Tuesday, November 10, 2009

ഒറ്റയ്ക്ക് മല്‍സരിച്ച് എസ്.ഡി.പി.ഐ ശ്രദ്ധേയമായി

കണ്ണൂര്‍: രൂപീകൃതമായി മൂന്നുമാസം കഴിയുന്നതിനു മുമ്പേ തിരഞ്ഞെടുപ്പു ഗോദയിലിറങ്ങിയ എസ്.ഡി.പി.ഐ പ്രതീക്ഷിച്ച വോട്ട് കരസ്ഥമാക്കിയെന്നാണു വിലയിരുത്തല്‍. എല്‍.ഡി.എഫും യു.ഡി.എഫും ബി.ജെ.പിയും തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഏറെ മുന്നേറിയതിനു ശേഷമാണ് എസ്.ഡി.പി.ഐ തിരഞ്ഞെടുപ്പ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. എന്നിട്ടും നിയമസഭാ മണ്ഡലത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ എസ്.ഡി.പി.ഐക്ക് സാധിക്കുകയുണ്ടായി. ഒക്ടോബര്‍ 13ന് എല്‍.ഡി.എഫും 16നു യു.ഡി.എഫും കേന്ദ്രനേതാക്കളെ പങ്കെടുപ്പിച്ച് തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ നടത്തി പ്രചാരണം തുടങ്ങിയെങ്കിലും എസ്.ഡി.പി.ഐ രംഗത്തെത്തുന്നതു നാമനിര്‍ദേശപത്രിക സമര്‍പ്പിക്കേണ്ട അവസാന ദിവസമായിരുന്നു. എന്നിട്ടും മണ്ഡലത്തിലെ മുക്കുമൂലകളില്‍ പ്രചാരണം നടത്താന്‍ പാര്‍ട്ടിക്ക് കഴിഞ്ഞു. ചിട്ടയായ പ്രവര്‍ത്തനവും ആസൂത്രണത്തികവോടെയുള്ള നീക്കങ്ങളും കൊണ്ട് എസ്.ഡി.പി.ഐ മണ്ഡലത്തില്‍ ശ്രദ്ധേയമായിത്തീരുകയും ചെയ്തു. ഇതുവഴി പാര്‍ട്ടിക്ക് സംഘടനാ സംവിധാനമില്ലാത്ത എളയാവൂര്‍, ചിറക്കല്‍ പഞ്ചായത്തില്‍ പോലും സാന്നിധ്യമറിയിക്കാനും വോട്ടുകള്‍ നേടാനും എസ്.ഡി.പി.ഐക്ക് സാധിച്ചു. എസ്.ഡി.പി.ഐക്ക് മുന്നേറ്റമുണ്ടാവുമെന്നു പ്രതീക്ഷിച്ച നഗരസഭ, പുഴാതി, പള്ളിക്കുന്ന് പ്രദേശങ്ങളില്‍ യു.ഡി.എഫ് നടത്തിയ കുപ്രചാരണം പാര്‍ട്ടിക്ക് ലഭിക്കുമായിരുന്ന വോട്ടില്‍ ഗണ്യമായ കുറവുണ്ടാക്കി. എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി മജീദ് ഫൈസി മല്‍സരത്തില്‍ നിന്നു പിന്‍വാങ്ങിയെന്നും യു.ഡി.എഫിന് പിന്തുണ നല്‍കിയെന്നുമായിരുന്നു വീടുകള്‍ കയറി ലഘുലേഖ വഴി പ്രചരിപ്പിച്ചത്. എല്‍.ഡി.എഫ്, യു.ഡി.എഫ്, ബി.ജെ.പി കക്ഷികളുടെ പ്രചാരണപരിപാടികള്‍ ചാനലുകളിലും പത്രങ്ങളിലും ദിനേന വരുമ്പോഴും എസ്.ഡി.പി.ഐയെ അവഗണിക്കാന്‍ മാധ്യമങ്ങള്‍ മനപ്പൂര്‍വം ശ്രമിച്ചതും എസ്.ഡി.പി.ഐയുടെ പരിപാടികള്‍ ജനങ്ങള്‍ അറിയാതെ പോയി. കണ്ണൂര്‍ മണ്ഡലത്തിലെ ന്യൂനപക്ഷങ്ങള്‍ക്ക് സി.പി.എമ്മിനോടുള്ള അതൃപ്തി എസ്.ഡി.പി.ഐക്ക് വോട്ട് ചെയ്താല്‍ ജയരാജന്‍ ജയിക്കുമെന്ന ഭീതിയുണ്ടാക്കി. ഈ പ്രചാരണം അബ്ദുല്ലക്കുട്ടിയുടെ  വിജയത്തിനു സഹായകമാവുകയും ചെയ്തു. ബാബരി മസ്ജിദ് തകര്‍ത്തയുടനെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച ഐ.എന്‍.എല്ലിന് 4,476 വോട്ടുകളാണ് കണ്ണൂരില്‍ ലഭിച്ചത്. സുലൈമാന്‍ സേട്ട് സാഹിബടക്കം പ്രചാരണത്തിനെത്തിയിരുന്നു. കോണ്‍ഗ്രസ്സിനോടും ലീഗിനോടും കടുത്ത എതിര്‍പ്പുണ്ടായിട്ടും അന്നും ഐ.എന്‍.എല്ലിന് നേടാനായത് 4,476 വോട്ടാണ്. നാളിതുവരെ മല്‍സരിച്ചിട്ടും കാര്യമായി വളര്‍ച്ച പ്രാപിക്കാന്‍ കഴിയാതിരുന്ന ബി.ജെ.പിക്ക് കണ്ണൂരില്‍ തങ്ങള്‍ക്ക് ലഭിക്കാറുള്ള ശരാശരി വോട്ടില്‍ കൂടുതല്‍ നേടാനായില്ല. 1987ല്‍ 7,330ഉം 2006ല്‍ 4,519 വോട്ടും ബി.ജെ.പിക്ക് ലഭിച്ചിരുന്നു. ഇതില്‍ കൂടുതല്‍ മെച്ചമുണ്ടാക്കാന്‍ ലൗ ജിഹാദെന്ന വര്‍ഗീയ പ്രചാണം നടത്തിയിട്ടുപോലും ബി.ജെ.പിക്കായില്ല. നഗരസഭയിലെ 38 വാര്‍ഡുകളില്‍ മിക്കതിലും മികച്ച പ്രകടനം കാഴ്ചവച്ച എസ്.ഡി.പി.ഐക്ക് 27, 30 വാര്‍ഡുകളില്‍  രണ്ടാമത് എത്താനും സാധിച്ചു.


--
തേജസ്‌ ഒരു വായന മാത്രമല്ല, ദൗത്യവുമാണ്‌.
M.T.P Rafeek, Sub Editor, Thejas Daily
www.thejasnews.com


0 comments:

Post a Comment