Tuesday, July 27, 2010

ഹിന്ദുത്വ ഭീകരത ഒരു യാഥാര്‍ഥ്യം - ഔട്ട്ലുക്ക് കവര്‍ സ്റ്റോറി -മലയാളം വിവര്‍ത്തനം

കണ്ണാടി പൊട്ടിച്ചിതറുന്നു
(The Mirror Explodes)

ഹിന്ദു ഭീകരത ഒരു യാഥാര്‍ഥ്യമാണ് , എന്നിട്ടും ആ പേര് ഉച്ചരിക്കാന്‍ ഇന്‍ഡ്യയ്ക്കു മടിയാണ് .


സ്മൃതി കോപ്പികാര്‍
(ഔട് ലുക്ക് 2010 ജൂലൈ 1)
പൂര്‍ത്തിയാകാത്ത കഥകള്‍,അവയുടെ കുരുക്ക് അഴിച്ച്പരിണാമഗുപ്തിയിലെത്തുന്നത് 'ഖ്വാജ മൊയ് നുദ്ദീന്‍ ചിഷ്ടി മസ്ജിദി'ല്‍ വെച്ചാണെന്ന ഒരു പഴംചൊല്ല് അജ്മീറില്‍ പറഞ്ഞു കേള്‍ക്കാറുണ്ട്. ഒരു പക്ഷേ, പള്ളിയില്‍ നടന്ന സ്ഫോടനത്തെക്കുറിച്ചുള്ള അന്വേഷണങ്ങളും ഇത്തരം ഒരു പരിസമാപ്തിയായിരിക്കും കാത്തിരിക്കുക. നൂറ്റാണ്ടുകള്‍ പഴക്കമുള്ള പള്ളിയുടെ അങ്കണം ശക്തി കുറഞ്ഞ സ്ഫോടനത്താല്‍ തകര്‍ക്കപ്പെട്ടിട്ട് രണ്ടര വര്‍ഷം കഴിഞ്ഞപ്പോഴാണ് രാജസ്ഥാന്‍ പൊലീസ് മൂന്നുപേരെ -ദേവേന്ദ്ര ഗുപ്ത, വിഷ്ണു പ്രസാദ് , ചന്ദ്രശേഖര്‍ പട്ടിദാര്‍- അറസ്റ്റു ചെയ്തത്. 2007 ഒക്റ്റോബറില്‍, മൂന്നു പേര്‍ കൊല്ലപ്പെട്ട സ്ഫോടനത്തിനു തുടക്കം കുറിച്ച മൊബീല്‍ ഫോണും സിം കാര്‍ഡും വാങ്ങിച്ചത് ആര്‍ എസ് എസ് പ്രവര്‍ത്തകനായ ഗുപ്തയാ ണെന്നാണു സംശയിക്കുന്നത്. ഇക്കൊല്ലം ഏപ്രില്‍ 30ന് ഇവരെ അറസ്റ്റു ചെയ്യുന്ന തുവരെ ,അജ്മീര്‍ സ്ഫോടനം ജിഹാദി ഭീകരരുടെ കൈക്രിയ ആയിരുന്നു എന്ന അന്വേഷണ സംഘത്തിന്റെ കഥയാണ് വിമര്‍ശനരഹിതമായും അത്യുത്സാഹ ത്തോടെയും ഭരണകൂടം സ്വീകരിച്ചത്. വലിയൊരു വിഭാഗം മാധ്യമങ്ങളും അക്കഥ ആവര്‍ത്തിച്ചുറപ്പിക്കയുണ്ടായി.

ലാഹോറിലെ ദത്താ ഗഞ്ച് ബക്ഷില്‍ എണ്ണപ്പെട്ട മൃതദേഹങ്ങള്‍ , കുഴക്കുന്ന ഒരു ചോദ്യത്തിലേക്കു നയിക്കുന്നു: 'ജിഹാദികള്‍ ദര്‍ഗയിലെ മുസ്ലിം ഭക്തരെ ലക്ഷ്യം വയ്ക്കുമോ?' ഈ ചോദ്യത്തിന് സങ്കീര്‍ണമായ ഉത്തരങ്ങളാവും കാണുക. പക്ഷേ ഇന്‍ഡ്യയില്‍ ,യുക്തിസഹമായ അന്വേഷണത്തിന്റെ ഭാഗമായി ഇത്തരം ചോദ്യങ്ങള്‍ ഉന്നയിക്കേണ്ടതാണെന്ന വിചാരം പോലും ഇല്ല. സംശയത്തിന്റെ കുന്തമുന സ്വാഭാവികമായും ഉറപ്പായും 'ഇസ്ലാമിക ഭീകര'രില്‍ത്തന്നെ ചെന്നു നിന്നു. അന്വേഷണത്തിന്റെ വിവിധ ഘട്ടങ്ങളിലായി നിരവധി മുസ്ലിം ചെറുപ്പക്കാര്‍ തടവിലാക്കപ്പെടുകയും വിശദമായി ചോദ്യം ചെയ്യപ്പെടുകയും ചെയ്തു. അവസാനം എല്ലാ സൂചനകളും ഗുപ്തയിലേക്കു നയിക്കുകയും ഹിന്ദു മൌലികവാദ ദേശീയ ഗ്രൂപ്പു കളിലേക്കു വിരല്‍ ചൂണ്ടുകയും ചെയ്യുന്നതുവരെ ഇതു തുടര്‍ന്നു. രാജസ്ഥാന്‍ ഭീകര വിരുദ്ധ സ്ക്വാഡിന്റെ തലവന്‍ കപില്‍ ഗാര്‍ഗ് പറയുന്നു:"ഞങ്ങള്‍ ആ മതത്തി ലെ(ഹിന്ദു മതത്തിലെ) ചിലയാളുകളെ അറസ്റ്റു ചെയ്തിട്ടുണ്ട്. ശരിയായ പാതയില്‍ ത്തന്നെയാണു ഞങ്ങളെന്ന് തീര്‍ത്തും ഉറപ്പുണ്ട്. "

ഏറ്റവുമൊടുവില്‍, ഹൈദരാബാദിലും മക്ക മസ്ജിദ് ബോംബ് സ്ഫോടനക്കേ സിലും തങ്ങള്‍ ശരിയായ പാതയിലാണെന്നാണ് സി ബി ഐ ടീം വിശ്വസി ക്കുന്നത്. 2007 മെയ് മാസത്തില്‍ 14 പേരെ കൊല്ലുകയും അമ്പതോളം പേരെ പരിക്കേല്‍പ്പിക്കുകയും ചെയ്ത മക്ക മസ്ജിദ് കോംപ്ലക്സിലെ ഉഗ്ര സ്ഫോടത്തിനു കാരണക്കാരായ ഹിന്ദു മതമൌലിക ഗ്രൂപ്പുകളിലെ നാലു പേരെ ഈ മെയ് മാസ ത്തിലാണ് അറസ്റ്റു ചെയ്തത്. അന്നും പക്ഷേ ഹൈദരാബാദ് പൊലീസ് പറഞ്ഞി രുന്നത്, അതു ചെയ്തത് പ്രാദേശികമായ പിന്തുണയോടെ ഹര്‍ക്കത്തുല്‍ ജിഹാദി ഇസ്ലാമി(ഹുജി) ആയിരിക്കുമെന്നാണ്. 26 മുസ്ലിങ്ങളെ അറസ്റ്റു ചെയ്യുകയും ചോദ്യം ചെയ്യലിനുശേഷം നിര്‍ബന്ധിച്ചു കുറ്റസമ്മതം നടത്തി ആറു മാസം തടവിലിടുകയും ചെയ്തു.

എന്നാല്‍ നേര്‍വിപരീതമായ തെളിവ്-ലോഹക്കുഴലുകളില്‍ നിറച്ച സ്ഫോടക വസ്തുക്കള്‍ സിംകാര്‍ഡ്-മൊബീല്‍ ഫോണ്‍ ഉപയോഗിച്ച് ഉഗ്രസ്ഫോടനം നടത്തുന്ന രീതിയും അജ്മീര്‍ സ്ഫോടന ഉപായവുമായുള്ള വിസ്മയാവഹമായ സാദൃശ്യം-സി ബി ഐ കണ്ടെത്തുന്നതുവരെ ഈ കഥ മേല്‍ തിരക്കഥയനുസരിച്ചു തുടര്‍ന്നു. രണ്ടു ബോംബുകളിലും ഇന്‍ഡ്യന്‍ സൈന്യത്തില്‍ സാധാരണയായി ഉപയോഗിക്കുന്ന മാരക അനുപാതത്തിലായിരുന്നു ആര്‍ ഡി എക്സും റ്റി എന്‍ റ്റിയും സംയോജിപ്പി ച്ചിരുന്നതെന്നാണ് കരുതപ്പെടുന്നത്. "മക്കാ മസ്ജിദ് സ്ഫോടനത്തിലും വീണ്ടും അജ്മീര്‍ സ്ഫോടനത്തിലും ബോംബുകള്‍ സജീവമാക്കാന്‍ സിം കാര്‍ഡും മൊബീല്‍ ഫോണ്‍ സെറ്റുകളും ഉപയോഗിച്ചതും അജ്മീര്‍ സ്ഫോടനം സംഘടിപ്പിക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ചതും " സുനില്‍ ജോഷി എന്നു പേരുള്ള ഒരു ആക്റ്റിവിസ്റ്റ് ആയിരു ന്നുവെന്നാണ് സി ബി ഐ ഡിറക്റ്റര്‍ അശ്വനി കുമാര്‍ മാധ്യമങ്ങളോടു പറഞ്ഞത്.


ഏതാണ്ട് ഇതേ സമയത്തുതന്നെ, 2009 ഒക്റ്റോബറില്‍ പ്രാദേശിക ഉത്സവത്തിന് സ്ഫോടക വസ്തുക്കളുമായി പോകും വഴി രണ്ടുപേര്‍ കൊല്ലപ്പെട്ട മാര്‍ ഗാവ് സ്ഫോടനം ഗൂഢാലോചനാപരമായി നടപ്പാക്കിയ കേസില്‍ തീവ്ര വലതു പക്ഷ സംഘടനയായ 'സനാതന്‍ സംസ്ഥ'യുടെ അംഗങ്ങളില്‍ (എല്ലാവരും ഹിന്ദുക്കള്‍) കുറ്റമാരോപിച്ച് ദേശീയ അന്വേഷണ ഏജന്‍സി( എന്‍ ഐ ഏ) പഞ്ജിം കോടതിയില്‍ ഒരു കുറ്റപത്രം ഫയല്‍ ചെയ്തിരുന്നു. ഈ ഫെബ്രുവരിയില്‍ പുണെയിലെ ജര്‍മന്‍ ബേക്കറി സ്ഫോടനത്തിന്റെ അന്വേഷണവും , ആദ്യത്തെ സംശയം- ഇന്‍ഡ്യന്‍ മുജാഹിദീന്‍(ഐ എം)കാരെന്നോ 'ജിഹാദി വിഭാഗങ്ങളു ടെ സ്ലീപ്പര്‍ സെല്ലുകളെ'ന്നോ സംശയിക്കുന്ന മുസ്ലിങ്ങളെ ചോദ്യം ചെയ്യലും തടവി ലിടലും -കഴിഞ്ഞ് ഇപ്പോള്‍ കരയ്ക്കടിഞ്ഞിട്ടുണ്ട്. കഴിഞ്ഞമാസം അബ്ദുല്‍ സമദ് അറസ്റ്റു ചെയ്യപ്പെട്ടപ്പോള്‍ , മഹാരാഷ്ട്ര ഏ റ്റീ എസ് സജീവമാക്കി നിര്‍ത്തിയിരുന്ന ധാരണ, ആ രാത്രിയില്‍ ബേക്കറിയിലെ സി സി റ്റി വി കാമറയില്‍ പതിഞ്ഞി രുന്ന ആളാണ് സമദെന്നായിരുന്നു. പക്ഷേ സമദിനെ ഒരിക്കലും സ്ഫോടനവുമായി ബന്ധപ്പെട്ട് കുറ്റാരോപിതനാക്കിയില്ലെന്നു മാത്രമല്ല, മറ്റു കേസുകളിലും വെറുതെ വിടുകയാണുണ്ടായത്.


ഇന്‍ഡ്യയിലെ ഭീകരാക്രമണ കേസന്വേഷണങ്ങള്‍ക്ക് 2008 സെപ്റ്റംബര്‍-ഒക്റ്റോബറിലെ മാലെഗാവ് സ്ഫോടന അന്വേഷണത്തടെയാണ് നാടകീയമായ പരിവര്‍ത്തനമുണ്ടായത്. അന്നത്തെ മഹാരാഷ്ട്ര ഏ റ്റീ എസ് മേധാവി ഹേമന്ത് കര്‍ക്കരെ(അദ്ദേഹം പിന്നീട് 26/11 രാത്രിയില്‍ കൊല്ലപ്പെട്ടു) , നയിച്ച ആ അന്വേഷണം വിരല്‍ ചൂണ്ടിയത് 2005-06 ല്‍ സ്ഥാപിക്കപ്പെട്ട തീവ്ര വലതു പക്ഷ -പുണെ കേന്ദ്രിത സംഘടനയായ അഭിനവ് ഭാരതി(ഏ ബീ) ലേക്കും അതിന്റെ അംഗങ്ങളിലേക്കും അനുബന്ധ സംഘടനകളിലേക്കുമാണ്. കര്‍ക്കരെയും കൂട്ടരും പുറത്തുകൊണ്ടു വരാന്‍ നോക്കിയ,സമീപകാല ചരിത്രത്തിന്റെ ഭാഗമായ ആ വസ്തുത 'ഹിന്ദുത്വ ഭീകരത' എന്ന പുത്തന്‍ പ്രതിഭാസത്തെ നിരീക്ഷിക്കാനും പരിശോധിക്കാനുമുള്ള അടിത്തറയാകേണ്ടതായിരുന്നു.എന്നാല്‍ അതുണ്ടായില്ല.


മെക്കാ മസ്ജിദ്, അജ്മീര്‍ തുടങ്ങിയ പ്രഹരശേഷി കുറഞ്ഞ സ്ഫോടനങ്ങളുടെ ഹിന്ദുത്വ ബന്ധങ്ങള്‍ പൊതുജന സമക്ഷം എത്തിയിട്ട് രണ്ടു കൊല്ലമേ ആയിട്ടുള്ളൂവെങ്കിലും ഭോപാല്‍ റെയില്‍വേ സ്റ്റേഷനില്‍ ഒരു ഐ ഈ ഡി കാണുകയും അതേത്തുടര്‍ന്നുള്ള അന്വേഷണങ്ങള്‍ ,പ്രാദേശിക ഹിന്ദുത്വ ആക്റ്റിവിസ്റ്റുകളായ രാം നാരായണ്‍ കല്‍സംഗ്ര,സുനില്‍ ജോഷി ഇവരിലേക്കു ചെന്നെത്തിയ 2002-03മുതല്‍ തന്നെ അതിന്റെ സൂചനകള്‍ ദൃശ്യമായിരുന്നു. അവരെ ചോദ്യം ചെയ്തെങ്കിലും ഒരു തെളിവും കിട്ടിയില്ല. എന്നിരുന്നാലും ബജ് രംഗ് ദളാണ് ഇതിനു പിന്നിലെന്നു പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ്ങിനെ പ്രേരിപ്പിച്ചത് ആ സംഭവമാണ്. പിന്നീട് 2006 ല്‍ , നാന്ദേഡ്, കാണ്‍പൂര്‍ ഇവിടങ്ങളിലെ ഹിന്ദുത്വ ആക്റ്റിവിസ്റ്റുകളുടെ വീടുകളില്‍ ഐ ഈ ഡി നിര്‍മാണത്തിനിടെ സ്ഫോടനങ്ങളുണ്ടായി. അക്കൊല്ലം, മഹാരാഷ്ട്രയിലെ പല പട്ടണങ്ങളിലും-പൂര്‍ണ,പര്‍ഭാനി,ജല്‍ന- ഉള്ള പള്ളികളും ശക്തികുറഞ്ഞ സ്ഫോടന ങ്ങളാല്‍ നടുങ്ങി. നാന്ദേഡിലേത് ഔറംഗാബാദിലെ പള്ളിയിലേക്കു കരുതി വച്ച ഐ ഈ ഡിയായിരുന്നു. ഔറംഗബാദിന്റെ മാപ്പിനൊപ്പം കൃത്രിമ താടികളും മുസ്ലിം പുരുഷന്മാരുടെ വസ്ത്രങ്ങളും അവിടെ നിന്നു പിടിച്ചെടുത്തിരുന്നു. അത് മതിയായ ഒരു മുന്നറിയിപ്പായെടുക്കേണ്ടതായിരുന്നു.


എന്നാല്‍ കര്‍ക്കരെ മാലെഗാവ് അന്വേഷണം നയിച്ച 2008ലെ രണ്ടു മാസത്തെ ചുരുങ്ങിയ കാലയളവു് ഒഴിച്ചുനിര്‍ത്തിയാല്‍ ,ഈ വര്‍ഷം മെയ്-ജൂണ്‍ വരെ ഈ മുന്നറിയിപ്പുകളെ കാണാതിരിക്കയോ അവഗണിക്കയോ ആണ് ഭരണകൂടം ചെയ്തത്.എന്നാല്‍ ആ നിഷേധ മനോഭാവം തുടരാന്‍ ഇപ്പോള്‍ ബുദ്ധിമുട്ടായിരിക്കും. "കഴിഞ്ഞ പത്തുകൊല്ലമായി ഹിന്ദു വലതുപക്ഷ അതിക്രമ ങ്ങളെക്കുറിച്ച കഥകള്‍ ചെറിയ തോതിലെങ്കിലും പുറത്തുവന്നു കൊണ്ടിരിക്കു ന്നുണ്ട്. വ്യവസ്ഥാപിതമായ അന്വേഷണത്തിനു പകരം ഓരോ സംഭവം-ഓരോ സംഭവം എന്ന മട്ടിലുള്ള അന്വേഷണമാണു നടക്കുന്നത്. വലിയ സംഭവങ്ങള്‍ അന്വേഷണത്തിനു വിധേയമാക്കപ്പെടാതെയും റിപ്പോര്‍ട്ടു ചെയ്യപ്പെടാതെയും നിലനില്‍ക്കുകയാണ്. "-മുംബൈയിലെ മനുഷ്യാവകാശ പ്രവര്‍ത്തകനും അഭി ഭാഷകനും ആയ മിഹിര്‍ ദേശായി പറയുന്നു. അജ്മീര്‍, മക്കാ മസ്ജിദ്,മാലെഗാവ് തുടങ്ങിയ സ്ഫോടനങ്ങളുടെ പിന്നില്‍ ഇസ്ലാമിക ഗ്രൂപ്പുകളുടെ സാന്നിധ്യം കണ്ടെ ത്തുന്ന വ്യക്തമായ തെളിവുകളൊന്നും കിട്ടാത്ത സാഹചര്യത്തില്‍ ഇവയെല്ലാം കൂടി ഒന്നിച്ച് അന്വേഷിക്കണമോ എന്നുള്ള നിര്‍ദേശം ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നു ലഭിക്കുന്നതും പ്രതീക്ഷിച്ചിരിക്കയാണ് സി ബി ഐ ഇപ്പോള്‍.


ഹിന്ദുത്വ ഗ്രൂപ്പുകളുടെ പങ്കിനെപ്പറ്റി വിലയിരുത്താന്‍ പറ്റിയ അവസരമാണ് മാലെഗാവ് 2008 നല്‍കിയത്. അക്കൊല്ലം സെപ്റ്റംബറില്‍ തീവ്രത കുറഞ്ഞ ഒരു സ്ഫോടനത്തില്‍ 14 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്കു പരിക്കേല്‍ക്കുയും ചെയ്തിരുന്നു. ഏ റ്റീ എസ്സിന്റെ അന്വേഷണം എത്തിച്ചേര്‍ന്നത്, ബോംബ് സ്ഫോടന ത്തിനുപയോഗിച്ച മോട്ടോര്‍ സൈക്കിളിന്റെ ഉടമസ്ഥ സാധ്വി പ്രജ്ഞാ സിങ് ഠാക്കൂറിലും തുടര്‍ന്ന് സ്വയം പ്രഖ്യാപിത ഗുരു ദയാനന്ദ് പാണ്ഡെയിലും സൈന്യ ത്തില്‍ സേവനം അനുഷ്ഠിച്ചിരുന്ന ലെഫ് കേണല്‍ പ്രസാദ് ശ്രീകാന്ത് പുരോഹി തിലും മറ്റ് പതിമൂന്നു പേരിലുമാണ്.( ആദ്യമായാണ് ഒരു സൈനിക ഓഫീസറിലേ ക്ക് അന്വേഷണം നീണ്ടത്).ചോദ്യം ചെയ്യവേ, മക്കാ മസ്ജിദ് സ്ഫോടനത്തിനും ആര്‍ ഡി എക്സ് നല്‍കിയതു താനായിരുന്നുവെന്ന് പുരോഹിത് ഏ റ്റീ എസ്സിനോടു വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ അപ്പോഴേക്കും ഹൈദരാബാദ് പൊലീസ് 'ഹുജി ബന്ധമുള്ള 'മുസ്ലിങ്ങളെ തടവിലാക്കിയിരുന്നതിനാല്‍ ഇക്കാര്യം പരസ്യമാക്കരു തെന്ന നിര്‍ദേശമാണ് ഏ റ്റീ എസ്സിനു കിട്ടിയതെന്നു പറയപ്പെടുന്നു. ആ സ്ഫോടന ത്തിനും അജ്മീര്‍ സ്ഫോടനവുമായുള്ള സാദൃശ്യം സ്പഷ്ടമായിരുന്നു.


മാലെഗാവ് കേസില്‍ സമര്‍പ്പിച്ചിട്ടുള്ള 4528 പേജുള്ള കുറ്റപത്രം ,അഭിനവ് ഭാരതിന്റെയും കൂട്ടാളികളുടെയും 'ഗ്രാന്‍ഡ് ഡിസൈനി'നെപ്പറ്റി ഒരു ഉള്‍ക്കാഴ്ച്ച നല്‍കുന്നുണ്ട്. "ഹിന്ദു ആരാധനാലയങ്ങള്‍ക്കു മേലുള്ള ബോംബാക്രമണങ്ങള്‍ക്കു പകരം ചോദിക്കാ"നും "പ്രത്യേക ഹിന്ദു രാഷ്ട്രം "സ്ഥാപിക്കുക എന്ന തീവ്രമായ അഭിലാഷം പൂര്‍ത്തീകരിക്കാനുമാണ് സ്ഫോടന പരമ്പരകള്‍ നടത്തിയിരുന്നതെ ന്നാണ് പുരോഹിതും സാധ്വിയും മറ്റും പരസ്പരം പറഞ്ഞിരുന്നത്. അഭിനവ് ഭാരത് -അതിന്റെ മാതൃ രൂപം രൂപവത്കരിച്ചത് വീര്‍ സവര്‍ക്കര്‍ ആയിരുന്നു. പിന്നീടത് പിരിച്ചുവിടപ്പെട്ടു. ശേഷം ഹിമാനി സവര്‍ക്കറാണ് അത് പുനരാരംഭിച്ചത്-ഉണ്ടാ ക്കിയത് ഈ അഭിലാഷം സാക്ഷാത്കരിക്കുന്നതിനായിരുന്നു. "ഈ സംഘടിത കുറ്റവാളി സിന്‍ഡിക്കേറ്റ് , ഒരു ദേശീയ പതാകയും സ്വീകരിക്കാന്‍ ആഗ്രഹിച്ചി രുന്നു "വെന്ന് കുറ്റപത്രം പറയുന്നു."സ്വര്‍ണ നിറത്തിലുള്ള അരികുകളും ... പുരാത നമായ ഒരു ദീപശിഖയും വഹിക്കുന്ന കുങ്കുമ വര്‍ണ പതാകയായിരുന്നു "അത്.


ഒരു തെരുവിന് കര്‍ക്കരെയുടെ പേരു നല്‍കിക്കൊണ്ട് മാലെഗാവ് അദ്ദേ ഹത്തെ ആദരിച്ചു. 2006 സെപ്റ്റംബറിലെ സ്ഫോടനങ്ങളെക്കുറിച്ചുള്ള യാഥാര്‍ഥ്യ വും പുറത്തുകൊണ്ടുവരുമെന്ന് അവര്‍ വിശ്വസിച്ച മനുഷ്യന് ,ദീര്‍ഘനിശ്വാസ ത്തിലായ പട്ടണത്തിന്റെ ബഹുമതിയായിരുന്നു അത്. മൂന്നു ബോംബുകളാണ് ആ വെള്ളിയാഴ്ച്ച ഉച്ചയ്ക്കു ശേഷം പള്ളിക്കും ഖബര്‍സ്ഥാനുമരികെ പൊട്ടിത്തെറിച്ച് 37 പേരെ കൊല്ലുകയും 100പേരെ പരിക്കേല്‍പ്പിക്കയും ചെയ്തത്. പതിവുപോലെ ത്തന്നെ , നിരോധിത സിമി അംഗങ്ങളെന്ന് ആരോപിച്ച് മുസ്ലിങ്ങളെ പൊക്കുക യും ചോദ്യം ചെയ്യുകയും നിര്‍ബന്ധിച്ച് കുറ്റസമ്മതം നടത്തിക്കുകയും ചെയ്തു. പക്ഷേ കുറ്റപത്രത്തില്‍ നിരവധി പഴുതുകളുണ്ടായിരുന്നു-മുഖ്യ ആരോപിതനായ സിമി പ്രവര്‍ത്തകന്‍ മുഹമദ് സാഹിദ്, അന്നേ ദിവസം മാലെഗാവ് പട്ടണത്തില്‍ നിന്ന് 700 കി മീ അകലെയുള്ള ഒരു ഗ്രാമത്തില്‍ നമസ്കാരത്തിനു നേതൃത്വം നല്‍കു കയായിരുന്നു; ഗൂഢാലോചന നടത്തിയതായി ആരോപിതനായ ഷബീര്‍ മസീ ഹുല്ലാ, സ്ഫോടനങ്ങള്‍ക്ക് ഒരു മാസം മുന്‍പുതന്നെ പൊലീസ് കസ്റ്റഡിയിലാ യിരുന്നു;ദൃക്സാക്ഷി വിവരണപ്രകാരം പൊലീസ് തയ്യാറാക്കിയ സ്കെച്ചിലെ ആളുക ളെല്ലാം ക്ലീന്‍ ഷേവു ചെയ്തവരായിരുന്നെങ്കില്‍ , കുറ്റാരോപിതരെല്ലാം വര്‍ഷങ്ങ ളായി താടി വളര്‍ത്തുന്നവരായിരുന്നു.


രാജസ്ഥാന്‍ ഏ റ്റീ എസ് ഇപ്പോള്‍ വിശ്വസിക്കുന്നത്,ആര്‍ എസ് എസ് പ്രചാരകനായ സുനില്‍ ജോഷിയിലൂടെയാണ് അജ്മീര്‍ സ്ഫോടനവുമായി ബന്ധ മുള്ള ദേവേന്ദ്ര ഗുപ്ത, അഭിനവ് ഭാരതിലെ അംഗങ്ങളുമായി ബന്ധം പുലര്‍ത്തിയിരു ന്നതെന്നാണ്. ആ ബന്ധത്തിന്റെ മറ്റേ അറ്റം നല്‍കിക്കൊണ്ട് മഹാരാഷ്ട്ര ഏ റ്റീ എസ് പറയുന്നത്, 2007 സെപ്റ്റംബറില്‍ സിമി പ്രവര്‍ത്തകരെന്നു സംശയിക്കുന്ന വരാല്‍ സുനില്‍ ജോഷി വധിക്കപ്പെട്ടപ്പോള്‍ രോഷാകുലയായ സാധ്വി, 2008ലെ മാലെഗാവ് സ്ഫോടനത്തിന് ഉത്തരവിടുകയായിരുന്നുവെന്നാണ്. 68 പേര്‍ -എല്ലാ വരും പാക്കിസ്ഥാനികള്‍-കൊല്ലപ്പെട്ട സംഝോത എക്സ്പ്രസ് സ്ഫോടനവുമായും ജോഷിക്കു ബന്ധമുണ്ടായിരുന്നത്രേ! പേരു വെളിപ്പെടുത്താത്ത സാക്ഷി വിവരിച്ച, പുരോഹിതിന്റെ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുള്ള ഫോണ്‍ സന്ദേശത്തില്‍ നിന്നാണു തെളിവ് ലഭിച്ചത്.


എന്നിരുന്നാലും ഇക്കഥയ്ക്ക് പല പഴുതുകളുമുണ്ട്. അവയില്‍ ഏറ്റവും നിര്‍ണാ യകം പിടികിട്ടാപ്പുള്ളികളായ രാം നാരായണ്‍ കല്‍ശംഗ്രയും സ്വാമി അസീമാനന്ദും മറ്റുള്ളവരുമാണ്. മഹാരാഷ്ട്രയിലേയും രാജസ്ഥാനിലേയും അന്വേഷകര്‍ പറയുന്നത് ബോംബ് ഉണ്ടാക്കുന്നതില്‍ വിദഗ്ധനായ കല്‍ശംഗ്രയെ ദേവേന്ദ്ര ഗുപ്തയ്ക്കു പരിചയ പ്പെടുത്തിയത് സാധ്വിയാണെന്നാണ്. കല്‍ശംഗ്രയെ കണ്ടെത്തേണ്ടത് നിര്‍ണായ കമാണ്. കാരണം കസ്റ്റഡിയിലുള്ള എല്ലാ കുറ്റാരോപിതരും അവര്‍ക്കും ഒരു പ്രഹേളികയെന്ന മട്ടില്‍ അയാളെ 'ആ മനുഷ്യന്‍ ' എന്നാണ് വിളിക്കുന്നത്. അജ്മീര്‍, മക്കാ മസ്ജിദ് , മാലെഗാവ് ,സംഝോത എക്സ്പ്രസ് അതുപോലെ നിരവധി സ്ഫോടനങ്ങള്‍, വ്യക്തമായും വലിയൊരു തിരക്കഥയുടെ ഭാഗമാണ്. സി.ബി.ഐ അന്വേഷണത്തിന്റെ എല്ലാ ഖണ്ഡങ്ങളും ചേര്‍ത്തുവെച്ചാല്‍ മാത്രമേ ഹൈന്ദവഭീകരതയുടെ വൈപുല്യം നമുക്കു മുന്നില്‍ വെളിപ്പെടുകയുള്ളു, അവരങ്ങനെ ചെയ്യുമെങ്കില്‍ മാത്രം !


വിവര്‍ത്തകന്‍: സത്യാന്വേഷി ബ്ലോഗ്‌
(ഒറിജിനല്‍ ലേഖനം ഇവിടെ വായിക്കാം.)


_TbM



--
http://www.mtponline.in/
http://www.youtube.com/user/mtprafeek

0 comments:

Post a Comment