Thursday, July 29, 2010

വി എസ്‌ പറയുമ്പോള്‍




http://rajeevcoup.blogspot.com/2010_07_01_archive.html

വി എസ്‌ പറയുമ്പോള്‍



കേരളത്തെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമാക്കാന്‍ സംഘടിതമായ ശ്രമം നടക്കുന്നുവെന്നാണ്‌ മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദന്‍ കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനം നടത്തി പറഞ്ഞത്‌. അതിനൊരു കാലപരിധിയും അദ്ദേഹം മുന്‍കൂട്ടിക്കാണുന്നുണ്ട്‌, 20 വര്‍ഷം. അതിനുള്ള ശ്രമങ്ങള്‍ ഇപ്പോഴേ നടക്കുന്നുണ്ടെന്നാണ്‌ മുഖ്യമന്ത്രിയുടെ വാക്കുകളില്‍ നിന്ന്‌ മനസ്സിലാക്കേണ്ടത്‌. `ചെറുപ്പക്കാരായ ആളുകളെയെല്ലാം തന്നെ സ്വാധീനിച്ചിട്ട്‌... പണം കൊടുത്തിട്ട്‌ അവരെ മുസ്‌ലിമാക്കുക, മുസ്‌ലിം യുവതികളെ കല്യാണം കഴിക്കുക, മുസ്‌ലിം ജനിക്കുക...ആ തരത്തിലിങ്ങനെ... മുസ്‌ലിം സമുദായത്തിന്‌ ഭൂരിപക്ഷമുണ്ടാക്കുക' - ഇതാണ്‌ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതിയെന്ന്‌ മുഖ്യമന്ത്രി വിശദീകരിക്കുന്നുമുണ്ട്‌.

ഇത്തരം പദ്ധതികള്‍ ആസൂത്രണം ചെയ്‌ത്‌ നടപ്പാക്കുന്നുണ്ടെന്ന ആരോപണം വര്‍ഷങ്ങളായി ഉന്നയിച്ചുവരുന്നത്‌ ഇവിടുത്തെ ഹിന്ദുത്വ വര്‍ഗീയ ശക്തികളാണ്‌. 1925ല്‍ രാഷ്‌ട്രീയ സ്വയം സേവക്‌ സംഘ്‌ (ആര്‍ എസ്‌ എസ്‌) രൂപവത്‌കരിക്കപ്പെടുന്നത്‌ തന്നെ ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കുക എന്ന ലക്ഷ്യത്തോടെയാണ്‌. ഹിന്ദു രാഷ്‌ട്രമാക്കുക എന്നാല്‍ അന്യ മതസ്ഥര്‍ ഇല്ലാത്ത, അല്ലെങ്കില്‍ അവര്‍ക്ക്‌ സ്വാധീനമൊന്നുമില്ലാത്ത സ്ഥിതിയുണ്ടാക്കുക എന്നാണ്‌ അര്‍ഥം. ഹിന്ദു ഭരണകൂടം സ്ഥാപിക്കുക, സാമൂഹിക, വ്യക്തി ജീവിതത്തിന്‌ ആധാരമായ സര്‍വ കാര്യങ്ങളും ഹിന്ദുമതത്തിന്റെ രീതി മര്യാദകളില്‍ അധിഷ്‌ഠിതമാക്കുക, വര്‍ഷങ്ങള്‍ കഴിയുമ്പോഴേക്കും ഹൈന്ദവര്‍ മാത്രമുള്ള ഒരു സമൂഹമുണ്ടാവുക - സാമാന്യേന പറഞ്ഞാല്‍ ഇതാണ്‌ പദ്ധതി. 


മുക്കാല്‍ നൂറ്റാണ്ടിലേറെക്കാലമായി ഇതിനുള്ള ശ്രമം നടക്കുന്നു. സ്വാതന്ത്ര്യാനന്തരം രാഷ്‌ട്രീയ പാര്‍ട്ടി എന്ന രൂപത്തിലും ആര്‍ എസ്‌ എസ്‌ അരങ്ങേറി. ഇന്ത്യയിലെ ഭൂരിപക്ഷ മതം ഹിന്ദുമതമായിട്ടുപോലും പ്രഖ്യാപിത ലക്ഷ്യത്തിന്റെ അടുത്തെങ്ങുമെത്താന്‍ ഇതുവരെ അവര്‍ക്ക്‌ സാധിച്ചില്ല. ആറ്‌ വര്‍ഷക്കാലം ഇതര കക്ഷികളുടെ സഹായത്തോടെ ബി ജെ പിക്ക്‌ ഇന്ത്യാരാജ്യം ഭരിക്കാനായി എന്ന്‌ മാത്രം. അപ്പോള്‍ പോലും ഒന്നും ചെയ്യാനായില്ലെന്നാണ്‌ ആര്‍ എസ്‌ എസ്‌ നേതാക്കള്‍ തന്നെ അടുത്തിടെ പറഞ്ഞത്‌. വിവാഹ നിയമം ഏകീകരിക്കാന്‍ പോലും അന്നത്തെ ബി ജെ പി സര്‍ക്കാര്‍ ശ്രമിച്ചില്ലെന്ന്‌ ആര്‍ എസ്‌ എസ്‌ തുറന്നു സമ്മതിക്കുന്നു. ഇതിന്‌ കാരണങ്ങള്‍ പലതുണ്ടാവാം. ഭരണഘടന ആവിഷ്‌കരിച്ചപ്പോള്‍ വിഭാവനം ചെയ്‌ത മതേതര വ്യവസ്ഥ, ഹൈന്ദവരിലെ ജാതി വ്യവസ്ഥ, ഇപ്പോഴും ഇന്ത്യന്‍ ദേശീയതയുമായി പൂര്‍ണമായും ഇണങ്ങിച്ചേരാത്ത വിഭാഗങ്ങള്‍ അങ്ങനെ പലതും. പൊതുവില്‍ ഭൂരിപക്ഷമായ ഹിന്ദുക്കള്‍ ഹിന്ദുരാഷ്‌ട്ര അജന്‍ഡ ഏറ്റെടുക്കാന്‍ മനസ്സ്‌ കാണിച്ചില്ല എന്ന്‌ പറയേണ്ടിവരും. തങ്ങളുടെ ആവാസ വ്യവസ്ഥയെ ജാതി, മത വൈവിധ്യങ്ങളോടെ ഉള്‍ക്കൊള്ളാന്‍ അവര്‍ തയ്യാറായിരുന്നു. ജാതി വ്യവസ്ഥ പോലുള്ളവയുടെ ദോഷഫലങ്ങള്‍ അതുകൊണ്ടുതന്നെ നിലനില്‍ക്കുകയും ചെയ്യുന്നു.

ഹിന്ദു രാഷ്‌ട്ര സ്ഥാപനത്തിനായുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി നടക്കുന്നുമുണ്ട്‌. സ്‌ഫോടനങ്ങള്‍ നടത്തി, വര്‍ഗീയ വിഭജനം നടത്താനുള്ള ശ്രമം ഒരു ഭാഗത്ത്‌. മുസ്‌ലിം സംഘടനകളോ വ്യക്തികളോ ആണ്‌ സ്‌ഫോടനത്തിന്‌ പിന്നിലെങ്കില്‍ അതിന്റെ കുറ്റം സമുദായത്തിനുമേലാകെ ചുമത്തി വെറുക്കപ്പെടേണ്ട വിഭാഗമായി ചിത്രീകരിക്കാനുള്ള ശ്രമം മറു ഭാഗത്ത്‌. രാഷ്‌ട്രീയാധികാരം കൈയടക്കി നിയമവും വിദ്യാഭ്യാസവും ചരിത്രവുമൊക്കെ സ്വന്തമാക്കുക എന്ന ലക്ഷ്യവും അവര്‍ക്കുണ്ട്‌. ഇത്തരം ശ്രമങ്ങളുടെയെല്ലാം ഭാഗമായിരുന്നു കേരളം, കര്‍ണാടകം എന്നീ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചുയര്‍ന്ന `ലൗ ജിഹാദ്‌' ആരോപണം. ഹിന്ദുത്വ സംഘടനകള്‍ മാത്രമല്ല, ക്രിസ്‌ത്യന്‍ സംഘടനകളും എസ്‌ എന്‍ ഡി പി യോഗം പോലുള്ള പ്രസ്ഥാനങ്ങളുടെ നേതാക്കളും ആ പ്രചാരണത്തില്‍ തീ പടര്‍ത്താന്‍ ശ്രമിച്ചിരുന്നു. 


സമ്പന്ന ഹിന്ദു കുടുംബങ്ങളിലെ പെണ്‍കുട്ടികളെ പ്രണയം നടിച്ച്‌ വശത്താക്കി, ഇസ്‌ലാമില്‍ ചേര്‍ക്കുകയോ ലൈംഗികമായി ഉപയോഗിച്ച ശേഷം ഭീകര പ്രവര്‍ത്തനങ്ങള്‍ക്കും മറ്റും ഉപയോഗിക്കുകയോ ചെയ്യുന്നുവെന്ന്‌ ഉദാഹരണ സഹിതം ആരോപിക്കുമ്പോള്‍ രക്ഷിതാക്കളിലും കുടുംബങ്ങളിലുമുണ്ടാവാനിടയുള്ള ശങ്ക എത്രയായിരിക്കും? വെറുപ്പിന്റെ വിത്ത്‌ വിതക്കാന്‍ ഇതിലും വലിയൊരു ആയുധം വേറെയില്ല. ഉദാഹരിക്കപ്പെട്ട സംഭവങ്ങളുടെ അടിസ്ഥാനം ചോദ്യം ചെയ്യപ്പെടുകയും ശക്തിയായ പ്രതിരോധം ഉയരുകയും ചെയ്‌തതോടെയാണ്‌ ഈ പ്രചാരണങ്ങളുടെ മുനയൊടിഞ്ഞത്‌. കേരളത്തെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമാക്കാന്‍ സംഘടിത ശ്രമം നടക്കുന്നുവെന്ന്‌ വി എസ്‌ അച്യുതാനന്ദന്‍ തന്നെ പറയുമ്പോള്‍ ഹൈന്ദവ സംഘടനകള്‍ ഇക്കാലമത്രയും നടത്തിയ പ്രചാരണങ്ങള്‍ക്ക്‌ ആധികാരികത കൈവരികയാണ്‌ ചെയ്യുന്നത്‌. ചെറുതല്ലാത്ത പ്രത്യാഘാതം അതുണ്ടാക്കുകയും ചെയ്യും.

സമുദായാംഗങ്ങളുടെ എണ്ണം കൂട്ടി ഭൂരിപക്ഷം കൈവരിക്കാന്‍ എന്തെങ്കിലും ശ്രമം അടുത്ത കാലത്ത്‌ നടന്നിട്ടുണ്ടെങ്കില്‍ അത്‌ കത്തോലിക്കാ സഭയുടെ ഭാഗത്തുനിന്നാണ്‌. സാമ്പത്തികശേഷിയുള്ള ദമ്പതികളെല്ലാം `നാം രണ്ട്‌ നമുക്ക്‌ രണ്ട്‌' എന്ന തത്വമൊഴിവാക്കണമെന്നും കൂടുതല്‍ കുഞ്ഞുങ്ങള്‍ക്ക്‌ ജന്മം നല്‍കണമെന്നും അതുവഴി കത്തോലിക്കരുടെ എണ്ണം കൂട്ടണമെന്നും പള്ളികളിലൂടെയാണ്‌ സഭാ നേതൃത്വം സന്ദേശം നല്‍കിയത്‌. കേരളത്തെ ക്രൈസ്‌തവ മേധാവിത്വമുള്ള സമൂഹമാക്കുന്നതിനുള്ള ശ്രമമായി ഇതിനെ കാണാന്‍ സാധിക്കുമോ? അത്തരത്തില്‍ ശ്രമിച്ചാല്‍ മാറിമറിയുന്നതാണോ കേരളത്തിലെ സാമൂഹിക ഘടന? വി എസ്‌ പറഞ്ഞതുപോലെ മുസ്‌ലിം ജനിച്ച്‌ കാലക്രമേണ മുസ്‌ലിം ഭൂരിപക്ഷമാവണമെങ്കില്‍ മറ്റ്‌ സമുദായത്തിലെ യുവതീയുവാക്കളെ വന്ധ്യംകരിക്കേണ്ടിക്കൂടി വേണ്ടിവരും. അതിനുള്ള പോംവഴിയും ഹിന്ദുത്വ തീവ്രവാദ സംഘടനകള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്‌. അതാണ്‌ `ഡോക്‌ടര്‍ ജിഹാദ്‌.' `ലൗ ജിഹാദ്‌' പ്രചാരണം തുടക്കത്തിലേ പാളിയതുകൊണ്ട്‌ `ഡോക്‌ടര്‍ ജിഹാദ്‌' പ്രചാരണം തുടങ്ങിയേടത്തുതന്നെ നില്‍ക്കുകയായിരുന്നു. വി എസിന്റെ സര്‍ട്ടിഫിക്കറ്റ്‌ കൂടി ലഭിച്ച സാഹചര്യത്തില്‍ സംഘ്‌ പരിവാറിന്‌ ഇത്‌ പൊടിതട്ടി എടുക്കാവുന്നതാണ്‌.

ഇനി കേരളത്തില്‍ മുഖ്യമന്ത്രിയായ വി എസ്‌ അച്യുതാനന്ദന്‍ പറയുന്നതുപോലെ സംഘടിതമായ ശ്രമം നടക്കുന്നുണ്ടെന്ന്‌ തന്നെ സമ്മതിക്കുക. അതിനര്‍ഥം അമ്പതാണ്ട്‌ നീണ്ട വി എസ്‌ അച്യുതാനന്ദന്റെ രാഷ്‌ട്രീയ ജീവിതം പാഴായിപ്പോയെന്നാണ്‌. അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെയും അതിന്റെ വിവിധങ്ങളായ സംഘടനാ വിഭാഗങ്ങളുടെയും പ്രവര്‍ത്തനം വൃഥാവിലായെന്നാണ്‌. മറ്റു രാഷ്‌ട്രീയ പാര്‍ട്ടികളും അധികാരത്തില്‍ വന്ന ഭരണകൂടങ്ങളും പരാജയപ്പെട്ടുവെന്നാണ്‌. മുസ്‌ലിം ഭൂരിപക്ഷമുണ്ടാക്കി അതിനനുസൃതമായ ഭരണ സംവിധാനമുണ്ടാക്കണമെന്ന ചിന്താഗതി വളരുകയും അതിന്‌ സ്വാധീനമുറപ്പിക്കാന്‍ കഴിയുകയും ചെയ്യുന്നുവെങ്കില്‍ അതിനുള്ള രാഷ്‌ട്രീയ, സാമൂഹിക സാഹചര്യം നിലനില്‍ക്കുന്നുവെന്നാണ്‌ അര്‍ഥം. സ്വാതന്ത്ര്യം ഷഷ്‌ടിപൂര്‍ത്തി പിന്നിട്ടിട്ടും ഈ ജനവിഭാഗത്തിന്റെ വിശ്വാസം നേടിയെടുക്കാന്‍ രാഷ്‌ട്രീയ, ഭരണ നേതൃത്വത്തിന്‌ സാധിക്കാത്തതുകൊണ്ടാണ്‌ ഈ സാഹചര്യം നിലനില്‍ക്കുന്നത്‌. വിശ്വാസം നേടിയെടുക്കണമെങ്കില്‍ അവരുടെ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യണമായിരുന്നു. സമൂഹത്തില്‍ തുല്യ അന്തസ്സ്‌ ഉറപ്പാക്കണമായിരുന്നു. അതിന്‌ സാധിച്ചിട്ടില്ല എന്ന്‌ തുറന്നു സമ്മതിക്കുന്നതിന്‌ തുല്യമാണ്‌ വി എസ്‌ അച്യുതാനന്ദന്റെ ഇപ്പോഴത്തെ പ്രസ്‌താവന. രാജ്യത്ത്‌ തുല്യാവസര കമ്മീഷന്‍ രൂപവത്‌കരിക്കുമെന്ന്‌ പ്രഖ്യാപിക്കുമ്പോള്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ കോണ്‍ഗ്രസും അംഗീകരിക്കുന്നത്‌ മറ്റൊന്നല്ല.

ഈ സാഹചര്യം മാറണമെങ്കില്‍ ആദ്യം തിരുത്തേണ്ടത്‌ സ്വന്തം മനസ്സിനെയാണ്‌. മലപ്പുറം ജില്ലയില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ മത്സരപ്പരീക്ഷകളില്‍ മുന്നിലെത്തുന്നതിന്‌ പിന്നില്‍ ദുരൂഹതയുണ്ടെന്ന്‌ പറഞ്ഞത്‌ ഇതേ വി എസ്‌ തന്നെയാണ്‌. മലപ്പുറത്തെ ജനസംഖ്യാനുപാതത്തെക്കുറിച്ച്‌ ബോധ്യമില്ലാത്തയാളല്ല അദ്ദേഹം. ഇത്തരത്തിലൊരു പ്രസ്‌താവന നടത്തുമ്പോള്‍ അതിന്റെ ലക്ഷ്യമേതെന്ന്‌ പ്രത്യേകിച്ച്‌ പറയേണ്ടതില്ല. കണക്കുകളോ, വസ്‌തുതകളോ ഈ ആക്ഷേപത്തിന്‌ തുണയായി അദ്ദേഹം അന്നും പിന്നീടും ഹാജരാക്കിയിട്ടില്ല. അപ്പോള്‍ പിന്നെ ലക്ഷ്യമെന്തായിരുന്നു? ഒരു വിഭാഗം വിദ്യാഭ്യാസ മേഖലയില്‍ പുരോഗതി നേടുന്നതിനെപ്പോലും സംശയത്തോടെ കാണുന്ന മനസ്സ്‌ അദ്ദേഹത്തിനുണ്ടായിരുന്നുവെന്ന്‌ തന്നെ മനസ്സിലാക്കണം. പുതിയ പ്രസ്‌താവനയുടെ പശ്ചാത്തലത്തില്‍ പ്രത്യേകിച്ചും. 


ഇത്തരം സംശയങ്ങള്‍ നിലനിര്‍ത്തുകയും അത്‌ പ്രചരിപ്പിക്കുകയും ചെയ്യുന്ന നേതാക്കളും സംഘടനകളുമാണ്‌ ആളുകളെ വഴിതെറ്റിക്കുന്നത്‌; ഭൂരിപക്ഷ സമുദായത്തെ സംശയങ്ങളുടെ പരകോടിയിലേക്ക്‌, ന്യൂനപക്ഷ വിഭാഗങ്ങളെ അപകര്‍ഷതയുടെ ആഴങ്ങളിലേക്കും. അപകര്‍ഷതയുടെയും അവഗണനയുടെയും ആഴങ്ങളില്‍ നിന്നാണ്‌ സമരങ്ങളുണ്ടാവുന്നതെന്നും അത്‌ സായുധരീതിയിലേക്ക്‌ വഴിമാറുന്നതെന്നും വി എസ്‌ അച്യുതാനന്ദന്‌ അറിയാത്തതല്ലല്ലോ?

മുഖ്യമന്ത്രി സംസ്ഥാന ഭരണത്തിന്റെ നേതാവാണ്‌. ഭരണത്തിലെ വിവിധ വിഭാഗങ്ങളില്‍ നിന്ന്‌ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്‌ അദ്ദേഹം സംസാരിക്കുക. ഇപ്പോള്‍ പറഞ്ഞ കാര്യങ്ങളും അത്തരത്തില്‍ ലഭിച്ച വിവരങ്ങളെ വിശകലനം ചെയ്‌താവണം. ഇത്തരം വിവരങ്ങള്‍ കൈമാറുന്നവര്‍ അപ്പപ്പോഴത്തെ കാര്യങ്ങളെക്കുറിച്ച്‌ മാത്രമേ ചിന്തിക്കുന്നുണ്ടാവൂ. ഭരണാധികാരികളും ആദരണീയമായ പ്രവര്‍ത്തന പാരമ്പര്യമുള്ള നേതാക്കളുമാവുമ്പോള്‍ മുന്‍കാലങ്ങളെക്കുറിച്ച്‌ കൂടി അറിവുണ്ടാവും. മതം മാറുകയോ മാറ്റുകയോ ചെയ്യുന്ന പതിവ്‌ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. പല കാരണങ്ങളാല്‍ മതം മാറുന്നവരുണ്ടാവാം. ഇന്ന്‌ ദളിത്‌ ക്രൈസ്‌തവര്‍ എന്ന പേരില്‍ അറിയപ്പെടുന്നവര്‍ ക്രിസ്‌തുമതം സ്വീകരിക്കാനുണ്ടായ കാരണം ഹിന്ദുമതത്തിലെ ജാതിവ്യവസ്ഥയായിരുന്നു. അതുപോലുള്ള സാമൂഹിക, വ്യക്തി സാഹചര്യങ്ങള്‍ ഇപ്പോഴും മതം മാറ്റങ്ങള്‍ക്ക്‌ കാരണമാകുന്നുണ്ട്‌. 


ഏത്‌ മതത്തില്‍ വിശ്വസിക്കുന്നതിനും വിശ്വസിക്കുന്ന മതം പ്രചരിപ്പിക്കുന്നതിനും ഭരണഘടന അനുവാദം നല്‍കുന്നുണ്ട്‌. അതുകൊണ്ട്‌ മതം പ്രചരിപ്പിക്കുന്നതോ സ്വന്തം മതത്തിലേക്ക്‌ കൂടുതല്‍ ആളുകളെ ക്ഷണിക്കുന്നതോ തെറ്റായി കാണാനും സാധിക്കില്ല. സ്വാധീനം ചെലുത്തി, നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്‌ പ്രേരിപ്പിക്കുമ്പോഴാണ്‌ പ്രശ്‌നങ്ങളുണ്ടാവുന്നത്‌. കേരളം പോലെ വിവിധ മതസ്ഥര്‍ തിങ്ങിത്താമസിക്കുന്ന ഒരു പ്രദേശത്ത്‌ നിര്‍ബന്ധിത മതപരിവര്‍ത്തനമൊക്കെ ഏറെപ്പെട്ടെന്ന്‌ പുറത്തുവരുമെന്നുറപ്പ്‌. അത്തരത്തില്‍ പ്രകടമായ യാതൊന്നും ഇക്കാലയളവില്‍ റിപ്പോര്‍ട്ട്‌ ചെയ്‌തതായി അറിവുമില്ല. മുക്കാല്‍ നൂറ്റാണ്ട്‌ കാലം ആര്‍ എസ്‌ എസും അരനൂറ്റാണ്ടിലേറെക്കാലം അതിന്റെ രാഷ്‌ട്രീയരൂപങ്ങളും ശ്രമിച്ചിട്ട്‌ നടക്കാത്തത്‌ വംശവര്‍ധനവിലൂടെ സാധിച്ചുകളയാമെന്ന്‌ ഏതെങ്കിലും മുസ്‌ലിം സംഘടന ധരിച്ചുവശായിട്ടുണ്ടെന്ന്‌ കരുതാനാവില്ല. മറിച്ചാണ്‌ കാര്യങ്ങളെങ്കില്‍ കൃത്യവും വ്യക്തവുമായ വിവരങ്ങള്‍ പരസ്യപ്പെടുത്തേണ്ട ബാധ്യത ഭരണകൂടത്തിനുണ്ട്‌. സംശയങ്ങള്‍ ശേഷിക്കാതിരിക്കാന്‍ അതാവും നല്ലത്‌. കാര്യങ്ങള്‍ വ്യക്തമായി പറഞ്ഞുപോവണമായിരുന്നുവെന്ന്‌ പിന്നീട്‌ പറയിപ്പിക്കാതിരിക്കാനെങ്കിലും.





0 comments:

Post a Comment