Thursday, June 25, 2009

ഹര്‍മദ്‌ വാഹിനി അഥവാ സി.പി.എം മാഫിയ

(ലാല്‍ഗഡ്‌: കഥയറിയാതെ ആട്ടംകാണുമ്പോള്‍- 2)

സി പി കരീം

അതിക്രമങ്ങളുടെ അടയാളങ്ങളായ പോലിസ്‌ ജീപ്പും ഹര്‍മദ്‌ വാഹിനിക്കാരുടെ മോട്ടോര്‍ ബൈക്കും പ്രതിരോധിക്കാന്‍ റോഡുകളില്‍ അവര്‍ കിടങ്ങുകള്‍ കീറി. പിന്നീടങ്ങോട്ട്‌ പോലിസുകാര്‍ ഇവിടേക്കു പ്രവേശിച്ചിട്ടില്ല. ജനകീയപ്രക്ഷോഭം വെസ്‌റ്റ്‌ മിഡ്‌നാപ്പൂരില്‍ നിന്നു സമീപജില്ലകളായ പുരുലിയയിലേക്കും ബാങ്കുറയിലേക്കും തീപോലെ പടര്‍ന്നുപിടിച്ചു.

പ്രക്ഷോഭകര്‍ സര്‍ക്കാരിനു മുന്നില്‍ വച്ച ആവശ്യങ്ങള്‍ ലളിതമായിരുന്നു: പോലിസ്‌ സൂപ്രണ്ട്‌ രാജേഷ്‌ സിങ്‌ ലാല്‍ഗഡില്‍ വന്ന്‌ തങ്ങള്‍ ചെയ്‌ത അതിക്രമങ്ങള്‍ക്കു ജനങ്ങളോടു മാപ്പുപറയണം, മര്‍ദ്ദനത്തിനിരയായവര്‍ക്കു നഷ്ടപരിഹാരം നല്‍കണം, ആദിവാസികള്‍ക്കെതിരായ കള്ളക്കേസുകള്‍ പിന്‍വലിക്കണം. എന്നാല്‍, ഇവയൊന്നും അംഗീകരിക്കാന്‍ പോലിസോ അധികാരികളോ തയ്യാറായില്ല.

പ്രക്ഷോഭം ശക്തമാക്കിയ ആദിവാസികള്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ രാംഗഡ്‌, ബെരാതിക്‌രി, ധര്‍മപൂര്‍, കൈമ തുടങ്ങിയ പ്രദേശങ്ങളിലെ പോലിസ്‌ സ്‌റ്റേഷനുകളും സി.ആര്‍.പി.എഫ്‌ ക്യാംപുകളും ഒഴിപ്പിച്ചു. കണ്ടാപഹാലിയില്‍ സ്വന്തമായി ആരോഗ്യകേന്ദ്രങ്ങള്‍ സ്ഥാപിച്ച്‌ ജനങ്ങള്‍ക്കു സൗജന്യമായി ചികില്‍സാ സംവിധാനമൊരുക്കി. ജലസേചനത്തിന്‌ കനാലുകള്‍ കീറി, റോഡുകള്‍ വെട്ടിയുണ്ടാക്കി.

സര്‍ക്കാരിന്റെ സഹായമില്ലാതെ അടിസ്ഥാനസൗകര്യങ്ങളൊരുക്കാന്‍ എങ്ങനെ സാധിക്കുമെന്ന ചോദ്യത്തിന്‌ കമ്മിറ്റി കണ്‍വീനര്‍ ഛത്രധര്‍ മഹാതോവിന്റെ മറുപടി, 32 വര്‍ഷമായി ലഭിക്കാത്ത വികസനം ഇനി ജനങ്ങള്‍ക്കു വേണ്ട എന്നായിരുന്നു. കഴിഞ്ഞ ഏഴുമാസമായി സമാധാനത്തോടെ ജീവിക്കാന്‍ കഴിയുന്നുവെന്നതാണ്‌ ഏറ്റവും വലിയ കാര്യമെന്ന്‌ അന്നു മരച്ചുവട്ടില്‍ കൂടിനിന്നവരും പറഞ്ഞു. ഓരോ ഗ്രാമത്തില്‍ നിന്നുള്ള അഞ്ചുവീതം പുരുഷന്മാരും സ്‌ത്രീകളുമടങ്ങിയ പ്രതിനിധികള്‍ ചേര്‍ന്നതായിരുന്നു ജനകീയ കമ്മിറ്റി. അവര്‍ പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കുകയും ക്രമസമാധാനം ഉറപ്പുവരുത്തുകയും ചെയ്‌തു. യുവാക്കളും യുവതികളുമായിരുന്നു നേതൃത്വത്തില്‍ മുന്‍നിരയിലുണ്ടായിരുന്നത്‌.

മാവോവാദികള്‍ പാവം ആദിവാസികളെ വഴിപിഴപ്പിക്കുന്നുവെന്നാണ്‌ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ആവര്‍ത്തിച്ചുപറയുന്നത്‌. സത്യത്തില്‍ സംഭവിച്ചത്‌, തികച്ചും ജനകീയപ്രാതിനിധ്യത്തോടെ മൂന്നിലേറെ ജില്ലകളില്‍ ശക്തമായിവരുകയായിരുന്ന ജനകീയപ്രക്ഷോഭത്തെ മാവോവാദികള്‍ ഹൈജാക്ക്‌ ചെയ്യുകയായിരുന്നു. സി.പി.എം ശക്തികേന്ദ്രങ്ങളിലേക്ക്‌ കമ്മിറ്റിയുടെ പ്രവര്‍ത്തനം വ്യാപിച്ചതാണ്‌ സൈനിക നടപടിയിലേക്കെത്തിച്ച പുതിയ സംഭവവികാസങ്ങള്‍ക്കു വഴിമരുന്നിട്ടത്‌.

ധര്‍മപൂരില്‍ കഴിഞ്ഞയാഴ്‌ച നടന്ന ജനകീയ റാലിക്കു നേരെ ഹര്‍മദ്‌ വാഹിനിക്കാര്‍ നിറയൊഴിച്ചതോടെ സി.പി.എം ഓഫിസുകളും നേതാക്കളുടെ വീടുകളും കത്തിക്കുന്നതിലേക്ക്‌ കാര്യങ്ങളെത്തുകയായിരുന്നു. എന്നാല്‍, ഇതു മുതലെടുത്ത മാവോവാദികള്‍ സി.പി.എം നേതാക്കളെ വകവരുത്താന്‍ തുടങ്ങിയതോടെ, അതിന്റെ മറപിടിച്ച്‌ അധികൃതര്‍ സൈനികനടപടി തുടങ്ങുകയും ചെയ്‌തു.

പഞ്ചായത്ത്‌ ഓഫിസുകളും ഔദ്യോഗികവാഹനങ്ങളും ഉപയോഗപ്പെടുത്തി പ്രവര്‍ത്തിക്കുന്ന സായുധരായ ഹര്‍മദ്‌ വാഹിനിക്കാരെ പോലിസിന്‌ പിന്തുണയ്‌ക്കാമെങ്കില്‍ അക്രമികളെ ചെറുക്കാന്‍ മാവോവാദികളെ കൂടെ കൂട്ടിയതില്‍ എന്താണു തെറ്റെന്നാണ്‌ ആദിവാസികളുടെ ചോദ്യം.

മാവോവാദി ഭീകരതയില്‍ നിന്നു നാടിനെ രക്ഷിക്കാനെന്നപേരില്‍ കോബ്രാ ബറ്റാലിയനെയും സി.ആര്‍.പി.എഫിനെയും മുന്‍നിര്‍ത്തി പോലിസ്‌ നടത്തുന്ന `ഓപറേഷന്‍ ലാല്‍ഗഡി'നെ അകമഴിഞ്ഞു പ്രോല്‍സാഹിപ്പിക്കുന്നവര്‍ കഥയറിയാതെയാണ്‌ ആട്ടംകാണുന്നത്‌. കാലങ്ങളായി ഭരണകൂടവും പോലിസും ഭരണപാര്‍ട്ടിക്കാരും ചെയ്‌തുകൂട്ടിയ അതിക്രമങ്ങള്‍ക്കെതിരേ തികച്ചും ജനാധിപത്യപരവും സമാധാനപരവുമായി പ്രക്ഷോഭം നടത്തുന്ന ലക്ഷക്കണക്കിന്‌ ആദിവാസികളുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിച്ച്‌ അനുരഞ്‌ജനമാര്‍ഗം സ്വീകരിക്കുന്നതിനു പകരം അവരെ അടിച്ചമര്‍ത്താന്‍ ആയുധങ്ങളുമായി സേനയെ അയച്ച നടപടി കൂടുതല്‍ ഹിംസാത്മകമായ മാര്‍ഗങ്ങളിലേക്കു ജനങ്ങളെ തള്ളിവിടാനേ വഴിയൊരുക്കൂ എന്ന കാര്യത്തില്‍ സംശയമില്ല. തങ്ങള്‍ കാണിച്ച നെറികേടുകള്‍ അന്യവല്‍ക്കരിച്ച ആദിവാസിമനസ്സുകള്‍ കീഴ്‌പ്പെടുത്തുന്നതിനു ക്ഷേമപദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ തയ്യാറാവാതെ പോലിസ്‌ സ്‌റ്റേഷനുകള്‍ തിരിച്ചുപിടിക്കുന്നതില്‍ വിജയം കണ്ടെത്തുന്ന അധികൃതരുടെ നടപടി മേഖലയില്‍ വന്‍ പ്രത്യാഘാതങ്ങളാണു വിളിച്ചുവരുത്തുക.

വളരെ യാഥാര്‍ഥ്യബോധത്തോടെയാണു ലാല്‍ഗഡ്‌ ജനത പ്രക്ഷോഭം നയിക്കുന്നതെന്നു സൂക്ഷ്‌മമായി വീക്ഷിച്ചാല്‍ ബോധ്യമാവും. നിറതോക്കുമായി എത്തുന്ന പോലിസിനെയും സൈന്യത്തെയും എങ്ങനെ നേരിടുമെന്ന്‌ ഈ ലേഖകന്‍ കമ്മിറ്റി നേതാക്കളോട്‌ ചോദിച്ചിരുന്നു. അര്‍ഥംവച്ച ചിരിയായിരുന്നു മറുപടി. മൊബൈല്‍ ഫോണില്‍ അല്‍പ്പനേരം സംസാരിച്ചശേഷം സമീപപ്രദേശമായ മൗത്തലാ ചൗക്കിലേക്ക്‌ എന്നെ ബൈക്കില്‍ കയറ്റിക്കൊണ്ടുപോവാന്‍ കൂടെയുണ്ടായിരുന്ന യുവാവിന്‌ അവര്‍ നിര്‍ദേശം നല്‍കി. അരമണിക്കൂര്‍ യാത്രയ്‌ക്കുശേഷം കണ്ടത്‌, ബി.എസ്‌.എഫ്‌ ജവാന്‍മാരെ നൂറുകണക്കിന്‌ ആദിവാസികള്‍ വളഞ്ഞുവച്ചിരിക്കുന്നതായിരുന്നു. ഒരുഭാഗത്ത്‌ എ.കെ 47 തോക്കുകള്‍, മറുഭാഗത്ത്‌ അമ്പും വില്ലും കോടാലികളും വടികളും. തിരഞ്ഞെടുപ്പു ഡ്യൂട്ടിക്കെത്തിയ ജവാന്‍മാരായിരുന്നു അവര്‍. എന്നാല്‍, മുന്‍കൂര്‍ അനുമതിയില്ലാതെ പ്രദേശത്ത്‌ പ്രവേശനമില്ലെന്നായിരുന്നു ആദിവാസികളുടെ വാദം.

വിരിഞ്ഞുനില്‍ക്കുന്ന മാറിടങ്ങള്‍ക്കു മുമ്പില്‍ യന്ത്രത്തോക്കുകള്‍ നിശ്ശബ്ദമാവുമെന്ന പാഠം പാവം ആദിവാസികളില്‍ നിന്നു വീണ്ടും പഠിക്കേണ്ടിവരുന്നത്‌ നാണക്കേടല്ലാതെ മറ്റെന്താണ്‌?

(അവസാനിച്ചു.)
 
സ്രോതസ്സ്‌: തേജസ്‌ 24 ജൂണ്‍ 2009 ബുധന്‍

0 comments:

Post a Comment