Wednesday, March 10, 2010

മുസ്‌ലിം സംവരണം: പോപുലര്‍ ഫ്രണ്ട് രാജ്ഭവന്‍ മാര്‍ച്ച് നടത്തി

തിരുവനന്തപുരം: മുസ്‌ലിം സംവരണത്തിനായുളള ദേശീയ പ്രചാരണത്തിന്റെ ഭാഗമായി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തി. പ്രസ്‌ക്ലബ്ബിന് മുന്നില്‍ നിന്നാരംഭിച്ച നൂറുകണക്കിനു പ്രവര്‍ത്തകര്‍ അണിനിരന്ന മാര്‍ച്ച് രാജ്ഭവനു മുന്നില്‍ പോലിസ് തടഞ്ഞു. തുടര്‍ന്നു പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗവും തമിഴ്‌നാട് ഘടകം പ്രസിഡന്റുമായ മുഹമ്മദലി ജിന്ന മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. മുസ്‌ലിംകളുടെ പിന്നാക്കാവസ്ഥ ചൂണ്ടിക്കാട്ടി നിരവധി കമ്മീഷന്‍ റിപോര്‍ട്ടുകള്‍ പുറത്തുവന്നിട്ടും നടപടി സ്വീകരിക്കാന്‍ അധികാരവര്‍ഗം തയ്യാറായിട്ടില്ലെന്നു ജിന്ന പറഞ്ഞു. ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിച്ച് 60 വര്‍ഷം പിന്നിട്ടിട്ടും മുസ്‌ലിം പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ മാറിമാറിവരുന്ന സര്‍ക്കാരുകള്‍ തയ്യാറായിട്ടില്ല. ഐ.എ.എസ്, ഐ.പി.എസ്, സൈന്യം എന്നിങ്ങനെ ഉന്നത സര്‍ക്കാര്‍ സര്‍വീസുകളില്‍ മുസ്‌ലിംകളുടെ പ്രാതിനിധ്യം വിരലിലെണ്ണാവുന്നതു മാത്രമാണ്. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ റെയില്‍വേയില്‍ പോലും മുസ്‌ലിംകള്‍ക്കു സ്ഥാനമില്ല. വിദ്യാഭ്യാസ മേഖലയിലും സര്‍ക്കാര്‍ സര്‍വീസിലും പിന്നാക്കവിഭാഗങ്ങള്‍ക്ക് 15 ശതമാനവും മുസ്‌ലിംകള്‍ക്ക് 10 ശതമാനം പ്രത്യേകമായും സംവരണം ശുപാര്‍ശ ചെയ്യുന്ന രംഗനാഥമിശ്ര കമ്മീഷന്‍ റിപോര്‍ട്ട് നടപ്പാക്കണം. അധികാരവര്‍ഗം വര്‍ഷങ്ങളായി പിന്നാക്കവിഭാഗങ്ങളെ വഞ്ചിച്ചുകൊണ്ടിരിക്കുകയായിരുന്നു. സംവരണം നേടിയെടുക്കും വരെ പ്രക്ഷോഭം തുടരുമെന്നും അദ്ദേഹം പറഞ്ഞു. കേരള ഘടകം പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം അധ്യക്ഷത വഹിച്ചു. ഇന്ത്യയിലെ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ സംവരണത്തെ എതിര്‍ക്കുന്നതു സവര്‍ണ താല്‍പ്പര്യം സംരക്ഷിക്കാനാണെന്ന് അദ്ദേഹം ആരോപിച്ചു. അര്‍ഹമായ അവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ ആരെയും അനുവദിക്കില്ല. സാമൂഹികനീതി ഉറപ്പാക്കിയശേഷമാവണം വനിതാ സംവരണം സാധ്യമാക്കേണ്ടത്. പിന്നാക്ക സമരങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ ഒരു രാഷ്ട്രീയപ്രസ്ഥാനവും ഇതുവരെയായും തയ്യാറായിവന്നിട്ടില്ലെന്നും എളമരം പറഞ്ഞു. ബ്രാഹ്മണ മേധാവിത്വം സ്ഥാപിക്കാനാണു വനിതകള്‍ക്കു സംവരണം ഏര്‍പ്പെടുത്തിയതെന്നു മുഖ്യപ്രഭാഷണം നടത്തിയ സംസ്ഥാന ട്രഷറര്‍ കെ എച്ച് നാസര്‍ ആരോപിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്്ദുല്‍ ഹമീദ്, സംസ്ഥാന സെക്രട്ടറി ബഷീര്‍ തിരുന്നാവായ, സംസ്ഥാന വൈസ് പ്രസിഡന്റ് കരമന അശ്‌റഫ് മൗലവി, അബ്്ദുര്‍റഹ്മാന്‍ ബാഖവി, പി അബ്്ദുല്‍ മജീദ് ഫൈസി പങ്കെടുത്തു. മാര്‍ച്ചിന് ശേഷം സംസ്ഥാന നേതാക്കള്‍ പിന്നാക്ക സംവരണം സംബന്ധിച്ചു ഗവര്‍ണര്‍ക്ക് നിവേദനവും നല്‍കി.


--
കാപട്യം സാര്‍വജനീനമാവുമ്പോള്‍ സത്യം പറയുക എന്നത് തന്നെ ഒരു വിപ്ലവപ്രവര്‍ത്തനമാണ്- ജോര്‍ജ് ഓര്‍വെല്‍
http://www.mtponline.in/


0 comments:

Post a Comment