Wednesday, January 13, 2010

മിശ്ര കമ്മീഷന്‍: ദലിത്-ന്യൂനപക്ഷ-പിന്നാക്ക കൂട്ടായ്മ നിലവില്‍വന്നു


കൊച്ചി: സാമൂഹികനീതിക്കായുള്ള ഭരണഘടനാനുസൃത സംവരണം അട്ടിമറിക്കാനുള്ള ആസൂത്രിതനീക്കം ഐക്യത്തോടെ ചെറുക്കണമെന്നു സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്.ഡി.പി. ഐ) കൊച്ചിയില്‍ സംഘടിപ്പിച്ച ദലിത്, പിന്നാക്ക, ന്യൂനപക്ഷ നേതൃയോഗം ഐകകണ്‌ഠ്യേന തീരുമാനിച്ചു. ജസ്റ്റിസ് രംഗനാഥ മിശ്ര കമ്മീഷന്‍ റിപോര്‍ട്ടിന്റെ മറപിടിച്ചു പിന്നാക്ക വിഭാഗങ്ങള്‍ക്കിടയില്‍ മേല്‍ത്തട്ട് അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങളെ ഒന്നിച്ചെതിര്‍ക്കാനും സംയുക്ത യോഗത്തില്‍ ധാരണയായി. ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്കു മിശ്ര കമ്മീഷന്‍ നിര്‍ദേശിക്കുന്ന സംവരണാനുകൂല്യം നടപ്പാക്കുമ്പോള്‍ യാതൊരുതരത്തിലും പട്ടികജാതി, പട്ടികവര്‍ഗ, ഗോത്രവര്‍ഗങ്ങള്‍ അനുഭവിക്കുന്ന ആനുകൂല്യങ്ങളെ ദോഷകരമായി ബാധിക്കരുത്. പട്ടികജാതിക്കാര്‍ക്കോ വര്‍ഗങ്ങള്‍ക്കോ നിലവിലുള്ള സംവരണം മറ്റാര്‍ക്കും പങ്കുവയ്ക്കാന്‍ പാടില്ല. മിശ്ര കമ്മീഷന്‍ റിപോര്‍ട്ടിലെ നിര്‍ദേശങ്ങളെ മുന്‍നിര്‍ത്തി ദലിത്, പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളെ തമ്മിലടിപ്പിക്കാനുള്ള സവര്‍ണ-തല്‍പ്പര കക്ഷികളുടെ ഗൂഢശ്രമങ്ങള്‍ തിരിച്ചറിയാനും തിരിച്ചടിക്കാനും സമ്മേളനം അഭ്യര്‍ഥിച്ചു. നിസ്സാരമായ അഭിപ്രായവ്യത്യാസങ്ങള്‍ ഉയര്‍ത്തി ജാതിവികാരമിളക്കി കേരളത്തെ കലാപഭൂമിയാക്കാനും പീഡിത ജനതയെ തമ്മിലടിപ്പിക്കാനുമുള്ള നീക്കങ്ങളെ ചെറുത്ത് ഐക്യത്തിനായി പ്രവര്‍ത്തിക്കാനും യോഗം തീരുമാനിച്ചു. മതന്യൂനപക്ഷങ്ങള്‍ക്കു സംവരണം വേണമെന്ന നിര്‍ദേശം യോഗം സ്വാഗതം ചെയ്തു. ഇതിന്റെ ആദ്യപടിയായി 27 ശതമാനം ഒ.ബി.സി സംവരണത്തില്‍ 8.6 ശതമാനം മതന്യൂനപക്ഷങ്ങള്‍ക്കും അതില്‍ത്തന്നെ ആറുശതമാനം മുസ്്‌ലിംകള്‍ക്കും ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ ഒരു എക്‌സിക്യൂട്ടീവ് ഓര്‍ഡറിലൂടെ നടപ്പാക്കണം. നിലവിലുള്ള പട്ടികജാതി സംവരണം നിലനിര്‍ത്തിക്കൊണ്ടുതന്നെ പരിവര്‍ത്തിത ദലിതര്‍ക്കും പട്ടികജാതി പദവി അംഗീകരിച്ച് പ്രത്യേക സംവരണക്വാട്ട അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ പി മുഹമ്മദ് ശരീഫ് ചര്‍ച്ച നിയന്ത്രിച്ചു. അഡ്വ. കെ എ ഹസന്‍ (കേരള മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍), കെ എം സലിം കുമാര്‍ (കേരള ദലിത് മഹാസഭ), ഇ എം അബ്ദുര്‍റഹ്മാന്‍ (പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ), എന്‍ കെ അലി (മെക്ക), അഡ്വ. മുണ്ടൂര്‍ കൃഷ്ണന്‍ (അംബേദ്കര്‍ ധര്‍മ പ്രബോധന സംഘം), പി ടി വാസു (കെ.പി.എം.എസ്), പി പി സന്തോഷ് (ദലിത് സര്‍വീസ് സൊസൈറ്റി), വി എസ് രാധാകൃഷ്ണന്‍ (എസ്.സി-എസ്.ടി സംരക്ഷണ മുന്നണി), കെ എം നാസര്‍, മാവുടി മുഹമ്മദ് ഹാജി (കെ.എം.വൈ.എഫ്), ഫ്രാന്‍സിസ് പെരുമന (ലത്തീന്‍ കത്തോലിക്കാ ഐക്യവേദി), സാംകുട്ടി ജേക്കബ് (ഇന്ത്യന്‍ ദലിത് ഫെഡറേഷന്‍), പള്ളിപ്രം പ്രഭാകരന്‍ (കേരള പട്ടികജാതി-പട്ടികവര്‍ഗ ഐക്യവേദി), പി കെ ശശി (വേട്ടുവ മഹാസഭ) എസ്.ഡി.പി.ഐ സംസ്ഥാന ഭാരവാഹികളായ കെ എം മനോജ്കുമാര്‍, പി അബ്ദുല്‍ മജീദ് ഫൈസി, തുളസീധരന്‍ പള്ളിക്കല്‍, പി കെ രാധ, അഡ്വ. വി എസ് സലീം യോഗത്തില്‍ സംബന്ധിച്ചു.ഭാവിപരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ വിവിധ സംഘടനാ പ്രതിനിധികളടങ്ങിയ സമിതിയെയും തിരഞ്ഞെടുത്തു.



0 comments:

Post a Comment