Sunday, June 21, 2009

എന്‍.എസ്‌.എസിന്റെ അഹന്ത പൊറുപ്പിക്കാനാവാത്തത്‌: പോപുലര്‍ ഫ്രണ്ട്‌

കോഴിക്കോട്‌: കേരളത്തില്‍ നിന്നുള്ള എം.പിമാരെ സംസ്ഥാനത്തെ എല്ലാ സമുദായക്കാരും വോട്ട്‌ ചെയ്‌തു ജയിപ്പിച്ചതാണെന്നും അതിനാല്‍ത്തന്നെ കേന്ദ്രമന്ത്രിമാരെ തീരുമാനിക്കാനുള്ള അധികാരം എന്‍.എസ്‌.എസിനാണെന്ന രീതിയിലുള്ള സെക്രട്ടറി നാരായണപ്പണിക്കരുടെ അഹന്ത വച്ചുപൊറുപ്പിക്കാനാകുന്നതല്ലെന്നും പോപുലര്‍ ഫ്രണ്ട്‌ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ മജീദ്‌ ഫൈസി പ്രസ്‌താവിച്ചു.

ഇത്തരം മേനിപറച്ചിലും വികാരപ്രകടനങ്ങളും വിനാശകരമായ സാമുദായിക ധ്രുവീകരണത്തിനു മാത്രമേ ഉപകരിക്കുകയുള്ളൂ.

അരനൂറ്റാണ്ടു മുമ്പുള്ള കേരളവും കേരളീയരുമല്ല ഇന്നുള്ളതെന്ന്‌ പണിക്കര്‍ മനസ്സിലാക്കണം. നായര്‍ പറയുന്നത്‌ നമ്പൂതിരിക്കു പ്രമാണമെന്ന ഫ്യൂഡല്‍ പഴമൊഴിയല്ല, ആധുനിക ജനാധിപത്യബോധമാണ്‌ ഇന്നു രാഷ്ട്രീയ-ഭരണവ്യവസ്ഥകളെ നിര്‍ണയിക്കുന്നത്‌.

സമ്മര്‍ദ്ദ രാഷ്ട്രീയവും കുടിലതന്ത്രങ്ങളും കൊണ്ട്‌ സെക്രട്ടേറിയറ്റില്‍ കേരളപ്പിറവി മുതലേ പിടിമുറുക്കിയ നായര്‍ സമുദായത്തിന്‌ കേന്ദ്രഭരണത്തിലും ആധിപത്യം വേണമെന്ന മോഹം അതിരുകടന്നതാണ്‌.

കേരള ജനസംഖ്യയിലെ പത്തിലൊന്നില്‍ താഴെ വരുന്ന നായര്‍ സമുദായത്തിനു തന്നെയാവണം സമസ്‌താധികാരങ്ങളുമെന്ന ഫ്യൂഡല്‍ മനോഭാവം സംസ്ഥാനത്തിന്റെ ബഹുസ്വരതയ്‌ക്കും നവോത്ഥാനപ്രസ്ഥാനങ്ങളിലൂടെ ഉയിരെടുത്ത ജനാധിപത്യമൂല്യങ്ങള്‍ക്കും എതിരാണെന്നും ഫൈസി പറഞ്ഞു.

0 comments:

Post a Comment