണ്ടാവാത്തതില്‍ ഇവിടത്തെ സംസ്‌കാരത്തിനു സുപ്രധാനമായ പങ്കുണ്ട്‌. സുരക്ഷയുടെ കാര്യം പറയാതിരിക്കലാണു ഭേദം. കഴിഞ്ഞ 32 വര്‍ഷത്തിനിടയില്‍ 50,000ത്തോളം രാഷ്ട്രീയ കൊലപാതകങ്ങളാണു സംസ്ഥാനത്തൊട്ടാകെ നടന്നത്‌. അതില്‍ 75 ശതമാനത്തിലേറെയും കൊല്ലപ്പെട്ടതു മുസ്‌ലിംകളാണ്‌. അവയുടെ പേരില്‍ ജയിലില്‍ കിടക്കുന്നവരിലും മുസ്‌ലിംകള്‍ തന്നെ കൂടുതല്‍. അതേസമയം, ഒരു ബ്രാഹ്‌മണന്‍ പോലും ഇക്കാലയളവില്‍ രാഷ്ട്രീയ കൊലപാതകങ്ങളില്‍ മരിക്കുകയുണ്ടായില്ല എന്നോര്‍ക്കണം. ഇവിടെ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളെയും നിയന്ത്രിക്കുന്നതു ബ്രാഹ്‌മണരാണ്‌. മുസ്‌ലിംകളുടെ സംരക്ഷകരെന്നവകാശപ്പെടുന്നവര്‍ 2005 വരെയുള്ള കാലയളവില്‍ കോടിക്കണക്കിനു രൂപയുടെ വഖ്‌ഫ്‌ സ്വത്താണ്‌ അന്യാധീനപ്പെടുത്തിയത്‌.
ഞങ്ങള്‍ നേതൃത്വം നല്‍കുന്ന ജംഇയ്യത്തുല്‍ ഉലമായുടെ നിരന്തരമായ സമ്മര്‍ദ്ദം മൂലം വഖ്‌ഫ്‌ കൈയേറ്റത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്‌റ്റിസ്‌ ഭട്ടാചാര്യ കമ്മീഷന്‍ 2005 ജൂലൈ ഒന്നിനു റിപോര്‍ട്ട്‌ സമര്‍പ്പിച്ചിരുന്നു. ഇതില്‍ സി.പി.എം നടത്തിയ വഖ്‌ഫ്‌ കൈയേറ്റങ്ങളെക്കുറിച്ചു വിശദമായി പറയുന്നുണ്ട്‌.
ഒന്നുരണ്ട്‌ ഉദാഹരണങ്ങള്‍ പറയാമോ?
കൊല്‍ക്കത്തയിലെ ഷിയാല്‍ പ്രദേശത്തെ വഖ്‌ഫ്‌ കൈയേറ്റം ഉദാഹരണമായെടുക്കാം. 77 ലക്ഷം കമ്പോളവിലയുള്ള ഇവിടത്തെ 11 വഖ്‌ഫ്‌ ഭൂമി സി.പി.എം നേതാവായ കെ ജി ബോസിന്‌ 1991ല്‍ വഖ്‌ഫ്‌ ബോര്‍ഡ്‌ നല്‍കിയതു വെറും ആറുലക്ഷം രൂപയ്‌ക്കായിരുന്നു.
പാര്‍ക്‌ സര്‍ക്കിളിനടുത്ത തിക്‌ജാല റോഡില്‍ ഒരു ബിഗ വരുന്ന വഖ്‌ഫ്‌ ഭൂമി മുന്‍ സി.പി.എം എം.എല്‍.എ ശിശ്‌ മുഹമ്മദിനു 51 വര്‍ഷത്തേക്കു ലീസിന്‌ നല്‍കിയതു വെറും 525 രൂപയ്‌ക്കായിരുന്നു. 1986 സപ്‌തംബര്‍ പത്തിനായിരുന്നു ഇത്‌.
വഖ്‌ഫ്‌ ഭൂമി കൈമാറ്റത്തിനു വഖ്‌ഫ്‌ ആക്‌റ്റ്‌ പ്രകാരം ചില നിയമങ്ങളൊക്കെയുണ്ടല്ലോ?
എന്തു നിയമം? ഇവിെട സി.പി.എം പറയുന്നതാണ്‌ നിയമം. കോടതികളെക്കാള്‍ പാര്‍ട്ടിയാണു വലുതെന്നാണ്‌ അവര്‍ കരുതുന്നത്‌. പല കേസുകളിലും ഹൈക്കോടതി വിധികള്‍ കാറ്റില്‍പ്പറത്തിയാണ്‌ വഖ്‌ഫ്‌ ഭൂമി തിരിമറി നടത്താന്‍ സി.പി.എം നേതാക്കള്‍ നിയന്ത്രിക്കുന്ന ബോര്‍ഡ്‌ തയ്യാറായത്‌.
ഇതേകുറിച്ചുള്ള അന്വേഷണ കമ്മിറ്റിയുടെ റിപോര്‍ട്ടിനു മേല്‍ എന്തെങ്കിലും നടപടിയുണ്ടായോ?
നാലു വര്‍ഷമായിട്ടും ഒരു നടപടിയും ഇതേവരെയുണ്ടായിട്ടില്ല. ശരീഅത്ത്‌ നിയമങ്ങളോടൊക്കെ ഇവര്‍ക്കു പുച്ഛമാണ്‌. ഇസ്‌ലാമിക നിയമപ്രകാരം ത്വലാഖ്‌ നല്‍കിയ കേസില്‍ ഇരുവരെയും നിര്‍ബന്ധപൂര്‍വം ഒന്നിച്ചു താമസിപ്പിച്ച സംഭവം ഇവിടെയുണ്ടായിട്ടുണ്ട്‌. സി.പി.എമ്മുകാര്‍ക്കു പോലിസിന്റെ സഹായവും ഇതിനു ലഭിച്ചു. പണ്ഡിതര്‍ക്കും ശരീഅത്തിനുമെതിരേ പ്രവര്‍ത്തിക്കാന്‍ ഗ്രാമങ്ങള്‍ തോറും മുസ്‌ലിംകള്‍ക്കിടയില്‍ തന്നെയുള്ള കേഡര്‍മാരെ സി.പി.എം നിയോഗിക്കാറുണ്ടിവിടെ.
ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക്‌ എത്ര സീറ്റ്‌ ലഭിക്കും?
അതു കൃത്യമായി പ്രവചിക്കാന്‍ ഞാന്‍ ആളല്ല. ഏതായാലും തിരിച്ചടിയുണ്ടാവുമെന്ന കാര്യം തീര്‍ച്ചയാണ്‌.
താങ്കളുടെ പി.ഡി.സി.ഐ 12 സീറ്റുകളില്‍ മല്‍സരിക്കുന്നുണ്ടല്ലോ എന്താണു സ്ഥിതി?
നാലോ അഞ്ചോ മണ്ഡലങ്ങളിലെങ്കിലും ശക്തമായ മല്‍സരം കാഴ്‌ചവയ്‌ക്കാന്‍ ഞങ്ങളുടെ സ്ഥാനാര്‍ഥികള്‍ക്കു സാധിച്ചിട്ടുണ്ട്‌. മുസ്‌ലിംകളുടെ മാത്രമല്ല, പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളിലും ശക്തമായ സ്വാധീനം ചെലുത്താന്‍ ഞങ്ങള്‍ക്കായി.
താങ്കളുടെ സംഘടനാ സംവിധാനം ദുര്‍ബലമാണെന്നു കേള്‍ക്കുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ താങ്കളുടെ കീഴില്‍ മല്‍സരിച്ചുജയിച്ച 350 ലേറെ പഞ്ചായത്ത്‌ മെമ്പര്‍മാര്‍ തൃണമൂലിലേക്കു കൂറുമാറിയിരുന്നല്ലോ?
അതു ശരിയാണ്‌. എന്നാല്‍, കഴിഞ്ഞ വര്‍ഷത്തേക്കാള്‍ സംഘടനാ കെട്ടുറപ്പ്‌ ഇപ്പോള്‍ ഞങ്ങള്‍ക്കുണ്ട്‌. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 80 സീറ്റിലെങ്കിലും സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ ഞങ്ങള്‍ക്കാവും.
മമതാ ബാനര്‍ജിയോടൊപ്പം നില്‍ക്കുന്നതിനു പകരം സ്വന്തം പാര്‍ട്ടിയുണ്ടാക്കി മല്‍സരിക്കുന്നത്‌ ഇടത്‌വിരുദ്ധ വോട്ടില്‍ വിള്ളലുണ്ടാക്കില്ലേ?
മമതാ ബാനര്‍ജിയുടെ നിലപാട്‌ അംഗീകരിക്കാന്‍ ഞങ്ങള്‍ക്കാവില്ല. ഇവിടെ കോണ്‍ഗ്രസ്സിനോടൊപ്പം ചേര്‍ന്നു സി.പി.എമ്മിനെ എതിര്‍ക്കുകയും കേന്ദ്രത്തില്‍ അവരെ കൂടെക്കൂട്ടുകയും ചെയ്യുന്നത്‌ ഇരട്ടത്താപ്പാണ്‌.
ഐ.എന്‍.എല്‍, സി.പി.ഐ (എം എല്‍), റിപബ്ലിക്കന്‍ പാര്‍ട്ടി ഓഫ്‌ ഇന്ത്യ, എ.യു.ഡി.എഫ്‌ തുടങ്ങിയ പാര്‍ട്ടികളുടെ പിന്തുണ പി.ഡി.സി.ഐക്കുണ്ട്‌. ജമാഅത്തെ ഇസ്‌ലാമിയെ ക്ഷണിച്ചെങ്കിലും അവര്‍ പിന്തുണ നല്‍കാന്‍ തയ്യാറായില്ല. ഞാന്‍ മല്‍സരിക്കുന്ന ബഷീര്‍ഹട്ടില്‍ മമതയുടെ സ്ഥാനാര്‍ഥിക്കാണ്‌ അവരുടെ പിന്തുണ.
ലാല്‍ഗറിലെ ആദിവാസി പ്രക്ഷോഭത്തെക്കുറിച്ച്‌
ഞങ്ങള്‍ അവിടത്തെ സമരക്കാര്‍ക്കൊപ്പമാണ്‌. സര്‍ക്കാരിന്റെ അവഗണനയും പോലിസിന്റെ ക്രൂരതകളുമാണ്‌ അവരെ പ്രക്ഷോഭമാര്‍ഗത്തിലേക്കു തള്ളിവിട്ടത്‌. ഞങ്ങളുടെ എല്ലാ പിന്തുണയും അവര്‍ക്കുണ്ടാവും. 



വാര്‍ത്താ സ്രോതസ്സ്‌: തേജസ്‌ 4 മെയ്‌ 2009 തിങ്കള്‍