Friday, September 18, 2009
2011ലെ സെന്‍സസില്‍ ജാതി രേഖപ്പെടുത്തണം: പോപുലര്‍ ഫ്രണ്ട്
കോഴിക്കോട്: 2011ലെ ജനസംഖ്യാ കണക്കെടുപ്പില്‍ ജാതിതിരിച്ചുള്ള കണക്കുകൂടി രേഖപ്പെടുത്താന്‍ സംവിധാനമുണ്ടാക്കണമെന്നു പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു. ജാതിക്കണക്ക് ലഭ്യമല്ലാത്തത് വ്യത്യസ്ത ജാതികള്‍ അവരുടെ ശക്തി സംബന്ധിച്ചു പരസ്പരവിരുദ്ധമായ അവകാശവാദം നടത്തുന്നതിലേക്ക് നയിക്കാറുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ സംവരണം സംബന്ധിച്ച വാദം കേള്‍ക്കുന്നതിനിടെ ജാതിതിരിച്ചുള്ള ജനസംഖ്യാ കണക്ക് ലഭ്യമല്ലാത്തത് ക്വാട്ട സംബന്ധിച്ച് തീരുമാനമെടുക്കുന്നതില്‍ തടസ്സം സൃഷ്ടിക്കുന്നതായി സുപ്രിംകോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യത്തില്‍ നിയമമന്ത്രി വീരപ്പമൊയ്‌ലി മുന്‍കൈയെടുത്തു നടത്തിയ നീക്കങ്ങളെ പിന്തുണച്ച പോപുലര്‍ ഫ്രണ്ട് കേന്ദ്ര സെക്രട്ടേറിയറ്റ് അനുകൂല നടപടി സ്വീകരിക്കാന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ഇന്റലിജന്‍സ് ബ്യൂറോ വിളിച്ചുചേര്‍ത്ത ഉന്നത പോലിസുദ്യോഗസ്ഥരുടെ യോഗത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ സംഘടിത ആക്രമണങ്ങള്‍ അപകടകരമാം വിധം വര്‍ധിച്ചുവരുന്നതു സംബന്ധിച്ച് പ്രധാനമന്ത്രി പ്രകടിപ്പിച്ച ആശങ്ക യോഗം പങ്കുവച്ചു. മാവോവാദി ആക്രമണങ്ങളെ കേവലം ക്രമസമാധാന പ്രശ്‌നമായി പരിഗണിക്കാനാവില്ലെന്ന അദ്ദേഹത്തിന്റ നിലപാട് നേരായ ദിശയിലുള്ളതാണ്. തീവ്രചിന്താഗതിക്കാരുടെ നിയന്ത്രണത്തില്‍ നിന്നു ജനങ്ങളെ രക്ഷിക്കുന്നതിന് ദരിദ്രരായ ഗ്രാമീണ ജനതയുടെ അടിസ്ഥാന ആവശ്യങ്ങള്‍ പരിഹരിക്കുന്നതിനും പോലിസ് നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ അവസാനിപ്പിക്കുന്നതിനും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മുന്നോട്ട് വരണമെന്നു യോഗം ആവശ്യപ്പെട്ടു. പോലിസുദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിച്ച പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും രാജ്യത്തെയാകെ ഗ്രസിച്ച ഹിന്ദുത്വ ഫാഷിസ്റ്റ് ശക്തികള്‍ പൊതുജീവിതത്തിനും ക്രമസമാധാനത്തിനും ഉയര്‍ത്തുന്ന വെല്ലുവിളി സംബന്ധിച്ചു പരാമര്‍ശിക്കാതിരുന്നത് ഖേദകരമാണ്. കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയെ വര്‍ഗീയ ശക്തികളുടെ സ്വാധീനത്തില്‍ നിന്നു മോചിപ്പിച്ച് നവീകരിക്കണമെന്നു യോഗം കേന്ദ്രസര്‍ക്കാരിനോടാവശ്യപ്പെട്ടു. വിവിധ ഇന്റലിജന്‍സ് ഏജന്‍സികളില്‍ സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് നടത്തി മുസ്‌ലിംകള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കണം. ആരോഗ്യമുള്ള ജനത ആരോഗ്യമുള്ള രാജ്യം എന്ന പേരില്‍ നവംബര്‍ 1 മുതല്‍ 15 വരെ പോപുലര്‍ ഫ്രണ്ടിന്റെ സംസ്ഥാന ഘടകങ്ങള്‍ പൊതുജനാരോഗ്യ കാംപയിന്‍ നടത്തും. ചെയര്‍മാന്‍ ഇ എം അബ്ദുര്‍റഹ്മാന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ എം ശരീഫ്, എ സഈദ്, ഒ എം എ സാലം, ഇ അബൂബക്കര്‍ സംബന്ധിച്ചു.
Subscribe to:
Post Comments (Atom)
0 comments:
Post a Comment