Friday, April 24, 2009

ശ്രീലങ്കന്‍ തമിഴരുടെ സുരക്ഷ ഉറപ്പുവരുത്തണം: പോപുലര്‍ ഫ്രണ്ട്‌

ബാംഗ്ലൂര്‍: ശ്രീലങ്കന്‍ സൈന്യവും എല്‍.ടി.ടി.ഇയും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്ന വടക്കന്‍ ശ്രീലങ്കയിലെ ആയിരക്കണക്കിനു സിവിലിയന്‍മാരുടെ സ്ഥിതിയില്‍ പോപുലര്‍ ഫ്രണ്ട്‌ ഓഫ്‌ ഇന്ത്യ കടുത്ത ആശങ്ക പ്രകടിപ്പിച്ചു. മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നില്ലെന്നും ദീര്‍ഘകാലമായി തുടരുന്ന യുദ്ധത്തിലെ ഇരകള്‍ക്ക്‌ ഭക്ഷണവും മരുന്നും ലഭ്യമാവുന്നുണ്ടെന്നും ഇന്ത്യന്‍ സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നും പോപുലര്‍ ഫ്രണ്ട്‌ ആവശ്യപ്പെട്ടു.
നിരപരാധികളായ സിവിലിയന്‍മാരുടെ മേല്‍ സൈന്യമോ പുലികളോ യുദ്ധൈക്കയേറ്റം നടത്തുന്നുണ്ടോ എന്നു വ്യക്തമാക്കാനുതകുന്ന സ്വതന്ത്ര മാധ്യമപ്രവര്‍ത്തകരെ ലങ്കന്‍ സര്‍ക്കാര്‍ യുദ്ധമേഖലയില്‍ പ്രവേശിപ്പിക്കുന്നില്ല. യുദ്ധമേഖലയിലെ യാഥാര്‍ഥ്യം അറിയാനുള്ള ജനങ്ങളുടെ അവകാശം തടയലും അഭിപ്രായപ്രകടന സ്വാതന്ത്ര്യനിഷേധവുമാണിത്‌.
യുദ്ധമേഖലയിലെ സിവിലിയന്‍മാര്‍ക്ക്‌ അടിയന്തര സഹായം ലഭ്യമാക്കാന്‍ ലങ്കന്‍ സര്‍ക്കാരിനോട്‌ പോപുലര്‍ ഫ്രണ്ട്‌ അഭ്യര്‍ഥിച്ചു. അഭയാര്‍ഥികളുടെ പുനരധിവാസത്തിനും സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. നിരപരാധികളായ സാധാരണ തമിഴരെ സംരക്ഷിക്കാന്‍ ഇന്ത്യ അടിയന്തരമായി ലങ്കന്‍ സര്‍ക്കാരിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും പോപുലര്‍ ഫ്രണ്ട്‌ ആവശ്യപ്പെട്ടു.
ശ്രീലങ്കന്‍ തമിഴര്‍ക്ക്‌ ദുരിതാശ്വാസവും സഹായവുമെത്തിക്കാന്‍ തയ്യാറായി തമിഴ്‌നാട്ടിലെ പോപുലര്‍ ഫ്രണ്ട്‌ പ്രവര്‍ത്തകര്‍ മുന്നോട്ടുവന്നിട്ടുണ്ട്‌. സംഘടനയുടെ ജീവകാരുണ്യ പ്രവര്‍ത്തനവുമായി സഹകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോടും മുഴുവന്‍ സാമൂഹിക സംഘടനകളോടും പോപുലര്‍ ഫ്രണ്ട്‌ അഭ്യര്‍ഥിച്ചു.

വാര്‍ത്താ സ്രോതസ്സ്‌: തേജസ്‌ 24 ഏപ്രില്‍ 2009 വെള്ളി

0 comments:

Post a Comment