Monday, November 16, 2009

കണ്ണൂരില്‍ ലഭിച്ച വോട്ട് നേട്ടം: എസ്.ഡി.പി.ഐ

കോഴിക്കോട്: അവസാനനിമിഷത്തില്‍ മല്‍സരരംഗത്തിറങ്ങി കേവലം 14 ദിവസത്തെ പ്രവര്‍ത്തനഫലമായി കണ്ണൂര്‍ മണ്ഡലത്തില്‍ 3411 വോട്ടുകള്‍ നേടാനായത് നവജാത സംഘടന എന്ന നിലയ്ക്കു നേട്ടമാണെന്നു സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്.ഡി.പി.ഐ) സംസ്ഥാന കമ്മിറ്റിയുടെയും ജില്ലാ പ്രസിഡന്റ്മാരുടെയും യോഗം വിലയിരുത്തി. ഏഴിലധികം പാര്‍ട്ടികള്‍ ചേര്‍ന്ന ഇരുമുന്നണികളോടും കിടപിടിക്കത്തക്കവണ്ണം കേരള രാഷ്ട്രീയത്തില്‍ എസ്.ഡി.പി.ഐ കരുത്താര്‍ജിച്ചുകഴിഞ്ഞതിനു തെളിവാണ് ഒറ്റയ്ക്കു നേടിയ ഈ വോട്ടുകള്‍. കണ്ണൂര്‍ മുനിസിപ്പാലിറ്റിയിലെ ചില ബൂത്തുകളില്‍ പാര്‍ട്ടി രണ്ടാം സ്ഥാനത്തെത്തിയത് അഭിമാനാര്‍ഹമാണ്. ആലപ്പുഴയില്‍ എസ്.ഡി.പി.ഐയുടെ കൂടി വോട്ടുകള്‍ ലഭിച്ചില്ലായിരുന്നുവെങ്കില്‍ യു.ഡി.എഫിന് സീറ്റ് നഷ്ടപ്പെടുമായിരുന്നു. ആലപ്പുഴ, എറണാകുളം മണ്ഡലങ്ങളില്‍ യു.ഡി.എഫിനെ പിന്തുണച്ച് എസ്.ഡി.പി.ഐ നല്‍കിയ പ്രസ്താവന കണ്ണൂരില്‍ വിതരണം ചെയ്തും അബ്ദുല്‍ മജീദ് ഫൈസി പിന്‍വാങ്ങിയെന്ന് എസ്.ഡി.പി.ഐ ബാഡ്ജ് ധരിച്ച് യു.ഡി.എഫ് പ്രവര്‍ത്തകരുടെ വ്യാജ പ്രചാരണവും വോട്ടര്‍മാരില്‍ അവസാനനിമിഷം ആശയക്കുഴപ്പം സൃഷ്ടിച്ചില്ലായിരുന്നുവെങ്കില്‍ എസ്.ഡി.പി.ഐക്ക് ഇരട്ടിയിലേറെ വോട്ടുകള്‍ നേടാനാവുമായിരുന്നു.സി.പി.എമ്മിന്റെ കൈയൂക്ക് രാഷ്ട്രീയത്തിനെതിരേ കണ്ണൂരിലെ വോട്ടര്‍മാരില്‍ വേരൂന്നിയ വികാരമാണ് യു.ഡി.എഫിന് കണ്ണൂര്‍ സീറ്റ് നിലനിര്‍ത്താന്‍ സഹായകമായതെന്നും യോഗം വിലയിരുത്തി.ഹിന്ദിയില്‍ സത്യപ്രതിജ്ഞ ചെയ്തതിനു മഹാരാഷ്ട്ര നിയമസഭയില്‍ സമാജ്‌വാദി പാര്‍ട്ടി എം.എല്‍.എ അബു ആസ്മിയെ കൈയേറ്റം ചെയ്ത മറാത്താവാദികളായ എം.എന്‍.എസ് എം.എല്‍.എമാരുടെ നടപടി ഭരണഘടനാവിരുദ്ധവും ഫെഡറല്‍ സംവിധാനത്തെ വെല്ലുവിളിക്കുന്നതുമാണ്. അവര്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.  സര്‍ക്കാരിന്റെ പിടിപ്പുകേട് മൂലം ആരോഗ്യരംഗത്ത് ഉടലെടുക്കുന്ന അനാരോഗ്യ പ്രവണതകള്‍ക്കെതിരേ സമരരംഗത്തിറങ്ങാനും യോഗം തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ പി മുഹമ്മദ് ഷരീഫ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുല്‍ മജീദ് ഫൈസി സ്വാഗതവും വൈ. പ്രസി. പി കെ ഗോപിനാഥന്‍ നന്ദിയും പറഞ്ഞു. ദേശീയ സമിതിയംഗം അഡ്വ. കെ എം അഷ്‌റഫ്, സംസ്ഥാന ഖജാഞ്ചി ഷാഫി, അഹമ്മദ് ശരീഫ് പി, ഒ അലിയാര്‍, യഹ്‌യാ തങ്ങള്‍, ഫത്ഹുദ്ധീന്‍ റശാദി, എസ് എച്ച് അല്‍ഹാദി, എ സി ജലാലുദ്ദീന്‍ അഡ്വ. വി എസ് സലീം ചര്‍ച്ചയില്‍ പങ്കെടുത്തു.


--
തേജസ്‌ ഒരു വായന മാത്രമല്ല, ദൗത്യവുമാണ്‌.
M.T.P Rafeek, Sub Editor, Thejas Daily
www.thejasnews.com

0 comments:

Post a Comment