Friday, April 24, 2009

പോപുലര്‍ ഫ്രണ്ട്‌ നിലപാട്‌ മുസ്‌ലിം രാഷ്ട്രീയഗതി മാറ്റിയെന്ന്‌ പോലിസ്‌ റിപോര്‍ട്ട്‌

പി സി അബ്‌്‌ദുല്ല

കോഴിക്കോട്‌: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പോപുലര്‍ ഫ്രണ്ട്‌ സ്വീകരിച്ച നിലപാട്‌ സംസ്ഥാനത്തെ മുസ്‌ലിം രാഷ്ട്രീയത്തെ ഏറെ സ്വീധീനിച്ചതായി പോലിസ്‌ റിപോര്‍ട്ട്‌. പൊന്നാനി ഉള്‍പ്പെടെയുള്ള നിര്‍ണായക മണ്ഡലങ്ങളില്‍ പോപുലര്‍ ഫ്രണ്ടിന്റെ ഇടപെടല്‍ തിരഞ്ഞെടുപ്പിന്റെ ഗതിമാറ്റിയതായും റിപോര്‍ട്ട്‌ വ്യക്തമാക്കുന്നു.
ഉത്തരമേഖലാ അഡീഷനല്‍ ഡി.ജി.പി കെ എസ്‌ ജങ്‌പാംഗി ഈ മാസം 21നാണ്‌ ഇതുസംബന്ധിച്ചു സര്‍ക്കാരിന്‌ റിപോര്‍ട്ടയച്ചത്‌. മലബാറിലെ അഞ്ചു ജില്ലകളില്‍ നിന്നുള്ള വിവരങ്ങളാണ്‌ റിപോര്‍ട്ടിലുള്ളത്‌. പോലിസ്‌ സൂപ്രണ്ടുമാരും കോഴിക്കോട്‌ സിറ്റി പോലിസ്‌ കമ്മീഷണറുമാണു സ്‌പെഷ്യല്‍ ബ്രാഞ്ചില്‍ നിന്നുള്ള വിവരങ്ങള്‍ എ.ഡി.ജി.പിക്ക്‌ നല്‍കിയത്‌.
പൊന്നാനിയിലും മലപ്പുറത്തും പോപുലര്‍ ഫ്രണ്ടിന്റെ നിലപാട്‌ മുസ്‌ലിം സമുദായത്തിന്റെ പൊതുനിലപാടായി മാറിയെന്നാണു രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിഗമനം. ഇടതു സ്വതന്ത്രസ്ഥാനാര്‍ഥിക്കെതിരേ പോപുലര്‍ ഫ്രണ്ട്‌ പരസ്യമായി രംഗത്തുവന്നതു മണ്ഡലത്തില്‍ മുസ്‌ലിം വോട്ടുകളുടെ ഗതിമാറ്റിയെന്നും അബ്‌ദുന്നാസിര്‍ മഅ്‌ദനിയുടെ സ്വീകാര്യതയ്‌ക്കു കോട്ടം തട്ടിച്ചുവെന്നും റിപോര്‍ട്ടില്‍ പറയുന്നു. പൊന്നാനി മണ്ഡലത്തില്‍ പി.ഡി.പിക്ക്‌ സ്വാധീനമുണ്ടായിരുന്ന പ്രദേശങ്ങളിലാണു പോപുലര്‍ ഫ്രണ്ടിന്റെ ഇടപെടല്‍ ഇടതുമുന്നണിക്കെതിരായി മാറിയതെന്നും റിപോര്‍ട്ടിലുണ്ട്‌. പി.ഡി.പിക്ക്‌ നിര്‍ണായക മുന്‍തൂക്കം ലഭിക്കുമെന്നു കരുതിയ പൊന്നാനി നിയോജകമണ്ഡലത്തിലെയും തിരൂര്‍ മണ്ഡലത്തിലെ തീരപ്രദേശങ്ങളെയും തൃത്താല മണ്ഡലത്തിലെ ചില ഭാഗങ്ങളിലെയും ബൂത്തുകളില്‍ പ്രതീക്ഷക്കയ്‌ക്കു വിരുദ്ധമായാണു വോട്ട്‌ മറിഞ്ഞതെന്നും സ്‌പെഷ്യല്‍ ബ്രാഞ്ച്‌ വിലയിരുത്തിയിട്ടുണ്ട്‌. മഅ്‌ദനി ജയിലിലായ ഘട്ടത്തില്‍ അദ്ദേഹത്തിന്റെ മോചനത്തിനായി പ്രവര്‍ത്തിച്ച എന്‍.ഡി.എഫ്‌ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തില്‍ മഅ്‌ദനിയുടെ നിലപാടിനെതിരേ രംഗത്തുവന്നതു പി.ഡി.പിക്കും ഇടതുമുന്നണിക്കും പ്രതിരോധിക്കാനായില്ലെന്നും മഅ്‌ദനി-സി.പി.എം കൂട്ടുകെട്ടിനെതിരേ പോപുലര്‍ ഫ്രണ്ട്‌ നടത്തിയ ബൂത്ത്‌തല സ്‌ക്വാഡ്‌ പ്രവര്‍ത്തനം മുസ്‌ലിം വോട്ടര്‍മാരുടെ മനംമാറ്റിെയന്നുമാണു രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍.
കണ്ണൂര്‍, വടകര മണ്ഡലങ്ങളിലെ ചില പ്രശ്‌നബാധിത ബൂത്തുകളില്‍ പോപുലര്‍ ഫ്രണ്ട്‌ പ്രവര്‍ത്തകര്‍ സര്‍വസന്നാഹങ്ങളുമായി യു.ഡി.എഫിന്‌ വേണ്ടി രംഗത്തിറങ്ങിയെന്നും റിപോര്‍ട്ടില്‍ പറയുന്നു. സി.പി.എം ഭൂരിപക്ഷ മേഖലകളില്‍ മുസ്‌ലിം സ്‌ത്രീകളെകൊണ്ട്‌ ഉച്ചയ്‌ക്കു മുമ്പുതന്നെ വോട്ട്‌ ചെയ്യിപ്പിക്കാനും പോളിങ്‌ തീരുന്നതുവരെ ബുത്തുകളുടെ പരിസരങ്ങളില്‍ നിലയുറപ്പിക്കാനും പോപുലര്‍ ഫ്രണ്ട്‌ ജാഗ്രത പുലര്‍ത്തിയെന്നും സ്‌പെഷ്യല്‍ ബ്രാഞ്ച്‌ റിപോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌.
പൊന്നാനി, മലപ്പുറം, കോഴിക്കോട്‌, വടകര മണ്ഡലങ്ങളില്‍ ജമാഅത്തെ ഇസ്‌ലാമി വോട്ടെടുപ്പില്‍ സജീവപങ്കാളിത്തം വഹിച്ചില്ലെന്നാണു റിപോര്‍ട്ട്‌. ജമാഅത്തിനു സ്വാധീനമുള്ള വടകര മണ്ഡലത്തിലെ ചില കേന്ദ്രങ്ങളില്‍ വോട്ട്‌ മരവിപ്പിച്ചുവെന്നും പോലിസ്‌ റിപോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്‌.

വാര്‍ത്താ സ്രോതസ്സ്‌: തേജസ്‌ 23 ഏപ്രില്‍ 2009 വ്യാഴം

1 comments:

Unknown said...

good ... i am in kannur and i know how CPM shiver in front of populaar front ..

Post a Comment