ചങ്ങനാശ്ശേരി : സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ജാതി തിരിച്ചുള്ള കണക്കെടുക്കുമ്പോള്‍ അനര്‍ഹമായത് നേടിയിട്ടുണ്ടെന്ന് വ്യക്തമായാല്‍ അത് വിട്ടുകൊടുക്കുവാന്‍ എന്‍.എസ്.എസ് തയ്യാറുണ്ടോ എന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം ചോദിച്ചു. രംഗനാഥ മിശ്ര കമ്മീഷന്‍ ശൂപാര്‍ശ നടപ്പാക്കുക, മുസ്്‌ലിം സംവരണം ഉറപ്പാക്കുക എന്ന ദേശീയ കാംപയിന്റെ ചങ്ങനാശ്ശേരിയില്‍ നടന്ന സംസ്ഥാന തല ഉദ്ഘാടനത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. സംവരണം വേണ്ട എന്ന് പറയുന്നതില്‍ തങ്ങള്‍ക്ക് മടിയില്ല. എന്നാല്‍ ഭരണഘടന ഉറപ്പു നല്‍കിയ മുഴുവന്‍ അവകാശങ്ങളും അനുവദിച്ചു തരണം. ന്യൂനപക്ഷ അവകാശങ്ങള്‍ക്കായി എപ്പോഴൊക്കെ ആരെല്ലാം രംഗത്ത് വന്നിട്ടുണ്ടോ അപ്പോഴൊക്കെ എതിര്‍പ്പുമായി സവര്‍ണ നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ ഉന്നമനത്തിന് ഭരണഘടന നല്‍കിയ അവകാശങ്ങളെല്ലാം നിഷേധിക്കുകയാണ്. രാജ്യം ഒന്നാണെങ്കിലും രണ്ട് നീതിയാണ് ഇവിടെ നടക്കുന്നത്. രാജ്യത്ത് നടക്കുന്ന എല്ലാ സമരങ്ങള്‍ക്കും പിന്നാക്കക്കാരും പട്ടികജാതിക്കാരുമാണ് മുമ്പില്‍ നില്‍ക്കുന്നതെങ്കിലും നേട്ടം കൊയ്യുന്നത് മണിമന്ദിരങ്ങളില്‍ സുഖമായി കഴിയുന്ന സവര്‍ണരാണ്. ഇത് തിരിച്ചറിയുവാന്‍ ഇനിയും അവര്‍ക്ക് കഴിഞ്ഞിട്ടില്ല. തെരുവിലിറങ്ങാതെ രാഷ്ട്രീയ നേതൃത്വത്തെ വിറപ്പിച്ച് നേട്ടങ്ങള്‍ കൊയ്യുന്ന സവര്‍ണ നേതാക്കളെ ഇനിയും തിരിച്ചറിയാന്‍ നമുക്കായിട്ടില്ല. കോണ്‍ഗ്രസും സി.പി.എമ്മും പിന്നാക്കക്കാരുടെ സംരക്ഷണം ഏറ്റെടുത്തതിന്റെ തിക്തഫലമാണ് അവരുടെ ഇന്നത്തെ അവസ്ഥ. 30 വര്‍ഷം സി.പി.എം ബംഗാള്‍ ഭരിച്ചപ്പോള്‍ ദളിതരേക്കാള്‍ കഷ്ടമായി അവിടുത്തെ മുസ്്‌ലിംകള്‍. മുസ്്‌ലിം സമുദായത്തിന്റെ ആനുകൂല്യത്തില്‍ നേതാക്കളായ പാലൊളിയും എം എം ഹസ്സനും പിന്നാക്കക്കാരുടെ സംവരണത്തിന് വേണ്ടി ഇതുവരെയും ശബ്ദിച്ചിട്ടില്ല. ഓരോ പാര്‍ട്ടികളില്‍ നിന്നും അടിമത്തം വിലക്കുവാങ്ങിയ പിന്നാക്കക്കാര്‍ ആ ചങ്ങല പൊട്ടിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇഛാശക്തിയോടെ സാമൂഹിക നീതിക്കുവേണ്ടി സംസാരിക്കാന്‍ ആരുണ്ടെന്നറിയാന്‍ താല്‍പര്യമുണ്ടെന്നും പിന്നാക്ക ജനവിഭാഗങ്ങള്‍ ഒന്നിച്ചു നിന്ന് രാജ്യത്തെ നിയന്ത്രിക്കുന്ന ശക്തിയായി മാറണമെന്നും അദ്ദേഹം പറഞ്ഞു. സംവരണം ജന്മാവകാശമാണെന്നും അത് തട്ടിയെടുക്കന്‍ ആരെയും അനുവദിക്കില്ലെന്നും യോഗം ഉദ്ഘാടനം ചെയ്ത എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി എം കെ മനോജ് കുമാര്‍ പറഞ്ഞു. തങ്ങളുടെ പിച്ചച്ചട്ടിയില്‍ കൈയ്യിട്ടുവാരുവാന്‍ ആരെയും സമ്മതിക്കില്ല. ബ്രിട്ടീഷ് ഇന്ത്യയില്‍ ജാതി തിരിച്ചുള്ള സംവരണം നടപ്പാക്കിയിരുന്നുവെന്നും സവര്‍ണ തമ്പുരാക്കള്‍ അത് അട്ടമറിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജമാഅത്ത്കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എ പൂക്കുഞ്ഞ്, കെ എച്ച് നാസര്‍, കെ എ ഹസ്സന്‍, കെ അലി തുടങ്ങിയവര്‍ സംസാരിച്ചു.
--
തേജസ് ഒരു വായന മാത്രമല്ല, ദൗത്യവുമാണ്.
M.T.P Rafeek, Sub Editor, Thejas Daily
http://www.mtponline.in/
Friday, February 5, 2010
Subscribe to:
Post Comments (Atom)
0 comments:
Post a Comment